Sorry, you need to enable JavaScript to visit this website.

ഒരു കോടി സ്ത്രീധനം ആവശ്യപ്പെട്ട വരനും ബന്ധുക്കളും അറസ്റ്റില്‍ 

നോയിഡ- സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറിയ വരനേയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപം കസ്‌നയിലാണ് സംഭവം. വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് അക്ഷത് ഗുപ്ത എന്ന 32കാരനും ബന്ധുക്കളും ചേര്‍ന്ന് വധുവിന്റെ വീട്ടുകാരോട് ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടത്. തുക നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പി•ാറുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വധുവിന്റെ വീട്ടുകാര്‍ക്ക് തുക കണ്ടെത്താന്‍ കഴിയാതിരുന്നതോടെ വിവാഹം മുടങ്ങി. ഇതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അക്ഷത് ഗുപ്ത, പിതാവ് വിജയ് കുമാര്‍, അമ്മ രാജ്‌നി ഗുപ്ത, ആറ് സഹോദരിമാര്‍ മറ്റ് ചില ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വരനെയും പത്ത് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ഡിമാന്റുകള്‍ വരന്റെ വീട്ടുകാര്‍ മുന്നോട്ട് വെച്ചിരുന്നു. വിവാഹം 5സ്റ്റാര്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തണം, 6 സഹോദരിമാര്‍ക്കും സ്വര്‍ണനാണയം നല്‍കണം, വരനും പിതാവിനും സ്വര്‍ണമാല, ബന്ധുക്കള്‍ക്ക് പണം തുടങ്ങിയ ആവശ്യങ്ങള്‍ വരന്റെ വീട്ടുകാര്‍ മുന്നോട്ട് വെച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു. വിവാഹം മുടങ്ങാതിരിക്കാന്‍ തന്റെ മാതാപിതാക്കള്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും എന്നാല്‍ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും വരന്‍ പിന്‍മാറിയത്. തന്റെ പിതാവിനെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുമ്പില്‍വെച്ച് വരന്റെ കുടുംബം അപമാനിച്ചെന്നും ഭീഷണി മുഴക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Latest News