Sorry, you need to enable JavaScript to visit this website.

കർണാടക: ജനാധിപത്യത്തിന്റെ ഗതികേട് 

കോൺഗ്രസിന്റെ പിന്തുണയോടെ ജനതാദൾ നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് കർണാടക ഭരിക്കുന്നത്. പതിമൂന്ന് മാസം മുമ്പ് ഭരണത്തിലേറിയ സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം. ഇതിനിടയ്ക്ക് പല തവണയായി സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ചു വരികയായിരുന്ന ബി.ജെ.പിയുടെ  നീക്കങ്ങൾക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുകയാണ്.
കർണാടകയിലെ അനിശ്ചിതത്വം നീളുകയാണ്. ഇന്നലെ വൈകിട്ട് ഗവർണറെ വിഷയത്തിൽ ഇടപെടീക്കാൻ ബി.ജെ.പി പുറപ്പെട്ടതോടെ നാടകത്തിന്റെ ആന്റി ക്ലൈമാക്‌സായെന്ന് കരുതിയതായിരുന്നു. അപ്പോഴാണ് സഭ പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചു.  ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന ബി.ജെ.പി എം.എൽ.എമാരെ ആരും റാഞ്ചിക്കൊണ്ടു പോകാതിരിക്കാൻ നേതാക്കൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. നിയമസഭാ മന്ദിരത്തിൽ ഉറങ്ങാനും അവർ തയാർ. 
ബംഗളൂരു ബി.ജെ.പി പിടിച്ചുവെന്നിരിക്കട്ടെ. കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇതിന്റെ പ്രത്യാഘാതം വൈകാതെ അനുഭവപ്പെടും. തൊട്ടടുത്ത ഗോവ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇപ്പോൾ ബി.ജെ.പി ഭരിക്കുന്നത്. കാലുറക്കാത്ത കോൺഗ്രസ് എം.എൽ.എമാർ മറുകണ്ടം ചാടിയതാണ് ബി.ജെ.പി സർക്കാരിന് ഗുണമായത്.
 ഉദ്ദിഷ്ട കാര്യസാധ്യത്തിനായി എം.എൽ.എമാർ പാർട്ടി മാറുമെന്നതിൽ സംശയമില്ല. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ധാരാളം പാർട്ടികളുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോഴും മറ്റുമാണ് കക്ഷികളിൽ ഭിന്ന സ്വരങ്ങൾ ഉയർന്നു വരാറുള്ളത്. സാധാരണ ഗതിയിൽ ഈ പ്രതിഭാസത്തെ ഗ്രൂപ്പിസമെന്നാണ് വിളിക്കുക. എന്നാൽ കേരളത്തിൽ വി.എസ് അച്യുതാനന്ദന്റെ അഭ്യാസത്തിന് വിഭാഗീയത എന്ന പേരാണ് മാധ്യമ പ്രവർത്തകർ നൽകിയിരുന്നത്. അതുപോലെ ജനപ്രതിനിധികളെ എതിർപക്ഷത്തേക്ക് ആകർഷിച്ചു കൊണ്ടു വരുന്ന പരിപാടിക്ക് പണ്ടത്തെ പേര് കുതിരക്കച്ചവടമെന്നായിരുന്നു. ഇപ്പോഴത് ഓപറേഷൻ ലോട്ടസ് എന്നായി മാറി. 
കർണാടകയിൽ വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നീട്ടിവെയ്ക്കാനുള്ള നീക്കങ്ങളാണ് സഖ്യ സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. അവസാന നിമിഷം കോൺഗ്രസ് ക്യാാമ്പിൽ നിന്ന് ഒരു എംഎൽഎ കൂടി അപ്ര്യത്യക്ഷനാകുകയും വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ പുതുവഴി തേടുന്നത്. പതിനഞ്ച്  വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ സാധിക്കാതെ വന്നതോടെ സർക്കാരിന്റെ  വീഴ്ച ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് നീട്ടിവെച്ച് സർക്കാരിനെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ ഭരണകക്ഷി നടത്തുന്നത്.  അവസാന അനുനയ ശ്രമങ്ങളും ഫലം കാണാതായതോടെയാണ് സർക്കാരിന്റെ പതനം ഒഴിവാക്കാൻ അറ്റകൈ നീക്കത്തിന് കോൺഗ്രസ്-ജെഡിഎസ് സഖ്യം ഒരുങ്ങുന്നത്.  വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ച് പരമാവധി വിമതരെ മടക്കിക്കൊണ്ടുവരികയാണ് ലക്ഷ്യം. പരമാവധി തിങ്കളാഴ്ച വരെ നീട്ടിവെച്ച് എംഎൽഎമാരെ തിരിച്ചെത്തിക്കുകയാണ് ഉദ്ദേശ്യം. 


നിലവിൽ സഖ്യത്തിന് സ്പീക്കർ ഉൾപ്പെടെ 101 പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. ബിജെപിക്ക് 105 പേരുടെ പിന്തുണയുണ്ട്. രാജിവെച്ച രണ്ട്  സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകില്ലെന്ന ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിൽ. 
അതിനിർണായകമായ സാഹചര്യത്തിലൂടെയാണ് കർണാടക രാഷ്ട്രീയം കടന്നു പോകുന്നത്. സഖ്യസർക്കാരിനെ ഏത് വിധേനയും താഴെയിറക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ബിജെപി സർവ സജ്ജമായി കരുക്കൾ നീക്കുമ്പോൾ സർക്കാരിനെ സുരക്ഷിതമാക്കാനുള്ള പതിനെട്ടടവും പുറത്തെടുക്കുകയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യം. 
വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എംഎൽഎമാരെ നിർബന്ധിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഭരണകക്ഷി അറ്റകൈ പ്രയോഗത്തിനൊരുങ്ങി വിമത എംഎൽഎമാരെ അയോഗ്യരാക്കിയാലും സർക്കാർ താഴെ വീഴും. ബാക്കി 208 അംഗങ്ങളാണ് സഭയിൽ ഉണ്ടാകുക. അങ്ങനെയെങ്കിൽ 105 പേരുടെ പിന്തുണ ഉണ്ടെങ്കിൽ ഭരിക്കാം. ബിജെപിക്ക് 105 പേരുടെ പിന്തുണ കൂടാതെ രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണയുണ്ട്. സ്പീക്കർ ഉൾപ്പെടെ 101 പേരുടെ പിന്തുണ മാത്രമേ ഭരണകക്ഷിക്കുള്ളൂ.
കണക്കിലെ കളികളാണ് ഇനി സഖ്യ സർക്കാരിന്റെ  ഭാവി നിശ്ചയിക്കുക. സുപ്രീം കോടതി വിധിയോടെ പ്രതിസന്ധിയിലായ സർക്കാർ വിമതരെ ഏത് വിധേനയും അനുനയിപ്പിച്ച്  കൊണ്ടുവരാനുള്ള അവസാനവട്ട ശ്രമത്തിലാണ്. സഭയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ സഭയിൽ പ്രസംഗിച്ച് വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിവെയ്ക്കുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്. സഖ്യസർക്കാരിന്റെ  നീക്കങ്ങൾക്ക് കരുത്ത് പകർന്ന് ഇന്നലെ ഒരു യുവ ജെഡിഎസ് നേതാവ് മുംബൈയിൽ വിമതർ കഴിയുന്ന ഹോട്ടലിൽ എത്തി ചർച്ച നടത്തിയിരുന്നു. ജെഡിഎസ് യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് സയീദ് ശഹീദാണ് മുംബൈയിലെ ഹോട്ടലിൽ പോലീസിനെ വെട്ടിച്ച് കടന്നു കൂടിയത്. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനാൽ വിമതർ കഴിയുന്ന ഹോട്ടലിലെ സുരക്ഷ ശക്തമാക്കിയിരുന്നു പോലീസ്. നേരത്തേ വിമത എംഎൽഎമാരെ കാണാൻ മുതിർന്ന നേതാവ് ഡികെയുടെ  നേതൃത്വത്തിലുള്ള സംഘം മുംബൈയിൽ എത്തിയിരുന്നു. കോൺഗ്രസിലെ കരുത്തനായ ഡി.കെ ശിവകുമാർ പരാജയപ്പെട്ടിടത്താണ് ദൾ എം.എൽ.എയുടെ ശ്രമം. 
താരതമ്യേന പ്രശസ്തനല്ലാത്ത നേതാവായതിനാൽ സയീദിന് എളുപ്പം ഹോട്ടലിനുള്ളിൽ കടക്കാൻ സാധിച്ചു. സയീദ് ചർച്ച നടത്തിയെന്ന് ജെഡിഎസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഡികെ ശിവകുമാർ, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കളിൽ നിന്ന് തങ്ങൾക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് വിമതർ പോലീസിനെ സമീപിച്ചു. ഇതോടെയാണ്  ഹോട്ടലിൽ പോലീസ് സുരക്ഷ ശക്തമാക്കിയത്. നേതാക്കൾ ഹോട്ടലിൽ എത്തിയപ്പോൾ തന്നെ വിമതരുടെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അനുനയ നീക്കം പാളി. ഡികെ ഉൾപ്പെട്ട സംഘത്തിന് മടങ്ങേണ്ടിയും വന്നു. വ്യാഴാഴ്ച ശാഹിദ് നടത്തിയ  നീക്കം ഫലം കാണുമോയെന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും.  ഇതുവരെ വിമതർ നിലപാട് മാറ്റിയിട്ടില്ലെന്നാണ് സൂചന. എം.എൽ.എമാരുമായി ആശയ വിനിമയം നടത്താൻ സൗകര്യം ലഭിക്കുകയെന്നത് ഇരുപക്ഷത്തിനും പ്രധാനമാണ്. 
കർണാടകയിൽ ഈ അസംബന്ധ നാടക രംഗങ്ങൾ അരങ്ങ് തകർക്കുമ്പോൾ ഹൈക്കമാന്റ് മൂകസാക്ഷിയെ പോലെ നില കൊള്ളുകയാണ്. കോൺഗ്രസിന് പ്രസിഡന്റില്ലാത്ത അവസ്ഥയാണല്ലോ. തെരഞ്ഞെടുപ്പ് തോൽവിയിൽ ഞെട്ടി പ്രസിഡന്റ് തന്നെ സ്ഥാനമൊഴിഞ്ഞ  പാർട്ടിയാണല്ലോ. വർധിച്ചു വരുന്ന വിമത പ്രവർത്തനത്തിന് ഇതും പ്രേരണയായെന്ന് വിലയിരുത്താവുന്നതാണ്.
സുരക്ഷിതത്വം ഉറപ്പാക്കി മഹാനഗരത്തിലെ റിസോർട്ടിൽ വിലയേറിയ എം.എൽ.എമാരെ പാർപ്പിക്കേണ്ടി വരികയെന്നത് ചെലവേറിയ ഏർപ്പാടാണ്. 
ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ സ്വന്തം ഇഷ്ട പ്രകാരം കൂറ് മാറുന്ന പ്രതിഭാസം തടഞ്ഞേ തീരൂ. ഇതിന് നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമെങ്കിൽ നിയമ ഭേദഗതിയെപ്പറ്റി രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കാൻ നേരമായി. സൗദി അറേബ്യയിലെ സൂപ്പർ മാർക്കറ്റുകളിൽ വിൽപനയ്ക്ക് വെച്ച എലിശല്യം ഒഴിവാക്കാനുള്ള ഒരു വിശിഷ്ട ഉൽപന്നമുണ്ട്. കൊറിയയിൽ നിർമിച്ച റാറ്റ് ട്രാപ്പ് എന്ന മോഡേൺ എലിക്കെണി വില കൂടിയ എം.എൽ.എമാരുടെ താമസ കേന്ദ്രങ്ങളിലും ഉപയോഗിക്കാവുന്നതാണ്. 12 റിയാലിന് രണ്ടെണ്ണം എന്ന നിരക്കിലാണ് ഇത് വിൽക്കുന്നത്. വിഷമൊന്നും ചേർക്കാത്ത ഉൽപന്നം. 
എടുത്തു കളയാനും എളുപ്പം. എലി ഇതിന് മുകളിലൂടെ നടന്നു പോകാൻ ശ്രമിച്ചാൽ ഒട്ടിനിന്നു പോകും. അത്ര കടുപ്പമേറിയ പശയാണ് പ്ലാസ്റ്റിക് പലകയിൽ.  ഒരു സർക്കസും നടക്കില്ല. എന്നാൽ ചത്തു പോവുകയുമില്ല. റാറ്റ് ട്രാപ്പ് കൊണ്ടുവെക്കുന്ന ആൾക്ക് തന്നെ കെണിയിൽ പെട്ട ജീവിയുടെ ഭാവിയും നിശ്ചയിക്കാം. ജനാധിപത്യം നീണാൾ വാഴട്ടെ.  
 

Latest News