Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍ വീണ്ടും പടയൊരുക്കം; ആയിരം യു.എസ് സൈനികര്‍ കൂടി വരുന്നു

വാഷിംഗ്ടണ്‍- ഗള്‍ഫ് മേഖലയില്‍ ആയിരം യു.എസ് സൈനികരെ കൂടി വിന്യസിക്കാന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ അനുമതി നല്‍കി. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ ആക്രമിച്ചത് ഇറാനാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നതിനിടയിലാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ പെന്റഗണ്‍ ആക്ടിംഗ് മേധാവി പാട്രിക് ഷനഹാന്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഒമാന്‍ കടലിടുക്കില്‍ ജൂണ്‍ 13ന് എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇറാനെതിരെ തന്ത്രപ്രധാന തിരിച്ചടിക്ക് അമേരിക്ക ഒരുങ്ങുകയാണെന്ന് ന്യൂയോര്‍ക്കിലെ യു.എന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. 

http://malayalamnewsdaily.com/sites/default/files/2019/06/18/usguards.jpg  

മിഡില്‍ ഈസ്റ്റില്‍ കര, നാവിക, വ്യോമ മേഖലയില്‍ ഉടലെടുത്ത പുതിയ ഭീഷണികള്‍ കണക്കിലെടുത്ത് സൈന്യത്തെ വര്‍ധിപ്പിക്കണമെന്ന യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആവശ്യം അംഗീകരിച്ചതായി ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ഷനഹാന്‍ വെളിപ്പെടുത്തി. യു.എസ് ഭരണകൂടവുമായി ചര്‍ച്ച നടത്തിയ സംയുക്ത സേനാ മേധാവി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാനും ഇറാന്‍ പിന്തുണക്കുന്ന സായുധ സംഘങ്ങളും അമേരിക്കന്‍ സൈനികര്‍ക്കും താല്‍പര്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ കൃത്യവും വിശ്വസനീയവുമാണെന്ന് തെളിയിക്കുന്നതാണ് ഈയിടെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെന്ന് പാട്രിക് ഷനഹാന്‍ പറഞ്ഞു.

പാട്രിയറ്റ് മിസൈലുകളും ആണവ ശേഷിയുള്ള ബോംബര്‍ വിമാനങ്ങളും വിമാന വാഹിനയും അയച്ച്  മേയ് ആദ്യം മുതല്‍ മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം അമേരിക്ക വര്‍ധിപ്പിച്ചിരിക്കയാണ്. നിലവില്‍ 1500 സൈനികരാണ് ഗള്‍ഫിലുള്ളത്. ഇറാനില്‍നിന്നുള്ള ഭീഷണിയെ മുന്‍നിര്‍ത്തിയാണ് ഗള്‍ഫ് മേഖലയില്‍ പടയൊരുക്കമെന്ന് അമേരിക്ക അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മേഖലയിലുണ്ടായ പല സംഭവങ്ങള്‍ക്കു പിന്നിലും ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഈ സംഭവങ്ങളിലൊന്നും പങ്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു.

http://malayalamnewsdaily.com/sites/default/files/2019/06/18/usnavy.jpg

ജപ്പാന്‍ കപ്പലായ കൊകുക കറേജസിനും നോര്‍വീജിയന്‍ കപ്പലായ ഫ്രണ്ട് ആള്‍ട്ടെയറിനും കേടുപാടുകള്‍ വരുത്തിയത് ഇറാനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്.
ലോകത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന് അമേരിക്ക വ്യാജ കാരണങ്ങള്‍ നിരത്തുന്നതിന്റെ തുടര്‍ച്ചയാണിതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

 

Latest News