Sorry, you need to enable JavaScript to visit this website.

ബെറിപ്പഴങ്ങളുടെ നാട്ടിൽ

മഞ്ഞിൽ ആളിയെരിയുന്ന തീ! വർഷത്തിന്റെ പകുതിയിലേറെയും മഞ്ഞുപെയ്യുന്ന നാട്ടിൽ മുന്നൂറ്ററുപത്തഞ്ച് ദിവസവും നിന്നു കത്തുന്ന മലയും ക്ഷേത്രവും...  കാസ്പിയൻ തീരത്തെ ബാക്കു എന്നൊരു അത്ഭുത നഗരം യാത്രികർക്കായി കരുതിവെച്ച വിസ്മയക്കാഴ്ചകൾ! അവിസ്മരണീയം, അവാച്യ സുന്ദരം... 
ശാന്തമായ കടൽത്തീരത്തെ കോഫി ഷോപ്പിൽ ഉപ്പ് രുചിക്കുന്ന ഈറൻ കാറ്റേറ്റ് മനംമയക്കുന്ന സ്വർണ വർണമുള്ള അസരി സുലൈമാനി കുടിച്ചിരിക്കുമ്പോൾ മനസിൽ തീ തിളക്കത്തോടെ തെളിഞ്ഞുനിന്ന കാഴ്ചകൾ. മധുരമിടാത്ത സുലൈമാനിക്കൊപ്പം ചേർത്ത് കഴിക്കാൻ ജാമും പഞ്ചസാര ക്യൂബുകളും മുന്നിലുണ്ടായിരുന്നിട്ടും സായാഹ്‌നത്തിന് മധുരം പകരാൻ കൂടുതൽ മികച്ചതെന്ന് തോന്നിയത് ആ കാഴ്ചകളുടെ ഓർമകളായിരുന്നു. നാടും നഗരവും തെരുവും പ്രകൃതിയും മാത്രമല്ല, അവിടുത്തെ മനുഷ്യരും വിസ്മയിപ്പിക്കുന്നതായിരുന്നു...
റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ കൂടിക്കലർന്ന അസർബൈജാന്റെ തലസ്ഥാനമാണ് ബാക്കു. പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന അസർബൈജാൻ ഇന്ന് സ്വന്തം കാലിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സ്വതന്ത്ര റിപ്പബ്ലിക്കാണ്. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനങ്ങളിൽ റിയാദിൽ നിന്ന് ഒരു പറ്റം സുഹൃത്തുക്കളോടൊപ്പം അസർബൈജാനിലേക്ക് നടത്തിയ യാത്ര ഇതുവരെ നടത്തിയതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ഭൂഭാഗത്തിലേക്കും ഭിന്നമായ ഒരു ലോകത്തേക്കുമായിരുന്നു. കാസ്പിയൻ കടലിന് മുകളിലൂടെ തലസ്ഥാന നഗരിയായ ബാക്കുവിൽ പറന്നിറങ്ങുമ്പോൾ മനസ്സ് ലാൻഡ് ചെയ്തത് ഒരു കിനാവിന്റെ സാക്ഷാത്കാരത്തിലേക്കായിരുന്നു. 

അഗ്‌നിമലയിലെ കൗതുകം 
പെരുന്നാളിൻെറ തലേന്ന് നോമ്പിൻെറ നേരിയ ആലസ്യം പിടിമുറുക്കിയ വൈകുന്നേരമാണ് ബാക്കുവിൽ വിമാനമിറങ്ങിയത്. ഹോട്ടലിൽ ഇരുന്ന് നോമ്പു തുറക്കുമ്പോഴേക്കും സൗദി അറേബ്യയിൽ പിറ്റേന്ന് പെരുന്നാൾ ഉറപ്പിച്ചെന്ന വിവരമെത്തി. എന്നാൽ അസർബൈജാനിൽ പിറ്റേന്നും നോമ്പായിരുന്നു. റമദാൻ മുപ്പതിൻെറ പൂർണതയിലായിരുന്നു അവിടെ ഈദുൽ ഫിത്വറിനായി ശവ്വാലമ്പിളി പിറന്നത്. വ്രതവുമായാണ് പിറ്റേന്ന് നഗരം കാണാനിറങ്ങിയത്. ആദ്യം പോയത് 'അറ്റേഷ്ഗാഹ്' എന്ന അഗ്‌നിയുടെ കോട്ടയിലേക്കായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണ് അറ്റേഷ്ഗാഹ് കോട്ട. നാല് 'മന്നത്' (അസർബൈജാൻ കറൻസി) യാണ് കോട്ടയിലേക്കുള്ള പ്രവേശന ഫീസ്, ഏതാണ്ട് 160 ഇന്ത്യൻ രൂപ. ഉയരം  കുറഞ്ഞ മേൽക്കൂരയുള്ള പതിനഞ്ചോളം ചെറിയ മുറികളും നടുമുറ്റം പോലെ ഒരു വിശാല ഗ്രൗണ്ടും അതിന് നടുവിൽ കെടാതെ എരിഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് അഗ്‌നി തറകളും അടങ്ങുന്നതാണ് കോട്ട. ഈ തീ തറകൾക്ക് ഒരു പുരാവൃത്തമുണ്ട്. മുമ്പത് പ്രകൃതിദത്തമായ നെരിപ്പോടുകളായിരുന്നു. ഭൂമിക്കടിയിലെ പ്രകൃതിവാതക ശേഖരത്തിൽ നിന്നാളി ഉയരുന്ന തീയായിരുന്നു അത്. സോവിയറ്റ് ഭരണ കാലത്ത് പ്രകൃതിവാതകം വാണിജ്യാവശ്യത്തിന് വൻതോതിൽ എടുത്തു തുടങ്ങിയതോടെ ശേഖരത്തിൽ കുറവുണ്ടാവുകയും തീ താനെ കെട്ടുപോകുകയും ചെയ്തു. ബാക്കു നഗരത്തിൽ നിന്ന് പൈപ്പ് ലൈനിലൂടെ വാതകം കൊണ്ടുവന്നാണ് ഇന്ന് കത്തിക്കുന്നത്.  പ്രകൃത്യാലുള്ള തീ അണഞ്ഞതോടെ അഗ്‌നി ആരാധകരായ തദ്ദേശീയ ഭക്തർ ഇവിടം ഉപേക്ഷിച്ചു പോയതായും പറയപ്പെടുന്നു. 
പ്രധാന കവാടത്തിന്  നേരെ എതിരെയുള്ള മുറിക്ക് പുറത്ത് എന്തോ കൗതുക കാഴ്ച കാണാൻ കൂടിയ പോലൊരു ചെറിയ ആൾ തിരക്ക് ശ്രദ്ധയിൽ പെട്ടു. എന്താണതെന്ന് അറിയാൻ ഞങ്ങളും അങ്ങോട്ടേക്ക് നീങ്ങി. ദുബായിൽ നിന്നെത്തിയ ഒരു കൂട്ടം മലയാളികളാണ് അവിടെ കൂടി നിന്നിരുന്നത്. ചിലർ ഫോട്ടോ എടുക്കുന്നു. മറ്റു ചിലരാകട്ടെ, തൊഴുതു നിൽക്കുകയാണ്. തിരക്ക് വകഞ്ഞുമാറ്റി അകത്ത് കയറിയപ്പോൾ കാര്യം മനസ്സിലായി. അവിടെ ഗണപതിയുടെ ഒരു ക്ഷേത്രമുണ്ട്. തുടക്കത്തിൽ പറഞ്ഞ തീമലയാണ് 'യനാർ ഡാഗ് ഫയർ മൗണ്ടൻ'. സഞ്ചാരികളുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന മല. അഗ്‌നി പർവതത്തിന്റെ ശേഷിപ്പാണിത്. ഇതാണ് ബാക്കുവിലെ പ്രധാന വിസ്മയം. 

ഗബാലയിലെ ചെറിയ പെരുന്നാൾ
മൂന്നാം ദിനം പെരുന്നാളായിരുന്നു. റമദാൻ മുപ്പത് ദിവസവും തികച്ച് മാനത്ത് ശവ്വാലമ്പിളിയുടെ കീറ് തെളിഞ്ഞപ്പോൾ തക്ബീർ ധ്വനികൾ അസർ ബൈജാനിലെ പള്ളി മിനാരങ്ങളിൽ നിന്ന് അലയടിക്കാൻ തുടങ്ങി. ബാക്കുവിൽ നിന്ന് ഇരുനൂറ്റി അമ്പതോളം കിലോമീറ്റർ അകലെയുള്ള ഗബാല നഗരത്തിൽ പെരുന്നാൾ ആഘോഷിക്കാനായിരുന്നു സംഘത്തിൻെറ തീരുമാനം. അതിനായി തലേദിവസം തന്നെ പുറപ്പെട്ടു. ഏകദേശം മൂന്നര മണിക്കൂർ ബസ് യാത്ര. എന്നാൽ ആ യാത്ര തന്നെ മനോഹരമായിരുന്നു. അതൊരിക്കലും അവസാനിക്കല്ലേ എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്ര സുഖദസുന്ദരമായ സവാരി. അത്ര മനോഹരമാണ് പുറംകാഴ്ചകൾ. ഒലീവ് മരങ്ങളും വാൾനട്ട് മരങ്ങളും കൊണ്ട് പ്രകൃതിയൊരുക്കിയ ഉദ്യാനമാണ് നിരത്തിന്റെ ഇരുവശങ്ങളിലും. മനോഹരമായ ഒരു വേലി പോലെ മരങ്ങളുടെ നിരയൊത്ത നിൽപ്. അതിന്റെ ഇലയഴികൾക്കിടയിലൂടെ അപ്പുറം നീണ്ടുനിവർന്ന് കിടക്കുന്ന ഗോതമ്പ് പാടങ്ങളും കാഴ്ചയിൽ നിറയുന്നു. ഹൃദയം കവരുന്ന കാഴ്ചകൾ. കണ്ണെടുക്കാനേ തോന്നിയില്ല.
ശൈത്യകാലം മഞ്ഞിൻെറ ഉടയാടകൾ അണിയിക്കുന്ന പർവത നിരകളുടെ മുകളിലേക്ക് റോപ്പ് വേ വഴി എത്തിക്കാനാണ് ഗൈഡ് ഞങ്ങളെ ഗബാലയിലേക്ക് കൊണ്ടുവന്നത്്. എന്നാൽ ഗബാലയിൽ ഗൈഡ് പറയാത്ത, എന്നാൽ ഞങ്ങളെ ഏറെ കൗതുകം കൊള്ളിച്ച ഒരു കാഴ്ചക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. പെരുന്നാളിന് കേരളത്തിന്റെ തനത് വസ്ര്തമായ മുണ്ടും ഷർട്ടും ധരിച്ചു അവിടെ പള്ളിയിൽ നമസ്‌കരിക്കാൻ പോകണമെന്ന് ഞങ്ങൾ യാത്രക്ക് മുമ്പേ പദ്ധതിയിട്ടിരുന്നു. രാവിലെ എട്ട് മണിക്കാണ് പെരുന്നാൾ നമസ്‌കാരം. തലേ ദിവസം ഏൽപിച്ചതനുസരിച്ചു ടാക്‌സി ഡ്രൈവർ ഹസ്സൻ അസറി കൃത്യസമയത്ത് ഹോട്ടലിൽ വന്ന് ഞങ്ങളെ പള്ളിയിലേക്ക് കൊണ്ടുപോയി. പെരുന്നാൾ നമസ്‌കാരത്തിനായുള്ള പ്രഭാഷണം തുടങ്ങിയിരിക്കുന്നു. 
ആദ്യം നമസ്‌കാരം നടന്നത് ഷിയാ മുസ്‌ലിംകളുടേത്. അതു കഴിഞ്ഞ് ഇതേ പള്ളിയിൽ സുന്നികളുടേത്. ആദ്യം നമസ്‌കാരം കഴിഞ്ഞു ഇറങ്ങി വന്ന ഷിയാ വിഭാഗം പാർക്കിൽ കാത്തുനിൽക്കുന്ന സുന്നികളെ ആശ്ലേഷിക്കുന്നു. ഈദ് ആശംസ കൈമാറുന്നു. എന്നിട്ട് ഷിയാക്കൾ സുന്നികൾക്ക് വഴിമാറിക്കൊടുക്കുന്നു. അപ്പോഴതാ പുറത്തു മറ്റൊരു കൂട്ടർ നമസ്‌കാരം കഴിഞ്ഞു വരുന്നവരെ ആലിംഗനം ചെയ്യാനും ആശംസ അറിയിക്കാനും കാത്തുനിൽക്കുന്നു. അത് അവരുടെ ക്രിസ്ത്യൻ സുഹൃത്തുക്കളാണത്രേ. അവരുടെ ഇടം തോളിലേക്ക് ചാഞ്ഞ് സ്‌നേഹം കൊണ്ട് ആശ്ലേഷിക്കുകയാണ് പള്ളിയിൽ നിന്ന് ഇറങ്ങിച്ചെന്നവർ. നോക്കി നിൽക്കേ ഉള്ളം തുടിച്ചു. കണ്ണുകളിൽ സന്തോഷത്തിന്റെ അശ്രുകണങ്ങൾ നിറഞ്ഞു. മത വംശീയ വെറികൾ ലോകത്ത് കാലുഷ്യം നിറയ്ക്കുന്ന കാലത്തും അസർബൈജാനിലെ ഈ മാനവ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കാഴ്ചകൾ ലോകത്തിന് മാതൃകയാണെന്ന് തോന്നി. മുമ്പൊരിക്കൽ അസർബൈജാൻ സന്ദർശിച്ചപ്പോൾ മാർപാപ്പ അവിടുത്തെ മതസൗഹാർദത്തെ വാഴ്ത്തിപ്പറഞ്ഞതും ഓർമയിലെത്തി. 

ബെറിപ്പഴങ്ങളുടെ തെരുവോരങ്ങൾ
ഗബാലയിലെ ഒരു രാത്രി  തണുത്ത കാറ്റേറ്റ് ഹോട്ടലിന് പുറത്ത് പടിക്കെട്ടിലിരിക്കുമ്പോൾ മഴ അതിന്റെ ചെറുതുള്ളികളെ പാറത്തിവിട്ട് മുഖത്ത് സ്പർശിച്ചു. വിവിധയിനം ഫലവൃക്ഷങ്ങളുടെ തോട്ടങ്ങളിൽ നിന്ന് അതിനോടൊപ്പം പാറിവന്ന കാറ്റിൽ നിന്ന് ബെറിപ്പഴങ്ങളുടെ നേർത്ത ഗന്ധം തിരിച്ചറിഞ്ഞു. വിവരിക്കാൻ വാക്കുകൾ മതിയാകാത്ത അനുഭൂതിയാണ് ആ കാറ്റും മഴത്തുള്ളികളും നൽകിയത്. ബാക്കുവിലും ഗബാലയിലും മാത്രമല്ല അസർബൈജാന്റെ പ്രധാന തെരുവോരങ്ങളിലെല്ലാം തോട്ടത്തിൽ നിന്ന് ഇറുത്ത് കൊണ്ടുവന്നതു പോലുള്ള വിവിധയിനം ബെറിപ്പഴങ്ങൾ നിറഞ്ഞിരിക്കുന്നത് എല്ലാ ദിവസത്തേയും കാഴ്ചയായിരുന്നു. വഴിയാത്രക്കാരെ ആകർഷിക്കും വിധം ചെറിയ പാത്രങ്ങളിൽ മനോഹരമായി അടുക്കിവെച്ചാണ് കച്ചവടം. സ്‌ട്രോബെറി, മൾബറി, ബ്ലാക്ക് ബെറി, റെഡ് ചെറി, ബ്ലാക്ക് ചെറി തുടങ്ങിയവയാണ് പ്രധാനയിനങ്ങൾ. ഗ്രാമങ്ങളിൽ സ്വന്തമായി കൃഷി ചെയ്ത് നഗരങ്ങളിൽ വിൽപനക്ക് എത്തിക്കുന്ന കർഷകരാണ് കൂടുതലും. കച്ചവട തന്ത്രങ്ങളൊന്നും അറിയാത്ത പാവം കർഷകർ. കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ തയാറായവർ. വിഷം പുരളാത്ത ഓർഗാനിക് വിശുദ്ധിയുള്ള പഴങ്ങൾ. ഭക്ഷണം ഒരു നേരത്തിലൊതുക്കി ബാക്കി സമയമെല്ലാം ബെറികളും ചെറികളും തിന്നാനായി ഞങ്ങൾ മാറ്റിവെച്ചു. വായ്ക്ക് നല്ല രുചി. വയറ്റിന് നല്ല സുഖവും. പഴങ്ങളുടെ രുചി ഗംഭീരം. വൈറ്റമിനുകളുടെ കലവറയായ പഴവർഗങ്ങൾ നൽകുന്ന പ്രസരിപ്പ് വേറെയും. 

സിനാനെന്ന സ്‌ട്രോബറി വിൽപനക്കാരൻ
'സേൻ സിനാൻ ഗോറുസ്ടുൻ' മൊബൈലിലെ ചിത്രം കാണിച്ചു കൊടുത്ത്  സിനാനെ അന്വേഷിക്കാൻ ടാക്‌സി ഡ്രൈവർ ഹസ്സൻ പഠിപ്പിച്ച അസറി ഭാഷയിലെ പ്രയോഗമാണിത്. 'നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന സിനാനെ കണ്ടിരുന്നോ' എന്നാണ് അതിനർത്ഥം. ഈ അസരി ചോദ്യവുമായി ഞാൻ സിനാനെ പലയിടത്തും അന്വേഷിച്ചു. അവനെ കുറിച്ച് ആർക്കും ഒരറിവുമില്ല. കൗതുകം കൊണ്ടാണ് അവനോട് കുശലാന്വേഷണം നടത്തിയത്. പെരുന്നാൾ ആഘോഷിക്കാനുള്ള പണം കണ്ടെത്താനാണ് സ്‌ട്രോബറി വിൽക്കാൻ വന്നതെന്നും താൻ പണവുമായി ചെല്ലുന്നത് കാത്തിരിക്കുകയാണ് വീട്ടിലുള്ളവരെന്നും അറിയാത്ത ഭാഷകളിലൂടെയുള്ള ആശയവിനിമയത്തിനിടയിലെ മാനുഷിക ഭാവങ്ങളിലൂടെ മനസ്സിലാക്കി. 
ഹൃദയം കൊണ്ട് സംസാരിക്കുമ്പോൾ ഭാഷ ഒരു പ്രശ്‌നമല്ലല്ലോ. അവന്റെ തോളിൽ കൈവെച്ചപ്പോൾ എന്നിലേക്കവൻ ചേർന്നുനിന്നു. കൈയിലുള്ള ചില്ലറ 'മനാത്ത്' അവന് കൊടുത്തു. പിന്നീട് തമ്മിൽ പിരിഞ്ഞു. ഞാൻ ടാക്‌സിയിൽ കയറി ഒരിടത്തേക്ക് പോയി. പിന്നീട് അവനെ കുറിച്ചാലോചിച്ചപ്പോൾ വീണ്ടും കാണാനും അവൻെറ വീട്ടുകാരെ കുറിച്ച് കൂടി അറിയാനും ആഗ്രഹം തോന്നി. അങ്ങനെയാണ് ഞങ്ങളുടെ ടാക്‌സി ഡ്രൈവർ ഹസ്സൻെറ സഹായം തേടിയത്. അയാൾ പഠിപ്പിച്ച അസരി ഭാഷയിലെ ചോദ്യവുമായി രാവിലെ മുതൽ സിനാനെ അനേഷിക്കാൻ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. 'ബിസ് ബിൽമിരിക്' (ഞങ്ങൾക്കറിയില്ല) എന്ന മറുപടിയാണ് അന്വേഷിച്ചവരിൽ നിന്നെല്ലാം കിട്ടിയത്. 

അസരി സുലൈമാനിക്ക് മാൾബറി ജാമിൻെറ കൂട്ട്
ഗ്രാമ്പു ചേർത്ത് പ്രത്യേക തരം തേയിലയിൽ മധുരമില്ലാതെ തിളപ്പിച്ച ഒന്നാന്തരം അസരി സുലൈമാനി. ഒരിറക്ക് സുലൈമാനിക്ക് ഒരു ചെറുസ്പൂൺ ജാം സമം ചേർത്ത് കഴിക്കലാണ് നാട്ടുനടപ്പെന്ന് കടയുടമ ഫെർമിൻ പറഞ്ഞു തന്നു. അറബികൾ ഖഹ്‌വക്കൊപ്പം ഈത്തപ്പഴം കഴിക്കും പോലെ ഞങ്ങളത് തുടർന്നുകൊണ്ടിരുന്നു. ഗബാലയിൽ നിന്ന് ബാക്കുവിലേക്കുള്ള മടക്ക യാത്രയിലാണ് വഴിയോരത്തുള്ള ഫെർമിന്റെ തട്ടുകടയിൽ ഞങ്ങൾ കയറിയത്. മടങ്ങും മുമ്പ് അസർബൈജാനിലെ പാരമ്പര്യ ഭക്ഷണയിനമായ 'ഖുതുബ്' (പരത്തിയെടുത്ത ഗോതമ്പ് മാവിനകത്ത് ഇലകൾ ചേർത്ത് ചട്ടിക്ക് മുകളിൽ വെച്ച് ചുട്ടെടുക്കുന്ന റൊട്ടി) കഴിക്കണമെന്ന് സഹയാത്രിക റിയ ഷകീബ് ആദ്യമേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഖുതുബിനൊപ്പം ചുട്ട ആടും ബാർ ബി ക്യു ചിക്കനുമാണ് നല്ല കോമ്പിനേഷൻ. പക്ഷേ മസാല ചേർത്ത് ചുട്ടെടുക്കാൻ സമയം ഏറെ വേണം.  
ഫെർമിന്റെ ഭാര്യ സനമാണ് ഖുതുബ് ചുട്ടെടുക്കുന്നത്. രണ്ടെണ്ണം ഓർഡർ ചെയ്തു. എന്നാൽ രണ്ടിലൊതുങ്ങിയില്ല. പിന്നെ ചുട്ടതെല്ലാം ഞങ്ങൾ തന്നെ തിന്നുതീർത്തുകൊണ്ടിരുന്നു. വയറു  നിറയെ കഴിച്ചു. ഫെറിനൊപ്പം ഫോട്ടോയും കൂടി പകർത്തിയാണ് അവിടം വിട്ടത്.
 

Latest News