Sorry, you need to enable JavaScript to visit this website.

മാതാവിനെ പീഡിപ്പിച്ചു കൊന്നു, ഇന്ത്യൻ ദമ്പതികൾക്കെതിരെ  യു.എ.ഇ കോടതി കുറ്റം ചുമത്തി 

ദുബായ് -  മാതാവിനെ കണ്ണ് ചൂഴ്ന്നും വാരിയെല്ല് തകർത്തും കൊന്ന കേസിൽ ഇന്ത്യൻ ദമ്പതികൾക്കെതിരെ   യു.എ.ഇ കോടതി കുറ്റം ചുമത്തി. ക്രൂരമായ ശാരീരിക പീഡനങ്ങളെ തുടർന്നാണ് 29 കാരനായ ഇന്ത്യക്കാരന്റെ മാതാവ് മരിച്ചതെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇയാളുടെയും ഭാര്യയുടെയും വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞ ജൂലൈയിലും ഒക്ടോബറിനും ഇടയിലായാണ് ഇയാളും ഭാര്യയും ചേർന്ന് മാതാവിനെ ക്രൂരമായി പീഢിപ്പിക്കുന്നത്. ഇവരുടെ വലതു കണ്ണിലെ കൃഷ്ണമണി ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. മരിക്കുമ്പോൾ വെറും 29 കിലോയായിരുന്നു ഇവരുടെ ഭാരമെന്നും കോടതി കണ്ടെത്തി. 

ദമ്പതികളുടെ അയൽവാസിയായ ആശുപത്രി ജീവനക്കാരനാണ് കേസിന് നിർണായകമായ തെളിവുകൾ നൽകിയത്. ഭർത്താവിന്റെ അമ്മ ഇന്ത്യയിൽ നിന്ന് എത്തിയിട്ടുണ്ടെന്നും താൻ ജോലിക്കു പോകുമ്പോൾ അവർ കുട്ടിയെ നന്നായി നോക്കുന്നില്ലെന്നും കുട്ടിക്ക് എപ്പോഴും അസുഖം പിടി പെടുന്നുവെന്നും ഇയാളുടെ ഭാര്യ തങ്ങളോട് പറയാറുണ്ടായിരുന്നതായി അയൽവാസി മൊഴി നൽകി. കുട്ടിയെ അമ്മയുടെ പക്കൽ ഏൽപ്പിക്കാതെ ഇവരുടെ ഫ്ലാറ്റിൽ ആക്കുമായിരുന്നെന്നും അതീവ ഗുരുതരാവസ്ഥയിൽ ഒരിക്കൽ അമ്മയെ ഇവരുടെ ഫ്ലാറ്റിനു മുന്നിൽ തറയിൽ കിടക്കുന്നതു കണ്ടുവെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു. ഏതാണ്ട് പൂർണ നഗ്നയായിരുന്ന അവരുടെ ദേഹത്ത് നിറയെ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും  ഉടൻ തന്നെ സെക്യൂരിറ്റിയുടെ സഹായത്തോടെ ആംബുലൻസ് വിളിച്ചെന്നും ഇയാൾ പറയുന്നു. 

അമ്മയുടെ കൂടെ ആശുപത്രിയിൽ പോകാൻ ഇവർ കൂട്ടാക്കിയില്ലെന്നും മറ്റൊരു അയൽവാസിയായ ഫാർമസി ജീവനക്കാരനെ  ആംബുലൻസിൽ കയറ്റിവിട്ടെന്നും ഇയാൾ ഓർക്കുന്നു. തിളച്ച വെള്ളം അവർ തന്നെ മേൽ ഒഴിച്ചതാണെന്നാണ് മകൻ അയൽക്കാരോട് പറഞ്ഞത്. 

അവരുടെ ദേഹത്ത് 10 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നെന്നും വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൃഷ്ണമണി പൊട്ടിയിരുന്നതായും ഘനമുള്ള ഉപകരണങ്ങൾ കൊണ്ട് മർദിച്ചതു പോലുള്ള പാടുകളും ആന്തരിക രക്തസ്രാവവും അവർക്കുണ്ടായിരുന്നതായി ചികിൽസിച്ച ഡോക്ടറും അറിയിച്ചു. അവഗണനയും പട്ടിണിയുമാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ആശുപത്രി രേഖകൾ പ്രകാരം ഒക്ടോബർ 31 നാണ് ഇവർ മരിക്കുന്നത്. 

ദമ്പതികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുബായിലെ അൽ ഖ്വസൈസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.കേസിൽ ജൂലൈ 3 ന് കോടതി വിധി പറയും. 

Latest News