Sorry, you need to enable JavaScript to visit this website.

സമ്പത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റുമായി കെ.എം.സി.സി നേതാവ്

തിരുവനന്തപുരം- സമ്പത്ത് എന്ന മനുഷ്യന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹവുമായി പത്ത് വര്‍ഷത്തെ പരിചയമുള്ള ദല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം പറയുന്നു.
ആരെങ്കിലും എന്തെങ്കിലും പറയട്ടെ, പരിഭവം പറയാന്‍ താനില്ലെന്നാണ് എക്‌സ് എം.പി ബോര്‍ഡ് വിവാദത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സമ്പത്ത് പ്രതികരിച്ചതെന്നും ഹലീം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

ഇതൊന്നും രാഷ്ട്രീയമല്ല

ഈ മനുഷ്യനെ കഴിഞ്ഞ പത്തു വര്‍ഷമായി എനിക്കറിയാം. കക്ഷി രാഷ്ട്രീയത്തില്‍ ഇദ്ദേഹത്തിന്റെ വിപരീത ചേരിയിലാണ്, പക്ഷെ സമ്പത്ത് എന്ന മനുഷ്യനെ പാര്‍ലിയമെന്ററിയനെ വളരെ നന്നായി അറിയാം.

ഇദ്ദേഹത്തെ കുറിച്ചു ഇപ്പോള്‍ പ്രചരിക്കുന്ന എക്‌സ് എം പി ബോര്‍ഡ് വിവാദം യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ് എന്ന് അദ്ദേഹത്തെ അറിയാവുന്ന വ്യക്തി എന്ന നിലക്ക് എനിക്ക് നേരത്തെ അറിയാമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഒരു ലാഞ്ചന പോലും കാണിക്കാത്ത ഒരു മനുഷ്യനെ വ്യജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അവഹേളിക്കുന്നത് വളരെ തരം താഴ്ന്ന നടപടിയും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്.

ഇ.അഹമ്മദ് സാഹിബ് മരണപ്പെട്ട രാത്രിയില്‍ ഐ സി യു വിനു മുമ്പില്‍ ചെന്ന് ഞാന്‍ ഡോക്ടര്‍ സമ്പത്തു എം പി, എനിക്ക് അകത്തു കടക്കണം എന്ന് പറഞ്ഞു ബഹളം വെച്ചതിനു ഞങ്ങളെല്ലാവരും സാക്ഷിയാണ് ( അദ്ദേഹം പി എഛ് ഡി കാരനാണ്, പക്ഷെ അതിനകത്തു കയറാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്നു അത് ) തൊട്ടടുത്ത ദിവസം നടന്ന അനുശോചനയോഗത്തില്‍ ഇ അഹമ്മദ് സാഹിബ് മായുള്ള പിതൃ തുല്യമായ ബന്ധം അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ പിതാവും അഹമ്മദ് സാഹിബുമായുള്ള ഊഷ്മള ബന്ധം അനുസ്മരിച്ചും പ്രസംഗ മധ്യത്തില്‍ വിതുമ്പി കരഞ്ഞതിനു ഞങ്ങള്‍ എല്ലാം സാക്ഷികളാണ്.

കഴിഞ്ഞ ദിവസം എം പി സ്ഥാനം ഒഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. റോഹിന്‍ഗ്യന്‍ വിഷയമടക്കം പല പ്രശനങ്ങളിലും നമ്മളോട് പൂര്‍ണമായും സഹകരിച്ച വ്യക്തി എന്ന നിലക്ക് നാട്ടിലെക്കു വസതി ഒഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അദ്ദേഹത്തെ വിമാനത്താവളം വരെ കൊണ്ട് വിടാമെന്നു പറഞ്ഞത് അദ്ദേഹം സ്‌നേഹത്തോടെ നിരസിക്കുകയാണുണ്ടായത്.

വിഷയമറിഞ്ഞ് അദ്ധേഹത്തെ വിളിച്ചപ്പോള്‍, സ്വതസിദ്ധമായ സമ്പത്ത് എന്ന സഹൃദയനായ മനുഷ്യന്റെ പ്രതീക്ഷിച്ച മറുപടി വന്നു..'ആരെങ്കിലും എന്തെങ്കിലും പറയട്ടെ, പരാതിക്കും പരിഭവം പറയാനും ഞാനില്ല.

ഇതൊക്കെ മോശമാണ്. ഉത്തരവാദപ്പെട്ടവര്‍ കൂടുതല്‍ സൂക്ഷ്മത കാണിക്കാന്‍ ബാധ്യസ്ഥരാണ്.

മുഹമ്മദ് ഹലീം
ജനറല്‍ സെക്രട്ടറി
ഡല്‍ഹി കെ എം സി സി

 

Latest News