Sorry, you need to enable JavaScript to visit this website.

താൽക്കാലിക വിസാ നിയമം അന്തിമ ഘട്ടത്തിൽ

ബുറൈദ - താൽക്കാലിക വിസ അനുവദിക്കൽ ക്രമീകരിക്കുന്ന പുതിയ നിയമം അന്തിമ ഘട്ടത്തിലാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ താൽക്കാലിക, സീസൺ വിസാ വിഭാഗം മേധാവി റാശിദ് അൽഉതൈബി വെളിപ്പെടുത്തി. താൽക്കാലിക വിസയെ കുറിച്ച് പരിചയപ്പെടുത്തുന്നതിന് അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു മാസ കാലാവധിയുള്ള താൽക്കാലിക വിസയാണ് അനുവദിക്കുന്നത്. താൽക്കാലിക, സീസൺ ജോലികൾക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സർക്കാർ വകുപ്പുകൾക്കും ഫാക്ടറികൾക്കും കാർഷിക മേഖലക്കും മറ്റും താൽക്കാലിക വിസകൾ പ്രയോജനപ്പെടുത്താൻ കഴിയും. കാർഷിക മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന വിസകളുടെ എണ്ണം പത്തിൽ കൂടുന്ന പക്ഷം വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് വിസകൾ അനുവദിക്കുക. ഒരു സ്ഥാപനത്തിനും തൊഴിലുടമക്കും പത്തിൽ കൂടുതൽ വിസകൾ അനുവദിക്കുന്ന പക്ഷം മുഴുവൻ തൊഴിലാളികളെയും ഒരു രാജ്യത്തു നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കരുതെന്നും വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കണമെന്നു മന്ത്രിസഭാ തീരുമാനം അനുശാസിക്കുന്നുണ്ടെന്നും റാശിദ് അൽഉതൈബി പറഞ്ഞു.
കർഷകർ നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് അനുയോജ്യമായ പരിഹാരങ്ങളുണ്ടാക്കുന്നതിനാണ് അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിലെ കൃഷി, ഈത്തപ്പഴ കമ്മിറ്റി ശ്രമിക്കുന്നതെന്ന് കമ്മിറ്റി പ്രസിഡന്റ് സ്വാലിഹ് അൽഖുസൈർ പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി എല്ലാവർക്കും ഗുണകരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് ശ്രമം. താൽക്കാലിക, സീസൺ വിസകൾ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ജോലിക്കു വെക്കുന്നതിനുമുള്ള സാമ്പത്തിക ബാധ്യതകൾ വലിയ തോതിൽ ഉയരാതെ നോക്കുന്നു. താൽക്കാലിക, സീസൺ ജോലികളുള്ള സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും കുറഞ്ഞ കാലത്തേക്ക് തൊഴിലാളികളെ ലഭ്യമാക്കുകയാണ് താൽക്കാലിക, സീസൺ വിസകൾ ചെയ്യുന്നതെന്നും സ്വാലിഹ് അൽഖുസൈർ പറഞ്ഞു. 
മറ്റു സ്ഥാപനങ്ങളുടെയും തൊഴിലുടമകളുടെയും ഭാഗത്ത് അധികമുള്ള തൊഴിലാളികളെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമാനുസൃതം മറ്റു തൊഴിലുടമകൾക്ക് പ്രയോജനപ്പെടുത്തുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഈജാർ സംവിധാനം അവസരമൊരുക്കുന്നുണ്ട്. സൗദിയിലേക്ക് ഓരോ വർഷവും ഒരു ലക്ഷത്തിലേറെ താൽക്കാലിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

 

Latest News