Sorry, you need to enable JavaScript to visit this website.

മാനഭംഗ പരാതി സംശയാസ്പദം, ക്രിസ്റ്റ്യാനോക്കെതിരെ കേസില്ല

ലോസ് ആഞ്ചലസ് - ലോകപ്രശസ്ത ഫുട്‌ബോളര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്കെതിരെ അമേരിക്കയില്‍ നല്‍കിയ മാനഭംഗ പരാതിയില്‍ കേസ് ചുമത്തില്ല. പരാതിക്കാരിയുടെ വാദത്തിന് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ലെന്ന് കോടതി വിധിച്ചു. 
ഒരു പതിറ്റാണ്ട് മുമ്പ് ലാസ് വെഗാസിലെ ഹോട്ടലില്‍ തന്നെ ക്രിസ്റ്റിയാനൊ മാനഭംഗം ചെയ്തുവെന്നാരോപിച്ച് കാതറിന്‍ മയോര്‍ഗ എന്ന മുന്‍ മോഡലാണ് പരാതി ഉന്നയിച്ചിരുന്നത്. സംഭവം നടന്ന ഒരു വര്‍ഷത്തിനു ശേഷം നഷ്ടപരിഹാരം സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിച്ചുവെങ്കിലും ആ സംഭവം തന്നെ തകര്‍ത്തുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം യുവതി വീണ്ടും രംഗത്തു വരികയായിരുന്നു. എന്നാല്‍ മാനഭംഗം നടന്നതായി പ്രഥമദൃഷ്ട്യാ തെളിയിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് നെവാദ കോടതി അഭിപ്രായപ്പെട്ടു. പരസ്പര സമ്മതത്തോടെയായിരുന്നു തങ്ങളുടെ ലൈംഗിക ബന്ധമെന്നാണ് ക്രിസ്റ്റിയാനൊ തുടക്കം മുതല്‍ വാദിക്കുന്നത്. 
2009 ജൂണ്‍ 13 നാണ് വി എന്ന വ്യക്തി കോടതിയെ ആദ്യം സമീപിച്ചതെന്ന് യുവതിയുടെ പേര് വെളിപ്പെടുത്താതെ കോടതി പറഞ്ഞു. ആര് പീഡിപ്പിച്ചുവെന്നോ എവിടെ വെച്ചാണെന്നോ യുവതി വെളിപ്പെടുത്താത്തതിനാല്‍ അന്ന് പോലീസിന് കാര്യമായ അന്വേഷണം നടത്താന്‍ സാധിച്ചില്ല. ഇരുവരും ഒന്നിച്ചുള്ള വീഡിയൊ നഷ്ടപ്പെടുകയും ചെയ്തു. കേസ് വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതി വീണ്ടും കോടതിയിലെത്തിയത്. റൊണാള്‍ഡോയാണ് പീഡിപ്പിച്ചതെന്ന് ആ സമയത്താണ് വെളിപ്പെടുത്തുന്നത്. ഒമ്പത് വര്‍ഷത്തിനു ശേഷമാണെങ്കിലും കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചു. ഇത്തവണയും സമര്‍പ്പിച്ച വസ്തുതകള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ പീഡിപ്പിച്ചുവെന്ന് സംശയാതീതമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 
അന്ന് ക്രിസ്റ്റ്യാനോയുടെ പേര് മറച്ചുവെക്കാന്‍ യുവതി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും പിന്നീട് മി ടൂ പ്രസ്ഥാനമാണ് തുറന്നു പറയാന്‍ കാതറിനെ പ്രേരിപ്പിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. അന്നത്തെ തന്റെ മാനസികാവസ്ഥ കാരണം നഷ്ടപരിഹാര ചര്‍ച്ചകളില്‍ താനല്ല പങ്കെടുത്തതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. താന്‍ സത്യസന്ധനായ വ്യക്തിയാണെന്നും തന്റെ ജീവിതശൈലിയെ പരിഹസിച്ച് ഇപ്പോള്‍ പാട്ടും നൃത്തവും ചെയ്യുന്നവര്‍ സത്യം മനസ്സിലാക്കുമെന്നും കേസ് വിവാദമായപ്പോള്‍ ക്രിസ്റ്റിയാനൊ പറഞ്ഞിരുന്നു. 
 

Latest News