Sorry, you need to enable JavaScript to visit this website.

മല്ലിപ്പൊടിക്കും ഉണക്കമീനും പകരം പുസ്തകങ്ങള്‍; പ്രവാസി വനിതയുടെ കുറിപ്പ്

വീട്ടു സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പറിലെ കഥകള്‍ പോലും വായിക്കുമായിരുന്നു ചെറിയ കുട്ടികള്‍ ആവുമ്പോള്‍. മിക്കവാറും കഥയുടെ ക്ലൈമാക്‌സ് ഉണ്ടാവില്ല. കഥ മുഴുവന്‍ ഇല്ലാതെ  ആ കടലാസ് കഷ്ണത്തിലെ ഭാഗം കീറിപ്പോയിരിക്കും.പിന്നെ ആ കഥയോര്‍ത്ത് മനസ്സ് അസ്വസ്ഥമാവും.

കഥ പറയുന്ന അക്ഷരങ്ങളെയെല്ലാം ആര്‍ത്തിയോടെ മോന്തി കുടിക്കാറായിരുന്നു പതിവ്. പാഠപുസ്തകങ്ങള്‍ മാത്രം അത്ര രുചിയുണ്ടായിരുന്നില്ല കഴിക്കാന്‍. അന്ന് പഠിച്ച ചോദ്യോത്തരങ്ങളില്‍ പലതും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇന്നുവരെ ആവശ്യം വന്നിട്ടില്യ.

എന്നാല്‍ വായനയിലൂടെ എന്തെന്നില്ലാത്ത ഒരുതരം കുളിര്‍മയാണ് അനുഭവിച്ചിരുന്നത്. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചത് മുതല്‍ കഥകളുടെ പിന്നാലെ പോയി തുടങ്ങി . കഥാ പുസ്തകം വായിക്കാന്‍ ഇരുന്നാല്‍ ചുറ്റുപാടുള്ളടൊന്നും കാണുകയുമില്ല കേള്‍ക്കുകയുമില്ലായിരുന്നു.

എന്തെങ്കിലും ആവശ്യത്തിന് ഉമ്മ പത്തു തവണ വിളിച്ചിരിക്കും .ഒലക്കമ്മലെ ഒരു കഥ ബുക്ക് ഉണ്ട് എന്ന് നൊടിയും അതിരു വിടുമ്പോള്‍ . പുതിയതൊന്നുമല്ല വായിക്കുക. മിക്കവാറും കഥാ പുസ്തകങ്ങള്‍. ഒക്കെ മാസിക ആയതിനാല്‍ വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിക്കും.

പിന്നെ കണ്ണില്‍ കണ്ട എല്ലാ ബുക്സും വായിക്കാന്‍ ഉപ്പ സമ്മതിക്കില്ലാരുന്നു.നല്ല കഥകള്‍ മാത്രം വായിക്കാന്‍ അനുവാദമുണ്ടായിരുന്നൊള്ളു . അതുകൊണ്ട് തന്നെ കിട്ടുന്നിടത്ത് നിന്നൊക്കെ ബുക്ക്‌സ് കൊണ്ട് വന്നു കട്ടും കണ്ടും വായിക്കും . ബാലരമ കിട്ടിയാല്‍ അതിലെ ചിത്ര കഥ അച്ചടി ഭാഷയില്‍ ഉച്ചത്തില്‍ വായിക്കും അനിയത്തി . അത് കേള്‍ക്കുമോ വിചാരിച്ചു ഞാന്‍ അവിടുന്ന് ഓടും അതിന്റെ ക്ലൈമാക്‌സ് കേള്‍ക്കാതിരിക്കാന്‍ . മായാവിയെ ഒരിക്കലും പിടിക്കാന്‍ കുട്ടൂസന് കഴിയില്ല എന്നൊന്നും അന്ന് മനസ്സിലായില്ല .അത് കൊണ്ട് തന്നെ ബാലരമ മറിക്കുമ്പോള്‍ ഒരു നെഞ്ചിടിപ്പാ.. മായാവിയെ പിടിച്ചിരിക്കോ എന്ന് .പിന്നെ ഏതു ബുക്ക്‌സ് ആദ്യം കിട്ടിയാലും വീട്ടിലെ 'ഗണപതിക് 'വെക്കാതെ നമ്മള്‍ക് തൊടാന്‍ കിട്ടൂല . അവന്‍ വായിക്കൂല്യ വേഗം ,വായിച്ചു കഴിയാതെ തരൂല്യാ (ഇന്നും അവന്റെ സ്വഭാവത്തിന് ഒരു മാറ്റുല്യ)

കഥാ പുസ്തകങ്ങള്‍ വായിക്കാനായിട്ട് ഉമ്മന്റെ വീട്ടിലേക്ക് വിരുന്നു പോകുമായിരുന്നു. അവിടെ ആവുമ്പോള്‍ അക്ഷരങ്ങള്‍ വിഭവ സമൃദ്ധമായി കഴിക്കാം. വീട്ടുകാരന്‍ (അഡ്വ കെ എന്‍ എ ഖാദര്‍ )അക്ഷരങ്ങളുടെ കൂട്ടുകാരന്‍ ആയിരുന്നു . വലിയുമ്മ 'മോളെ ഇനി ഭക്ഷണം കഴിച്ചിട്ട് വായിക്കാം 'എന്ന് ദയനീയമായി വന്നു വിളിക്കും . ആര് വിളി കേള്‍ക്കുന്നു .ഇപ്പൊ ആരെങ്കിലും ഭക്ഷണം റെഡിയാക്കി വിളിക്കുകയാണെങ്കില്‍ വായിച്ചില്ലേലും വേണ്ടില്ല കഴിക്കാന്‍ ഓടും.

ഇവിടേക്ക് വരുമ്പോള്‍ കൂടെ ഉള്ളവരുടെ ലഗേജില്‍ ഫുള്‍ മല്ലിപ്പൊടി ,അരിപ്പൊടി ,ഉണക്ക മീന്‍ ഇവയാണെങ്കില്‍ എന്റെ പെട്ടിയില്‍ അധികവും ബുക്ക്‌സ് ആയിരുന്നു . ബോബനും മോളിയും പെട്ടിയില്‍ ഉണ്ടായിട്ട് ഇരിക്ക പൊറുതി ഉണ്ടാവില്ല .ഇന്നും അന്ന് വായിച്ച കഥകളുടെ തണുപ്പ് അനുഭവിക്കുന്നുയ അധിക പുതിയാപ്ല മാരും ജ്വല്ലറി ,തുണിക്കട എന്നിവയുടെ മുമ്പിലൂടെ ഭാര്യമാരെയും കൊണ്ട് നടക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ മൂപ്പര്‍ ബുക്ക് സ്റ്റാളിന്റെ  മുമ്പിലൂടെ ഉള്ള യാത്ര കഴിവതും ഒഴിവാക്കും. വാങ്ങി തരാതിരിക്കാനല്ല ,അവിടുന്ന് വേഗം ഇറങ്ങാഞ്ഞിട്ട്.
എത്ര ആരൊക്കെ പരാതി പെട്ടാലും വായന ഒരിക്കലും മരിക്കുന്നില്ല,മരിച്ചിട്ടുമില്ല. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും എന്നും വായനാദിനമാവട്ടെ എന്ന് ആശംസിക്കുന്നു
 

 

Latest News