Sorry, you need to enable JavaScript to visit this website.

മല പോലെ വന്ന് മഞ്ഞുപോലെ പോയ  മലപ്പുറം ജില്ല വിഭജന വിവാദം

തിരുവനന്തപുരം- കടലിനും കടലിൽ പോകുന്ന മനുഷ്യർക്കുമായി ജീവിച്ച ഡോ.വി.വി.വേലുക്കുട്ടി അരയൻ 1952 ൽ  നിർദേശിച്ച  ലാൻഡ് റെകഌമേഷൻ സ്‌കീമിനെക്കുറിച്ച് നിയമ ഭയിൽ ഓർമിപ്പിച്ചത് സി.പി.ഐയിലെ ആർ.രാമചന്ദ്രൻ.  ഈ പദ്ധതി ~വഴി കടൽ ഭിത്തി കെട്ടാതെ തീരസംരക്ഷണം സാധ്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇപ്പോഴിതാ ആധുനിക കാലത്ത് ബഹ്‌റൈനിലും പോളണ്ടിലും ചൈനയിലുമെല്ലാം അത് സാധ്യമായിരിക്കുന്നു. എന്തുകൊണ്ട് കേരളത്തിൽ മാത്രം സാധ്യമല്ലെന്ന് ഇതു സംബന്ധിച്ച ഉപക്ഷേപമമതരിപ്പിച്ചുകൊണ്ട് കരുനാഗപ്പള്ളി മെമ്പർ ഉന്നയിച്ച ചോദ്യം ഏറെ പ്രസക്തം. ഇങ്ങനെ കര സംരക്ഷിക്കാനായാൽ വർഷങ്ങളായി കടൽ തീരത്ത് നിക്ഷേപിച്ച കരിങ്കല്ല് മറ്റാവശ്യങ്ങൾക്കുപയോഗിക്കുകയുമാകാം. 1952 ൽ നിർദേശിച്ച കാര്യം ഇത്ര വർഷമായിട്ടും നടന്നില്ല. ഇനിയിപ്പോൾ എന്ന്...? അല്ലെങ്കിലും കടലിൽ കല്ലിടാൻ നടക്കുന്നവർക്ക് എന്ത് വേലുക്കുട്ടി അരയൻ. ഏത് പോളണ്ടും ബഹ്‌റൈനും. കടൽ കയറി നഷ്ടമായ കരഭൂമി വീണ്ടെടുത്തുകൊണ്ടുള്ളതായിരുന്നു അരയന്റെ സ്വപ്‌ന പദ്ധതി. 
മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ  പ്രമേയം  ലീഗ് അംഗം കെ.എൻ.എ ഖാദർ അവതരിപ്പിക്കാതിരുന്നതിന്റെ  പേരിൽ ഉടലെടുത്ത വിവാദങ്ങൾ മല പോലെ വന്ന് മഞ്ഞ് പോലെയങ്ങ്  പോയി.   ബജറ്റ് ധനാഭ്യർഥന ചർച്ചക്കിടയിൽ ഉയർന്ന ചോദ്യത്തിന് ഖാദർ കൃത്യമായ മറുപടി നൽകി.  ജില്ലാ വിഭജനം ആവശ്യപ്പെടുന്ന പ്രമേയത്തിന് നോട്ടീസ് നൽകിയത് ആരും പറഞ്ഞിട്ടല്ല. പ്രമേയം മറ്റൊരു ഘട്ടത്തിലേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടതും ആരുടെയും നിർദേശമനുസരിച്ചല്ല. ഈ വിഷയത്തിലെ ലീഗ് - കോൺഗ്രസ് പോര് എന്നൊക്കെയുള്ള രാഷ്ട്രീയ ഭാവനകളെല്ലാം  ചർച്ചയിൽ സംസാരിക്കവേ ഖാദർ തള്ളി. ശ്രദ്ധ ക്ഷണിക്കൽ വിവാദത്തിന് ശേഷം ഇന്നലെയാണ് ഖാദർ സഭയിൽ സംസാരിച്ചത്. ലീഗിലെ പി.കെ. ബഷീറോ മറ്റോ  ഉന്നയിക്കേണ്ടിയിരുന്ന  മലപ്പുറം ജില്ല വിഭജനം എന്ന ആവശ്യം ഒരു കമ്യൂണിസ്റ്റുകാരനായ ഖാദർ  ഉന്നയിച്ചതിലാണ് സി.പി.എമ്മിലെ കെ.കുഞ്ഞിരാമന്  പ്രയാസം.  ഖാദറിന്റെ  മനസ്സിലെ കമ്യൂണിസ്റ്റ് പശു ചത്ത കാര്യം അദ്ദേഹം ജനങ്ങളെ അറിയിച്ചിട്ടിപ്പോൾ   കാലം ഒരുപാടായി. എന്നിട്ടും കുഞ്ഞിരാമന് ഖാദറിലെ  കമ്യൂണിസ്റ്റ് മോരിന്റെ പുളി മാറിയില്ലെന്ന അറിവ് കൗതുകമായി. 
മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പ്രസംഗിക്കുമ്പോൾ പാലാരിവട്ടം പാലം പ്രശ്‌നം ആരെങ്കിലും എടുത്തിടുമെന്ന് കരുതിയതാണ്. ഒന്നുമുണ്ടായില്ല. 
സി.പി.എമ്മിലെ ജോർജ് എം.തോമസ്  കാട്ടുമൃഗങ്ങളുടെ ഉപദ്രവം ഏറ്റവും അധികമുള്ള പ്രദേശത്ത് നിന്ന്  വരുന്നയാളാണ്. അതു കൊണ്ട് തന്നെ  അംഗത്തിന് മൃഗശല്യ പരാതികൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. കാട്ടാനകളെയൊക്കെ ദിവസവും മുഖാമുഖം കാണുന്നു. കഴിഞ്ഞ ദിവസം പത്രമെടുക്കാൻ വീടിന് പുറത്തിറങ്ങിയപ്പോൾ അതാ മുന്നിൽ ഒരാന. ജോർജ് എം.തോമസ് വായിക്കുന്നത്  പാർട്ടി പത്രമാണെന്ന് മനസ്സിലാക്കിയിട്ടൊന്നുമല്ല ആന വന്നത്, കാട്ടിൽ ഭക്ഷണം  കിട്ടാത്തതുകൊണ്ടാണെന്ന്  കാട്ടുമൃഗങ്ങളുള്ള പ്രദേശത്ത് നിന്ന് വരുന്ന      കോൺഗ്രസ് അംഗം  എൽദോസ് പി.കുന്നപ്പിള്ളിൽ   ഓർമിപ്പിച്ചു. ഇ.എസ്.ബിജിമോൾ (സി.പി. ഐ), കെ.ബി.ഗണേഷ് കുമാർ പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), സി.കെ.ഹരീന്ദ്രൻ (സി.പി.എം), ആന്റണി ജോൺ (സി.പി.എം), ഒ.ആർ.കേളു (സി.പി.എം), ഇ.കെ.വിജയൻ (സി.പി. ഐ) സി.കെ.ശശീന്ദ്രൻ (സി.പി.എം) സണ്ണി ജോസഫ് (കോൺഗ്രസ്)  എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 
സ്വതന്ത്ര അംഗമായതിനാൽ പി.സി. ജോർജിന് മന്ത്രി പി. തിലോത്തമൻ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പിന് അഭിനന്ദനം ചൊരിയുന്നതിൽ അൽപം പോലും പ്രയാസമില്ല. അത്രക്ക് നല്ല നിലയിലാണ് മന്ത്രി ആ വകുപ്പ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്നലെ ധനാഭ്യർഥനയുമായി വന്ന മന്ത്രി  കെ.രാജുവിന്റെ വകുപ്പിനെക്കുറിച്ചും കുറ്റം പറയാനൊന്നുമില്ലെന്ന ജോർജിന്റെ നിരീക്ഷണം സഭയുടെ പൊതു വികാരമായിരുന്നു. ജോർജിന് മന്ത്രിയോട് ഒരഭ്യർഥനയുണ്ട്- സ്‌കൂൾ കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണം. ''അതുങ്ങൾ അവയെ പൊന്നുപോലെ നോക്കിക്കൊള്ളും. കേരളത്തിന്റെ മുട്ട ക്ഷാമവും അതോടെ തീരും. എല്ലാത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മുട്ടയുടെ കാര്യത്തിലെങ്കിലും മാറ്റിയെടുക്കാം.''

തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം. ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങരുതെന്ന് കാപെക്‌സ് എം.ഡി പറഞ്ഞിട്ടും അത് വാങ്ങിയത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല നിയമസഭയിൽ  നടത്തിയ പരാമർശവും പ്രതിപക്ഷ പ്രതിഷേധവും കൊല്ലം ജില്ലയിലെ സി.പി.എം രാഷ്ട്രീയ ശക്തികേന്ദ്രങ്ങളിലേക്ക് പ്രതിപക്ഷം  കടന്നുചെല്ലുന്ന പുതുവഴികളുടെ സൂചനയായി.  കശുവണ്ടി മേഖലയിലെ പ്രതിസന്ധി മൂലം മൂന്ന് പേർ ആത്മഹത്യ ചെയ്തതുൾപ്പെടെയുള്ള സാഹചര്യം സി.പി.എമ്മിന് അൽപം പോലും ഗുണകരമായ അവസ്ഥയല്ല ഉണ്ടാക്കിയിട്ടുള്ളത്. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കശുവണ്ടി മേഖലയിൽ സർഫാസി ആക്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പ്. 
നോർക്ക റൂട്ട്‌സിന്റെയും ഒഡെപെക്കിന്റെയും പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു  ചോദ്യോത്തര വേളയിലെ ആദ്യ ചോദ്യം. കെ.വി.അബ്ദുൽ ഖാദർ, വീണാ ജോർജ്, പി.ടി.എ. റഹിം, സജി ചെറിയാൻ എന്നിവരുന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി അൽപനേരം സഭയെ പ്രവാസി ചിന്തയിലേക്ക് കൊണ്ടുപോയി. അപ്പോഴും മുറിവായി കണ്ണൂർ ആന്തൂരിൽ കയറിലൊടുങ്ങിയ പ്രവാസി സംരംഭകന്റെ ഓർമ.
 

Latest News