Sorry, you need to enable JavaScript to visit this website.

അപകീർത്തി കേസ്: ട്വിറ്റർ അക്കൗണ്ട് അടക്കുന്നതിന് വിധി

റിയാദ് - സൗദി മാധ്യമ പ്രവർത്തക മുന അബൂസുലൈമാനെ അപകീർത്തിപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ സൗദി മാധ്യമ പ്രവർത്തകന്റെ ട്വിറ്റർ അക്കൗണ്ട് അടച്ചുപൂട്ടുന്നതിന് റിയാദ് ക്രിമിനൽ കോടതി വിധിച്ചു. അക്കൗണ്ട് അടച്ചുപൂട്ടുന്നതിനു മുമ്പായി മുന അബൂസുലൈമാനോടുള്ള ക്ഷമാപണം ഒരു മാസക്കാലം അക്കൗണ്ടിൽ പരസ്യപ്പെടുത്തണമെന്നും വിധിയുണ്ട്. ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയ മാധ്യമ പ്രവർത്തകനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് വഴി മുന അബൂസുലൈമാൻ പരാതി നൽകുകയായിരുന്നു. പൊതുഅവകാശ കേസിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. സ്വകാര്യ അവകാശ കേസിൽ മാധ്യമ പ്രവർത്തകന് മാപ്പ് നൽകണമെന്ന മധ്യസ്ഥരുടെ അപേക്ഷ താൻ അംഗീകരിച്ചതായി യു.എൻ യോഗത്തിൽ പങ്കെടുക്കുന്നതിന് ന്യൂയോർക്കിലുള്ള മുന അബൂസുലൈമാൻ പറഞ്ഞു. സുഹൃത്തുക്കളുടെ മധ്യസ്ഥ ശ്രമങ്ങൾ മാനിച്ചും പ്രതിയുടെ പ്രായം കണക്കിലെടുത്തുമാണ് കടുത്ത ശിക്ഷ ഒഴിവാക്കുന്നതിന് സ്വകാര്യ അവകാശ കേസിൽ പ്രതിക്ക് താൻ മാപ്പ് നൽകിയതെന്ന് മുന അബൂസുലൈമാൻ പറഞ്ഞു. ക്ഷമാപണം നടത്തുകയും തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും വേണമെന്ന ഉപാധിയോടെയാണ് പ്രതിക്ക് താൻ മാപ്പ് നൽകിയത്. 
തനിക്കോ കുടുംബത്തിനോ അപകീർത്തിയുണ്ടാക്കുന്ന എല്ലാവർക്കുമെതിരെ കേസുകൾ നൽകുന്നതിന് മടിച്ചുനിൽക്കില്ല. അപകീർത്തിപ്പെടുത്തലുകളിൽ സമാന രീതിയിൽ മറുപടി നൽകുന്നതിന് തനിക്ക് കഴിയില്ല. ഇത്തരത്തിൽ പെട്ട അവസാനത്തെ സംഭവമാകട്ടെ ഇതെന്ന് താൻ ആശിക്കുന്നു. കേസ് അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിന് ഒരു വർഷത്തോളം താൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതി അതിന് വഴങ്ങിയില്ല. ഇതോടെ കോടതിയെ സമീപിക്കുക മാത്രമായിരുന്നു തനിക്കു മുന്നിലുള്ള വഴി. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കുള്ള പാഠമായി ഈ കേസ് മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുന പറഞ്ഞു. 

Tags

Latest News