Sorry, you need to enable JavaScript to visit this website.

സൗമ്യം, ദീപ്തം സൗദിയിലെ ഇന്ത്യൻ ശബ്ദം 

മുപ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങൾ, വിപുലമായ ഇന്ത്യ-സൗദി സഹകരണം, സാംസ്‌കാരിക വിനിമയം, വിഷൻ-2030 ൽ ഇന്ത്യൻ സാങ്കേതിക വിദഗ്ധരുടെ പങ്കാളിത്തം, വൻതോതിലുള്ള ഇന്ത്യൻ സംരംഭകരുടെ സൗദിയിലെ നിക്ഷേപം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇന്ത്യൻ അംബാസഡർ 'മലയാളം ന്യൂസു'മായി സംസാരിക്കുന്നു 

മുപ്പത് ലക്ഷത്തോളം വരുന്ന സൗദിയിലെ ഇന്ത്യക്കാരുടെ പ്രതിപുരുഷനാണ് പഴയ ദക്ഷിണ യെമനിൽ കുടുംബവേരുകളുള്ള, ഹൈദരബാദ് സ്വദേശി ഡോ. ഔസാഫ് സഈദ്. ഭൂഗർഭശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ഈ നയതന്ത്രജ്ഞൻ ലോകഭൂപടത്തിൽ ഇന്ത്യൻ നയതന്ത്രശ്രേണിയുടെ ശോഭ വർധിപ്പിച്ച വിദേശകാര്യ ഉദ്യോഗസ്ഥരിൽ മുൻപന്തിയിൽ നിൽക്കുന്നു. നേരത്തെ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായി (2004 ജൂലൈ- ഓഗസ്റ്റ് 2008) സേവനമനുഷ്ഠിച്ചിട്ടുള്ള ഔസാഫ് സഈദ് ഇക്കഴിഞ്ഞ മാസമാണ് റിയാദിൽ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റെടുത്തത്. സൗദിയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഏറെ അറിവുള്ള ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഇന്ത്യയിൽ നിന്ന് പലപ്പോഴായി നിരവധി വിദ്യാഭ്യാസ വിചക്ഷണരും ബിസിനസ് പ്രമുഖരും കലാകാരന്മാരും സൗദിയിലെത്തിയിരുന്നത്. ഇന്ത്യ-സൗദി ബന്ധങ്ങളിൽ നൂതനവും വിപ്ലവകരവുമായ അധ്യായങ്ങൾ എഴുതിച്ചേർത്ത ഒരു ഘട്ടത്തിലാണ് ഡോ. ഔസാഫ് സഈദ് സൗദിയിലെ ഇന്ത്യക്കാരുടെ ഔദ്യോഗിക പ്രാതിനിധ്യം ഏറ്റെടുത്തിട്ടുള്ളത് എന്നത് ഏറെ ആകസ്മികവും അതേ സമയം ഉത്തരവാദിത്തം നിറഞ്ഞതുമാണ്.  


1989 ബാച്ച് ഐ.എഫ്.എസുകാരനായ ഔസാഫ് സഈദ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ പദവികൾ അലങ്കരിച്ചതോടൊപ്പം ഈജിപ്ത്, യെമൻ, ചിക്കാഗോ, ഡെന്മാർക്ക്, സീഷെൽസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. സീഷെൽസിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായിരിക്കെയാണ് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിദേശരാജ്യമായ സൗദി അറേബ്യയിലെ അംബാസഡറായി നിയമിതനാകുന്നത്. ജിദ്ദയിൽ കോൺസൽ ജനറലായിരിക്കുമ്പോൾ ഇന്ത്യക്കാരുടെ ഹജ് നിർവഹണം, സൗദിയിലെ ഇന്ത്യൻ ബിസിനസ് പങ്കാളിത്തം, ഇന്തോ-അറബ് സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിലൊക്കെ ഡോ. ഔസാഫ് സഈദിന്റെ വിരൽമുദ്രകൾ പതിഞ്ഞു. ജിദ്ദയിൽ കോൺസൽ ജനറലായി ജോലി ചെയ്യുന്ന കാലത്താണ് ഇദ്ദേഹം തന്നെ മുൻകൈയെടുത്ത് ഏഷ്യൻ രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെ ക്ലബ് രൂപീകരിച്ച് മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ സിനിമകളുടെ പ്രദർശനം ഇന്ത്യൻ കോൺസുലേറ്റിൽ ആദ്യമായി സംഘടിപ്പിച്ചത്. ആ പതിവ് ഇപ്പോഴും തുടരുന്നു.


എഴുത്തിലും ഗവേഷണത്തിലും തൽപരനായ ഡോ. ഔസാഫ് സഈദ്  നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഇന്ത്യൻ ആർട്ട് ആന്റ് കൾച്ചർ എന്ന ഭാരതീയ കലകളെക്കുറിച്ചുള്ള ആധികാരികമായ ഗ്രന്ഥം അവയിൽ പ്രധാനമാണ്. ജിയോളജിയെക്കുറിച്ച് ഗവേഷണപ്രാധാന്യമുള്ള പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ ഫർഹാ സഈദ് മികച്ച കരകൗശല വിദഗ്ധയും സാമൂഹിക - സന്നദ്ധ പ്രവർത്തകയുമാണ്. മുട്ടയുടെ തോടിൽ ചിത്രപ്പണികൾ കൊത്തുന്ന എഗ് ആർട്ട് എന്ന കലാമാധ്യമത്തിൽ പ്രശസ്തയായ ഇവരുടെ ആർട്ട് എക്‌സിബിഷനുകൾ നിരവധി രാജ്യങ്ങളിൽ അരങ്ങേറിയിട്ടുണ്ട്.

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഇന്ന് ജിദ്ദയിൽ അൽസലാം കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് ഔദ്യോഗിക അംഗീകാരപത്രം (ക്രെഡൻഷ്യൽ) സമർപ്പിക്കും.

*** *** ***
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളുടേയും വ്യാവസായിക- വാണിജ്യ പങ്കാളിത്തത്തിലെ സുപ്രധാനമായ കാൽവെയ്പാണെന്ന് അംബാസഡർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-സൗദി സഹകരണത്തിന്റെ ചിരപുരാതനബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നതായി. 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതയിലൂടെ സൗദിയുടെ സമഗ്രവും ശീഘ്രവുമായ വികസനപഥത്തിൽ ഇന്ത്യ ഏത് വിധം പങ്കാളിത്തം വഹിക്കുമെന്നതിന് അടിവരയിടുന്നതായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം. പ്രമുഖ ഇന്ത്യൻ കമ്പനികളായ ടി.സി.എസ്, ടി.സി.ഐ.എൽ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയവ വൻതോതിൽ നിക്ഷേപവുമായി സൗദിയിലേക്ക് വരുന്നത് സൗദി യുവതീയുവാക്കൾക്കെന്ന പോലെ സാങ്കേതിക വൈദഗ്ധ്യം നേടിയ ഇന്ത്യൻ ചെറുപ്പക്കാർക്കും സൗദി അറേബ്യ വാതിൽ തുറന്ന് കൊടുക്കുന്നുവെന്നതിന്റെ ശുഭസൂചനകളാണ്. ജപ്പാനിൽ അടുത്ത് നടക്കാനിരിക്കുന്ന ജി-20 സമ്മേളനത്തിൽ ഏഷ്യൻ വ്യാവസായികക്കുതിപ്പിൽ ഇന്ത്യയുടെ ചിത്രം കൂടുതൽ തിളക്കമാർന്ന് നിൽക്കുമെന്നും ഇതിൽ സൗദി അറേബ്യയുടേയും ഇന്ത്യയുടേയും സംയുക്തപങ്കാളിത്തം പ്രകടമാകുമെന്നും അംബാസഡർ അഭിപ്രായപ്പെട്ടു.


പോയവർഷത്തെ ജനാദ്രിയ ഫെസ്റ്റിവലിൽ ഇന്ത്യയെ അതിഥി രാജ്യമാക്കിയ സൗദി അറേബ്യയുമായി കലാ സാംസ്‌കാരിക രംഗങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌കരിച്ചതായും ഡോ. ഔസാഫ് സഈദ് വിവരിച്ചു. 
ഇതിന്റെ ഭാഗമായി അടുത്ത വർഷം റിയാദ്, ജിദ്ദ, ദമാം മേഖലകൾ കേന്ദ്രീകരിച്ച് ഇന്ത്യാ ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസുമായി (ഐ.സി.സി.ആർ) സഹകരിച്ച് ഇന്ത്യാ വീക് സംഘടിപ്പിക്കാനും പരിപാടിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷനൽ കലാകാരന്മാരും കലാകാരികളുമടങ്ങിയ തിയേറ്റർ ഗ്രൂപ്പിനെ സൗദി അറേബ്യൻ ജനതയ്ക്ക് പരിചയപ്പെടുത്തുന്നതിനായി നാടക- സിനിമാ നടന്മാരേയും നടികളേയും സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.

Latest News