Sorry, you need to enable JavaScript to visit this website.

സന്ദർശക വിസയിലെത്തുന്നവർക്ക്  നാലു വിമാനത്താവളങ്ങളിൽ വിലക്ക്

റിയാദ് - വിദേശ രാജ്യങ്ങളിൽനിന്ന് സന്ദർശക വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്ന മുസ്‌ലിംകൾക്ക് നാലു വിമാനത്താവളങ്ങളിൽ വിലക്കേർപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ്, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, യാമ്പു പ്രിൻസ് അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ്, തായിഫ് റീജനൽ എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലാണ് വിലക്കേർപ്പെടുത്തിയത്. ഓഗസ്റ്റ് 12 (ദുൽഹിജ്ജ 10) വരെയാണ് വിലക്ക്.
ഈ നാലു വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത ഫാമിലി, ബിസിനസ്, തൊഴിൽ സന്ദർശക വിസയിലുള്ളവരെ നാട്ടിലെ വിമാനത്താവളത്തിൽവെച്ച് അതത് എയർലൈനുകൾ തിരിച്ചയച്ചു തുടങ്ങി. യാത്ര ചെയ്യാനാകില്ലെന്ന് അവസാന നിമിഷം അറിയുന്നവർക്ക് ടിക്കറ്റ് റീഫണ്ടും മറ്റും നൂലാമാലയാവുകയാണ്. 'നോ ഷോ' ചാർജടക്കം വരുമ്പോൾ പല ടിക്കറ്റുകളിലും റീഫണ്ട് ലഭ്യമാകില്ല. മാസങ്ങൾക്ക് മുമ്പേ ടിക്കറ്റെടുത്തവരാണ് പലരും. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുത്തവരും ഓൺലൈൻ ടിക്കറ്റെടുത്തവരുമെല്ലാം എയർപോർട്ടിലെത്തുമ്പോഴാണ് ഇതു സംബന്ധിച്ച് വിവരമറിയുന്നത്. 
നിലവിൽ സൗദി എയർലൈൻസ് മാത്രമാണ് ഇതുസംബന്ധിച്ച സർക്കുലർ ഏജൻസികൾക്ക് അയച്ചുകൊടുത്തിട്ടുള്ളത്. ഹജ് സീസൺ പ്രമാണിച്ചുള്ള നിയന്ത്രണമാണിതെന്നാണ് സിവിൽ ഏവിയേഷൻ അധികൃതർ വിശദീകരിക്കുന്നത്.
അതേസമയം റിയാദ്, ദമാം അടക്കമുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക് വരുന്നതിന് സന്ദർശക വിസക്കാർക്ക് തടസ്സമില്ല. ഈ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത ശേഷം അവിടെനിന്ന് ആഭ്യന്തര സർവീസ് വഴിയോ മറ്റോ ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നിവിടങ്ങളിലേക്ക് പോകാനാകും. ഹജ് അനുമതിപത്രം ഇല്ലാത്തവർക്ക് പ്രവേശന വിലക്കുള്ളതിനാൽ മക്ക വഴി യാത്ര ചെയ്യാനുമാകില്ല.

 

Latest News