Sorry, you need to enable JavaScript to visit this website.

ഇന്റർനെറ്റ് നിയന്ത്രണവുമായി റഷ്യയും; വി.പി.എൻ സേവന ദാതാക്കൾക്ക് മുന്നറിയിപ്പ് 

ഇന്റർനെറ്റ് ഉപയോഗത്തിന്റെ പരിധി വിടാതിരിക്കാനുള്ള നിയന്ത്രണങ്ങളുമായി റഷ്യൻ അധികൃതർ. രാജ്യത്തെ രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാൻ ചൈന പുലർത്തന്ന ജാഗ്രതയുടെ മാർഗം തന്നെയാണ് റഷ്യയും പിൻപറ്റുന്നത്. 
ഒരു മാസത്തിനുള്ളിൽ തങ്ങളുടെ നിയന്ത്രണങ്ങൾക്കു വഴങ്ങാത്ത വി.പി.എൻ (വെർച്വൽ പ്രോട്ടോക്കോൾ നെറ്റ്വർക്ക്) സേവന ദാതാക്കളെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് റഷ്യ അന്ത്യശാസനം നൽകി. 
പബ്ലിക് നെറ്റ്വർക്കിലൂടെ ഉപയോക്താക്കൾക്ക് സ്വകാര്യമായി ഡാറ്റ കൈമാറാൻ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് വി.പി.എൻ. പൊതു ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കണക്ഷനുകൾക്ക് സ്വകാര്യത ഉറപ്പാക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്. ഓഫീസുകളുടെയും മറ്റും ബ്രാഞ്ചുകളെ തമ്മിൽ ബന്ധിപ്പിക്കാനും ഇവയുടെ സേവനം ഉപയോഗിക്കാറുണ്ട്. ഉപയോക്താക്കൾ മാസവരിസംഖ്യ നൽകിയാണ് മികച്ച കമ്പനികളുടെ വി.പി.എൻ സേവനം ഉപയോഗപ്പെടുത്താറുള്ളത്.
സൗജന്യമായി ലഭിക്കുന്ന വി.പി.എൻ സേവനങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.  
ഫെയ്സ് ബുക്ക്, ഗൂഗിൾ എന്നിവയടക്കം പല കമ്പനികൾക്കും ഗ്രെയ്റ്റ് ഫയർവാളിലൂടെ രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ചൈന. ഇന്റർനെറ്റിലൂടെ രാജ്യത്തിനു പുറത്തേക്കു പോകുന്ന വിവരങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ  ചൈന ഉയർത്തിയ ഇന്റർനെറ്റ് വൻമതിൽ തകർക്കാൻ പക്ഷേ വി.പി.എൻ സർവീസുകൾക്ക് സാധ്യമായിരുന്നു. ആപ് സ്റ്റോറിലുള്ള വി.പി.എൻ ആപ്പുകൾ എടുത്തുകളഞ്ഞ ശേഷം ചൈനയിൽ പ്രവർത്തിച്ചാൽ മതിയെന്ന് ആപ്പിളിന് കർശന താക്കീത് നൽകുകയാണ് തുടർന്ന് ചൈന ചെയ്തത്. ഇതേ മാർഗം തന്നെയാണ് റഷ്യയും സ്വീകരിക്കുന്നതെന്ന് നിരീക്ഷികർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് പ്രവർത്തിക്കുന്ന ഒമ്പതു പ്രധാന വി.പി.എൻ സേവന ദാതാക്കളോടാണ് റഷ്യ തങ്ങളുടെ നയങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സ്പ്രസ് വിപിഎൻ, ഹൈഡ്മൈആസ്, ഹോളാ വിപിഎൻ, ഐപിവാനിഷ്, കാസ്പർസ്‌കി സെക്യോർ കണക്ഷൻ, കീപ്സോളിഡ് (വിപിഎൻ അൺലിമിറ്റഡ്), നോർഡ്വിപിഎൻ ഓപ്പൺ വിപിഎൻ, ടോർഗാർഡ്, വൈപർ വിപിഎൻ തുടങ്ങിയ കമ്പനികൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിപിഎൻ കമ്പനികൾ അവരുടെ സെർവറുകൾ സർക്കാരിന്റെ ഐടി സിസ്റ്റവുമായി ബന്ധിപ്പിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ റഷ്യ നിരോധിച്ച വെബ്‌സൈറ്റുകൾ രാജ്യത്തുള്ളവർ സന്ദർശിക്കുന്നില്ല എന്നുറപ്പിക്കാം. 
നോട്ടീസ് കിട്ടിയതോടെ വി.പി.എൻ സേവന  ദാതാക്കളിൽ കാസ്പർസ്‌കി തങ്ങളുടെ സെർവറുകളെ റഷ്യ ആവശ്യപ്പെട്ടതു പോലെ ബന്ധിപ്പിച്ചു. മറ്റു കമ്പനികൾ റഷ്യയുടെ നിർദേശത്തിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല.  ഉപയോക്താക്കളുമായി ഉണ്ടാക്കിയ സേവന കരാറിന്റെ ലംഘനമാണിതെന്ന് നോർഡ് വിപിഎൻ വക്താവ് പറയുന്നു. ഓൺലൈൻ സ്വാതന്ത്ര്യവും സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കതെയുള്ള പ്രവർത്തനത്തിന് തങ്ങൾ ഒരുക്കമല്ലെന്ന സൂചനയാണ് അവർ നൽകുന്നത്.
2017 ൽ സർക്കാർ പാസാക്കിയ നിയമം കർശനമായി നടപ്പാക്കുകയാണ് റഷ്യൻ സർക്കാർ ചെയ്യുന്നത്. നിയന്ത്രണങ്ങൾ അംഗീകരിക്കാത്ത വി.പി.എൻ സേവന ദാതാക്കളോട് ദാക്ഷിണ്യമുണ്ടാകില്ലെന്നും പുറത്താക്കുമെന്നും ഇത്തരം കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന റോസ്‌കോംനഡസർ മേധാവി അലക്സാണ്ടർ സാറോവ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ തന്നെ ഇതു നടപ്പാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
 

Latest News