Sorry, you need to enable JavaScript to visit this website.

ചിത്രക്കും ശ്രീശങ്കറിനും യൂറോപ്പില്‍ സ്വര്‍ണം

ഫോക്‌സാം (സ്വീഡന്‍) - സ്വീഡനിലെയും ഡെന്മാര്‍ക്കിലെയും ഗ്രാന്റ്പ്രി അത്‌ലറ്റിക് മീറ്റുകളില്‍ മലയാളി താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പി.യു ചിത്രയും ശ്രീശങ്കറും സ്വര്‍ണം നേടിയപ്പോള്‍ ജിന്‍സന്‍ ജോണ്‍സണ്‍ വെള്ളി കരസ്ഥമാക്കി. 
1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യനായ ചിത്ര മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കെനിയയുടെ മെഴ്‌സി ചെറോണോയെ തോല്‍പിച്ചാണ് ഒന്നാമതെത്തിയത്. നാലു മിനിറ്റ് 12.65 സെക്കന്റില്‍ ചിത്ര പറന്നെത്തി. ഈ സീസണിലെ മികച്ച പ്രകടനമാണ് ഇത്. ചെറോണൊ മുന്‍ ലോക ക്രോസ് കണ്‍ട്രി ചാമ്പ്യനാണ്. ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലുകാരിയും.
പുരുഷന്മാരുടെ 1500 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സണിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നു മിനിറ്റ് 39.69 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജിന്‍സനെ സ്വീഡന്റെ ആന്ദ്രെ ആംഗ്രന്‍ മറികടന്നു (3:39.68 മിനിറ്റ്). 
ഡെന്മാര്‍ക്ക് മീറ്റിന്റെ പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ ദേശീയ റെക്കോര്‍ഡുകാരന്‍ മുരളി ശ്രീശങ്കര്‍ സ്വര്‍ണം നേടി. ശ്രീശങ്കര്‍ ആദ്യ ചാട്ടത്തില്‍ തന്നെ 7.93 മീറ്റര്‍ പിന്നിട്ടു. മറ്റു ചാട്ടങ്ങളും മോശമായിരുന്നില്ല. 7.89 മീറ്ററും 7.88 മീറ്ററും 7.61 മീറ്ററും. 

Latest News