Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ വീണ്ടും അക്രമം; മൂന്ന് മരണം, അമിത് ഷാക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ബി.ജെ.പി നേതാക്കള്‍

കൊല്‍ക്കത്ത-    ചെറിയ ഇടവേളക്കു ശേഷം ബംഗാളില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ മൂന്ന് മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭട്പാരയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അക്രമങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ പൊടുന്നനെ അക്രമം പൊട്ടിപ്പുറപ്പെടാനുള്ള കാരണം വ്യക്തമല്ല.
സാമൂഹ്യവിരുദ്ധ ശക്തികളാണ് അക്രമങ്ങള്‍ക്കു പിന്നിലെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി പറയുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. പോലീസ് വെടിവെപ്പിലാണ് മരണമുണ്ടായതെന്നും ആരോപണമുണ്ട്. മുഖം മൂടി ധരിച്ച അക്രമികള്‍ തെരുവുകളില്‍ അഴിഞ്ഞാടുകയും വെടിവെക്കുകയും കല്ലെറിയുകയും ചെയ്തതായി പോലീസ് പറഞ്ഞു. അക്രമികളെ നേരിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍തോതില്‍ ദ്രുതകര്‍മ സേനയെയും, സംസ്ഥാന പോലീസിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റില്‍ യോഗം ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇന്നലെ രാവിലെ സംസ്ഥാന ഡി.ജി.പി പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് ഉദ്ഘാടനം നീട്ടിവെച്ച് ഡി.ജി.പിക്ക് തിരികെ പോരേണ്ടി വന്നു.
തെരുവില്‍ പാനിപൂരി വില്‍ക്കുന്ന പതിനേഴുകാരന്‍ രാംബാബു ഷായാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അക്രമത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന് പ്രദേശത്തു നിന്നുള്ള ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗ് കുറ്റപ്പെടുത്തി. ഭട്പാര ഉള്‍പ്പെടുന്ന ബരാക്പൂരില്‍ നിന്നുള്ള എം.പിയാണ് അര്‍ജുന്‍ സിംഗ്. ബി.ജെ.പിയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ സംഘം ഉടന്‍ തന്നെ ബരാക്പൂര്‍ സന്ദര്‍ശിക്കുമെന്നും സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ അറിയിച്ചു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തി ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കമെന്നും ആരോപണമുണ്ട്. സംസ്ഥാന ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കണ്ട് ബംഗാളിലെ സ്ഥിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
പൊതു തെരഞ്ഞെടുപ്പിനോടനുന്ധിച്ച് നിരന്തരം അക്രമം അരങ്ങേറിയ പ്രദേശമാണ് ഭട്പാര. കഴിഞ്ഞ മെയ് 19ന് സംസ്ഥാന അസംബ്ലിയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ വന്‍തോതില്‍ അക്രമം നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്.

 

Latest News