Sorry, you need to enable JavaScript to visit this website.

ദിശാബോധം നഷ്ടപ്പെട്ട കാമ്പസ് രാഷ്ട്രീയം 

യൂനിവേഴ്‌സിറ്റി കോളേജ്, വാർത്തകളിൽ നിറയുന്നത് ഇതാദ്യമല്ല. ജനാധിപത്യ വിരുദ്ധതയുടെയും ഗുണ്ടായിസത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും വിളനിലമായി അത് മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. തീവ്രവാദ ക്യാമ്പുകളെ പോലും വെല്ലുന്ന രീതിയിലുള്ള ഫാസിസ്റ്റു പ്രവർത്തനങ്ങളാണ് വർഷങ്ങളായി അവിടെ എസ്. എഫ്. ഐ നടത്തിക്കൊണ്ടിരിക്കുന്നത്.   രാഷ്ട്രീയ എതിർ സ്വരങ്ങളെ അടിച്ചമർത്തുകയും മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ പ്രവർത്തനം നിഷേധിക്കുകയും ചെയ്തു  കാലങ്ങൾകൊണ്ട് യൂനിവേഴ്‌സിറ്റി കാമ്പസിനെ തങ്ങളുടെ താവളമാക്കി അവർ മാറ്റി. 
എസ്എഫ്‌ഐയുടെ ആക്രമ രാഷ്ട്രീയത്തിന്റെ ഒട്ടനവധി  ഇരകളിൽ ഒരാളാണ് ഇന്ന് ഇടതു സഹയാത്രികനായിട്ടുള്ള ചെറിയാൻ ഫിലിപ്പ്.  യൂനിവേഴ്‌സിറ്റി കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചെറിയാൻ ഫിലിപ്പിനെ രണ്ടാമത്തെ നിലയിൽ നിന്നും താഴേക്കു വലിച്ചെറിയുകയാണ് അന്ന് ചെയ്തത്.  മോഹമുക്തനായ കോൺഗ്രസുകാരാണെന്നു ഇ എം എസ് വിശേഷിപ്പിച്ച ചെറിയാൻ ഫിലിപ്പിന്റെ നട്ടെല്ലിനേറ്റ ക്ഷതമാണ് പിന്നീട് അദ്ദേഹത്തിനു കുടുംബ ജീവിതം പോലും അസാധ്യമാക്കിതീർത്തത്.
തിരുവനന്തപുരം നഗര ഹൃദയത്തിലായതിനാൽ സിപിഎം, ഡി വൈ എഫ് ഐ  സംഘടനകൾ നടത്തുന്ന സമര പരിപാടികൾക്ക് ആളുകളെ കൂട്ടുവാനും അക്രമ സമരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഒളിത്താവളമൊരുക്കി   സംരക്ഷണ കവചമൊരുക്കുവാനുമുള്ള മാർഗമായി ഇതിനെ സി പി എം നേതൃത്വവും കണ്ടു. എസ് എഫ് ഐ പ്രവർത്തകനായ അഖിലിനെ കുത്തിയ പ്രതികൾ ആക്രമ സംഭവങ്ങളിൽ പെടുന്നത് ആദ്യമായല്ല.
അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ നേതാവ് നസീം  പാളയത്ത് സിഗ്‌നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞ പോലീസുകാരെ തല്ലിയ കേസിലെ പ്രതി കൂടിയാണ്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ പൊതുനിരത്തിൽ ക്രൂരമായി മർദിച്ചു. എസ്.എ.പി  ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത് എന്നിവർക്കാണ് അന്ന്  മർദനമേറ്റത്. അക്രമത്തിനു ശേഷം പ്രതികൾ സർക്കാരിന്റെയും സി പി എം   നേതൃത്വത്തിന്റെയും സഹായത്തോടെ കേസിൽ നിന്നും രക്ഷപ്പെടുകയും എന്നാൽ അക്രമത്തിനു ഇരയാക്കപ്പെട്ട പോലീസുകാരൻ സസ്‌പെൻഷനിലാവുകയും ചെയ്ത കാഴ്ച ഈ ക്രിമിനൽ സഘത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്.  ആക്രമണത്തെ അന്ന് തള്ളിപ്പറഞ്ഞ എസ് എഫ് ഐ ജില്ലാ നേതൃത്വം അത്തരം ചില പൊടിക്കൈകളുമായി ഇത്തവണയും രംഗത്ത് വന്നിട്ടുണ്ട്. പോലീസിനെ തല്ലിയവന് പോലീസായി ജോലി നൽകി ഇടതു സർക്കാരും മാതൃകയായി. പി.എസ്.സി - യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ വിശ്വസ്തത തന്നെ ചോദ്യം ചെയ്യപ്പെടുകയാണിപ്പോൾ.
കലയും സാഹിത്യവും  പ്രണയവുമൊക്കെ കാമ്പസ്  ജീവിതത്തിന്റെ താളമായിരുന്നു.  പക്ഷേ ചില വിദ്യാർത്ഥി സഘടനകൾ കാമ്പസുകളെ  തങ്ങളുടെ അധീനതയിലാക്കുകയും തീവ്രവാദ ക്യാമ്പുകളെ  പോലും വെല്ലുന്ന രീതിയിൽ മറ്റുള്ളവരെ അടിച്ചൊതുക്കി ഫാസിസ്റ്റ് കൂടാരങ്ങളാക്കി മാറ്റുകയും ചെയ്തു.  
വിദ്യാർഥി  അധ്യാപക ബന്ധത്തിന്റെ ഊഷ്മളതയിലാണ്  കാമ്പസുകൾ സജീവമായിരുന്നതെങ്കിൽ ഇന്ന് അധ്യാപകർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്.  ഇരുപത്തിയൊമ്പത് വർഷത്തെ സർവീസിനു ശേഷം വിരമിച്ച പടന്നക്കാട് നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ.പുഷ്പജക്കു ആദരാഞ്ജലികളർപ്പിച്ചു പോസ്റ്റർ പതിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് എസ് എഫ് ഐ യൂനിറ്റ് യാത്രയയപ്പു നൽകിയത്.   വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന ടി എൻ സരസു വിരമിക്കുന്ന ദിവസം കോളേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക കുഴിമാടം തീർത്തു റീത്തുവെച്ച എസ് എഫ് ഐ നേതാക്കൾ എന്ത് സന്ദേശമാണ് വരും തലമുറയിലെ വിദ്യാർത്ഥികൾക്ക് നൽകിയത്?  മഹാരാജാസ് കോളേജിനെ ആയുധപ്പുരയാക്കുകയും രാത്രികാലങ്ങളിൽ മറ്റു പല അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നു എന്ന് പറഞ്ഞു പരാതി നൽകുകയും ചെയ്ത പ്രിൻസിപ്പൽ ബീനയുടെ കസേര കത്തിച്ചുകൊണ്ടാണ് എസ് എഫ് ഐ പ്രതികരിച്ചത്. മഹാരാജാസ് കോളേജിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയപ്പോൾ അവ പണി ആയുധമാണെന്നു ലാഘവത്തോടെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. തൃശൂരിൽ ഗവൺമെന്റ് കോളേജിലെ  ബിനു പൂർണിമ മോഹൻ  എന്ന അധ്യാപികയെ നാടു കടത്തി എസ് എഫ് ഐ നടത്തിയ പ്രതികാരം കേരളം കണ്ടതാണ്.   സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും  കൊടിയിലെ അലങ്കാരം മാത്രമാക്കി  ആശയ സംവാദ  വേദികളാക്കേണ്ട കാമ്പസുകളെ അടിച്ചമർത്തി ഭരിക്കുന്നവർ ഒന്നോർക്കണം, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ നിഷേധിക്കുമ്പോൾ മത സംഘടനകളിലേക്കും അരാഷ്ട്രീയ പ്രസ്ഥാനങ്ങളിലെക്കുമാണ് പുത്തൻ തലമുറയെ നിങ്ങൾ തള്ളി വിടുന്നത്.  യൂനിവേഴ്‌സിറ്റി കോളേജിലെ സദാചാര പോലീസിംഗിനെതിരെ അസ്മിത കബീർ, സൂര്യ, ഗായത്രി എന്നീ വിദ്യാർത്ഥികൾ മുൻപ് പരാതി നൽകിയപ്പോൾ അവരെ ദുർനടപ്പുകാരായി ചിത്രീകരിക്കാനാണ്  നേതൃത്വം ശ്രമിച്ചത്.  വീണ്ടും ആരോപണമുന്നയിച്ചുകൊണ്ട് ഒരു വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചപ്പോഴും  യൂനിറ്റ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എം നേതാക്കൾ കൈക്കൊണ്ടത്.  ഇന്ന് കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു എന്ന തിരിച്ചറിവ് സി പി എമ്മിനും  എസ് എഫ് ഐ നേതൃത്വത്തിനുമുണ്ട്.  പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുമായി വിദ്യാർത്ഥികൾ രംഗത്ത് വന്നിരിക്കുന്നു. പി ടി തോമസ്, കെ സി ജോസഫ് എന്നിവർ മാസങ്ങൾക്കു മുൻപ് നിയമസഭയിൽ രേഖാമൂലം ഈ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നിഷേധാത്മക നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ബീഫ് ഫെസ്റ്റിവലും ചുംബന ആർത്തവ സമരങ്ങളോ വനിതാ മതിലുകളോ അല്ല കാമ്പസിനാവശ്യം.  സമാധാനപരമായി പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അവകാശവും ഇഷ്ടപ്പെടുന്ന പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുവാനും നിർഭയം പ്രവർത്തിക്കുവാനുമുള്ള സ്വാതന്ത്ര്യവുമാണ്.  ഫാസിസ്റ്റ് രീതികൾ അവസാനിപ്പിച്ച്  തെറ്റ് തിരുത്തുവാൻ തയാറാകുക, അല്ലെങ്കിൽ ബംഗാളിലും ത്രിപുരയിലും വംശനാശം സംഭവിച്ചതുപോലെ കേരളത്തിലെ കാമ്പസുകളിൽ ഈ പ്രസ്ഥാനം ഒരു ഓർമയായി അവശേഷിക്കും.ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളും പരിശോധനകളുമൊക്കെ പ്രഹസനമായി മാറാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇത്തരം ക്രിമിനലുകളെ പരസ്യമായി തള്ളിപ്പറയുവാൻ നേതൃത്വവും ആർജവം കാണിക്കട്ടെ. കാമ്പസുകൾ പൂർവകാല സർഗാത്മകതയിലേക്കു മടങ്ങട്ടെ.   
 

Latest News