Sorry, you need to enable JavaScript to visit this website.

വായനയുടെ ലോകത്ത് പുതുചലനം, പന്ത്രണ്ടുകാരിയുടെ പുസ്തക ശേഖരം

ഏവർക്കും മാതൃകയായി കൊച്ചിയിൽ നിന്നൊരു വിദ്യാർത്ഥിനി. പന്ത്രണ്ടു വയസ്സുകാരിയായ യശോദ ഡി. ഷിനോയ് ആണ് കൊച്ചിയിൽ സ്വന്തമായി 'യശോദ' ലൈബ്രറിയുമായി വായനയോടും സമൂഹത്തോടുമുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നത്. പുസ്തകത്തേയും വായനയേയും ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചു മിടുക്കി കൂടുതൽ അറിവുകളുടെ ആഴത്തിലേക്ക് ഊളിയിടാൻ പുസ്തകക്കൂട്ടുകാർ വേണമെന്ന ചിന്തയിലാണ് ലൈബ്രറി തുടങ്ങുകയെന്ന ആശയത്തിലേക്ക് എത്തിയത്. ഇന്ന് ഇവരുടെ സ്വന്തം ലൈബ്രറിയിൽ 3500 പുസ്തകങ്ങളും 110 മെംബർമാരും ഉണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വയസ്സ് കുറഞ്ഞ ലൈബ്രറി ഉടമയായിരിക്കും ഇവരെന്നാണ് കരുതുന്നത്. 
നിലവിൽ 2500 മലയാള പുസ്തകങ്ങളുമായി മുന്നേറുന്ന ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങൾ ഇംഗഌഷ് ഭാഷയിലുള്ളതാണ്. എന്നാൽ ലൈബ്രറിയിൽ ഏവർക്കും അംഗത്വം സൗജന്യമാണെന്നതാണ് ഏറെ കൗതുകകരം. അംഗത്വ ഫീസോ പുസ്തകങ്ങൾ തിരിച്ചേൽപിക്കാൻ വൈകിയാൽ ഫൈനോ ഈടാക്കുന്നില്ലെന്നു ഈ കൊച്ചു മിടുക്കി പറയുന്നു. ജീവിതാനുഭവത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൊച്ചു മിടുക്കി കൈക്കൊണ്ടത്.  മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് യശോദ ഡി. ഷിനോയ്ക്ക് വായനയോടുള്ള പ്രണയം തുടങ്ങിയത്. ഒരിക്കൽ ലൈബ്രറിയിൽ നിന്നും വായിക്കാനായി എടുത്ത പുസ്തകം നിശ്ചിത സമയത്തിനകം തിരിച്ചേൽപിക്കാൻ സാധിക്കാത്തതിൽ പിഴ നൽകേണ്ടി വന്നതാണ് ജീവിതത്തിൽ വേറിട്ട പുസ്തക ശാല ഒരുക്കുന്നതിന് പ്രചോദനമായത്. കുറഞ്ഞ വരുമാന മാർഗമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് ഏൽപിക്കുന്ന ആഘാതം ഓർത്ത് തനിക്ക് വിഷമം നേരിട്ടുവെന്ന് വിദ്യാർത്ഥിനി പറയുന്നു. ഇത് കുട്ടികളെ വായനയിൽ നിന്നും അകറ്റാൻ ഇടയാക്കുമെന്ന തന്റെ ചിന്തയും സൗജന്യമായ ലൈബ്രറി നടത്തുന്നതിൽ ഇവർക്ക് പ്രചോദനമായിട്ടുണ്ട്. പഠിച്ചു പഠിച്ചു  തനിക്കൊരു വക്കീൽ ആകണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം. 
സ്വന്തമായൊരു ലൈബ്രറി നടത്തണമെന്ന തന്റെ ആഗ്രഹത്തിന് കുടുംബം ഏറെ സഹായിക്കുന്നുണ്ടെന്നും യശോദ പറഞ്ഞു. ആഗ്രഹം പിതാവുമായി പങ്ക് വെച്ചപ്പോൾ ഫേസ്ബുക്കിലൂടെ പിതാവ് നടത്തിയ ശേഖരണത്തിലൂടെയാണ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ആദ്യ ഘട്ടത്തിൽ കണ്ടെത്തിയത്. പുസ്തകങ്ങളെയും വായനയെയും ഏറെ ആഗ്രഹിക്കുന്ന ഈ കൊച്ചു മിടുക്കി പറയുന്നത് വായന എല്ലാവർക്കും സൗജന്യമായിരിക്കണം എന്നതാണ്. യശോദയുടെ സഹോദരനും ലൈബ്രറിയിലെ ഒരു അംഗമാണ്. മകളുടെ വേറിട്ട ഈ ആഗ്രഹത്തിൽ താൻ അതീവ സന്തുഷ്ടനാണെന്ന് പിതാവ് ദിനേശ് പറഞ്ഞു. 

Latest News