Sorry, you need to enable JavaScript to visit this website.

സ്‌പോൺസറുടെ അനുമതി കൂടാതെ  കഫാല മാറ്റത്തിന് അവകാശം

റിയാദ്- സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മൂന്ന് സാഹചര്യങ്ങളിൽ സ്‌പോൺസറുടെ അനുമതി കൂടാതെ കഫാല മാറുന്നതിന് അവകാശമുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളി ഒളിച്ചോടിയതായി തൊഴിലുടമ വ്യാജമായി പരാതി നൽകൽ (വ്യാജ ഹുറൂബാക്കൽ), വർക്ക് പെർമിറ്റ്, ഇഖാമ കാലാവധി അവസാനിക്കൽ, തുടർച്ചയായി മൂന്നു മാസം വേതനം ലഭിക്കാതിരിക്കൽ എന്നീ സാഹചര്യങ്ങളിൽ തൊഴിലുടമയുടെ അനുമതി കൂടാതെ വിദേശികൾക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അവകാശമുണ്ട്. 
തൊഴിലുടമ വ്യാജമായാണ് ഹുറൂബാക്കിയതെന്ന് സ്ഥാപിക്കുന്നതിന് തൊഴിലാളികൾക്ക് ഓൺലൈൻ വഴി പരാതികൾ നൽകുന്നതിന്  തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അവസരമൊരുക്കിയിട്ടുണ്ട്. തൊഴിലുടമക്ക് കീഴിൽ തൊഴിൽ ആരംഭിച്ച തീയതി, ഏറ്റവും അവസാനം ജോലി ചെയ്ത തീയതി, ഏറ്റവും ഒടുവിൽ വേതനം ലഭിച്ച തീയതി, ജോലി നിർത്തുന്നതിനുള്ള കാരണം എന്നിവയെല്ലാം വ്യക്തമാക്കി തന്റെ വാദവും നിലപാടും സാധൂകരിക്കുന്ന രേഖകൾ സഹിതമാണ് വ്യാജ ഹുറൂബ് സ്ഥാപിക്കുന്നതിന് ഓൺലൈൻ വഴി പരാതി നൽകേണ്ടത്. തൊഴിലാളി പരാതി നൽകിയാൽ അക്കാര്യം എസ്.എം.എസ്സുകൾ വഴി സ്ഥാപന പ്രതിനിധികളെ മന്ത്രാലയം അറിയിക്കുകയും പരാതി മന്ത്രാലയം പഠിക്കുകയും ചെയ്യും. 
തൊഴിലുടമയുടെ അനുമതിയോടെയാണെങ്കിൽ ഓൺലൈൻ വഴി എളുപ്പത്തിൽ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് സാധിക്കും. ഇതിന് തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് തന്റെ പേരിലേക്ക് മാറ്റുന്നതിന് അനുമതി തേടി പുതിയ തൊഴിലുടമ പഴയ തൊഴിലുടമക്ക് അപേക്ഷ കൈമാറണമെന്ന് വ്യവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജവാസാത്ത് ഡയറക്ടറേറ്റ് വഴി ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കും. അതിനുശേഷം പുതിയ തൊഴിലുടമയുടെ പേരിൽ തൊഴിലാളിക്ക് അനുവദിച്ച ഇഖാമ കാർഡ് പ്രിന്റൗട്ടിന് അപേക്ഷ നൽകുകയാണ് വേണ്ടത്. അടച്ചുപൂട്ടിയതിനാൽ നിലവിലില്ലാത്ത ഒരു സ്ഥാപനത്തിൽ നിന്ന് വ്യത്യസ്തമായ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുള്ള മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് ഈ രീതിയിൽ മാറ്റുന്നതിന് കഴിയില്ല. ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ച വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പും മറ്റു സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നതിന് കഴിയില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

Latest News