Sorry, you need to enable JavaScript to visit this website.

ഓഹരി വിപണിയിൽ തളർച്ച; നിക്ഷേപ മേഖലയിൽ ആശങ്ക

ഇന്ത്യൻ ഓഹരി വിപണിക്ക് മുകളിൽ പ്രതികൂല വാർത്തകൾ കാർമേഘമാവുന്നു. ഫണ്ടുകൾ നിക്ഷേപത്തോത് കുറച്ചത് സെൻസെക്‌സും നിഫ്റ്റിയും  തുടർച്ചയായ രണ്ടാം വാരത്തിലും തളർത്തി.  ബോംബെ സൂചിക 163 പോയന്റും നിഫ്റ്റി 47 പോയന്റും പ്രതിവാര നഷ്ടത്തെ അഭിമുഖീകരിച്ചു.
ഇന്ത്യയിൽ നിന്നുള്ള ചില ഉൽപന്നങ്ങൾക്ക് യു.എസ് അധിക തീരുവ ഏർപ്പെടുത്തിയതും അതേ നാണയത്തിൽ അവിടെ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യയും തീരുവ ഉയർത്തിയതും നിക്ഷേപ മേഖലയിൽ ആശങ്ക ജനിപ്പിച്ചു. മാസാരംഭത്തിൽ വാണിജ്യ പദവിയിൽ അമേരിക്ക വരുത്തിയ മാറ്റങ്ങളാണ് അവരുടെ ഡ്യൂട്ടി വർദ്ധനയ്ക്ക് പിന്നിൽ.
നിഫ്റ്റി സൂചികയ്ക്ക് 12,000 പോയന്റിൽ തടസ്സം ഉടലെടുക്കുകയാണ്. പിന്നിട്ടവാരം ഈ റേഞ്ചിലേയ്ക്ക് ഉയരാൻ നടത്തിയ ശ്രമം 11,996 ൽ അവസാനിച്ചു. മുൻവാരം വ്യക്തമാക്കിയ 11,763 ലെ താങ്ങ് വിപണി നിലനിർത്തുകയാണ്. ഉയർന്ന റേഞ്ചിൽ നിന്ന് 11,797 വരെ ഇടിഞ്ഞ നിഫ്റ്റി വാരാന്ത്യം 11,823 പോയന്റിലാണ്. ഈവാരം ആദ്യ ലക്ഷ്യം 11,947 ലെ പ്രതിരോധം മറികടക്കുകയാണ്. ഇതിനായില്ലെങ്കിൽ വിപണി 11,748-11,673 പോയന്റിലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.  
ബോംബെ സെൻസെക്‌സ് 40,046 വരെ കയറിയെങ്കിലും ഈ അവസരത്തിൽ ഉടലെടുത്ത വിൽപന സമ്മർദം തിരിച്ചടിയായി. ഇതോടെ 39,363 ലേയ്ക്ക് സൂചിക ഇടിഞ്ഞ ശേഷം 39,452 ൽ ക്ലോസിങ് നടന്നു. സെൻസെക്‌സ് 39,194 ലെ സപ്പോർട്ട് നിലനിർത്തി 39,877 ലേയ്ക്ക് ഉയരാൻ ഈവാരം ശ്രമിക്കാം. ആ നീക്കം വിജയിച്ചാൽ 40,303 നെ സൂചിക ഉറ്റുനോക്കും. എന്നാൽ സ്ഥിതിഗതികൾ അനുകൂലമല്ലാത്ത സാഹചര്യത്തിൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്‌സ് 38,937 വരെ തളരാം. 
   രാജ്യത്തെ പത്ത് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ 34,250.18 കോടി രൂപയുടെ വർധന. പോയവാരം ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് ടി സി എസാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഇൻഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയും നേട്ടത്തിലാണ്. അതേ സമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്.യു.എൽ, എച്ച്ഡിഎഫ്‌സി, കോടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് തിരിച്ചടി. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വിനിമയ നിരക്ക് 69.28 ൽ നിന്ന് 69.81 ലേയ്ക്ക് നീങ്ങി. എണ്ണ വിപണിയിലെ ചലനങ്ങൾ രൂപയ്ക്ക് സമ്മർദമാവും. മികവിന് ശ്രമിച്ചാൽ 69.06 വരെ രൂപ ശക്തി പ്രാപിക്കാമെങ്കിലും ഇപ്പോഴത്തെ നിലയ്ക്ക് മൂല്യം 70.23 - 70.63 ലേയ്ക്ക് ഇടിയാം. 
ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാം. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഓയിൽ ടാങ്കറുകൾ ചരക്ക് കൂലിയും  ഇൻഷുറൻസ് തുകയും വർദ്ധിപ്പിച്ചു. ഇതോടെ മധ്യപൗരസ്ത്യ ദേശത്തു കൂടി കടന്നു പോകുന്ന കപ്പൽ കൂലിയിലെ വർദ്ധന ഇറക്കുമതി രാജ്യങ്ങൾക്ക് ഭാരമാവും. ക്രൂഡ് ഓയിൽ വില ബാരലിന് 63.02 ഡോളറിലാണ്. അതേ സമയം ആഗോള തലത്തിൽ എണ്ണയ്ക്ക് ഡിമാണ്ട് മങ്ങുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ വിലയിരുത്തൽ. ഒപെക്കും നടപ്പ് വർഷം ആവശ്യം ചുരുങ്ങുമെന്ന നിലപാടിലാണ്. 
ഇന്ത്യയുടെ മൊത്ത ഭക്ഷ്യ വില സൂചിക കഴിഞ്ഞ മാസം 5.10 ശതമാനം ഉയർന്നു, ഏപ്രിലിൽ ഇത് 4.95 ശതമാനമായിരുന്നു. വിപണിയുടെ ദിശയിൽ നിന്ന് വീക്ഷിച്ചാൽ ഇത് തിരിച്ചടിയാണ്. വാഹന വിൽപനയിലെ ഇടിവും ശുഭകരമല്ല. ചില്ലറ വിൽപന കഴിഞ്ഞ മാസം 7.5 ശതമാനമായി കുറഞ്ഞു. നഗര, ഗ്രാമ വിപണികളിലെ ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ 8.6 ശതമാനം കുറഞ്ഞു. ഇന്ത്യൻ യാത്രാ വാഹനങ്ങളും ഇരുചക്ര വാഹന നിർമാതാക്കളും ഇരട്ട അക്കത്തിൽ ഉൽപാദനം കുറയ്ക്കുകയാണ്. അതേ സമയം മൺസൂൺ രാജ്യത്ത് സജീവമാകുന്നതോടെ സ്ഥിഗതികളിൽ കാര്യമായ മാറ്റത്തിന് ഇടയുണ്ട്. 
യു എസ് ഫെഡ് റിസർവ് വാരമധ്യം വായ്പാ അവലോകനം നടത്തും. പലിശ നിരക്ക് ഉയർത്തുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഇതിനിടയിൽ ഓയിൽ ടാങ്കർ ആക്രമണം, യുഎസ്‌ചൈന വ്യാപാര യുദ്ധ പുരോഗതി, അമേരിക്കയും തെഹ്‌റാനും തമ്മിലുള്ള നയതന്ത്ര രാഷ്ടീയ നീക്കങ്ങളും വിപണികളെ പിടിച്ച് ഉലയ്ക്കാം. നടപ്പ് മാസം ആദ്യ പകുതിയിൽ ആഭ്യന്തര വിപണിയിൽ വിദേശ നിക്ഷേപം ഉയർന്നു. ജൂണിൽ ഇതിനകം 11,132 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തി. ഓഹരി വിപണിയിൽ 1,517.12 കോടി രൂപയും കടപ്പത്രത്തിൽ 9615.64 കോടി രൂപയും അവർ നിക്ഷേപിച്ചു. 
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഏഷ്യൻ, യൂറോപ്യൻ ഓഹരി ഇൻഡക്‌സുകളിൽ കരിനിഴൽ വീഴ്ത്തി. വാരാന്ത്യം അമേരിക്കൻ മാർക്കറ്റുകളിലും ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചു.
 

Latest News