Sorry, you need to enable JavaScript to visit this website.

ഓർമകളെ ഉഴുതു മറിച്ച വയലും വീടും

ഏതാണ്ട് കാൽ നൂറ്റാണ്ടിലേറെക്കാലമായി 'വയലും വീടും' പരിപാടിയുടെ ശക്തിസ്രോതസ്സായി പ്രവർത്തിച്ച ശേഷം മെയ് 31 ന് മുരളീധരൻ തഴക്കര ആകാശവാണിയിൽനിന്ന് പടിയിറങ്ങുകയാണ്. 'വയലും വീടും' പരിപാടിയുടെ ഒരു സുവർണകാലഘട്ടത്തെ സൃഷ്ടിച്ചെടുത്ത ശേഷമാണ് തിരുവനന്തപുരം ആകാശവാണിയുടെ പടികളിറങ്ങുന്നതെന്നദ്ദേഹത്തിന് അഭിമാനിക്കാം. 
'വയലും വീടും' എന്നു കേൾക്കുമ്പോഴെ നമ്മുടെ മനസ്സിൽ ആദ്യമോടിയെത്തുന്ന പേരാണ് മുരളീധരൻ തഴക്കരയുടേത്. മുരളീധരൻ തഴക്കരയെ ഒരിക്കൽ കണ്ടിട്ടുള്ളവരാരും അദ്ദേഹത്തെ മറക്കുമെന്ന് തോന്നുന്നില്ല. മുഖത്ത് എപ്പോഴും ഒരു ചിരി ഒളിപ്പിച്ച് ചുറുചുറുക്കോടെ പ്രവർത്തികൊണ്ടിരിക്കുന്ന ഈ ഉദ്യോഗസ്ഥനെ എങ്ങനെയാണ് നമ്മൾ മറക്കുക. സർക്കാർ ഓഫീസിൽ ചടഞ്ഞുകൂടിയിരിക്കുന്ന പ്രകൃതക്കാരനേയല്ല മുരളീധരൻ തഴക്കര. ഫയലിൽനിന്ന് വയലിലേക്ക് എന്ന മുദ്രാവാക്യം പോലെതന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. വയലും വീടും പരിപാടിയെ ഗ്രാമ ഉത്സവങ്ങളാക്കി മാറ്റിയതിൽ മുരളീധരൻ തഴക്കരക്ക് വലിയ പങ്കുണ്ട്. മുരളീധരൻ തഴക്കരയുടെ നേതൃത്വത്തിൽ താമരക്കുളത്തും മാവേലിക്കരയിലും മറ്റും സംഘടിപ്പിച്ച വയലും വീടും ഗ്രാമ ഉത്സവങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 
ആകാശവാണിയിലെ ഏറ്റവും ജനപ്രിയവും ഗ്രാമനന്മകളെ തട്ടിയുണർത്തുന്നതുമായ ഈ പരിപാടിയുടെ ചാലക ശക്തി മുരളീധരൻ  തഴക്കരയാണ്. ഓഫീസിലേക്ക് വരുന്ന ആരെയും സ്‌നേഹ സ്പർശത്തോടെ സ്വീകരിച്ചിരുത്തി വയലും വീടും പരിപാടിക്ക് പുതുതായി അയാളിൽനിന്ന് എന്തു കിട്ടുമെന്ന് ചിന്തിച്ചിരുന്നയാളായിരുന്നു മുരളീധരൻ തഴക്കര. അടിമുടി വയലും വീടും പരിപാടിയുമായി ഇഴുകിച്ചേർന്ന വ്യക്തിത്വം. തന്റെ ശമ്പളത്തിന്റെ ഒരു ഭാഗം പരിപാടി അവതരിപ്പിക്കാൻ വരുന്നവർക്കും സുഹൃത്തുക്കൾക്കും ചായസൽക്കാരത്തിനായി നീക്കിവെയ്ക്കുന്ന ഉദാരമതി.
ഓണാട്ടുകരയുടെ ഭാഗമായ മാവേലിക്കരയിലെ തഴക്കരയിൽ ജനിച്ചുവളർന്ന മുരളീധരൻ തഴക്കരക്ക് കൃഷിയെന്നത് ജീവിതം പോലെ തന്നെ പ്രിയപ്പെട്ടതാണ്. ഗ്രാമീണ നന്മകളിൽ ഉറച്ചു വിശ്വസിക്കുന്ന ഈ നാട്ടിൻപുറത്തുകാരന്റെ കൈകളിൽ വായലും വീടും പരിപാടി സുരക്ഷിതമായിരുന്നു. കർഷകർക്ക് അറിയേണ്ടതെല്ലാം ഈ പരിപാടിയിലുണ്ടാകും. വയലും വീടും പരിപാടി പതിവായി കേൾക്കുന്ന ആരും കൃഷിക്കാരെ ബഹുമാനിക്കാനും കർഷക പ്രേമിയുമായിത്തീരുമെന്നതിൽ സംശയമില്ല.  പട്ടണത്തിൽ കഴിയുന്നവരെ നന്മ നിറഞ്ഞ കാർഷിക പ്രാധാന്യമാർന്ന നാട്ടിൻപുറത്തേക്ക് ഗൃഹാതുരതയോടെ മനോസഞ്ചാരം നടത്തിക്കാൻ വയലും വീടും പരിപാടിക്ക് കഴിയുന്നു. നൂറ്റാണ്ടുകളായി ഇവിടെ കൃഷിയുമായി ചേർന്ന് ജീവിച്ച ഒരു ജനതയുടെ ഓർമകളുടെ ശബ്ദരേഖയാണ് വയലും  വീടും പരിപാടി. ഈ പരിപാടിയെ കാവ്യത്മകമായും ജനപ്രിയമായും അവതരിപ്പിക്കാൻ സാധിച്ചിരുന്നത് മുരളീധരൻ തഴക്കരയുടെ ഭാവനാവിലാസം ഒന്നു കൊണ്ട് മാത്രമായിരുന്നു.
കാർഷിക വിദഗ്ധരെ മാത്രമല്ല മുരളീധരൻ തഴക്കര വയലും വീടും പരിപാടിയുമായി അടുപ്പിച്ചത്. തനി നാട്ടിൻപുറത്തുകാരും നിരക്ഷരരുമായ കർഷകരെപ്പോലും വയലും വീടും പരിപാടിയുടെ ഭാഗമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രാമീണമായ ഭാഷാശൈലിയിൽ അവരുടെ കാർഷിക അനുഭവങ്ങളും ജീവിതാനുഭവങ്ങളും ജനങ്ങളെ കേൾപ്പിച്ചുവെന്നത് തന്നെയാണ് ഈ പരിപാടിയെ  വേറിട്ടതാക്കി നിലനിർത്തുന്നത്. കർഷകരുടെ ഭാഷ വിദ്യാസമ്പന്നരുടേത് പോലെയായിരിക്കില്ല. എന്നാൽ അതിലെ ഓരോ വാക്കും അനുഭവങ്ങളിൽ ഊതിക്കാച്ചിയതും ആത്മാർത്ഥത മുറ്റിനിൽക്കുന്നതുമായിരിക്കും. വയലും വീടും പരിപാടി മറ്റൊരാൾ കൈകാര്യം ചെയ്തിരുന്നെങ്കിൽ വളരെ വിരസമായി പോകാനുള്ള സാധ്യത  വളരെ കൂടുതലാണ്. പേരുപോലെ തന്നെ വയലിന്റെയും വീടിന്റെയും ചൂടും ചൂരും നിലനിർത്താൻ ഈ പരിപാടിക്ക് കഴിഞ്ഞിരുന്നത് മുരളീധരന്റെ പ്രതിഭയൊന്നുകൊണ്ടു മാത്രമാണ്.
കാർഷിക പരിപാടിയെന്നതു പോലെ ഇതൊരു സാംസ്‌കാരിക പരിപാടിയും സാഹിത്യ പരിപാടിയുമായി മാറ്റിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൃഷിയിൽനിന്നാണ് സംസ്‌കാരവും സാഹിത്യവുമൊക്കെ ഉറവ പൊട്ടിയെന്ന് മറ്റാരേക്കാളും നന്നായി മുരളീധരൻ തഴക്കര മനസ്സിലാക്കിയിരുന്നു. കർഷകരിൽനിന്നും കാർഷിക വിദഗ്ധരിൽനിന്നും ലഭിക്കുന്ന അപൂർവമായ അറിവുകളും തന്റെ ജീവിത പരിസരത്തുനിന്നുള്ള നിരീക്ഷണങ്ങളും മറ്റും ഉൾപ്പെടുത്തി നിരവധി പുസ്തകങ്ങൾ മുരളീധരൻ തഴക്കരയുടേതായി വന്നിട്ടുണ്ട്. ഇതിലെ ചില അധ്യായങ്ങൾ വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃഷിയിലെ നാട്ടറിവ്, ഓർമയിലെ കൃഷിക്കാഴ്ചകൾ, നാട്ടുനന്മൊഴികൾ, പഴമൊഴിപ്പെരുമ, കാർഷികാചാരങ്ങൾ, കാഴ്ചയും വിചാരവും, നന്മയുടെ നടവഴികൾ, നന്മയുടെ സങ്കീർത്തനം, സ്മൃതിഗന്ധികൾ പൂക്കുമ്പോൾ, വിളകൾ വന്ന വഴികൾ എന്നിവയൊക്കെ മുരളീധരൻ കഴക്കരയുടെ ഗ്രന്ഥങ്ങളാണ്. ഏറ്റവും നല്ല റേഡിയോ ഡോക്യുമെന്ററിക്കുള്ള ആകാശവാണി ദേശീയ പുരസ്‌കാരം, മികച്ച വിജ്ഞാന വ്യാപന പ്രവർത്തനത്തിനുള്ള നാളികേര വികസന ബോർഡ് ദേശീയ പുരസ്‌കാരം, പ്രക്ഷേപണ കലയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി ഫാം ജേർണലിസം അവാർഡ്, സംസ്ഥാന സർക്കാരിന്റെ ഹരിത മുദ്ര അവാർഡ്. സംസ്ഥാന സർക്കാരിന്റെ ബി.ആർ. അംബേദ്കർ ശ്രവ്യ മാധ്യമ അവാർഡ് തുടങ്ങിയവ അദ്ദേഹം നേടിയിട്ടുണ്ട്. 
ഭാര്യ- എസ്. കൃഷ്ണകുമാരി ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. മകൾ കെ. മഞ്ജു ലക്ഷ്മി മഹാരാഷ്ട്ര കാഡർ ഐ.എ.എസ് ഓഫീസറാണ്. മകൻ ബാലമുരളീകൃഷ്ണ നാഷണൽ ഇൻഷുറൻസ് കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. 


 

Latest News