Sorry, you need to enable JavaScript to visit this website.

സ്വർണക്കുതിപ്പ്; പവന് 24,560 രൂപ

കേരളത്തിൽ സ്വർണം റെക്കോർഡ് പ്രകടനം കാഴ്ചവെച്ചു, പശ്ചിമേഷ്യൻ സംഘർഷാവസ്ഥ നിക്ഷേപകരെ ആഗോള വിപണിയിലേയ്ക്ക് ആകർഷിച്ചു. സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണത്തിന് തയാറെടുക്കുന്നു. ഏലക്ക ലേലത്തിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. കുരുമുളക് വില ഇടിഞ്ഞു. ടയർ കമ്പനികൾ റബർ വില ഉയർത്തിയിട്ടും ടാപിങ് രംഗത്ത് മാന്ദ്യം.
പവൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് പ്രവേശിച്ചു. തിങ്കളാഴ്ച 24,320 രൂപയിൽ വിൽപന തുടങ്ങിയ പവൻ വെള്ളിയാഴ്ച 240 രൂപയുടെ മികവുമായി 24,560 ലേയ്ക്ക് കയറി. അന്ന് വ്യാപാരം അവസാനിക്കുമ്പോൾ നിരക്ക് വീണ്ടും 160 രൂപ വർധിച്ച് സർവകാല റെക്കോർഡായ 24,720 രൂപയായി. ഒരു ഗ്രാമിന് വില 3090 രൂപയിലെത്തി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 24,640 രൂപയുടെ റെക്കോർഡാണ് വിപണി മറികടന്നത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 24,560 രൂപയായി. വിവാഹ സീസൺ കഴിഞ്ഞതിനാൽ ആഭരണ കേന്ദ്രങ്ങളിൽ തിരക്ക് കുറവാണ്. എന്നാൽ ചിങ്ങത്തിലെ വിവാഹ സീസണിന് മുന്നോടിയായി അടുത്ത മാസം വിവാഹ പാർട്ടികൾ രംഗത്ത് സജീവമാകും. 
ന്യൂയോർക്കിൽ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ട്രോയ് ഔൺസിന് 1340 ഡോളറിൽ നിന്ന് 1359 ഡോളർ വരെ കയറി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ വിലക്കയറ്റത്തിന് വേഗത പകർന്നു. മെയ് അവസാനം 1270 ഡോളറിൽ നീങ്ങിയ സ്വർണം കേവലം പതിനൊന്ന് ദിവസം കൊണ്ട് 89 ഡോളർ ഉയർന്നു. വെള്ളിയാഴ്ച ഇടപാടുകളുടെ അവസാന മണിക്കൂറിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ നിരക്ക് 1341 ഡോളറായി കുറഞ്ഞു.
സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സ്വർണം ബുള്ളിഷ് ട്രന്റ് നിലനിർത്തുകയാണ്. ഈ വാരം 1359 ഡോളറിലെ പ്രതിരോധം മറികടന്നാൽ 1387-1420  ഡോളർ വരെ വരും ആഴ്ചകളിൽ നിരക്ക് ഉയരാം. സാങ്കേതിക തിരുത്തൽ അനുഭവപ്പെട്ടാൽ 1315-1294  ഡോളറിൽ താങ്ങുണ്ട്. 
നാളികേര കർഷകർക്ക് താങ്ങ് പകരാൻ പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ ഏജൻസി. കൊപ്രയും തേങ്ങയും ഏതാനും മാസങ്ങളായി വില തകർച്ചയിലാണ്. സംഭരണം വഴി  കർഷക കുടംബങ്ങൾക്ക് താങ്ങ് പകരാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്. 
കേരഫെഡ് സൊസൈറ്റികൾ വഴി സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി കേന്ദ്ര ഏജൻസിയായ നാഫെഡിന് കൈമാറും. നിലവിൽ ക്വിൻറ്റലിന് 2500 രൂപയാണ് പച്ചത്തേങ്ങ വില. ഇത് 2700 രൂപയായി ഉയർത്താനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു. 9521 രൂപയ്ക്കാവും കൊപ്ര സംഭരിക്കുക. കൊപ്രയുടെ വിപണി വില 8700 രൂപ മാത്രമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില 13,000 രൂപ. 
വാരാന്ത്യം നടന്ന ഏലക്ക ലേലത്തിൽ മികച്ചയിനങ്ങളുടെ വില സർവകാല റെക്കോർഡിലേയ്ക്ക് കയറി. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 4000 രൂപയുടെ റെക്കോർഡ് പഴങ്കഥയാക്കി മാറ്റിക്കൊണ്ട് മികച്ചയിനം ഏലക്ക കിലോ 4503 രൂപയിലെത്തി. 
ഹൈറേഞ്ചിൽ നിന്നുള്ള കുരുമുളക് നീക്കം ചുരുങ്ങിയിട്ടും ഉൽപന്ന വില താഴ്ന്നു. മഴ കണക്കിലെടുത്ത് സ്‌റ്റോക്കിസ്റ്റുകൾ കാര്യമായി ചരക്ക് ഇറക്കിയില്ല. ഉത്തരേന്ത്യയിലെ ഉത്സവ സീസണിനായി ഉറ്റുനോക്കുകയാണ് കാർഷിക മേഖല. മഴ ആരംഭിച്ചതോടെ കുരുമുളകിൽ ജലാംശ തോതിൽ മാറ്റം കണ്ടു തുടങ്ങി. ഉണക്ക് കൂടിയ ചരക്കിലാണ് ഉത്തരേന്ത്യകാർ താൽപര്യം കാണിക്കുന്നത്. പോയവാരം 900 രൂപ ഇടിഞ്ഞ് അൺ ഗാർബിൾഡ് 34,300 രൂപയായി. ഗാർബിൾഡ് കുരുമുളക്  36,300 ൽ വ്യാപാരം നടന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5600 ഡോളർ.     
കൊച്ചി വിപണിയിൽ ചുക്ക് സ്‌റ്റോക്ക് ചുരുങ്ങിയിട്ടും നിരക്ക് ഉയരുന്നില്ല. വിപണി വില കിലോ 260-290  രൂപയിൽ നീങ്ങുമ്പോൾ കാർഷിക മേഖലകളിൽ 300-312 രൂപയ്ക്ക് വരെ ചുക്ക് വില കയറി. ഉത്തരേന്ത്യയിൽ വിദേശ ചുക്ക് വൻതോതിൽ സ്‌റ്റോക്കുണ്ട്. നൈജീരിയ, ബർമ്മ, ചൈന ചുക്ക് ഇറക്കുമതി നടത്തിയിട്ടുണ്ട്. കൊച്ചിയിൽ ചുക്ക് വില ക്വിൻറ്റലിന് 22,500 - 29,000 രൂപ.
 വില ഉയർത്തിയിട്ടും ടയർ കമ്പനികൾക്ക് കാര്യമായി റബർ ലഭിച്ചില്ല. വിപണികളിൽ ലഭ്യത കുറഞ്ഞത് ടയർ നിർമാതാക്കളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ജൂൺ ആദ്യം 14,400 ൽ വ്യാപാരം നടന്ന നാലാം ഗ്രേഡ് ഇതിനകം 15,500 വരെ കയറി. വ്യവസായികൾ നിരക്ക് ഉയർത്തിയെങ്കിലും പ്രതീക്ഷിച്ച തോതിൽ ഷീറ്റ് സംഭരിക്കാനായില്ല. വിദേശ മാർക്കറ്റുകളിലും റബർ മികവിലാണ്. 

Latest News