Sorry, you need to enable JavaScript to visit this website.

മലയാൺമയുടെ പുണ്യം 

ഇന്റർനെറ്റ് യുഗം ഔദാര്യപൂർവം അനുവദിക്കുന്ന സൈബർ ഇടങ്ങളിൽ അർഥമില്ലാത്ത സാഹിത്യം തളിർക്കുകയും പൂക്കുകയും ചെയ്യുന്ന പുതിയ കാലത്തിന്റെ ആരവങ്ങൾക്കിടയിൽ സാഹിത്യത്തെ സമ്പന്നവും ജനകീയവുമാക്കിയ മലയാളനാട് വാരികയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്നത് അന്വർഥമാകും. അത് സാഹിത്യ സ്‌നേഹിയായ ഒരു സഹൃദയന്റെയും അദ്ദേഹം തന്റെ സൗഹൃദവൃന്ദത്തിലേക്ക് ആനയിച്ച മലയാളത്തിലെ മഹാമേരുക്കളായ ഒരു കൂട്ടം എഴുത്തുകാരുടെയും കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ സാഹിത്യത്തിലെ ഒരു സുവർണയുഗ ഓർമകളുടെ തുയിലുണർത്ത് കൂടിയാണ്. 

മലയാള സാഹിത്യത്തിലെ ഏറ്റവും ദീപ്തമായ ഒരു കാലഘട്ടത്തിന്റെ തന്നെ ചരിത്രമെഴുതുകയായിരുന്നു, അന്നത്തെ എഴുത്തുകാരുടെ സർഗാത്മകതയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിലുടെ മലയാളനാട് വാരിക അനുഷ്ഠിച്ച പുണ്യകർമം.
കൊല്ലത്തു നിന്നും പ്രസിദ്ധീകരണം തുടങ്ങിയ മലയാളനാട് വാരിക സാഹിത്യത്തിലെ അന്നത്തെ ഏറ്റവും ശ്രേഷ്ഠ  വിഭവങ്ങളുമായി മാതൃഭൂമിയും മലയാള രാജ്യവും ജനയുഗവും കുങ്കുമവുമൊക്കെ വായനക്കാരുടെ മനസ്സ് കീഴടക്കി കത്തിജ്വലിച്ചു നിന്ന കാലം. അവയ്ക്ക് പുറമെ മറ്റൊരു സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണത്തിന് ഇനി വായനക്കാരുടെ ഇടയിൽ ഇടമുണ്ടോ എന്ന സംശയം പലരും കാര്യമായി ഉന്നയിച്ചപ്പോഴും അതിൽ പതറാതെ എസ്. കൃഷ്ണൻ നായർ എന്ന എസ്.കെ.നായർ മലയാള നാട് എന്ന് പേരു നൽകി ഒരു വാരിക  ആരംഭിക്കുകയായിരുന്നു. ഭൂലോക വിഡ്ഢിത്തമെന്ന് പ്രിയപ്പെട്ടവർ ചുറ്റും നിന്ന് കളിയാക്കിച്ചിരിച്ച് നിരുത്സാഹത്തിന്റെ പത്മവ്യൂഹം ചമച്ചപ്പോഴും അദ്ദേഹം കുലുങ്ങിയില്ല. വാരികയുടെ പത്രാധിപരായി മാറിയ വി. ബാലചന്ദ്രൻ നായരെന്ന വി.ബി.സി.നായരും അദ്ദേഹത്തിലൂടെ നേടിയെടുത്ത ഒരുപിടി എഴുത്തുകാരുടെ സൗഹൃദക്കൂട്ടായ്മയും കൗമുദി ബാലകൃഷ്ണനും ഒപ്പം സാഹിത്യത്തോടുള്ള അദമ്യമായ അഭിനിവേശവും മാത്രമായിരുന്നു എസ്.കെ. നായർക്ക് അപ്പോൾ ആത്മബലമായി കൂട്ടുണ്ടായിരുന്നത്. 
1969 മെയ് മാസത്തിൽ ഓലക്കൂട പിടിച്ചു നിൽക്കുന്ന മലയാളിയുടെ മുഖചിത്രവുമായി പുറത്തിറങ്ങിയ മലയാളനാട് വാരിക, അതിലെ വിഭവങ്ങളുടെ വൈവിധ്യവും സമൃദ്ധിയും സമ്പന്നതയും കൊണ്ട് അക്ഷരാർഥത്തിൽ വായനക്കാരുടെ ഇടയിൽ ഇടിവെട്ടായിത്തീർന്നു. പ്രൊഫ. എം.കൃഷ്ണൻ നായർ, കൗമുദി ബാലകൃഷ്ണൻ, മലയാറ്റൂർ രാമകൃഷ്ണൻ, ജി.വിവേകാനന്ദൻ തുടങ്ങിയ മലയാളത്തിലെ മഹാരഥൻമാരായ  ഒരു കൂട്ടം എഴുത്തുകാരെയാണ് എസ്.കെ.നായർ വാരികയുടെ ആദ്യ ലക്കത്തിൽ തന്നെ അണിനിരത്തിയത്. അക്കാലത്ത് കൊല്ലത്തെ പേരെടുത്ത ബിസിനസുകാരനായിരുന്നു എസ്.കെ.നായർ. കച്ചവടക്കണ്ണുള്ള അദ്ദേഹത്തിന് വാരിക എങ്ങനെ മികവുറ്റതാക്കാം എന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതുണ്ടായിരുന്നില്ല. മലയാള നാട് വാരിക, വിപണിയിലും വായനക്കാരുടെ ഇടയിലും അസാധാരണമായ ഉണർവുണ്ടാക്കിയതിന്റെ കാരണവും മറ്റൊന്നല്ല. 
മലയാള പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ വിഭവങ്ങളെ ഇഴകീറി പരിശോധിക്കുകയും മോശമായതിനെ ദാക്ഷിണ്യമില്ലാതെ വിമർശന വിധേയമാക്കുകയും അതേസമയം ലോക സാഹിത്യത്തിലെ പ്രശസ്ത കൃതികളേയും അവയുടെ രചയിതാക്കളേയും മലയാളികൾക്ക് നിർലോഭം പരിചയപ്പെടുത്തുകയും ചെയ്ത പ്രസിദ്ധ നിരൂപകനായ എം.കൃഷ്ണൻ നായരുടെ പ്രശസ്തമായ സാഹിത്യ വാരഫലം എന്ന കോളം ആദ്യമായി ആരംഭിച്ചത് മലയാള നാട് വാരികയിലായിരുന്നു. പിന്നീട് കലാകൗമുദിയിലും അതു കഴിഞ്ഞ് മലയാളം വാരികയിലുമായി ഏതാണ്ട് 32 വർഷക്കാലത്തോളം അദ്ദേഹം ആ ജനപ്രിയ പംക്തി നിലനിർത്തി. കോളത്തിന് സാഹിത്യ വാരഫലം എന്ന പേര് നിർദേശിച്ചത് പത്രപ്രവർത്തകനും എഴുത്തുകാരനുമായ കൗമുദി ബാലകൃഷ്ണനായിരുന്നു. എം. കൃഷ്ണൻ നായർക്ക് ഈ ലിറ്റററി കോളമൊരുക്കാനുള്ള വായനയ്ക്കായി പുസ്തകങ്ങൾ വാങ്ങുന്നതിന് വേണ്ടി മാത്രം ഓരോ ആഴ്ചയിലും ആയിരക്കണക്കിന് രൂപയാണ് എസ്.കെ.നായർ ചെലവാക്കിയത്. അദ്ദേഹം ആ പുസ്തകങ്ങൾ കൃഷ്ണൻ നായർക്ക് സൗജന്യമായി നൽകുകയും ചെയ്തു. അതൊന്നും പക്ഷേ, പാഴായില്ല. ആ പംക്തിയുടെ കൂടി പിൻബലത്തിൽ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളനാട് വാരിക മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രസിദ്ധീകരണങ്ങളിലൊന്നായി മാറിയത്.
സേതുവിന്റെ ആദ്യനോവലായ നനഞ്ഞ മണ്ണ് വെളിച്ചം കണ്ടത് മലയാളനാട് വാരികയിലൂടെയാണ്. ചിത്രകാരനായ നമ്പൂതിരിയുടെ അതിമനോഹരമായ ചിത്രങ്ങളോടെയാണ് നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. നമ്പൂതിരി, അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സ്റ്റാഫ് ആർട്ടിസ്റ്റാണ്. അതിനാൽ മറ്റ് പ്രസിദ്ധീകരണങ്ങളിലൊന്നും പടം വരയ്ക്കില്ല. എങ്കിലും എസ്.കെ.നായർ പ്രത്യേകം താൽപര്യമെടുത്താണ് തന്റെ വാരികയിൽ അന്ന് നമ്പൂതിരിയെ കൊണ്ട് വരപ്പിച്ചത്. മണിച്ചിത്രത്താഴിലെ മധു മുട്ടത്തിന്റെ പ്രസിദ്ധമായ ഗാനം (വരുവാ നില്ലാരുമിങ്ങൊരുനാളും ഈവഴി/അറിയാമതെന്നാലുമെന്നും) അദ്ദേഹം കവിതയായി ആദ്യമെഴുതുന്നത് വർഷങ്ങൾക്ക് മുമ്പ് മലയാളനാട് വാരികയിലായിരുന്നു.
മലയാളത്തിൽ ആധുനികയുടെ ആവേഗം കൊടുങ്കാറ്റായി മാറിയതിൽ മലയാളനാട് വാരിക വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എം. മുകുന്ദനും കാക്കനാടനും പുനത്തിലും എം.പി.നാരായണപ്പിള്ളയും ഉൾപ്പെടെ ആധുനികതയുടെ പതാക വാഹകരായ ഒരുപിടി എഴുത്തുകാർ അന്ന് ഈ വാരികയിൽ അണിനിരന്ന് അക്ഷൗഹിണി തീർത്ത് തങ്ങളുടെ സാഹിത്യ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ സൃഷ്ടികൾ കൊണ്ട് മലയാള സാഹിത്യത്തെ പരീക്ഷണോൻമുഖമായി മാറ്റുകയുണ്ടായി. 1970 മുതൽ ഏതാനും വർഷക്കാലം കാക്കനാടൻ വാരികയുടെ സർവസ്വവുമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പറങ്കിമല, കോഴി, അടിയറവ് എന്നീ പ്രസിദ്ധ നോവലുകൾ പ്രസിദ്ധീകരിക്കുന്നത് മലയാള നാടിലാണ്.
മലയാളനാട് വാരികയിൽ തുടക്കം മുതൽക്കു തന്നെ കഥകളെഴുതി ഒപ്പമുണ്ടായിരുന്നു, മാധവിക്കുട്ടി. അവരന്ന് ബോംബെയിലായിരുന്നു. ആയിടയ്ക്കാണ് മാധവിക്കുട്ടി കലശലായി രോഗബാധിതയായി അവിടെ ഒരാശുപത്രിയിൽ ചികിത്സയിലാണെന്ന് സാഹിത്യകാരനായ എം.പി.നാരാണപ്പിള്ളയിൽ നിന്നും എസ്.കെ.നായർ അറിഞ്ഞത്. അദ്ദേഹം ആശുപത്രിയിലെത്തി, അവരെ കാണുകയും ചികിത്സയുടെ ചെലവ് മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു. പകരമായി, അസുഖം ഭേദമാകുമ്പോൾ വാരികയിലേക്ക് എന്തെങ്കിലും എഴുതി നൽകണമെന്ന് അദ്ദേഹം മാധവിക്കുട്ടിയോട് അഭ്യർഥിച്ചു. അങ്ങനെ മാധവിക്കുട്ടി എഴുതിയതാണ് മലയാളികൾക്കിടയിൽ ഏറെ കോളിളക്കമുണ്ടാക്കിയ എന്റെ കഥ എന്ന കൃതി. 1971 ലെ മലയാള നാട് വാരികയുടെ ഓണപ്പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. അതിന്റെ അധ്യായങ്ങൾ ഓരോന്നായി ഇംഗ്ലീഷിലെഴുതിയാണ് അവർ വാരികയുടെ ഓഫീസിൽ എത്തിച്ചിരുന്നത്. ആദ്യ അധ്യായമായ കുരുവിയുടെ ദുരന്തം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കാക്കനാടനായിരുന്നു.
കാക്കനാടൻ മലയാളനാട് വാരികയിൽ ഉണ്ടായിരുന്ന സമയത്താണ് ടി. ആറിന്റെ ഉൽപത്തി വിചാരം, കൊരുന്ന്യേടത്ത് കോമൂട്ടി തുടങ്ങിയ സൃഷ്ടികൾ അതിൽ പ്രസിദ്ധീകൃതമാകുന്നത്. എം. മുകുന്ദന്റെ പ്രസിദ്ധ ആധുനിക നോവലുകളിൽ ഒന്നായ ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു വെളിച്ചം കണ്ടത് ഈ വാരികയിലൂടെയാണ്. പി. പത്മരാജന്റെ ഋതുഭേദങ്ങളുടെ പാരിതോഷികവും വി.കെ.എന്നിന്റെ കുഞ്ഞൻ മേനോനും വായനക്കാരിലെത്തിയത് മലയാള നാടിലൂടെ തന്നെ. കെ.പി.അപ്പന്റെ കാഫ്ക, മുഖംമൂടിയില്ലാതെ എന്ന ഏറെ ശ്രദ്ധേയമായ ലേഖന പരമ്പര വന്നതും ഇതേ വാരികയിലാണ്. കവി എന്ന നിലയിൽ പ്രശസ്തിയുടെ പടവുകളേറാൻ സച്ചിദാനന്ദന് വേദിയൊരുക്കിയതും മലയാള നാട് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധ കാവ്യങ്ങളായ ആസന്നമരണ ചിന്തകൾ, കോഴിപ്പങ്ക് എന്നിവ പ്രസിദ്ധീകരിച്ചു വന്നത് ഈ വാരികയിലൂടെയാണ്. 
നരേന്ദ്രപ്രസാദും ആഷാമേനോനും ബാലചന്ദ്രൻ ചുള്ളിക്കാടും എം.പി. നാരായണപ്പിള്ളയും എം. സുകുമാരനും സക്കറിയയും സി.രാധാകൃഷ്ണനും വി.പി.ശിവകുമാറും മേതിലും എൻ.എസ്.മാധവനും അയ്മനം ജോണും പെരുമ്പടവം ശ്രീധരനും ഉൾപ്പെടെ പിൽക്കാലത്ത് മലയാള സാഹിത്യത്തിൽ വെന്നിക്കൊടി പറപ്പിച്ച പലരും മലയാള നാടിലൂടെ പയറ്റിത്തെളിഞ്ഞവരായിരുന്നു. കൂടാതെ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ.പൊറ്റെക്കാട്, വയലാർ രാമവർമ്മ, എം.ടി, പി.കുഞ്ഞിരാമൻ നായർ, തോപ്പിൽ ഭാസി, പാറപ്പുറം, പി. ഭാസ്‌കരൻ, കടമനിട്ട തുടങ്ങി മറ്റനേകം എഴുത്തുകാരും വാരികയുമായി അടുത്ത ബന്ധം പുലർത്തി. മലയാള നാടിൽ ഒരു കഥയോ കവിതയോ പ്രസി ദ്ധീകരിച്ചാൽ പിന്നെ എണ്ണം പറഞ്ഞ എഴുത്തുകാരായി എന്നതായിരുന്നു അന്നു നിലനിന്നിരുന്ന ഒരു പൊതുബോധം.
1972 ഒക്‌ടോബറിലാണ് തകഴിയുടെ കയർ എന്ന വിഖ്യാത നോവൽ മലയാള നാട് വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. അതിന് അദ്ദേഹത്തെ നിർബന്ധിച്ചതും എഴുതിച്ചതും എസ്.കെ.നായരായിരുന്നു. മൂന്നു തലമുറകളുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും വലിയ നോവൽ എന്ന വിശേഷണത്തോടെയാണ് കയർ പ്രസിദ്ധീകരിണത്തിന് തയാറായത്. 
പിന്നീട് ഈ നോവൽ തകഴിയെ ജ്ഞാനപീഠം അവാർഡിന് വരെ അർഹനാക്കി എന്നത് ചരിത്രം.
ഒ.വി.വിജയന്റെ ഇന്ദ്രപ്രസ്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത് മലയാളനാട് വാരികയിലാണ്. അന്ന് ഫ്യൂച്ചറിസ്റ്റിക് നോവൽ എന്ന് വിശേഷിപ്പിക്കാമായിരുന്ന അദ്ദേഹത്തിന്റെ ധർമപുരാണം അച്ചടിക്കുന്നതും അതേ വാരികയിൽ തന്നെ. അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയേക്കാവുന്ന ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് ആഴത്തിൽ ആലോചിച്ച് വിജയൻ എഴുതിയ പ്രവചനാത്മകമായ ആ കൃതി വാസ്തവത്തിൽ അടിയന്തരാവസ്ഥയ്ക്ക് മുമ്പ് തന്നെ മലയാള നാടിൽ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം എസ്.കെ.നായരെ ഏൽപിച്ചിരുന്നു. 1975 ജൂലൈ 20 മുതൽ നോവൽ വാരികയിൽ പ്രസിദ്ധീകരിക്കാനുള്ള വിളംബരവും ചെയ്തു. പക്ഷേ, അതിനിടയിലാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശുദ്ധസാഹിത്യം പോലും സംശയ ദൃഷ്ടിയോടെ കണ്ട് എഴുത്തുകാർ കടുത്ത ശിക്ഷക്ക് വിധേയമായ അക്കാലത്ത് ധർമപുരാണം പോലെ അടിമുടി ശക്തമായ വിമർശനം ഉൾക്കൊള്ളുന്ന ഒരു നോവൽ (അതും അടിയന്തരാവസ്ഥയ്ക്ക് തന്നെ എതിരായി) പ്രസിദ്ധീകരിക്കുക അന്ന് സാധ്യമായിരുന്നില്ല. അതിനാൽ അടിയന്തരാവസ്ഥ അവസാനിച്ച ശേഷമായിരുന്നു ധർമപുരാണം മലയാളനാടിൽ പ്രസിദ്ധീകരിച്ചത്. 
മലയാള സാഹിത്യത്തിന്റെ ചരിത്ര വീഥികളിൽ എക്കാലത്തേക്കുമായി അടയാളപ്പെടുത്തും വിധം സൃഷ്ടികളുടെ കാമ്പും കരുത്തും കൊണ്ട് ശ്രദ്ധേയരായ ഒരു പിടി എഴുത്തുകാർക്ക് വിലസി വിരാജിക്കാനുള്ള വേദിയൊരുക്കാൻ മലയാള നാടിന് കഴിഞ്ഞിരുന്നു. അവരിലൂടെ, വളരുന്ന മലയാള സാഹിത്യത്തിന്റെ ഗതിവിഗതികൾക്ക് കൃത്യമായ ദിശാസൂചനകൾ നൽകാനും വാരികയ്ക്ക് സാധ്യമായി. വെറും ലാഭം കൊയ്യാനുള്ള ഉപാധി എന്നതിനപ്പുറം  മലയാള നാട് എന്ന പ്രസിദ്ധീകരണത്തെ മലയാള ഭാഷയുടെ, സാഹിത്യത്തിന്റെ, സാംസ്‌കാരിക മണ്ഡലത്തിന്റെ ഉണർവിനും ഉൻമേഷത്തിനും ഉതകുന്ന ഉപാധിയായി മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു സാഹിത്യ കുതുകിയായ അതിന്റെ സാരഥി, എസ്.കെ.നായർക്ക്. 
മലയാളനാട് വാരികയിൽ എഴുത്തുകാർ ഏറെ ബഹുമാന്യരായി പരിഗണിക്കപ്പെടുകയും അർഹമായ പ്രതിഫലം നൽകി ആദരിക്കപ്പെടുകയും ചെയ്തു. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലയാള സാഹിത്യത്തിന്റെ തന്നെ ആരോഗ്യകരമായ വളർച്ചയിൽ എസ്.കെ.നായരും അദ്ദേഹത്തിന്റെ മലയാള നാടും നിർണായകമായ പങ്കുവഹിക്കുകയായിരുന്നു. നോക്കെത്താത്ത തീരങ്ങൾ എന്നൊരു പംക്തി അദ്ദേഹം വാരികയിൽ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നു. വളരെയേറെ വായനക്കാരെ ആകർഷിക്കാൻ കഴിഞ്ഞൊരു പംക്തിയായിരുന്നു അത്. മലയാളനാടിന്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് അദ്ദേഹം മറ്റു മൂന്നു പ്രസിദ്ധീകരണങ്ങൾ കൂടി ആരംഭിക്കുകയുണ്ടായി. മലയാളനാട് രാഷ്ട്രീയ വാരിക, മലയാള നാട് സിനിമ ദൈ്വവാരിക, മധുരം വാരിക എന്നിവയായിരുന്നു അവ.
1969 ൽ ആരംഭിച്ച മലയാളനാട് വാരിക 1983 ജൂലൈ 16 ന് എസ്.കെ. നായർ അന്തരിച്ചതോടെ കനത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തി. ആ വർഷം അവസാനത്തോടെ അതിന്റെ പ്രസിദ്ധീകരണം പൂർണമായും നിർത്തി. ഒരു വ്യാഴവട്ടക്കാലത്തിന്റെ ആയുസ്സ് മാത്രമായി മലയാള നാട് എന്നന്നേക്കുമായി നിലച്ചുപോയെങ്കിലും മലയാള സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിൽ അത് സൃഷ്ടിച്ച അനുരണനങ്ങൾ കാലങ്ങളോളം നിലയ്ക്കാതെ തുടർന്നു.
 

Latest News