Sorry, you need to enable JavaScript to visit this website.

ആപ്പിളിനൊക്കെ എന്നാ വെലയാ

കേരളത്തിലെ ഏറ്റവും വലിയ പ്രസ് ക്ലബായ കാലിക്കറ്റ് പ്രസ് ക്ലബിൽ കാൽ നൂറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ്. തലസ്ഥാന നഗരവും അക്ഷര നഗരിയും അറബിക്കടലിന്റെ റാണിയുമിരിക്കേ കോഴിക്കോട് എങ്ങനെയാണ് ഏറ്റവും വലിയ പ്രസ് ക്ലബെന്ന് വിഷയത്തെ കുറിച്ച് അറിയാത്ത വായനക്കാർക്ക് സംശയമുണ്ടാവും. കേരളത്തിൽ ഏറ്റവുമധികം ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന കേന്ദ്രമാണ് കോഴിക്കോട്. പലതിന്റേയും ആസ്ഥാനവും സാമൂതിരിയുടെ തട്ടകത്തിൽ. 
എഡിറ്റോറിയലിലും റിപ്പോർട്ടിംഗിലുമായി മാധ്യമ പ്രവർത്തകരുടെ എണ്ണം കൂടുന്നതും സ്വാഭാവികം. 
ഒരു നാൾ ഉച്ചക്കു 12 ന് പ്രസ് ക്ലബിൽ ഒരു മുതലാളി വാർത്താ സമ്മേളനം നടത്താനെത്തുന്നു. ദൃശ്യ മാധ്യമങ്ങൾ അത്രയ്ക്കങ്ങ് സജീവമായിട്ടില്ല. മനിലയിൽ നിന്നോ പെനാംഗിൽ നിന്നോ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിന് പ്രതിനിധിയുണ്ട്. കേന്ദ്ര സർക്കാരിന്റെ ടി.വിയായ ദൂരദർശൻ  പി.ടി.ഐ/യു.എൻ.ഐ വാർത്താ ഏജൻസികളെ ആശ്രയിക്കുന്നു. രണ്ടിന്റേയും പ്രതിനിധികളും മിക്കവാറും പത്രങ്ങളുടെ ലേഖകരുമുണ്ട്. ഗൾഫ് റിക്രൂട്ട്‌മെന്റ് മുതൽ സകല തരികിട ഇടപാടുമുള്ള സംരംഭകൻ വാർത്താ സമ്മേളനത്തിൽ വാചാലനായി. പ്രസ് ക്ലബിലെ സമ്മേളനങ്ങൾ വളരെ ലളിതമായിരിക്കും. റിപ്പോർട്ടർമാർക്ക് ചായയും ബിസ്‌കറ്റും കൊടുക്കും. 
സംഘാടകരിൽ നിന്ന് പ്രസ് കോൺഫറൻസ് നടത്തുന്ന വകയിൽ ചെറിയ ഒരു തുക ഈടാക്കുകയും ചെയ്യും. അന്നത്തെ നിരക്കനുസരിച്ച് ഇന്ത്യൻ രൂപ മൂന്നക്കത്തിൽ കവിയില്ല. ഒരു പറ്റം സ്റ്റെനോഗ്രാഫർമാരോട് ഡിക്‌റ്റേറ്റ് ചെയ്യും വിധത്തിലാണ് മുതലാളി സംസാരിക്കുന്നത്. ചിലരൊക്കെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഇത് അങ്ങേർക്ക് ഒട്ടും രസിച്ചതില്ല. ഞാൻ പറയുന്നത് അങ്ങ് എഴുതിയാൽ മതി. വെറുതെയല്ല, പൈസ തന്നിട്ടാണല്ലോ. അന്തസ്സുള്ള പത്രക്കാരുടെ അഭിമാന ബോധത്തെ ചോദ്യം ചെയ്ത ഈ പ്രയോഗം ആർക്കും ഇഷ്ടപ്പെട്ടില്ല. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ തൽക്ഷണം ഇടപെട്ട് പ്രസ് ക്ലബ് സ്റ്റാഫിനോട് ഇയാൾ അടച്ച പണം തിരികെ നൽകാൻ നിർദേശിക്കുകയായിരുന്നു. ഒ.എം.കെ.വി പോലുള്ള ന്യൂ ജൻ പ്രയോഗങ്ങൾ പിൽക്കാലത്താണ് നിലവിൽ വന്നതെങ്കിലും ട്രാവൽസ് മുതലാളി പെട്ടെന്ന് അപ്രത്യക്ഷനായി. 
ഇതിപ്പോൾ ഓർത്തെടുക്കാൻ കാര്യം ബോളിവുഡ് താരം കങ്കണ റണാവത്ത് മാധ്യമ പ്രവർത്തകർക്കെതിരെ ചില പ്രയോഗങ്ങൾ നടത്തിയത് കണ്ടപ്പോഴാണ്. അമ്പത്-അറുപത് രൂപ വിലയുള്ള ഊണ് കൊടുത്താൽ വിലയ്‌ക്കെടുക്കാൻ കഴിയുന്നവരാണ് മാധ്യമ പ്രവർത്തകരെന്നാണ് താരം പറയുന്നത്. റിപ്പോർട്ടർമാർക്ക് ഇത്രയും കുറഞ്ഞ വിലയിടുന്ന കങ്കണ ബോംബെ അങ്ങാടിയിൽ തേരാപാരാ നടക്കുന്ന കാലത്ത് പേജ് ത്രിയിലും മറ്റും കവറേജ് നൽകിയ പത്രക്കാരുണ്ടാവുമല്ലോ. ഷൂട്ടിംഗ് റിപ്പോർട്ടായും ഗോസിപ്പുകളായും താരത്തിന്റെ വളർച്ചയ്ക്ക് കരുത്ത് പകർന്നവർ. അവരുടെ സംഭാവനകൾ നന്ദിയില്ലാതെ വിസ്മരിച്ചത് ഏതായാലും ശരിയായില്ല. കേരളത്തിലെ രഷ്ട്രീയക്കാരൻ കുഞ്ഞമ്മാൻ പോക്കറ്റ് കാർട്ടൂണിൽ വരാൻ ആഗ്രഹിക്കുന്നത് പോലെയാണ് ബോളിവുഡിലെ താരങ്ങൾ ഗോസിപ്പ് കോളങ്ങളിൽ വരാൻ കൊതിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഫിലിം ഫെയറും സ്റ്റാർ ആൻഡ് സ്റ്റൈലും പ്രസിദ്ധപ്പെടുത്തിയ അപവാദ കഥകളിലൂടെ മാത്രം ലൈം ലൈറ്റിൽ നിറഞ്ഞു നിന്ന എത്രയെത്ര താരങ്ങൾ? 
രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും  ആക്രമിക്കുന്ന മാധ്യമ പ്രവർത്തകർ  നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ  കങ്കണ ആരോപിച്ചു. 
പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റൽ ഹെ ക്യാ'യുടെ ഓഡിയോ ലോഞ്ചിനിടെ മാധ്യമ പ്രവർത്തകനുമായുണ്ടായ വാക്തർക്ക വിവാദത്തിൽ മാപ്പ്  പറയാനാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കങ്കണയുടെ കുന്ദംകുളം മാപ്പ് പറച്ചിൽ. 
മാധ്യമ കൂട്ടായ്മയെ വിലക്കെടുക്കാൻ ലക്ഷങ്ങൾ ഒന്നും വേണ്ടെന്നും 50-60 രൂപയുടെ ഊണിന് പിന്നാലെ ഓടുന്നവരാണ് അവരെന്നും കങ്കണ അധിക്ഷേപിക്കുന്നു. 
'മണികർണിക: ദ ക്വീൻ ഓഫ് ഝാൻസി' എന്ന ചിത്രത്തെക്കുറിച്ച് മോശമായി എഴുതി എന്നാരോപിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിനിടെ മാധ്യമ പ്രവർത്തകനായ ജസ്റ്റിൻ റാവുവിനോട് കങ്കണ തർക്കിക്കുകയായിരുന്നു. ആരോപണം റാവു നിഷേധിച്ചെങ്കിലും കങ്കണ പുതിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. ഇതാണ് മാധ്യമ പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതിന് ശേഷമാണ് അപമാനകരമായ പരാമർശവുമായി അവരെത്തിയത്. ഇതെന്തൊരു ദുരന്തമാണ്? ഇവരുടെയൊക്കെ അറുപത് രൂപയുടെ മീൽസ് കഴിക്കേണ്ട ഗതികേട് ഏതെങ്കിലും മാധ്യമ പ്രവർത്തകർക്കുണ്ടാവുമെന്ന് കരുതുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനം ശമ്പളം തരുന്നുണ്ടല്ലോ. 
*** *** ***
കുതിരവട്ടം പപ്പു ഒരു പ്രിയദർശൻ പടത്തിൽ കുട്ടികളെ മലയാളം പഠിപ്പിക്കുന്നുണ്ട്. ബ എന്ന അക്ഷരം കുട്ടികൾക്ക് മനസ്സിലാകാൻ ബിരിയാണിയുടെ ബ എന്നാണ് ഉദാഹരിക്കുന്നത്. ജയപ്രദ എന്ന നടിയെ മലയാളികൾക്കറിയാം. കമലഹാസനൊപ്പം സാഗര സംഗമത്തിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ നിന്നും രാഷ്ട്രീയത്തിൽ ചുവടുവെച്ച താരമാണ് ജയപ്രദ.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുകയാണ്. നിർഭാഗ്യം കൊണ്ട് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ റാംപൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച ജയപ്രദ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനോട് പരാജയപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജയപ്രദയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 
റാംപൂരിലെ ഒരു സർക്കാർ സ്‌കൂളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'സ്‌കൂൾ ചലോ' എന്ന കാമ്പയിന്റെ  പ്രൊമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ജയപ്രദ. 
ഹിന്ദിയാണ് ജയപ്രദ ആദ്യം  കുട്ടികളെ പഠിപ്പിച്ചത്. ശേഷം 'നമുക്കിനി ഇംഗ്ലീഷ് പഠിക്കാ'മെന്ന് പറയുകയായിരുന്നു. ആദ്യം ആപ്പിൾ, ബനാന, ഗുഡ് മോർണിംഗ്  എന്നീ വാക്കുകളുടെ സ്‌പെല്ലിംഗാണ് ജയപ്രദ ബോർഡിലെഴുതി പഠിപ്പിച്ചത്. 
അതിന് ശേഷം 'കിറശമ ശ ൊ്യ ഇീിേൃ്യ' എന്ന് എഴുതുകയായിരുന്നു. ഇീൗിേൃ്യ എന്ന വാക്കിന്റെ  സ്‌പെല്ലിംഗാണ് ജയപ്രദ തെറ്റിച്ചത്. ക്ലാസ് മുറിയിലുണ്ടായിരുന്ന ടീച്ചർമാരോ പാർട്ടി പ്രവർത്തകരോ ജയപ്രദയുടെ ഈ തെറ്റ് തിരുത്താൻ തയാറായില്ല. 'വിദ്യാർത്ഥികൾക്ക് ഹിന്ദിയും ഇംഗ്ലീഷും വായിക്കാനും എഴുതാനും അറിയാം. വരും ദിവസങ്ങളിലും അവരെ പഠിപ്പിക്കാൻ ഞാനെത്തും' -ജയപ്രദ പറഞ്ഞു. അപകടം തിരിച്ചറിയാനും ആളുണ്ടായെന്നതാണ് ആശ്വാസം. ജയപ്രദ പോയ ശേഷം തെറ്റ് തിരുത്തിയെന്നും കുട്ടികൾക്ക് ശരിയായ സ്‌പെല്ലിംഗ് പഠിപ്പിച്ചെന്നും റാംപൂരിലെ  വിദ്യാഭ്യാസ ഓഫീസറായ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. 
എഴുതിയപ്പോൾ തന്നെ തെറ്റ് ശ്രദ്ധയിൽ പെട്ടെങ്കിലും ജയപ്രദയ്ക്ക് ചുറ്റും കുട്ടികൾ കൂടിനിന്നിരുന്നതിനാൽ തിരുത്താനായില്ല എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ വിശദീകരണം. ഓരോരുത്തർക്കും ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അതങ്ങ് ചെയ്ത് അടങ്ങി ഒതുങ്ങിക്കഴിഞ്ഞാൽ പോരേ? 
*** *** ***
പാക് ടെലിവിഷൻ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയും പിന്നിട്ട വാരത്തിൽ  സോഷ്യൽ മീഡിയ  ചർച്ച ചെയ്തു.  ചർച്ചയിൽ പാനലിസ്റ്റ് ആപ്പിളിനെക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിച്ചതാണ് അവതാരകയ്ക്ക് പണിയായി മാറിയത്.
ആപ്പിൾ കമ്പനി നിർമിച്ച് പുറത്തിറക്കുന്ന മാക് ബുക്ക്, ഐഫോൺ എന്നിവയുടെ വരുമാനത്തെക്കുറിച്ചായിരുന്നു ചാനൽ ചർച്ചക്കിടെ എത്തിയ പാനലിസ്റ്റ് സംസാരിച്ചത്. ആപ്പിളിന്റെ വരുമാനം പാക്കിസ്ഥാന്റെ ബജറ്റിനേക്കാളും വലുതെന്നായിരുന്നു പാനലിസ്റ്റ് അഭിപ്രായപ്പെട്ടത്. അതേ, ഞാൻ കേട്ടിട്ടുണ്ട് ഒരു ആപ്പിളിന് പോലും വലിയ വിലയാണെന്ന് അവതാരക പറഞ്ഞു. എന്നാൽ പാനലിസ്റ്റ് അവതാരകയോട് ആപ്പിൾ ഫോണിനെക്കുറിച്ചാണ് സംസാരിച്ചതെന്നും പഴത്തെക്കുറിച്ച് അല്ലെന്നും തിരുത്തുകയായിരുന്നു. 
ഇത് ഒരു സംഭവമാക്കാമെന്ന് കരുതി ഏഷ്യാനെറ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അതാ വരുന്നു പൊങ്കാല കൊടുങ്കാറ്റ്. 
കമന്റുകളത്രയും ഏഷ്യാനെറ്റിന്റെ ക്രിക്കറ്റ് റിപ്പോർട്ടിംഗിനെ ആസ്പദമാക്കിയുള്ള വിമർശനം. ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യ തോറ്റ ദിവസം സമൂഹ മാധ്യമങ്ങളിൽ കണ്ട ട്രോളാണ് ഭീകരം. വിശ്വസിക്കാൻ വരട്ടെ, ഒരാശ്വാസത്തിന് ഏഷ്യാനെറ്റ് വെച്ചുനോക്കാം. വിമർശകരെയും കുറ്റം പറയാനാവില്ല. 
കർണാടക പ്രതസിന്ധി രൂക്ഷമായ ബുധനാഴ്ച രാത്രി ബുള്ളറ്റിനിലെ ലീഡ് കർണാടക മുഖ്യമന്ത്രി രാജിക്കൊരുങ്ങി എന്നായിരുന്നു. വിശദമായി കേട്ടപ്പോൾ വ്യാഴാഴ്ച രാവിലെ പുലർന്നാൽ ഒരു ചടങ്ങിന് വേണുഗോപാലിനെ കാണും. അത് കഴിഞ്ഞാൽ രാജി. ഹൗ.. ഭയങ്കരം. 
*** *** ***
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവതാരമാണ് ഷെയ്ൻ നിഗം. ചുരുങ്ങിയ ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി പ്രേക്ഷകർ ആ വേഷങ്ങൾ മറക്കാൻ ഇടയില്ല. ഇഷ്‌ക് ആണ് ഷെയ്ൻ നിഗത്തിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ഫോട്ടോ ഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് മടക്കി ലഭിക്കുന്നതിന് സഹായം തേടിയിരിക്കുകയാണ് ഇപ്പോൾ ഷെയ്ൻ. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്ക് ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നും നഷ്ടമായത്. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വെച്ച് നടന്ന കവർ ഷൂട്ടിനിടെ നഷ്ടപ്പെട്ടതാകാം എന്ന് ഷെയിൻ പറയുന്നു. ഒരു വാച്ചിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അതെന്റെ എല്ലാമാണെന്നാണ് ഷെയ്‌ന്റെ അഭിപ്രായം.
ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി കാസിയോ എഡിഫിസി  എന്ന കമ്പനിയുടെ വാച്ച് മകന് സമ്മാനമായി നൽകിയത്.വാപ്പച്ചിയുടെ മരണ ശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്‌ന് വലിയ ദുഃഖമായി. തുടർന്നാണ് ആരാധകരുടെ സഹായം തേടി രംഗത്തെത്തിയത്.
 

Latest News