Sorry, you need to enable JavaScript to visit this website.

പവർഫുൾ പവർ എൻജിനീയർ

ഗൾഫ് മേഖലയിൽ ആദ്യത്തെ പവർ ഇലക്‌ട്രോണിക്‌സ് നിർമാണ പ്ലാന്റിന് പിന്നിൽ പ്രവർത്തിച്ച എൻജിനീയറിംഗ് പ്രതിഭ ഒരു മലയാളിയാണ്- കോട്ടയം സ്വദേശി ജേക്കബ് തോമസ്. ഇന്ത്യയിലെ പ്രമുഖ പവർ ഇലക്‌ട്രോണിക്‌സ് നിർമാണക്കമ്പനിയായ ഇറാം മാഗ്നാഫഌക്‌സ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഡയരക്ടർ കൂടിയായ ജേക്കബ് തോമസ് കഴിഞ്ഞ എട്ടു വർഷമായി അൽകോബാർ ആസ്ഥാനമായ അറേബ്യൻ പവർ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ ജനറൽ മാനേജരാണ്. 

വൈദ്യുതി ബന്ധങ്ങളുടെ അപ്രതീക്ഷിതമായ സ്തംഭനത്തെ പ്രതിരോധിക്കാനും ഏറ്റവും മർമപ്രധാനമായ മെഷിനറികളുടേയും കംപ്യൂട്ടറുൾപ്പെടെയുള്ള ഹൈടെക് ഉപകരണങ്ങളുടേയും പ്രവർത്തന നൈരന്തര്യത്തിന് വിഘാതമുണ്ടാകാതിരിക്കാനും കണ്ടെത്തിയ യു.പി.എസ്, ബാറ്ററി ചാർജർ സംവിധാനത്തിന് സൗദി അറേബ്യയിൽ ആദ്യമായി എൻട്രി നൽകിയതിൽ കോട്ടയത്തുകാരനായ എൻജിനീയർ ജേക്കബ് തോമസിന്റേയും വിരലടയാളം പതിഞ്ഞിട്ടുണ്ട്. 
ഈ രംഗത്ത് കാൽ നൂറ്റാണ്ടിലേറെയായുള്ള പ്രവർത്തന പരിചയമുള്ള ഇദ്ദേഹത്തിന്റെ ശ്രമഫലമായി അൽകോബാർ ആസ്ഥാനമായുള്ള അറേബ്യൻ പവർ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ (അപെക്) അതിവിപുലമായ മാനുഫാക്ചറിംഗ് പ്ലാന്റ് അടുത്ത് തന്നെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്‌കേക്കിൽ ഉദ്ഘാടനം ചെയ്യപ്പെടും. ഊർജ പ്രതിസന്ധി ഇല്ലാതാക്കാനും വൻകിട-ചെറുകിട വ്യവസായ സംരംഭങ്ങളുടെ ശീഘ്ര പ്രയാണത്തെ ത്വരിതഗതിയിലാക്കാനുമുദ്ദേശിച്ചുള്ളതാണ് പുതുതായി ആരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റെന്ന് ജേക്കബ് തോമസ് മലയാളം ന്യൂസിനോട് പറഞ്ഞു.
സൗദി അറേബ്യയിലെ മൂന്ന് പ്രവിശ്യകളിലേയും ഓഫീസുകൾക്ക് പുറമെ ദുബായ്, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലും അപെക് കമ്പനികൾക്ക് ആസ്ഥാനമുണ്ട്. അടുത്ത് തന്നെ ജോർദാൻ തലസ്ഥാനമായ അമ്മാനിലും കമ്പനി പ്രവർത്തനം തുടങ്ങും. സൗദിയിലെ വിവിധ ശാഖകളിൽ ഈ രംഗത്ത് പരിശീലനം ലഭിച്ച സൗദി വനിതകളുൾപ്പെടെ നൂറിലധികം പേർ ജോലി ചെയ്യുന്നുണ്ട്. 
പവർ എൻജിനീയറിംഗ് രംഗത്തെ പ്രൊഫഷണലുകളെ കണ്ടെത്തുന്നതിനും അവർക്കാവശ്യമായ പരിശീലനം നൽകുന്നതിനുമുള്ള വിപുലമായ സംവിധാനവുമുണ്ട്. സൗദി സൈനിക ക്യാമ്പുകളിലേക്കാവശ്യമായ യു.പി.എസ്-ബാറ്ററി ചാർജർ പവർ വിതരണത്തിനുള്ള മിലിട്ടറി അധികൃതരുടെ ഔദ്യോഗിക അനുമതിയും 'അപെകി'ന് ലഭിച്ചിട്ടുണ്ടെന്നും ഈ മേഖലയിലും തങ്ങൾ മുൻനിര സപ്ലൈയർ എന്ന പദവി നേടിയെടുക്കുമെന്നും ജേക്കബ് തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി പവർ ഇലക്‌ട്രോണിക്‌സ് മേഖലയിൽ 25 വർഷമായി സേവനമനുഷ്ഠിക്കുന്ന ജേക്കബ് തോമസ്(46) മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇൻഡസ്ട്രിയൽ ഇലക്‌ട്രോണിക്് എൻജിനീയറിംഗിൽ ബിരുദം നേടി. പിന്നീട് ചെന്നൈ അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കി. 1993 ൽ 'ന്യൂമെറിക് മെർലിൻ ജെറിനി'ൽ സർവീസ് എൻജിനീയറായി ജേക്കബ് തോമസ് തന്റെ കരിയറിന് ആരംഭം കുറിച്ചു. അഞ്ചു വർഷത്തെ കഠിനാധ്വാനവും സത്യസന്ധമായ പ്രവർത്തനവും അദ്ദേഹത്തെ കമ്പനിയുടെ സെയിൽസ് മാനേജർ പദവിയിലേക്കുയർത്താൻ സഹായിച്ചു. 
ഈ രംഗത്ത് കൂടുതൽ പഠിക്കുന്നതിനും പ്രായോഗിക മേഖലയിൽ അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് പരീക്ഷിക്കുന്നതിനും കിട്ടാവുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി. പവർ മേഖലയിലെ പുതിയ വിവരങ്ങൾ അറിയാനും അവ സമയാമസമയങ്ങളിൽ അപ്‌ഡേറ്റ് ചെയ്യാനുമുള്ള അർപ്പണബോധമാണ് ജേക്കബ് തോമസിനെ ഉയരങ്ങളിലെത്തിച്ചത്. അതിന് 'ന്യൂമെറിക് മെർലിൻ ജെറിനി'ലെ അഞ്ചു വർഷത്തെ സേവനം നല്ല സഹായമാവുകയും ചെയ്തു. ഇന്ത്യൻ വിപണികളിൽ ഈ കമ്പനിയുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും കമ്പനി മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതിനുമുള്ള അവസരം ലഭിച്ചു.
2000 ൽ സൗദിയിലെ യു.പി.എസ്-ബാറ്ററി ചാർജർ ബിസിനസ് കൈകാര്യം ചെയ്യുന്ന ദാർഅൽ റിയാദിലേക്ക് മാറി. ആറു വർഷം ഈ കമ്പനിയുടെ ബിസിനസ് യൂണിറ്റ് മേധാവിയായിരുന്ന ജേക്കബ് തോമസ് പിന്നീട് ദുബായിലെ റീട്ടെയിൽ സെയിൽസ് മാനേജറായി അങഋഠഋഗ ൽ ചേർന്നു. യു.പി.എസ് സിസ്റ്റം, ബാറ്ററി ചാർജറുകൾ, റെക്റ്റിഫയർ എന്നിവയുൾപ്പെടെ അമേരിക്കയിൽ നിന്നുള്ള പ്രമുഖ ഉപകരണ നിർമാതാക്കളാണ് അങഋഠഋഗ. ഇതോടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കമ്പനിയുൽപന്നങ്ങളുടെ വിപണന ശൃംഖല വ്യാപകമാക്കി.
2011 ൽ ജേക്കബ് തോമസ് അപെക് ജനറൽ മാനേജരായി ചുമതലയേറ്റു. അങ്ങനെയാണ് ജി.സി.സി രാജ്യങ്ങളിലെ ആദ്യത്തെ പവർ ഇലക്‌ട്രോണിക്‌സ് നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നിയോഗമുണ്ടാകുന്നതും അത് വിജയകരമാക്കാൻ ഭാഗ്യമുണ്ടായതും. 
യു.പി.എസ് സിസ്റ്റം, ബാറ്ററി ചാർജറുകൾ, ഫ്രീക്വൻസി കൺവെർട്ടറുകൾ തുടങ്ങിയവ നിർമിക്കാനുള്ള അത്യാധുനിക സൗകര്യങ്ങളുമായാണ് അപെക് ഈ രംഗത്ത് കുതിച്ചുചാട്ടം നടത്തിയത്. സെയിൽസ്, മാർക്കറ്റിംഗ്, എൻജിനീയറിംഗ്, പ്രൊഡക്ഷൻ, പ്രോജക്ട് ആന്റ് സപ്പോർട്ട് ഡിവിഷൻ ഉൾപ്പെടെ സമ്പൂർണ ബിസിനസ് ലൈൻ വികസിപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ട് അപെകിനെ സ്വതന്ത്ര ലാഭമുണ്ടാക്കുന്ന വിഭാഗമാക്കി മാറ്റാനും ജേക്കബ് തോമസിന്റെ നേതൃപാടവത്തിന് സാധിച്ചു.  
ഇറാം മാഗ്നാഫഌക്‌സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (ഇ.എം.എസ്.പി.എൽ) ഏറ്റെടുക്കുന്നതിനുള്ള പ്രധാന ഇനിഷ്യേറ്ററായി പ്രവർത്തിക്കാനും ജേക്കബ് തോമസിന് ഈ കാലയളവിൽ സാധിച്ചു. ഇന്ത്യയിലെ പ്രമുഖ പവർ ഇലക്‌ട്രോണിക്‌സ് നിർമാണ കമ്പനിയാണ് ഇ.എം.എസ്.പി.എൽ. നിലവിൽ പൂനെ ആസ്ഥാനമായ ഈ കമ്പനിയുടെ ഡയരക്ടർ പദവിയും പി.ആന്റ് എൽ ചുമതലയും വഹിക്കുന്നതും ജേക്കബ് തോമസാണ്.
സൗദിയിലും ഗൾഫിലും ജോർദാനിലും മറ്റും ഇന്ത്യൻ പവർ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ വൈദഗ്ധ്യം പരിചയപ്പെടുത്തുന്നതിനും ഒപ്പം സൗദിയുടെ വിഷൻ-2030 പദ്ധതിയിൽ ഇന്ത്യൻ പങ്കാളിത്തം ഉറപ്പ് വരുത്തുമ്പോൾ അപെക് കൂടി അതിൽ അടയാളപ്പെടുത്തപ്പെടുമെന്നതും പ്രധാനമാണ്. ഇത് ഈ രംഗത്തെ ചരിത്രപ്രധാനമായ ഇന്ത്യ-സൗദി ബിസിനസ് കാൽവെപ്പായിരിക്കുമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളധ്യാപിക ജിലു ജേക്കബാണ് ജേക്കബ് തോമസിന്റെ സഹധർമിണി. മക്കളായ നോയൽ ജേക്കബും സിബിൽ ജേക്കബും ശ്രേയ ജേക്കബും ഇതേ സ്‌കൂളിലെ വിദ്യാർഥികളാണ്.


 

Latest News