Sorry, you need to enable JavaScript to visit this website.

സൗദി വ്യോമപഥങ്ങളിൽ വിസ്മയം പടർത്തിപ്പറന്ന ഇന്ത്യൻ പട്ടങ്ങൾ

അൽ ഹസയിൽ സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടികളിൽ പട്ടം പറത്തിയത്  നാട്ടിൽ നിന്നെത്തിയ മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം.  ജൂവാത്ത പാർക്കിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദി എന്റർടൈൻമെന്റ് അതോറിറ്റിയാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. സൗദിയിലെ ഹരിത ഭംഗിയുടെ പ്രകൃതിരമണീയമായ അൽ ഹസയുടെ  ആകാശത്ത് വർണ്ണ കാഴ്ച്ചയൊരുക്കിയ  പട്ടം പറത്തൽ പുത്തൻ കാഴ്ചകളാണ് സമ്മാനിച്ചത്. പട്ടം പറത്തലിന്റെ മനോഹരമായ വിവിധ രൂപങ്ങൾ  കാണികൾക്ക് നവ്യാനുഭവമായി മാറി.  വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങൾക്ക് വ്യത്യസ്ത പ്രമേയങ്ങളാണ് തെരഞ്ഞെടുത്തത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജി സി സി രാജ്യങ്ങളിൽ നിന്നും നിരവധി പേർ സന്ദർശകരായെത്തി.  കേരളത്തിന്റെ പ്രശസ്തി ലോകത്തിന്റെ നെറുകയിലെത്തിച്ച വൺ ഇന്ത്യ കൈറ്റ് ടീമാണ് വാനത്ത് വർണ്ണ കാഴ്ച്ചകൾ ഒരുക്കിയത്. കോഴിക്കോട്ടുകാരായ 12 പേരാണ് സംഘത്തിലുള്ളത്. കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ ആകർഷിച്ച പട്ടം പറത്തൽ പരമ്പരാഗത രീതിയിലുള്ള പട്ടങ്ങൾക്ക് പുറമെ പക്ഷികൾ, കാർട്ടൂണുകൾ, മൃഗങ്ങൾ തുടങ്ങി നൂറു കണക്കിന് വൈവിധ്യങ്ങൾ നിറഞ്ഞ പട്ടങ്ങൾ കൗതുകമേകി വാനിൽ പാറി പറന്നു. 


ഇറ്റാലിയൻ പരമ്പരാഗത പട്ടമായ സർക്കിൾ കൈറ്റ് പ്രത്യേകം ശ്രദ്ധ പിടിച്ച് പറ്റി. വിവിധ രാജ്യങ്ങളിൽ പട്ടം പറത്താൻ അവസരം ലഭിച്ചിട്ടുള്ള വൺ ഇന്ത്യ കൈറ്റ് ഇതാദ്യമായാണ് സൗദിയിൽ പരിപാടി അവതരിപ്പിക്കുന്നത്- സംഘത്തിലെ അബ്ദുല്ല മാളിയേക്കൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള വൺ ഇന്ത്യ കൈറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.  
രാഷ്ട്രസ്‌നേഹം സമർപ്പിക്കാനുള്ള നൂതന ആശയമായി യു എ ഇ സർക്കാർ ദുബായ് ജുമൈറ ബീച്ചിൽ വെച്ച് സംഘടിപ്പിച്ച പട്ടം പറത്തൽ അബ്ദുല്ല മാളിയേക്കലിന്റെ നേതൃത്വത്തിലായിരുന്നു. കഥകളിയുടെ രൂപത്തിലുള്ള പട്ടം പറത്തിയതും ദുബായിൽ വെച്ചായിരുന്നു. വൺ ഇന്ത്യ കൈറ്റ് എന്ന സംഘടനയുടെ സ്ഥാപക നേതാവാണ് അബ്ദുല്ല മാളിയേക്കൽ. ഹാശിം കടാക്കലകം, ദേശീയ പരിശീലകൻ സാജിദ് തോപ്പിൽ, എം. ഫഹീം എന്നിവരും ഇന്ത്യൻ സംഘത്തിലുണ്ട്.  ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് സി ലൈൻ ബീച്ചിൽ കഴിഞ്ഞ വർഷം പട്ടം  പറത്തുകയുണ്ടായി. 2020 ൽ ടോക്കിയോവിൽ നടക്കുന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിനുള്ള ശ്രമവും സംഘം തുടങ്ങി കഴിഞ്ഞു. ഇന്ത്യ-ഇന്തോനേഷ്യ  നയതന്ത്രത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി രണ്ട് രാജ്യത്തിന്റെയും പ്രധാനമന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യയുടെ പരമ്പരാഗത ഡയമണ്ട് രുപത്തിലുള്ള പട്ടവും, ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ത്രിമാന രൂപത്തിലുള്ള പട്ടവും പറത്തി ശ്രദ്ധപിടിച്ച് പറ്റി.   43 ഡിഗ്രി ചൂടിൽ അഞ്ച് ദിവസം നീണ്ടു നിന്ന പരിപാടി. പട്ടം പാറിപ്പിക്കാൻ അനുയോജ്യമായ കാറ്റായിരുന്നു അൽഹസയിലേതെന്ന് സംഘത്തിലുള്ളവർ പങ്കുവെക്കുന്നു.  സൗദിയിലേക്ക് വരാൻ ലഭിച്ച  അവസരം  ഉപയോഗപ്പെടുത്തുവാനും അധികൃതരുടെ പ്രീതി പിടിച്ച് പറ്റുവാനും ആദരവിനും അർഹരായി.  സൗദിയിലെ യുവാക്കൾക്ക് സ്റ്റൺ കൈറ്റിൽ പരിശീലനം നൽകുകയും കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാവാനുള്ള അവസരം ഒരുക്കുമെന്ന് ഇവർ പറഞ്ഞു.  


ചൈനക്കാരാണ് പട്ടം പറത്തലിൽ ഏറെ താൽപര്യക്കാരെന്ന് അബ്ദുള്ള മാളിയേക്കൽ പറഞ്ഞു. 25 കൈറ്റ് ഫെസ്റ്റിവലുകളാണ് ചൈനയിലുള്ളത്. ഇന്ത്യയിലാകട്ടെ ഗുജറാത്ത് സംസ്ഥാനത്താണ് കൈറ്റ് ഫെസ്റ്റിവൽ ഏറെ പ്രചാരത്തിലുള്ളത്. 'മകർ സൻക്രാന്തി' എന്ന പേരിൽ എല്ലാ വർഷവും ജനുവരി 15 ന് ഗുജറാത്ത് സർക്കാർ കൈറ്റ് ഫെസ്റ്റ് പരിപാടി വിപുലമായി സംഘടിപ്പിക്കുന്നുണ്ട്. 200 കോടി രൂപയാണ് ഈ വിനോദത്തിന് മാത്രമായി വർഷം ഗുജറാത്ത് സർക്കാർ ചെലവഴിക്കുന്നതെന്ന് അബ്ദുല്ല മാളിയേക്കൽ പറഞ്ഞു. രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നുണ്ട്. 
ഡെന്മാർക്ക്, അമേരിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് വരും മാസങ്ങളിൽ പട്ടം പാറത്തിലിനായി സംഘം യാത്ര തിരിക്കും. അടുത്ത സൗദി ദേശീയ ദിനത്തിൽ രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ വൺ ഇന്ത്യാ കൈറ്റ് ടീമിന് പരിപാടിയുണ്ട്.  ഇത് സംബന്ധമായ ചർച്ചകൾ നടന്ന് വരുന്നു.  മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് പട്ടം നിർമ്മിക്കുന്നത്. സൂര്യൻ അസ്തമിച്ചാൽ പട്ടം പറത്തുകയില്ലായെന്നത് അന്താരാഷ്ട്ര നിയമമാണ്.  ഓട്ടിസം ബാധിച്ച കൂട്ടികൾക്കായി തിരുവനന്തപുരത്ത് പട്ടം പറത്തലിൽ പരിശീലനവും പ്രദർശനം നടത്തി ജീവകാരുണ്യ രംഗത്തും ചില പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുവാൻ  വൺ ഇന്ത്യാ കൈറ്റിനായി. 
കേരളത്തിന്റെ ഒട്ടുമിക്ക ബീച്ചുകളിലും ടൂറിസം കേന്ദ്രങ്ങളിലും പട്ടം പറത്തലിന്റെ പ്രദർശനവും നടത്തിക്കഴിഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട് ബീച്ചിൽ പട്ടം പറത്തിയിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി കേരളാ ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 
കേരളത്തിൽ മറ്റു സ്ഥലങ്ങളിൽനിന്നും പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും കുട്ടികളുടെ പഠനത്തിന്റെ ഭാഗമായി പട്ടം പറത്തലിനെ  വികസിത രാജ്യങ്ങളെ പോലെ  നമ്മുടെ ഭരണ സമൂഹം അംഗീകരിക്കണമെന്നും ഇവർ പറയുന്നു.
പട്ടം പോലെ പാറിപ്പാറി നടക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി ഈ സംഘം. 26 ലധികം രാജ്യങ്ങളിൽ ആകാശം കീഴടക്കിയ മലയാളി പട്ടങ്ങൾ രാജ്യാന്തരങ്ങൾക്കുമപ്പുറം പേരും പെരുമയും നേടിക്കഴിഞ്ഞു. പട്ടം പറത്തൽ നടത്തിയും പരിശീലനം നൽകിയും ശ്രദ്ധേയമാവുകയാണ് വൺ ഇന്ത്യാ കൈറ്റ് ടിം.


 

Latest News