Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് ഞെട്ടലായി യുവതിയുടെ കസ്റ്റംസ് അനുഭവം

റിയാദ്- സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത സഫ ശൗക്കത്ത് എന്ന യുവതി ഫേസ് ബുക്കില്‍ എഴുതിയ കസ്റ്റംസ് അനുഭവം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.

ദീര്‍ഘനേരം തന്നെയും മക്കളേയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവെന്നും ഒടുവില്‍ വേറെ ആളെ കുറിച്ചാണ് ഇന്‍ഫര്‍മേഷന്‍ ലഭിച്ചതെന്ന് പറഞ്ഞ് വിട്ടയച്ചുവെന്നും പറയുന്ന അവര്‍ വെളിപ്പെടുത്തിയ മറ്റൊരു കാര്യമാണ് പ്രവാസികളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.  

കൊണ്ടുപോയ പെട്ടികളിലൊന്നിന്റെ  ഒരു സൈഡില്‍ കൈ ഇടാന്‍ പാകത്തില്‍ നീളത്തില്‍ ഒരു കീറലുണ്ടായിരുന്നുവെന്നും ആ ഭാഗത്തെ റാപ്പിങ് നീക്കിയിരുന്നുവെന്നും പറയുന്ന അവര്‍ താനറിയാതെ ആരോ എന്തോ അവിടെ വെച്ചുവെന്നാണ് സംശയിക്കുന്നത്.

വെച്ച സാധനം ഭദ്രമായി എടുത്തുകൊണ്ടുപോകുന്നതിന് തന്നെ അവിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചതാകുമോ എന്നും അവര്‍ ചോദിക്കുന്നു.

സഫ ശൗക്കിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

രണ്ട് കൊല്ലങ്ങൾക്കു ശേഷം രണ്ടര മാസത്തിന്റെ അവധിക്ക് നാട്ടിലേക്ക് വന്നതാണ്. തിമിർത്തു പെയ്യുന്ന മഴ.തകർത്തുറങ്ങുന്ന മക്കൾ . അത്കൊണ്ട് തന്നെ തിരക്കിട്ട് തിടുക്കത്തിൽ വിമാനത്തിൽ നിന്നിറങ്ങാൻ മിനക്കെട്ടില്ല. തൊണ്ണൂറ്റിയൊൻപത് ശതമാനം ആളുകളും ഇറങ്ങിയ ശേഷമാണ് ഞാനും ഉമ്മയും കൂടി ഹാൻഡ് ക്യാരിയറും കൂടെ മക്കളെയും വലിച്ച് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് നടന്നത്. ഞങ്ങളെത്തുമ്പോഴേക്ക് തിരക്കൊരു വിധം കഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. എങ്കിലും നേരെ പോയത് ബാത്റൂമിലേക്കായിരുന്നു. എല്ലാരും ഒന്ന് ഫ്രഷായി, കൂട്ടത്തിൽ ടോയ്ലറ്റ് വൃത്തിയാക്കുന്ന ചേച്ചിയോടല്പം കുശലാന്വേഷണമൊക്കെ നടത്തി സമാധാനത്തിൽ പാസ്സ്പോർട്ടുമായി ക്യൂവിൽ പോയി നിന്നു. ഊഴമായപ്പോൾ ഓഫീസറുടെ കയ്യിൽ പാസ്സ്പോർട്ടും കൂടെ ബോർഡിങ് പാസും കൊടുത്തു. പിന്നെ അയാളുടെ അരികിലുള്ള ആ കഥകളിയോ മറ്റോ കളിക്കുന്നോളുടെ മുഖത്തിനു നേരെ എല്ലാവരേയും ഒന്ന് നിറുത്തിപ്പിച്ചു. എമിഗ്രേഷൻ കഴിഞ്ഞ ശേഷം വീണ്ടും ഒരു സ്കാനിങ്. എല്ലാ ബാഗുകളും പിന്നെ ഞങ്ങളും. സ്കാനിങ് കഴിഞ്ഞപ്പോൾ അവരുടെ കയ്യിലെ പേപ്പറിലെ പേരിന്റെ ഉടമ ഞാനാണെന്നുറപ്പിച്ച ശേഷം, കൂടെ വരണം എന്ന് രണ്ട് ഓഫീസർമാർ. മക്കളെ ഉമ്മയുടെ അടുത്താക്കി ഞാനവരുടെ പിന്നാലെ പോയി. ആരുമില്ലാത്ത ഒരു റൂമിലേക്കാണ് കയറ്റിയത്. കൂടെയുള്ള ആൾ പറയുന്നത് കേട്ടു. മാഡം പോയി പരിശോധിച്ചോളൂ...

അധികം വെളിച്ചമില്ലാത്ത ഒരു മുറിയാണ്. വളരെ ഗൗരവത്തോടെ അവർ ചോദിച്ചു.
*സ്വർണം വല്ലതും കയ്യിലുണ്ടോ?

* ഉണ്ടല്ലോ.. ദാ.. ഷാൾ പൊക്കി ചെയിനും കയ്യിലെ മോതിരവും മറ്റും കാണിച്ചു കൊടുത്തു.

*ഇതല്ല ചോദിച്ചത് . വേറെ വല്ലതും?

*മാഡം എന്താണുദ്ദേശിച്ചത്?

* നിങ്ങൾ സ്വർണം കടത്തുന്നുണ്ടെന്ന് ഒരു ഇൻഫൊർമേഷനുണ്ട്

* സ്വർണം കടത്തെ? ആർക്ക്?? എന്തിന്???

* ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടിയ സ്ഥിതിക്ക് പരിശോധിച്ചേ പറ്റൂ.

* ആയിക്കോട്ടെ. എനിക്കൊരു വിയോജിപ്പുമില്ല.

എന്റെ പരിശോധന കഴിഞ്ഞ ശേഷം അവർ,

* മക്കളെയും പരിശോധിക്കണം.

* തീർച്ചയായും. അവരെയും പരിശോധിച്ചോളൂ

പുറത്തു പോയി മൂന്നാളെയും ആ അരണ്ട വെളിച്ചമുള്ള റൂമിലേക്ക് കൊണ്ട് വന്നു .

ആദ്യം മോളുടെയായിരുന്നു. കയ്യിലെ വളയും മോതിരവും ഒക്കെ ഒന്ന് പിടിച്ചു നോക്കി. ഷൂ ഷാൾ എന്നിത്യാതിവായെല്ലാം പൊക്കിയും കുലുക്കിയുമൊക്കെ നോക്കുന്നത് കണ്ടു. അവളോടെന്തൊക്കെയോ ചോദിച്ചു.

അടുത്തത് കൂട്ടത്തിൽ ഇളയവനായിരുന്നു. അവന്റെ ടീഷർട് പിടിച്ചു ഉള്ളിലോട്ടു നോക്കി. എന്നിട്ട്,

*ഇവന്റെ കഴുത്തിൽ ആഭരണമുണ്ടോ?

* എന്റെ കഴുത്തിലേക്കെന്നെ ആഭരണം ഉണ്ടാക്കാൻ പെടുന്ന പാട്... (എന്നും പറഞ്ഞു ഞാൻ നിർത്തി )

പിന്നെ രണ്ടാമത്തവനെയും..

മക്കളുടെയെല്ലാം ഷൂസും ഷാളും ഒക്കെ ശരിയാക്കുന്നതിനിടയിൽ ആ സ്ത്രീ വീണ്ടും.

*നിങ്ങളുടെ ഹസ്ബന്റിന്റെ പേര് #റഊഫ് എന്നല്ലേ...

എല്ലാം അവിടെ നിർത്തി വെച്ചിട്ട് ഞാൻ എണീറ്റു.

*മാഡം #റഊഫ് ന്റെ വൈഫ് ഈ നേരം കൊണ്ട് സ്വർണവുമായി പോയിട്ടുണ്ടാവും. ഞാൻ #ഷൗക്കത്തിന്റെ വൈഫ് ആണ്.

*നമുക്ക് ഇൻഫോർമേഷൻ കിട്ടിയതുകൊണ്ടാണ്. തെറ്റായ ഇൻഫൊർമേഷനായിരുന്നു. ക്ഷമിക്കണം. താഴെ ലഗേജ് റീ സ്കാനിംഗ് ചെയ്ത ശേഷം അവിടുന്ന് പാസ്പോർട്ട്‌ വാങ്ങിയിട്ട് പോയ്‌കൊള്ളൂ....


കൂടുതൽ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


താഴെയിറങ്ങി ലഗേജെടുക്കാൻ ട്രോളി മേനെ ഏല്പിച്ചു. 10 പെട്ടികളെടുക്കാൻ പോയ അയാൾ മൂന്ന് മിനിറ്റുകൾക്കുള്ളിൽ തിരികെ വന്നപ്പോൾ ഇത്ര പെട്ടെന്നൊ എന്നൊരു സംശയം.എല്ലാം അവിടെ ഉണ്ടായിരുന്നെന്നയാൾ. എങ്കിലും എല്ലാം ഉണ്ടോ എന്നുറപ്പു വരുത്തി. പിന്നീട് റീ സ്കാനിങ്ങിനായി കൊണ്ടുപോയി. അവിടെയുള്ള ഓഫീസറുടെ വകയും ചില ചോദ്യങ്ങൾ. ഫൈനലി പാസ്സ് പോർട്ട്‌ തിരികെ തന്ന് പുറത്തേക്കിറങ്ങുമ്പോൾ ട്രോളി മേൻ ചോദിച്ചു എന്തായിരുന്നു പ്രശ്നമെന്ന്.
കാര്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു ശ്രദ്ധ മുഴുവൻ നിങ്ങളിൽ പിടിച്ചുവെച്ചുകൊണ്ട് അവരെപ്പഴോ സ്വർണവുമായി പോയിക്കാണും. ഇതൊക്കെ സ്ഥിരം പരിപാടിയാണ്. ഇന്ന് നിങ്ങളായിരുന്നെന്ന് മാത്രം...

ഒടുവിലൊരു ചെറിയ സംശയം കൂടി ബാക്കിയായത്, വണ്ടിയിലേക്ക് കയറ്റിവെക്കും നേരം പെട്ടിയുടെ ഒരു സൈഡിൽ കൈ ഇടാൻ പാകത്തിൽ നീളത്തിലൊരു കീറൽ കണ്ടപ്പോഴാണ് . ആ ഭാഗത്തുള്ള റാപ്പിങും നീങ്ങിയിരുന്നു. ഞാനറിയാതെ ആരോ വെച്ച എന്തോ ഒന്ന് അവർക്ക് തന്നെ എടുത്തു കൊണ്ട് പോകാനുള്ള അത്രയും സമയം എന്നെ അവിടെ പിടിച്ചുവെച്ചതാകുമോ???

ആരാവും ഞാൻ വരുന്നതിനുമുമ്പ് എന്റെ ലഗേജുകൾ എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ ഒരു ഭാഗത്തേക്ക്‌ മാറ്റിവെച്ചത്??

അല്ലേലും ഇത്രയും സെക്യൂരിറ്റി ഉള്ളപ്പോൾ അവരൊക്കെ അറിയാതെ സ്വർണമെന്നല്ല ഒരു മുട്ടുസൂചി പോലും കടത്താൻ കഴിയില്ല... ഷെയറിന്റെ അളവിലെ തർക്കങ്ങളൊക്കെയാകും ഒരുപക്ഷെ ഇടക്കിടെ കേൾക്കുന്ന സ്വർണക്കടത്തു വേട്ടയെന്ന പേരിൽ കൊട്ടിഘോഷിക്കപ്പെടുന്നത്... ആ ആർക്കറിയാം.

 

Latest News