Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യൻ വൃദ്ധന് ഹജ് നിർവഹിക്കുന്നതിന് രാജകാരുണ്യം

ഹജ് നിർവഹിക്കുന്നതിന് സൽമാൻ രാജാവിന്റെ സഹായം തേടുന്ന വീഡിയോ ക്ലിപ്പിംഗിൽ ഇന്തോനേഷ്യക്കാരൻ 

റിയാദ് - സാമ്പത്തിക പരാധീനത മൂലം ഹജ് കർമം നിർവഹിക്കുകയെന്ന സ്വപ്‌നം ഇതുവരെയും സാക്ഷാൽക്കരിക്കുന്നതിന് കഴിയാത്തതിൽ മനംനൊന്ത് കഴിഞ്ഞ ഇന്തോനേഷ്യൻ വൃദ്ധനും കുടുംബാംഗങ്ങൾക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് അവസരം. രാജകാരുണ്യം തേടിയെത്തിയ കാര്യം 94 വയസ്സ് പ്രായമുള്ള യൂഹിയെയും കുടുംബാംഗങ്ങളെയും ജക്കാർത്തയിലെ സൗദി അംബാസഡർ ഉസാം ആബിദ് അൽസഖഫി അറിയിച്ചു. പ്രായാധിക്യം ചെന്ന തനിക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കണമെന്ന് സൽമാൻ രാജാവിനോട് അപേക്ഷിക്കുന്ന വീഡിയോ ക്ലിപ്പിംഗ് യൂഹി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 
ദാരിദ്ര്യം മൂലം പുണ്യഭൂമി സന്ദർശിക്കാനും ഹജ് നിർവഹിക്കാനും സാധിക്കാതെ ഇഹലോകവാസം വെടിഞ്ഞേക്കുമെന്നും അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പായി തീർഥാടന കർമം നിർവഹിക്കുന്നതിന് സൽമാൻ രാജാവ് കനിയണമെന്നും വീഡിയോ ക്ലിപ്പിംഗിൽ യൂഹി പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടാണ് തന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് ഇന്തോനേഷ്യക്കാരനും കുടുംബാംഗങ്ങൾക്കും അവസരമൊരുക്കുന്നതിന് രാജാവ് നിർദേശിച്ചത്. 
ഹജ് നിർവഹിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ഇന്തോനേഷ്യൻ വൃദ്ധന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ജക്കാർത്ത സൗദി എംബസി കുടുംബവുമായി ആശയ വിനിമയം നടത്തിയിരുന്നതായി അംബാസഡർ ഉസാം ആബിദ് അൽസഖഫി പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഇവരെ എംബസിയിലേക്ക് വിളിച്ചുവരുത്തി. 

ഇന്തോനേഷ്യൻ വൃദ്ധൻ യൂഹിയും കുടുംബാംഗങ്ങളും ജക്കാർത്ത സൗദി അംബാസഡർ ഉസാം ആബിദ് അൽസഖഫിക്കൊപ്പം.  

കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലങ്ങളും മറ്റും അടക്കമുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് താൻ നേരിട്ടു തന്നെ അവരുമായി കൂടിക്കാഴ്ച നടത്തി. 
ഹജ് നിർവഹിക്കുന്നതിനുള്ള ആഗ്രഹം കൂടിക്കാഴ്ചക്കിടെ വൃദ്ധൻ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് വൃദ്ധനും കുടുംബാംഗങ്ങൾക്കും തന്റെ ആതിഥേയത്വത്തിൽ ഹജിന് അവസരമൊരുക്കുന്നതിനുള്ള സൽമാൻ രാജാവിന്റെ നിർദേശം എംബസിക്ക് ലഭിച്ചത്. ഇവരുടെ യാത്രാ നടപടികൾ എംബസി പൂർത്തിയാക്കിവരികയാണെന്നും അംബാസഡർ ഉസാം ആബിദ് അൽസഖഫി പറഞ്ഞു. 
ഈ വർഷത്തെ ഹജിന് സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് ഒരു വ്യക്തിയെയും കുടുംബത്തെയും പ്രത്യേകം തെരഞ്ഞെടുക്കുന്ന ആദ്യ സംഭവമാണിത്. ഈ വർഷം രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് 2500 പേർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 
ഇസ്രായിലി ആക്രമണത്തിൽ വീരമൃത്യു വരിച്ച ഫലസ്തീനികളുടെ ആയിരം ബന്ധുക്കൾക്കും ലോക രാജ്യങ്ങളിൽ നിന്നുള്ള 1300 മുസ്‌ലിം നേതാക്കൾക്കും പണ്ഡിതർക്കും ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ 200 ബന്ധുക്കൾക്കുമാണ് സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് സുവർണാവസരം ലഭിച്ചിരിക്കുന്നത്. 


 

Tags

Latest News