Sorry, you need to enable JavaScript to visit this website.

ജിഷ്ണു പ്രണോയിയെ  വീണ്ടും ഓർക്കുമ്പോൾ

തൃശൂർ പാമ്പാടി നെഹ്റു കോളേജിൽ ജിഷ്ണു പ്രണോയ് വിഷയവുമായി ബന്ധപ്പെട്ട് സമരം ചെയ്ത  വിദ്യാർത്ഥികളെ മനപ്പൂർവ്വം പരീക്ഷയിൽ തോൽപ്പിച്ചെന്ന് സെനറ്റ് കമ്മിറ്റിയുടെ കണ്ടെത്തൽ വളരെ കാലികപ്രസക്തമാണ്. മാർക്ക് ലിസ്റ്റ് തിരുത്തിയാണ് പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചതെന്നാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് സെനറ്റ് കമ്മിറ്റി സർവ്വകലാശാലക്ക് കൈമാറിയിരിക്കുകയാണ്. കോളേജിലെ എസ് എഫ് ഐ നേതാക്കളായിരുന്ന അതുൽ ജോസ്, ആഷിക്ക്, വസീം എന്നീ വിദ്യാർത്ഥികളെ പുനർപരീക്ഷയെഴുതാൻ അനുവദിച്ച സർവ്വകലാശാല അന്വേഷണത്തിന് സെനറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. 
ആർ. രാജേഷ് എംഎൽഎ ചെയർമാനായ അഞ്ചംഗ സമിതിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇൻവിജിലേറ്റർമാരുടെ സഹായത്തോടെ കോളേജ് ഉത്തരക്കടലാസിലെ മാർക്ക് തിരുത്തിയെന്നാണ് കണ്ടെത്തൽ. പിന്നീട് നടന്ന പുനഃപരീക്ഷയിൽ ഈ മൂന്ന് പേരും വിജയിച്ചിരുന്നു.
രണ്ടരവർഷം മുമ്പുനടന്ന ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ രക്തസാക്ഷിത്വം കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസമേഖലയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. സ്വ്വാശ്രയ വിദ്യാഭ്യാസമേഖല എങ്ങനെയൊക്കെയാണ് വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നതെന്നും അടിച്ചമർത്തുന്നതതെന്നും വ്യക്തമാക്കിയ ഒന്നായിരുന്നു അത്. നിലവിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ പരിമിതിയും ആവശ്യകതയും ഈ സംഭവം ചർച്ചക്ക് വച്ചു. സർക്കാർ - പോലീസ് രാഷ്ട്രീയ സംവിധാനങ്ങളും പാർട്ടികളും എങ്ങനെയാണു സ്വാശ്രയ മേഖലക്ക് വേണ്ടി നിലനിൽക്കുന്നത് എന്നും ഈ സംഭവങ്ങൾ വെളിവാക്കി.
2017 ജനുവരി 6നാണു പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ഹോസ്റ്റലിൽ  ആത്മഹത്യ ചെയ്തത്. കോപ്പിയടി പിടിച്ചതിനാലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം. ശുചിമുറിയിലെ കൊളുത്തിൽ തോർത്തിൽ തൂങ്ങിയ നിലയിൽ ആണ് ജിഷ്ണുവിനെ കണ്ടെത്തുന്നത്.  കോളേജ് ചെയർമാൻ  കൃഷ്ണദാസ് അടക്കമുള്ളവരെ രക്ഷിയ്ക്കാൻ പോലീസ് കിണഞ്ഞു പരിശ്രമിച്ചതും അതിനെതിരായി ജിഷ്ണുവിന്റെ കുടുംബവും സുഹൃത്തുക്കളും നടത്തിയ ജനകീയ സമരങ്ങളുമാണ് വിഷയത്തെ സംസ്ഥാനവ്യാപകമായി പടർത്തിയതും ഐതിഹാസികമാക്കിയതും. 
്‌കോളേജിനകത്ത് യൂണിറ്റില്ലായിരുന്നു എങ്കിലും എസ് എഫ് ഐക്കാരനായിരുന്നു ജിഷ്ണു. കുടുംബമാകട്ടെ സിപിഎം കുടുംബവും.  ഇന്റേണൽ മാർക്ക് വെട്ടിക്കുറക്കുന്നതും  അറ്റൻഡൻസ് വെട്ടിക്കുറക്കുന്നതും അനാവശ്യമായി പിരിവുകളെടുക്കുന്നതും ഹോസ്റ്റലിലെ ജലവിതരണം തകരാറിലായതുമടക്കം കോളേജിലെ പ്രശ്‌നങ്ങൾക്കെതിരെ ജിഷ്ണു പ്രണോയ് പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ കോളേജ് മാനേജ്‌മെന്റിനു ജിഷ്ണുവിനോട് ശത്രുതയുണ്ടായിരുന്നു. കോളേജിൽ നടക്കുന്ന പല ചൂഷണങ്ങളെ കുറിച്ചും സർക്കാരിന് പരാതി നൽകിയ ഷാഹിർ എന്ന വിദ്യാർത്ഥിയെ കൃഷ്ണദാസ് ഉൾപ്പെട്ട സംഘം മർദിച്ചെന്ന വെളുപ്പെടുത്തൽ ക്യാമ്പസ്സിലെ ഭീകരാന്തരീക്ഷം പുറംലോകത്തെത്തിച്ചു. ഷഹീറിന് മർദനമേറ്റു മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് ജിഷ്ണു ആത്മഹത്യ ചെയ്യുന്നത്. പോസ്‌റ്‌മോർട്ടം റിപ്പോർട്ടിൽ ജിഷ്ണു പ്രണോയ് മർദനത്തിന് ഇരയായിട്ടുണ്ടെന്നു പറയുന്നുണ്ട്. കോളേജിലെ പ്രശ്‌നങ്ങൾക്കെതിരെ പ്രതികരിക്കുന്ന വിദ്യാർത്ഥികളെ മർദ്ദിക്കാൻ 
കോളേജിൽ ഉള്ളതായ ഇടിമുറിയിൽ ജിഷ്ണുവിനെ കൊണ്ടുപോയി മർദിച്ചെന്നും ചെയർമാൻ കൃഷ്ണദാസും അധ്യാപകൻ പ്രവീണും പ്രിൻസിപ്പൽ ശക്തിവേലുവും അടക്കമുള്ള പ്രതികൾക്ക് ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു തെളിവുകൾ. വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ മുറിയിൽ നിന്നും ജിഷ്ണു പ്രണോയിയുടെ രക്തം കണ്ടെത്തിയിരുന്നത് കേസിൽ ശക്തമായ തെളിവായി. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷം സമരം ചെയ്ത 65 ഓളം വിദ്യാർത്ഥികളെ മാനേജ്‌മെന്റ് പരീക്ഷ എഴുതാൻ അനുവദിച്ചില്ല.  ആരോപണ വിധേയനായ ഇർഷാദ് എന്ന അധ്യാപകനെ തിരിച്ചെടുത്തു. സമരം ചെയ്ത വിദ്യാർത്ഥികളുടെ മാർക് ലിസ്റ്റ് പിടിച്ചുവച്ചു സംഭവവും പിന്നീട് നിയമപോരാട്ടത്തിലൂടെ വിദ്യാർത്ഥികൾ ഇത് തിരികെ വാങ്ങിയതും കോളേജ് മാനേജ്‌മെന്റിനെ അപഹാസ്യരാക്കി. പ്രത്യേക അന്വേഷണ സംഘം ജിഷ്ണു പ്രണോയിയെ കോപ്പി അടിച്ചു എന്ന് ആരോപിച്ചു മാനേജ്‌മെന്റ് കുടുക്കുകയായിരുന്നുവെന്ന് പിന്നീട് റിപ്പോർട്ട് നൽകിയത് വിദ്യാർത്ഥികളുടെ ആരോപണങ്ങൾ ശരിവച്ചു. കോപ്പി അടിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടത് കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് മാനേജ്‌മെന്റ് വിശദീകരിച്ചിരുന്നത്. സാങ്കേതിക സർവകലാശാല കോപ്പിയടിയെ കുറിച്ച് തങ്ങൾക്കു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു അറിയിച്ചപ്പോഴാണ് മാനേജ്‌മെന്റിന്റെ കള്ളം പൊളിഞ്ഞത്. 
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും മുഖ്യമന്ത്രിയെ അടക്കമുള്ളവരെ നേരിൽ കണ്ട് നിവേദനം നൽകിയെങ്കിലും കാര്യമായൊന്നും നടന്നില്ല. ധനസഹായമായി സർക്കാർ 10 ലക്ഷം പ്രഖ്യാപിച്ചെങ്കിലും കേസന്വേഷണത്തിൽ ഉദാസീനമായിരുന്നു. തുടക്കം സന്ദർശനാനുമതി നൽകിയ ഡിജിപി പിന്നീടത് നിഷേധിച്ചപ്പോൾ അവർ ഓഫീസിനു മുന്നിലേക്ക് പ്രകടനം നയിച്ചു. ഈ പ്രക്ഷോഭം അടിച്ചമർത്താനാണ് സർക്കാരും പോലീസും ശ്രമിച്ചത്. പതിവുപോലെ സമരത്തിൽ തീവ്രവാദി നുഞ്ഞുകയറ്റം എന്നായിരുന്നു ആരോപണം. 
പോലീസ് മഹിജയെ മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്ത ചിത്രം വൈറലായി. മഹിജയടക്കം സ്ത്രീകളുപ്പെടെയുള്ളവർ പരിക്കേറ്റു ആശുപത്രിയിലായി. സിപിഎം  കുടുംബം നടത്തിയ നീതിക്കായുള്ള പോരാട്ടത്തെയാണ്  അവരുടെ പാർട്ടി ഭരിക്കുന്ന സർക്കാർ അടിച്ചമർത്തിയത്. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനായി ഒപ്പം നിന്ന് സമരം ചെയ്ത കെ എം ഷാജഹാൻ എസ് യു സി ഐ പ്രവർത്തകരായ ഷാജർഖാൻ, മിനി, ശ്രീകുമാർ എന്നിവരടക്കം അഞ്ചു പേരാണ് അന്ന് അറസ്റ്റിൽ ആയത്. ഷാജഹാന് സസ്‌പെൻഷനും ലഭിച്ചു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.
എന്തായാലും ഈ സംഭവങ്ങൾക്കു ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു എന്നതാണ് വലിയ സാമൂഹിക മാറ്റം. വിദ്യാർത്ഥിസമരത്തെ കുറിച്ചുള്ള ഒരു വിചിന്തനത്തിനും ഇതു പ്രേരകമായി. സംഭവങ്ങളെ തുടർന്ന് മറ്റു പല സ്വാശ്രയ കോളേജുകളിലും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ സമരങ്ങൾ രൂപപ്പെട്ടു. വരും കാലങ്ങളിലും കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പോരാട്ടങ്ങൾക്ക് ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വം പ്രചോദനമാകുമെന്നുറപ്പ്. അതിലേക്കുള്ള സൂചന കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോർട്ട്. 

Latest News