Sorry, you need to enable JavaScript to visit this website.

പ്രതിലോമ ശക്തികൾ പിടിമുറുക്കുമ്പോൾ

വൻകിട കോർപറേറ്റ് കമ്പനികൾക്കു വേണ്ടി കാർഷിക മേഖലയെ ആകെത്തന്നെ തകർക്കുകയാണ് നരേന്ദ്ര മോഡി. വ്യവസായികളുടെ മാത്രം താൽപര്യം നോക്കി ലാൻഡ് അക്വിസിഷൻ നിയമ ഭേദഗതി നടപ്പാക്കിയ മോഡി ഇനി എന്തെല്ലാം ചെയ്യുന്നു എന്നത് കണ്ടറിയണം. 


ലോക രാഷ്ട്രങ്ങളിൽ പലതിനോടുമൊപ്പം ഇന്ത്യയും കൂടുതൽ വലതുപക്ഷത്തേക്ക് നീങ്ങുകയാണോ? 2019 ലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് 'അതെ'യെന്ന ഉത്തരമാണ്.
ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യങ്ങളെ കടന്നാക്രമിക്കുകയും രാജ്യത്തെ കാർഷിക വ്യാവസായികബാങ്കിംഗ് മേഖലയെ ആകെ തകർക്കുകയും ചെയ്ത എൻ ഡി എ മുന്നണി വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ്. നരേന്ദ്ര മോഡി നയിച്ച പിന്തിരിപ്പൻ ഗവൺമെന്റിന് വീണ്ടും അഞ്ചു വർഷം കൂടി അധികാരത്തിൽ തുടരാൻ ഇന്ത്യയിലെ 45 ശതമാനം ജനങ്ങൾ അവസരം നൽകിയിരിക്കുന്നു. ഇന്ത്യൻ ഫാസിസത്തിന്റെ പ്രതിരൂപമായ സംഘപരിവാർ ശക്തികളുടെ രാഷ്ട്രീയ പാർട്ടിയായ ബി ജെ പിക്കു മാത്രമായി 37.36 ശതമാനം വോട്ടും 303 സീറ്റും ലഭിച്ചു. എൻ ഡി എക്കു പകരം അധികാരത്തിൽ വരുമെന്ന് ഒരു വിഭാഗം ജനങ്ങൾ പ്രതീക്ഷിച്ച കോൺഗ്രസ് നയിച്ച യുപിഎ മുന്നണിക്കാകട്ടെ ആകെ ലഭിച്ചത് 24.59 ശതമാനം വോട്ടും 91 സീറ്റുമാണ്. കോൺഗ്രസിനു മാത്രമായി ലഭിച്ചത് 19.49 ശതമാനം വോട്ടും 52 സീറ്റുമാണ്. രണ്ടു മുന്നണിയിലുമില്ലാത്ത എസ്പി, ബിഎസ്പി കൂട്ടുകെട്ടുൾപ്പെടെയുള്ള പാർട്ടികൾക്കെല്ലാം കൂടി 96 സീറ്റും 23.39 ശതമാനം വോട്ടും ലഭിച്ചു.
ഇന്ത്യയിലെ മുഖ്യധാര, ഇടതുപക്ഷ പാർട്ടികളായ സിപിഎമ്മിനും സിപിഐക്കും കൂടി അഞ്ച് സീറ്റും 2.38 ശതമാനം വോട്ടുമാണ് ലഭിച്ചത്. പ്രത്യയശാസ്ത്രപരമായ ചില നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുന്നതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷം പലപ്പോഴും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ പുറന്തള്ളപ്പെടാറുമുണ്ട്. മുൻപും ഇത്തരം തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അവയെ അതിജീവിച്ചിട്ടുമുണ്ട്.
എന്നാൽ എക്കാലവും ജനങ്ങളുടെ അന്ധവിശ്വാസത്തോടൊപ്പം കൂടുകയും മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയും ന്യൂനപക്ഷ പ്രീണനം ആവശ്യത്തിലധികം നടത്തുകയും, വോട്ടു ബാങ്ക് രാഷ്ട്രീയത്തിനനുസരിച്ച് രാഷ്ട്രീയ സമീപനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന കോൺഗ്രസിനെന്തു സംഭവിച്ചു. യുപിഎ അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉദ്‌ഘോഷിച്ച രാഹുൽ ഗാന്ധി അമേത്തിയിൽ അമ്പേ പരാജയപ്പെട്ടു. അതും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള വിവാദങ്ങളും മനുഷ്യ വിഭവശേഷി വികസന മന്ത്രിയെന്ന നിലയിൽ ഏറ്റവും മോശപ്പെട്ട ചിത്രവും മാത്രം കാഴ്ചവെച്ച മന്ത്രി സ്മൃതി ഇറാനിയുടെ മുൻപിൽ. ഇന്ത്യയെന്ന മഹാരാജ്യത്തെ ബിജെപിക്കു വിട്ടുകൊടുത്തിട്ട് കേരള സംസ്ഥാനം പിടിച്ചടക്കിയ ഗർവോടെയാണ് ചില കോൺഗ്രസ് നേതാക്കൾ നടക്കുന്നത്.
നരേന്ദ്ര മോഡി മത്സരിച്ച വരാണസിയിൽ നല്ലൊരു എതിരാളിയെ കൊടുക്കാനോ നാലു മാസങ്ങൾക്കു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ഒന്നു പിടിച്ചുനിൽക്കാൻ പോലുമോ കോൺഗ്രസിനു കഴിഞ്ഞില്ല. മുൻകാലങ്ങളിൽ കോൺഗ്രസ് നേതൃത്വം തങ്ങളുടെ ഒരു സ്ഥിരം തട്ടകമായി കരുതിയിരുന്ന ഉത്തർപ്രദേശിൽ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലി എന്ന ഒരു സീറ്റ് കൊണ്ട് കോൺഗ്രസിനു തൃപ്തിപ്പെടേണ്ടി വന്നു.
ഷീലാ ദീക്ഷിത് എന്ന കുടുംബ ബന്ധുവിനുവേണ്ടി ആം ആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്നു വെച്ച കോൺഗ്രസ് പ്രതിപക്ഷ വോട്ടുകളെ ഭിന്നിപ്പിച്ചുകൊണ്ട് ദൽഹിയിലെ ഏഴു സീറ്റും ബി ജെ പിക്കു സമ്മാനിച്ചു.
ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് ഭരണ പങ്കാളിത്തം ഉള്ള ഏക സംസ്ഥാനം കർണാടകയാണ്. അവിടെയും ജനതാദൾ (എസ്) നെതിരെ കോൺഗ്രസ് സംസ്ഥാന ഘടകം എടുത്ത മുന്നണി വിരുദ്ധ സമീപനത്തിന്റെ ഫലമായി ബിജെപി ക്ക് 25 സീറ്റുകൾ ലഭിച്ചു. ആന്ധ്രയിൽ ജഗ്‌മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് 25 ൽ 22 പാർലമെന്റ് സീറ്റും കൈവശപ്പെടുത്തി കോൺഗ്രസിനെയും ബിജെപിയെയും അകറ്റി നിർത്തി. അവർ ആന്ധ്ര നിയമസഭയിലും വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നു.
പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി തന്നെയാണ് നേരിടേണ്ടി വന്നത്. അവിടെ കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ട് 34 വർഷം തുടർച്ചയായി അധികാരത്തിൽ ഇരുന്ന ഇടതുപാർട്ടികൾ നിൽക്കുമ്പോൾ ബിജെപിക്ക് 18 സീറ്റും 40.25 ശതമാനം വോട്ടും കിട്ടി. തൃണമൂൽ കോൺഗ്രസിന് 22 സീറ്റു മാത്രമാണ് ലഭിച്ചത്. എങ്കിലും അവർക്ക് 43.28 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. 
ഒഡിഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജെഡി 42.76 ശതമാനം വോട്ടും 12 സീറ്റും നേടിക്കൊണ്ടാണ് ബിജെപിയെ തടഞ്ഞുനിർത്തിയത്. എന്നാൽ ബിജെപി ലോക്‌സഭയിലേക്ക് എട്ട് സീറ്റും 38.37 ശതമാനം വോട്ടും നേടി. ഒഡിഷ നിയമസഭയിലേക്ക് അവർ 22 സീറ്റും 32.50 ശതമാനം വോട്ടും നേടിയിട്ടുണ്ട്. ഇത് ഭാവിയിലും മതനിരപേക്ഷ ശക്തികൾക്ക് ഒരു വെല്ലുവിളിയാണ്.
ഇന്ത്യൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾക്കു നേരെ കണ്ണടച്ച ഒരു ഭരണകൂടമായിരുന്നു 2014 മുതൽ ഇന്ത്യ ഭരിച്ച മോഡിയുടേത്. ഒരു തെരഞ്ഞെടുപ്പിൽ സാധാരണ ഗതിയിൽ ഉയർന്നു വരേണ്ടുന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വിഷയങ്ങളൊന്നും ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രധാന ചർച്ചാ വിഷയം പോലുമായില്ല. മാധ്യമങ്ങൾ വിരിച്ചിട്ട വലയിൽ കുടുങ്ങിയ ഇന്ത്യൻ ജനത വിലക്കയറ്റം, തൊഴിലില്ലായ്മ, നോട്ടു നിരോധനം, ചരക്കു സേവന നികുതി, കർഷക ആത്മഹത്യ, ബാങ്കിംഗ് മേഖലയിലെ തകർച്ച, റഫാൽ ഉൾപ്പെടെയുള്ള പ്രതിരോധ മേഖലയിലെ അഴിമതി ഇതൊന്നും ചർച്ച ചെയ്തില്ല. വലതുപക്ഷ ശക്തികൾ ഉയർത്തിയ കപട മതാധിഷ്ഠിത ദേശീയതയുടെയും വർഗീയ അജണ്ടയുടെയും പിറകെ പോയ മാധ്യമങ്ങൾ ജനകീയ അജണ്ടകളെ ജനങ്ങളുടെ മുൻപിൽ നിന്നും മറച്ചു പിടിച്ചു. ഭരണകൂടത്തിന്റെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ദേശവിരുദ്ധവുമായ നടപടികൾ തെരഞ്ഞെടുപ്പിന്റെ മുഖ്യധാര ചർച്ചകളിൽ വരുന്നതിനു പകരം അവ തിരസ്‌കരിക്കപ്പെട്ടു. പകരം ദേശീയതയും വർഗീയതയും ഇതിഹാസങ്ങളും പുരാണങ്ങളും ചർച്ച ചെയ്യപ്പെട്ടു. ഇവിടെ പരാജയപ്പെട്ടത് ജനകീയാവശ്യങ്ങളാണ്. ജനാധിപത്യ മതേതര ബോധമാണ്. ഇതു തിരിച്ചു കൊണ്ടുവരുന്നതിൽ കൂടി മാത്രമേ ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാനാവൂ.
എന്നാൽ മോഡി ഭരണം വീണ്ടും തുടരുമ്പോൾ ഭയപ്പെടുത്തുന്ന ചില വിഷയങ്ങൾ ഏവരുടെയും മുൻപിലുണ്ട്. അതിൽ പ്രധാനം ഇന്ത്യൻ ഭരണഘടനയെ സംഘപരിവാർ താൽപര്യങ്ങൾക്കനുസൃതമായി ഭേദഗതി ചെയ്യുമോ എന്നതാണ്. 'മതേതരത്വം', 'സോഷ്യലിസം' ഇതു രണ്ടും സംഘപരിവാർ ശക്തികൾ ഏറെ വെറുക്കുന്ന രണ്ടു പദങ്ങളാണ്. ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം നേടാൻ കഴിഞ്ഞാൽ അവർ ഭരണഘടന പൊളിച്ചടുക്കാൻ നിശ്ചയമായും ശ്രമിക്കും. കശ്മീരിനു പ്രത്യേക പദവി അനുവദിച്ചുകൊടുക്കുന്ന ആർട്ടിക്കിൾ 370 ാം വകുപ്പ് ബിജെപി കണ്ണിലെ കരടായിട്ടാണ് കാണുന്നത്. ഏകീകൃത സിവിൽ കോഡിനു വേണ്ടിയുള്ള അവരുടെ മുറവിളിയും ശക്തമാകും. ഈ സാഹചര്യത്തിൽ ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഉജ്വലമായ പോരാട്ടങ്ങൾ തന്നെ രാജ്യത്തുടനീളം വേണ്ടിവരും.
തൊഴിലാളി വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുന്ന മോഡി സർക്കാർ പൊതുമേഖലകളെ മുഴുവൻ തകർത്ത് മൂലധന ശക്തികൾക്കു മുൻപിൽ കാഴ്ച വെയ്ക്കുകയാണ്. നവരത്‌ന കമ്പനികളും മഹാരത്‌ന കമ്പനികളും സ്വകാര്യ മൂലധനത്തിന്റെ കൈകളിൽ എത്തിപ്പെടുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആഴത്തിൽ പ്രതിസന്ധിയിലായ ബാങ്കുകളെ സഹായിക്കാനല്ല തകർക്കുന്നതിനും സ്വകാര്യവൽക്കരിക്കാനുമായിരിക്കും മോഡി ഇനി പിന്തുണ നൽകുന്നത്.
വൻകിട കോർപറേറ്റ് കമ്പനികൾക്കു വേണ്ടി കാർഷിക മേഖലയെ ആകെത്തന്നെ തകർക്കുകയാണ് നരേന്ദ്ര മോഡി. വ്യവസായികളുടെ മാത്രം താൽപര്യം നോക്കി ലാൻഡ് അക്വിസിഷൻ നിയമ ഭേദഗതി നടപ്പാക്കിയ മോഡി ഇനി എന്തെല്ലാം ചെയ്യുന്നു എന്നത് കണ്ടറിയണം. 

Latest News