Sorry, you need to enable JavaScript to visit this website.

മധുരം മനോഹരം ഇപ്പോൾ കേരളം

കേട്ടത് മധുരതരം കേൾക്കാനിരിക്കുന്നത് അതിമധുരം എന്നതാണിപ്പോൾ കേരളത്തിന്റെ അവസ്ഥയെന്ന് പറയാതെ വയ്യ. ഇടുക്കിയിലെ കോലാഹലമേട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയ, രണ്ട് കോളേജ് വിദ്യാർത്ഥികളുടെ അച്ഛനെ ലോക്കപ്പിലിട്ട് കൊലപ്പെടുത്തിയതിന് പിണറായി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇരയുടെ ഭാര്യക്ക് സർക്കാർ ജോലിയും കുടുംബത്തിന് 16 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ തീരുമാനം. 
കോളേജിലെ കാന്റീനിൽ ഇരുന്ന് പാട്ടുപാടിയ എസ്.എഫ്.ഐ പ്രവർത്തകന്റെ നെഞ്ചിൽ കുത്തിയ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളെ അറസ്റ്റു ചെയ്ത് പോലീസ് കേസെടുത്തു. സർക്കാരിനെ നയിക്കുന്ന  എ.കെ.ജി സെന്ററിൽനിന്ന് പാർട്ടി ഫ്രാക്ഷൻ വഴി നയിക്കുന്ന എസ്.എഫ്.ഐയുടെ ആ കോളേജ് യൂണിറ്റ് നേതൃത്വം പിരിച്ചുവിട്ടു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ജീവൻ രക്ഷിച്ചെടുത്ത കുത്തേറ്റ എസ്.എഫ്.ഐ പ്രവർത്തകനെ കൂടി ഉൾപ്പെടുത്തി കോളേജിൽ എസ്.എഫ്.ഐ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. 
ഈ രാമായണ മാസത്തിൽ ഇത്രയൊക്കെ ചെയ്തിട്ടും സർക്കാരിനെ ആക്രമിക്കുകയും നുണ പ്രചരിപ്പിക്കുകയുമാണ് പ്രതിപക്ഷവും മാധ്യമങ്ങളും എന്ന വിമർശനമാണ് ഭരണാധികാരികളുടെ പ്രസ്താവനയായി തുടർന്നു പെയ്യുന്നത്. 
ഭരിക്കുന്നവരും ഭരിപ്പിക്കുന്നവരും ചെയ്യുന്നതിന്റെയും പറയുന്നതിന്റെയും ഇടയിൽ മൂടിക്കിടക്കുന്ന സത്യത്തിന്റെ ഒരു നേർരേഖയുണ്ട്. അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളും അത് മറച്ചുപിടിക്കാൻ പാടുപെടുന്നു. സ്വയം വാർത്ത നൽകുന്നതിനു പകരം  മറ്റ് വാർത്തകളുടെ ശവപരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ടി മുഖപത്രവും അവർക്കു വേണ്ടി പാടുപെടുകയാണ്. 
ഇടുക്കിയിലെ രാജ്കുമാറിന്റെ ലോക്കപ്പ് മർദനവും യൂനിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസും പ്രതിപക്ഷവും മാധ്യമങ്ങളും മറ്റുള്ളവരും ഇടപെട്ടിരുന്നില്ലെങ്കിൽ എങ്ങനെ സർക്കാർ കൈകാര്യം ചെയ്യുമായിരുന്നു എന്ന് മേൽപറഞ്ഞവരെല്ലാം ഒരു നിമിഷം ചിന്തിക്കണം. ലോക്കപ്പ് മരണം വെളിച്ചത്തു കൊണ്ടുവന്നത് മാധ്യമങ്ങളാണ്. അത് അടിയന്തര പ്രമേയമായി ചർച്ച ചെയ്യാൻ നിയമസഭയിൽ നോട്ടീസ് നൽകിയത് പ്രതിപക്ഷമാണ്. മറുപടി പറഞ്ഞ മുഖ്യമന്ത്രി അടിയന്തരാവസ്ഥയിൽ തനിക്ക് ലോക്കപ്പ് മർദനമേറ്റതിന്റെ വാർഷികത്തിൽ ഇത്തരമൊരു അടിയന്തര പ്രമേയത്തിന്റെ വിധിവൈപരീത്യമാണ് ഉയർത്തിപ്പിടിച്ചത്. അടിയന്തര വിഷയമായി മുഖ്യമന്ത്രി സംഭവം കാണാത്തതുകൊണ്ട് സ്പീക്കർ വിഷയം ചർച്ച ചെയ്യാൻ അനുമതി നൽകിയുമില്ല. മാധ്യമങ്ങൾ ജാഗ്രമായി അന്വേഷിച്ചതുകൊണ്ടും പ്രതിപക്ഷവും ജനാധിപത്യവാദികളും ശക്തമായി തുടർന്നും ഇടപെട്ടതുകൊണ്ടുമാണ് പോലീസിന്റെയും സർക്കാരിന്റെയും തുടർനടപടികളുണ്ടായത്. കോടതിയിൽ എത്തും മുമ്പു തന്നെ കസ്റ്റഡി മരണമായി സംഭവം സർക്കാരിന് അംഗീകരിക്കേണ്ടിവന്നത്. 
രാജൻ കേസിൽ പോലും കോടതിവിധി സമ്പാദിച്ചിട്ടും എത്രയോ കഴിഞ്ഞാണ് ഈച്ചരവാര്യർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയത്. മാത്രമല്ല ഭരണഘടനയിലെ മൗലികാവകാശം പോലും നീക്കിയിരുന്ന അടിയന്തരാവസ്ഥയിലെ ലോക്കപ്പ് മരണം പോലെയല്ലല്ലോ ഇടതുപക്ഷ സർക്കാരിനു കീഴിൽ ലോക്കപ്പ് മരണങ്ങൾ പരമ്പരയാകുന്നത്. 
ചെയ്യേണ്ടതെല്ലാം പോലീസും സർക്കാരും ചെയ്തില്ലേയെന്ന് പറയുമ്പോൾ ജനം നേരിൽ കാണുന്ന വസ്തുതകൾ മറന്നുപോകരുത്. രാജ്കുമാറിന്റെ ലോക്കപ്പ് മരണം പോലീസ് പോലും സ്ഥിരീകരിച്ച ശേഷമാണ് നിയമം ദുർബലമല്ലെന്നും ലോക്കപ്പുകൾ പീഡനം നടത്താനുള്ള ഇടമല്ലെന്നും അങ്ങനെ ചെയ്യുന്നവരെ കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്. യൂനിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ ഭാരവാഹികൾ തന്നെ പ്രവർത്തകനെ കുത്തിയ സംഭവത്തിൽ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും ജില്ലാ നേതൃത്വങ്ങൾ ആദ്യമെടുത്ത നിലപാടും ഇതേ ശൈലിയിലായിരുന്നു. വ്യക്തിവൈരാഗ്യം തീർത്തതാണെന്നും എസ്.എഫ്.ഐയ്ക്ക് ഉത്തരവാദിത്തമില്ലെന്നും. കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ള വിദ്യാർത്ഥികളാകെ റോഡിലിറങ്ങി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചിട്ടും അവർ ആ നിലപാടിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ചു. സംഭവം ദേശീയ വാർത്ത ആയപ്പോഴാണ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പ്രതികളായ നേതാക്കളെ തള്ളിപ്പറഞ്ഞതും സംഘടനാ യൂനിറ്റ് തന്നെ പിരിച്ചുവിട്ടതും. 
എ.കെ.ജി ഭവനിൽനിന്ന് സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിന്റെ ഇടപെടൽ ഇല്ലാതെ ഇങ്ങനെ സംഭവിക്കില്ല. എന്നിട്ടും സർക്കാരിനെയും പാർട്ടിയുടെ ബഹുജന സംഘടനകളിൽ ഒന്നായ എസ്.എഫ്.ഐയെയും തകർക്കാനുള്ള ചില മാധ്യമങ്ങളുടെയും പാർട്ടി ശത്രുക്കളുടെയും തുടർവേലയാണിതെന്ന് മന്ത്രിമാരും പാർട്ടി നേതാക്കളും പറയുന്നു, അത് സ്ഥാപിക്കാൻ പാർട്ടി പത്രവും പാടുപെടുന്നു. 
എന്നാൽ യഥാർത്ഥ വസ്തുതകൾ അവരെ തുറിച്ചുനോക്കുന്നു: 'നേതൃത്വത്തിനു തെറ്റുപറ്റിയപ്പോൾ ഞങ്ങളുടെ എസ്.എഫ്.ഐ ഇതല്ലെന്നു വിളിച്ചുപറഞ്ഞ് തെരുവിലിറങ്ങിയ വിദ്യാർത്ഥികളാണ് പ്രസ്ഥാനത്തിന്റെ ശക്തി' എന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറയുന്നു. എസ്.എഫ്.ഐ ഇപ്പോൾ രൂപീകരിച്ച യൂനിവേഴ്‌സിറ്റി കോളേജിലെ അഡ്‌ഹോക് കമ്മിറ്റിയിൽ അംഗമായ അഖിൽ ചന്ദ്രന്റെ മൊഴിയിൽ പറയുന്നത് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളാണ് ഹൃദയത്തിൽ വരെ മുറിവേൽക്കുംവിധം തന്നെ കുത്തിയതെന്ന്. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കിടന്ന് പോലീസിനു നൽകിയ മൊഴിയിൽ  തുടർന്നു പറയുന്നു: 
യൂനിവേഴ്‌സിറ്റി കോളേജ് വളപ്പിൽ എസ്.എഫ്.ഐ നേതാക്കളുടെ കൽപന ലംഘിക്കുന്നവർക്ക് മാതൃകയാകണമെന്ന നിലയ്ക്കാണ് അവർ തന്റെ നെഞ്ചിൽ കഠാരയിറക്കിയത്. കാമ്പസ് ജീവിതത്തെ ശ്വാസം മുട്ടിക്കുന്ന സംഘടനാ നേതൃത്വത്തിനെതിരെ നൂറുകണക്കിന് എസ്.എഫ്.ഐ പ്രവർത്തകർ അവിടെ കലാപത്തിന്റെ വക്കിലായിരുന്നു. 
പുതിയ വിദ്യാർത്ഥികൾ ഇടയ്ക്കിടെ കാന്റീനിൽ പോകുന്നതിനും വിദ്യാർത്ഥികൾ ഗ്രൂപ്പായി നീങ്ങുന്നതിനും നേതൃത്വം വിലക്കേർപ്പെടുത്തിയിരുന്നു.  എസ്.എഫ്.ഐ മാർച്ചുകളിലും പരിപാടികളിലും ക്ലാസ് ഉപേക്ഷിച്ച് നിർബന്ധമായും പങ്കെടുക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. എതിർക്കുന്നവരെ ഓഫീസായി ഉപയോഗിക്കുന്ന കോളേജ് സ്റ്റേജിന്റെ പിന്നിലുള്ള  ഗ്രീൻ റൂമിൽ പീഡനത്തിനു വിധേയരാക്കിയിരുന്നു.
ഇതേ കോളേജിൽനിന്ന് ഇത്തരം പീഡനം സഹിക്കാതെ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർത്ഥിനിയുടെ വിവരം നേരത്തെ പുറത്തു വന്നിരുന്നു. പ്രതിഷേധവും വിമർശനവും ഉയർന്നപ്പോൾ അത് വെള്ളതേക്കാനാണ് എസ്.എഫ്.ഐയും പാർട്ടിയും അധികൃതരും അന്നു ശ്രമിച്ചത്. സഹികെട്ട വിദ്യാർത്ഥിനി ടി.സി വാങ്ങി മറ്റൊരു കോളേജിൽ പഠിക്കുകയാണ്. മാരകായുധങ്ങളുടെ കലവറ കൂടിയാണ് എസ്.എഫ്.ഐ ഓഫീസെന്ന് ആരോപണമുണ്ടായിരുന്നു. അഖിലിനു കുത്തേറ്റ സംഭവം നടന്നിട്ട് ഒരു ദിവസം കഴിഞ്ഞു മാത്രം അവിടം പരിശോധിച്ച പോലീസ് കഠാരയും മദ്യക്കുപ്പികളും കണ്ടെടുത്തെന്നത് ഇപ്പോൾ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ച സംസാരിക്കുന്ന തെളിവുകളാണ്. 
അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പോലീസ് പരിശോധനയിൽ സർവകലാശാലാ പരീക്ഷാ കടലാസുകളും സർവകലാശാലയുടെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തി.  ഈ സംഭവത്തെ തുടർന്നുള്ള മാധ്യമ വാർത്തകളിലൂടെയാണ് പോലീസ് ഉദ്യോഗത്തിന് പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആളാണ് ശിവരഞ്ജിത് എന്ന് വെളിപ്പെട്ടത്. കൂട്ടുപ്രതികളിലൊരാളും ഉയർന്ന റാങ്ക് നേടിയതും. സർവകലാശാലാ പരീക്ഷകളുടേത് മാത്രമല്ല പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന നിയമനത്തിന്റെ വിശ്വാസ്യത പോലും സംശയിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതെല്ലാം സംബന്ധിച്ച്  ഗവർണറും പി.എസ്.സിയും  സർവകലാശാലയും  സി.പി.എം തന്നെയും പ്രത്യേക അന്വേഷണം നടത്തിക്കൊണ്ടിരിക്കേ മാധ്യമങ്ങളെ കുറ്റംപറഞ്ഞ് യൂനിവേഴ്‌സിറ്റ് കോളേജിനെ അപകീർത്തിപ്പെടുത്താനും  എസ്.എഫ്.ഐയെ തകർക്കാനുമാണ് ശ്രമമെന്ന് ആരോപിക്കുന്നത് എത്ര ബാലിശവും പരിഹാസ്യവുമാണ്. 
അഖിലിന്റെ നെഞ്ചിൽ കാഠാരയിറക്കിയ വാർത്തയോട് നിയമസഭാ സ്പീക്കർ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു: 'തെറ്റുകൾക്കു മുന്നിൽ രണ്ടു വഴികളില്ല. ശിരസ്സ് കുനിച്ച് മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.' 
കേരള നിയമസഭാ സ്പീക്കർ മാത്രമല്ല ലോകകേരള മലയാള സഭയുടെ അധ്യക്ഷൻ കൂടിയാണ് സ്പീക്കർ. അദ്ദേഹത്തോടൊപ്പം തല താഴ്ത്തുന്നതും ലജ്ജിക്കുന്നതും ഈ നാറ്റത്തിൽനിന്ന് ദൂരെ അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നതും ലോകത്തെങ്ങുമുള്ള മലയാളികളാണ്. നമ്മുടെ ഭരണാധികാരികളും സി.പി.എം നേതാക്കളും അതെങ്കിലും ഉൾക്കൊള്ളേണ്ടതില്ലേ. 
മടിയിൽ കഠാരയുമായി നടക്കുന്നവരാണോ എസ്.എഫ്.ഐക്കാരെന്ന് ചോദിച്ചത് ക്ലാസ് മുറിയിൽ കുത്തേറ്റ് പിടഞ്ഞു മരിച്ച രക്തസാക്ഷി ഭുവനേശ്വരന്റെ സഹോദരൻ കൂടിയായ മന്ത്രി ജി സുധാകരനാണ്. ഇത്തരം ക്രിമിനലുകൾ എസ്.എഫ്.ഐയുടെ നേതൃസ്ഥാനത്ത് വന്നതെങ്ങനെ? ഇവരൊക്കെ പോലീസിൽ കടന്നുകൂടിയാൽ സ്ഥിതിയെന്താകുമെന്നു ചോദിച്ചതും സുധാകരൻ. 
 'ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർത്ഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി കാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്‌നമുണ്ട്' എന്നു പറഞ്ഞത് ഭരണപരിഷ്‌കാര കമ്മീഷൻ വി.എസ് അച്യുതാനന്ദനാണ്.   ഇത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപില്ല എന്ന മുന്നറിയിപ്പ് മുഴക്കിയതും സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വി.എസ് ആണ്.
ഒന്നുകിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പോലീസ് ഭരണത്തിലുള്ള തെറ്റ് ഏറ്റുപറയണം. ഈ നാറ്റത്തിനിടയിലും വിദ്യാർത്ഥി വിരുദ്ധ രാഷ്ട്രീയം സൂക്ഷ്മദർശിനി വെച്ച് പരിശോധിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വർഗ-ബഹുജന സംഘടനകളെ നയിക്കുന്ന സി.പി.എമ്മിന് സംഭവിച്ച തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തുമെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ പാർട്ടിക്ക് ഏറെ നിലനിൽപില്ലെന്ന വി.എസിന്റേതടക്കമുള്ള മുന്നറിയിപ്പിനെയും സ്പീക്കറുടെയും മന്ത്രി സുധാകരന്റെയും നിലപാടുകളെ തള്ളിപ്പറയണം.  
ഇത്തരം ഓരോ സംഭവം നടക്കുമ്പോഴും അവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് വ്യാഖ്യാനിച്ച് തലയൂരാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും നിലപാടുകൾക്ക് ഏറെ ആയുസ്സില്ലെന്നെങ്കിലും തിരിച്ചറിയണം. നേതൃത്വത്തിന് തെറ്റുപറ്റുമ്പോൾ ഞങ്ങളുടെ സംഘടന ഇതല്ലെന്ന് അണികൾ തെരുവിലിറങ്ങി വിളിച്ചുപറയുന്ന സമയം അതിവിദൂരമല്ലെന്ന് തിരിച്ചറിയാനെങ്കിലും അവർ തയാറാകണം.

Latest News