Sorry, you need to enable JavaScript to visit this website.

ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു;  നിക്ഷേപകർ സമ്മർദത്തിൽ

ഓഹരി നിക്ഷേപകരെ സമ്മർദത്തിലാക്കി സൂചിക വീണ്ടും ഇടിഞ്ഞു. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് രണ്ട് വർഷത്തെ താഴ്ന്ന നിലവാരം ദർശിച്ചിട്ടും വിദേശ ഫണ്ടുകൾ വിൽപനക്കാരായി. സെൻസെക്‌സ് 399 പോയന്റും നിഫ്റ്റി 133 പോയന്റും ഇടിഞ്ഞു. വിദേശ ഫണ്ടുകൾക്ക് ബജറ്റിൽ ധനമന്ത്രാലയം വരുത്തിയ അധിക നികുതി അവരുടെ വാങ്ങൽ താൽപര്യം കുറച്ചു. 
മുൻവാരം നിഫ്റ്റിക്ക് നൽകിയ ആദ്യ സപ്പോർട്ടായ 11,426 ൽ പിടിച്ചു നിൽക്കാനാവാതെ ക്ലോസിങിൽ സൂചിക 11,419 ലേക്ക് നീങ്ങി. 11,552 ൽ നിന്ന് 11,615 ലേക്ക് തുടക്കത്തിൽ കുതിച്ചു കയറിയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ആ കുതിപ്പ് നിഫ്റ്റിയെ 11,706 വരെ എത്തിച്ചെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച 11,724 ലെ പ്രതിരോധം മറികടക്കാനായില്ല. ചന്ദ്രയാൻ വിക്ഷേപണം മാറ്റിയത് വിപണിയുടെ ആവേശത്തെ ബാധിച്ചു. ലാഭമെടുപ്പ് വാരാന്ത്യം വിൽപന സമ്മർദമായതോടെ നിഫ്റ്റി 11,399 വരെ ഇടിഞ്ഞ ശേഷം 11,419 ൽ ക്ലോസ് ചെയ്തു.  
സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയേക്കാൾ താഴ്ന്നത് വിപണിയിലേക്ക് പ്രവേശിക്കാൻ കാത്തിരുന്ന കരടികൾക്ക് അവസരം ഒരുക്കും. ആ നീക്കം അവർ പ്രയോജനപ്പടുത്തിയാൽ 250-275  പോയന്റ് ഇടിയാം. വാരമധ്യത്തിൽ 11,310 പോയന്റിലെ താങ്ങ് നഷ്ടപ്പെട്ടാൽ 11,201 വരെ തളരാം. അനുകൂല വാർത്തകൾക്ക് സൂചികയെ 11,617 വരെ ഉയർത്താനാവും. 
ബോംബെ സൂചിക 38,726 ൽ നിന്ന് 39,000 ലെ പ്രതിരോധവും തകർത്ത് 39,285 വരെ കയറി. മുൻ വാരം സൂചിപ്പിച്ച 39,320 ലെ തടസ്സം തകർക്കാൻ കഴിയാഞ്ഞത് മൂലം സെൻസെക്‌സ് 38,307 ലെ താങ്ങിൽ കരുത്ത് പരീക്ഷിച്ചു. മാർക്കറ്റ് ക്ലോസിങ് വേളയിൽ സൂചിക 38,337 ലാണ്. ഈ വാരം 37,977 പോയന്റിലെ സപ്പോർട്ട് നിലനിർത്തി 38,990 വരെ ഉയരാൻ ശ്രമം നടത്താമെങ്കിലും ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ വിപണി 37,617 ലേക്ക് തളരും. 
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാത്രം വിചാരിച്ചാൽ തൽക്കാലം ഇന്ത്യൻ മാർക്കറ്റിനെ തകർച്ചയിൽ നിന്ന് കൈപിടിച്ച് ഉയർത്താനാവില്ല. നടപ്പ് വർഷം ബോംബെ സെൻസെക്‌സ് റെക്കോർഡായ 40,312 വരെ ജൂൺ ആദ്യം ഉയർന്നതിന് പിന്നിൽ വിദേശ ഫണ്ടുകളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. 
കേന്ദ്ര ബജറ്റിൽ വിദേശ ഓപറേറ്റർമാർക്ക് മേൽ അധിക നികുതി ഏർപ്പെടുത്തിയത് അവരെ നിരാശരാക്കി. അവർക്ക് ഇന്ത്യയില്ലെങ്കിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മറ്റു പല മാർക്കറ്റുകളും നിക്ഷേപത്തിനുള്ള വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്. ഇറാനു മേലുള്ള സൈനിക നീക്കങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ  ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ വേളയിൽ  തന്നെ സർചാർജിന് ധനമന്ത്രാലയം ശ്രമം നടത്തിയത് കനത്ത പ്രത്യാഘാതങ്ങൾ വരുത്തിവെക്കും. വിദേശ ഓപറേറ്റർമാർ കഴിഞ്ഞ അഞ്ച് മാസം നിക്ഷേപകരായിരുന്നു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച സൂപ്പർ റിച്ച് നികുതിയെത്തുടർന്ന് അവർ വിൽപനക്കാരായി. ജൂലൈയിൽ ഇതിനകം 7712 കോടി രൂപ ഫണ്ടുകൾ പിൻവലിച്ചു. 
മുൻനിരയിലെ പത്ത് കമ്പനികളിൽ ആറെണ്ണത്തിന്റെ വിപണി മൂല്യത്തിൽ ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസും ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി,  ഇൻഫോസിസ് എന്നിവക്ക് തളർച്ച.
യു എസ് ഡോളറിന്റെ ചാഞ്ചാട്ടം തുടരുന്നു. പശ്ചിമേഷ്യൻ സംഘർഷാവസ്ഥക്കിടയിലും ഏഷ്യൻ നാണയങ്ങൾ കരുത്ത് നേടി. വാരാന്ത്യം രൂപയുടെ മൂല്യം 68.85 ലാണ്. മികവിന് ശ്രമിച്ചാൽ 68.38 വരെ കരുത്ത് നേടാം. അതേ സമയം തിരിച്ചടി നേരിട്ടാൽ രൂപ 69.07 ലേയ്ക്കും തുടർന്ന് 69.41 ലേയ്ക്കും ദുർബലമാകാം. 
ക്രൂഡ് ഓയിൽ ബാരലിന് 66.84 ഡോളറിൽ നിന്ന് 67.27 വരെ ഉയർന്ന ശേഷം 62.81 ലാണ്. സ്വർണ വിലയിൽ ശക്തമായ മുന്നേറ്റം ദൃശ്യമായി. ട്രോയ് ഔൺസിന് 1415 ഡോളറിൽ നിന്ന് 1452 ഡോളർ വരെ ഉയർന്ന് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലം ദർശിച്ചു. ക്ലോസിങിൽ സ്വർണം 1424 ഡോളറിലാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ബുൾ റാലിയിൽ 1498 ഡോളർ വരെ ഉയരാം. അതേ സമയം ലാഭമെടുപ്പ് തുടർന്നാൽ 1396 ഡോളറിൽ താങ്ങുണ്ട്.   


 

Latest News