Sorry, you need to enable JavaScript to visit this website.

വിശ്വാസം അതല്ലേ എല്ലാം?

പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും അവലോകനങ്ങൾ അവസാനിച്ചിട്ടില്ല. പാലക്കാട്ട് എം.ബി രാജേഷിന്റെ ആഹ്ലാദ പ്രകടനത്തിന് ഉപയോഗപ്പെടുത്താൻ തയാറാക്കിയ 
പാട്ട് ലീക്കായത് മഹാ കഷ്ടമായി. ചില ചാനൽ പുംഗവന്മാർ ഇത് ആക്ഷേപ ഹാസ്യ പരിപാടികളിലുൾപ്പെടുത്തുകയും ചെയ്തു. പാലക്കാട്ടെ പരാജയത്തിന് കാരണം വെള്ളിയാഴ്ച അദ്ദേഹം തന്നെ വിശദീകരിക്കുകയുണ്ടായി. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന ധാരണയിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകർ തനിക്ക് വോട്ട് ചെയ്യാതിരുന്നതാണ് പ്രശ്‌നമായതെന്നതാണ് ലേറ്റസ്റ്റ്. ഒന്നു നിന്നു തന്നാൽ മതി, ബാക്കി കാര്യം ഞങ്ങളേറ്റുവെന്ന് വിലപിക്കുന്ന വീരേന്ദ്ര കുമാർ കേൾക്കണ്ട. ശബരിമല കോടതി വിധിക്ക് ശേഷമുണ്ടായ സാഹചര്യമാണ് സംസ്ഥാനത്ത് ഇടതിന് തിരിച്ചടിയുണ്ടാക്കിയതെന്ന് ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. 
സ്ത്രീ പ്രവേശം വിഷയമായെന്നതിനപ്പുറം ആക്റ്റിവിസ്റ്റുകളെ എങ്ങനെയെങ്കിലും സന്നിധാനത്ത് എത്തിക്കണമെന്ന വാശിയോടെ പ്രവർത്തിച്ചത് എന്ത് പ്രതികരണമുണ്ടാക്കിയെന്ന് ആരും പോസ്റ്റുമോർട്ടം ചെയ്ത് കണ്ടില്ല. സി.പി.എം കേന്ദ്ര കമ്മിറ്റിയാണ് മിടുക്കന്മാർ. വിശ്വാസികൾ കൈയൊഴിഞ്ഞതാണ് കേരളത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്നതാണ് അവരുടെ നിരീക്ഷണം. വിശ്വാസികളെ തിരിച്ചു കൊണ്ടുവരികയെന്ന ദൗത്യം സംസ്ഥാന കമ്മിറ്റിയെ ഏൽപിച്ചിരിക്കുകയാണ്. കാടാമ്പുഴയിൽ നിന്ന് തുടക്കമാവാം. 
*** *** ***
കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ വാർഡ് യാഥാർഥ്യമായത് മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തിന്റെ വായനക്കാർ കൈകോർത്തപ്പോഴാണ്. ടെലിവിഷൻ ചാനലുകളിൽ കണ്ണീർ പരമ്പരകൾ അരങ്ങു വാഴുന്നതിന് മുമ്പ് എൺപതുകളിൽ ആഴ്ചപതിപ്പുകളിലെ പൈങ്കിളി സീരിയലുകൾക്കായിരുന്നു ഏറ്റവും ഡിമാന്റ്. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ച ബ്ലാക്ക് ആന്റ് വൈറ്റ് വാരികകളിൽ ജനപ്രിയ നോവലിസ്റ്റുകൾ രണ്ട് കൈകകൾ കൊണ്ടും നോൺ സ്റ്റോപ്പ് നോവലുകളെഴുതിയ സീസൺ. 
ഇന്ത്യയിൽ പ്രചാരത്തിൽ റെക്കോർഡ് സൃഷ്ടിച്ച മംഗളം വാരിക പതിനഞ്ച് ലക്ഷം കോപ്പികൾ വരെ ചൂടപ്പം പോലെ വിറ്റഴിച്ചു. ആയിടക്കാണ് വാരികയുടെ ഇഷ്യൂ പ്രൈസിൽ പത്ത് പൈസയുടെ വ്യത്യാസം വരുത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ വാർഡ് പണിയാൻ ധനസമാഹരണത്തിനാണ് താൽക്കാലികമായി വില വർധിപ്പിച്ചതെന്ന് അറിയിപ്പുണ്ടായിരുന്നു. വെറും മൂന്നാഴ്ച വായനക്കാർ സഹിച്ചാൽ മതി.  
വായനക്കാരുടെ പ്രതികരണമാണ് ഏറെ ശ്രദ്ധേയം. ഇത്തരമൊരു ആവശ്യത്തിനായി വർധിപ്പിച്ച വിലക്കയറ്റം തുടരണം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്താൻ ഇത് ഉപയോഗപ്പെടുത്താമെന്നായിരുന്നു ഭൂരിപക്ഷം വായനക്കാരുടേയും നിലപാട്. വാരികയിലെ പംക്തിയായ വിധിയുടെ ബലിമൃഗങ്ങൾ എന്നതിൽ ഗുരുതരമായ രോഗം ബാധിച്ച് കഷ്ടപ്പെടുന്നവരുടെ കദന കഥകളാണ് പ്രസിദ്ധീകരിച്ചിരുന്നത്. എല്ലാവർക്കും വാരിക്കോരി സഹായം നൽകുകയല്ല ചെയ്യാറുള്ളത്. സ്റ്റോറി അച്ചടിച്ചു വരുന്നതിന് മുമ്പ് ലേഖകനും മറ്റു ജീവനക്കാരും പ്രദേശത്ത് ചെന്ന് അന്വേഷണം നടത്തി സത്യാവസ്ഥ ഉറപ്പു വരുത്തും. സഹായം ആവശ്യമുള്ള ആളിന്റേയും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിയുടേയും  പേരിൽ തുടങ്ങുന്ന ജോയന്റ് അക്കൗണ്ട് വഴിയാണ് പണം ലഭിക്കുക. ജില്ല തോറും ദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകിയും സ്ത്രീധനമില്ലാത്ത സമൂഹ വിവാഹങ്ങൾ സംഘടിപ്പിച്ചും മംഗളം മലയാളത്തിലെ പ്രസിദ്ധീകരണങ്ങൾക്ക് മാതൃക സൃഷ്ടിച്ചു. പിന്നീടാണ് മലയാള പത്രങ്ങളും ടി.വി ചാനലുകളും മഹാരാഷ്ട്രയിലെ ലാത്തൂർ  ഭൂകമ്പത്തിനും ഗുജറാത്ത് ദുരന്തത്തിനുമെല്ലാം സഹായം ചെയ്തു തുടങ്ങിയത്.
വാരികയിൽ ഇരുളും വെളിച്ചവും എന്ന പ്രതിവാര പംക്തി കൈകാര്യം ചെയ്തിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ കെ.എം. റോയ് കേരളത്തിലും വെളിയിലും ജീവകാരുണ്യ രംഗത്തെ മാധ്യമങ്ങളുടെ പ്രസക്തിയെ കുറിച്ച് രസകരമായ പ്രഭാഷണങ്ങളിലൂടെ ആവേശം പകർന്നു. ഫിറോസ് കുന്നംപറമ്പിലിന്റെ ചാരിറ്റിയാണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഫിറോസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിന് ആവശ്യമുള്ളിടത്തോളം തുടരട്ടെ. ബാങ്കിംഗ് രംഗത്ത് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചു വേണം ഇത് ചെയ്യാൻ. ഫിറോസിനെ പോലെ മറ്റു വല്ലവരും സമൂഹ മാധ്യമങ്ങളിലൂടെ വിഭവ സമാഹരണം നടത്തി പാവങ്ങളെ സഹായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരും വരട്ടെ ലൈവും ഷെയറും ലൈക്കുമായി. 
*** *** ***
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സൈനിക ജനറലിനെ കൊലയാളി മത്സ്യമായ പിരാനകൾക്കിട്ടു കൊടുത്ത് കൊന്നെന്ന് റിപ്പോർട്ട്. തനിക്കെതിരെ ശബ്ദമുയർത്തിയ മുതിർന്ന സൈനിക ജനറലിനെ കൈയും തലയും വെട്ടിമാറ്റിയാണ് പിരാനകൾക്ക് നൽകിയതെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഇതിനായി ബ്രസീലിൽനിന്ന് പിരാനകളെ ഉത്തര കൊറിയയിലെത്തിച്ച് ടാങ്കിലിട്ട് വളർത്തി. ലോകത്തെ ഏറ്റവും അപകടകാരിയായ മത്സ്യമാണ് പിരാനകൾ. കൂർത്ത പല്ലുകളുള്ള ഇവ വലിയ ജീവികളെ വരെ ആക്രമിക്കും. കൂട്ടമായിട്ടാണ് ആക്രമണം. ഇവയുടെ കൈയിലകപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ തിന്നുതീർക്കും. 1965 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓൺലി ലിവ് ടൈ്വസ്' എന്ന ചിത്രത്തിലെ രംഗങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് വിചിത്രമായ ശിക്ഷാരീതി നടപ്പാക്കിയതെന്ന് യു.എസിലെ ടി.വി ചാനലുകൾ റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ യോങ്‌സോങിലെ വസതിയിലാണ് പിരാനകളെ വളർത്തുന്നത്. മീനിന്റെ വിശപ്പും തീർന്നു, ഭരണാധികാരിക്ക് സ്വസ്ഥമായി ഭരിക്കുകയുമാവാം. 
*** *** ***
മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനം കവർന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. തുടർന്ന് പ്രിയയുടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ  എണ്ണവും വർധിച്ചു. പ്രിയയുടെ ഓരോ പോസ്റ്റിനായും കാത്തിരിക്കുകയാണ് ആരാധകർ.
അഭിനയവും മോഡലിംഗും  കരിയറായി തെരഞ്ഞെടുത്ത പ്രിയ മൂന്നാം വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർഥിനി കൂടിയാണ്. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് പ്രിയ പറയുന്നത്.  കോളേജിൽ നിന്നും തനിക്ക് ഗ്രേസ് മാർക്കുകളോ ഹാജർ മാർക്കുകളോ ലഭിക്കാറില്ലെന്നാണ് പ്രിയയുടെ പരിഭവം. കോളേജിലെ വിവിധ പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്.
പഠനം പൂർത്തിയായാൽ സിനിമയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ് പ്രിയ കരുതുന്നത്. അഡാറ് ലവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവട് വെയ്ക്കാൻ തയാറെടുക്കുകയാണ് താരം. ഒരു താരത്തിന്റെ കഷ്ടപ്പാട് തിരിച്ചറിയാതെ പോകുന്നതെങ്ങനെ? 
*** *** ***
ബോളിവുഡിൽ ആരാധകർ ഒന്നടങ്കം ഏറെയിഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ദീപിക പദുകോൺ. ദീപിക രൺവീർ താര ജോടികൾ വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമാണ്. ഇരുവരും ചേർന്നഭിനയിച്ച സിനിമകൾക്ക് എന്നും വൻ സ്വീകാര്യതയായിരുന്നു. ഇനി ഏത് ചിത്രത്തിലാണ് ഇരുവരും ജോടികളായി എത്തുക എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വന്നത്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന '83' എന്ന ചിത്രത്തിൽ രൺവീറിന്റെ  'ഭാര്യ'യായി ദീപികയാണ് എത്തുന്നത്. 
വിവാഹ ശേഷം ഭർത്താവ് രൺവീർ സിംഗിനൊപ്പം ദീപിക അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഇത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻെറ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രത്തിൽ നായകൻ കപിൽ ദേവായി രൺവീർ സിംഗും അദ്ദേഹത്തിന്റെ  ഭാര്യ റോമി ദേവിന്റെ  വേഷത്തിൽ ദീപിക പദുകോണും പ്രത്യക്ഷപ്പെടും.  ദീപിക പദുകോണിന്റെ ഈ ചിത്രത്തിലെ  പ്രതിഫലം 14 കോടി രൂപയാണ്.  ചിത്രത്തിൽ നായകനായി എത്തുന്ന രൺവീറിന്റെ  പ്രതിഫലത്തേക്കാൾ കൂടുതലാണിതെന്നും റിപ്പോർട്ട് ഉണ്ട്.
*** *** ***
ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനം അരുണാചലിൽ തകർന്നു വീണ് മലയാളികളുൾപ്പെടെ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്ക് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിമാനത്തിന്റെ ബ്ലാക് ബോക്‌സും മൃതദേഹങ്ങളും കണ്ടെത്തിയത്. ഒരാഴ്ചയോളം കാണാതായ വിമാനത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. അപ്പോഴാണ് പ്രമുഖ ദേശീയ ചാനലായ സീ ഹിന്ദുസ്ഥാനി ഈ വിഷയം ചർച്ച ചെയ്തത്. ഒടുവിൽ ഒരു നിഗമനത്തിലുമെത്തി. വ്യോമസേനാ വിമാനത്തെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയതായിരിക്കുമെന്നാണ് അവതാരകൻ പറഞ്ഞൊപ്പിച്ച് സംവാദം അവസാനിപ്പിച്ചത്. 
*** *** ***
ഫഌപ്പ്കാർട്ടിന്റേതായി ചാനലുകളിൽ വരുന്ന പരസ്യം രസകരമായിട്ടുണ്ട്. ട്രെയിനിലെ ബർത്തിൽ രണ്ട് സുഹൃത്തുക്കൾ ഒരുമിച്ച് യാത്ര ചെയ്യുകയാണ്. ചെരിപ്പ് ശ്രദ്ധിക്കണമേയെന്ന് ചങ്ക് ബ്രോ. ഇതൊക്കെ എന്ത്, ആരടിച്ചു മാറ്റാൻ? ലോകോത്തര ബ്രാൻഡുകളുടെ സെലക്ഷൻ ഫഌപ്പ് കാർട്ടിലല്ലേ ഉള്ളത്? അവസാനത്തെ കമന്റാണ് ഉഗ്രൻ. കള്ളൻമാർക്കുമില്ലേ ഒരു സ്റ്റാൻഡേർഡൊക്കെ? 

Latest News