Sorry, you need to enable JavaScript to visit this website.

ഒമാൻ ഉൾക്കടൽ ആക്രമണം: ഇൻഷുറൻസ് ചെലവും വാടകയും കൂടി 

റിയാദ് - കഴിഞ്ഞ വ്യാഴാഴ്ച ഒമാൻ ഉൾക്കടലിൽ രണ്ടു എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണങ്ങളുണ്ടായതിനു പിന്നാലെ മധ്യപൗരസ്ത്യ ദേശത്തു കൂടി കടന്നുപോകുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസ് ചെലവും കപ്പൽ വാടകയും വലിയ തോതിൽ വർധിച്ചു. 
ചില എണ്ണ ടാങ്കർ കമ്പനികൾ ഗൾഫിലേക്കുള്ള പുതിയ ബുക്കിംഗുകൾ നിർത്തിവെച്ചിട്ടുമുണ്ട്. ഇൻഷുറൻസ് നിരക്കിൽ ചുരുങ്ങിയത് പത്തു ശതമാനത്തിന്റെ വർധനവുണ്ടായതായി മറൈൻ ഇൻഷുറൻസ് കമ്പനികൾ പറഞ്ഞു. മേഖലയിൽ സംഘർഷം വർധിക്കുന്ന പക്ഷം കപ്പൽ ഇൻഷുറൻസ് ചെലവുകൾ കൂടുതൽ വർധിക്കുന്നതിന് സാധ്യതയുണ്ട്. 
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയിലൂടെയുള്ള എണ്ണ നീക്കം കുറഞ്ഞേക്കുമെന്ന ഭീതി വർധിക്കുന്നതിന് കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ആക്രമണം കാരണമായിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില നാലര ശതമാനം തോതിൽ ഉയർന്നു. ഭീമൻ ടാങ്കറുകളിൽ ഗൾഫിൽ നിന്ന് ഏഷ്യയിലേക്ക് എണ്ണ നീക്കം ചെയ്യുന്നതിനുള്ള നിരക്ക് കുതിച്ചുയർന്നിട്ടുണ്ട്. ഒരു ദിവസത്തിനുള്ള ടാങ്കർ വാടക 13,000 ഡോളറായാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയിലെ പ്രതിദിന വാടകയെ അപേക്ഷിച്ച് 2000 ഡോളർ കൂടുതലാണിത്. 
യുദ്ധ ഭീഷണിക്കെതിരായ കവറേജ്, അപകട ഭീഷണി കൂടിയ മേഖലകളിൽ പ്രവേശിക്കുന്നതിനുള്ള അധിക ഇൻഷുറൻസ് അടക്കം എല്ലാ കപ്പലുകൾക്കും വ്യത്യസ്ത ഇനത്തിൽ പെട്ട ഇൻഷുറൻസുകൾ ആവശ്യമാണ്. ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന ഭീമൻ എണ്ണ ടാങ്കറിന് ഏഴു ദിവസം നീളുന്ന യാത്രക്ക് രണ്ടു ലക്ഷം ഡോളർ വരെ അധികച്ചെലവ് വരുന്നുണ്ട്. ഒരാഴ്ചക്കു മുമ്പ് നിലവിലുണ്ടായിരുന്ന ചെലവിന്റെ രണ്ടിരട്ടിയിലേറെയാണിതെന്ന് ഷിപ്പിംഗ് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. 
സ്ഥിതിഗതികൾ മാറിയിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആക്രമണത്തിന് വിധേയമായ കപ്പലുകളിൽ ഏതെങ്കിലും ഒന്ന് മുങ്ങുന്ന പക്ഷം യുദ്ധ ഭീഷണിക്കെതിരായ ഇൻഷുറൻസ് നിരക്ക് കുതിച്ചുയരുമെന്ന് ഇൻഷുറൻസ് കമ്പനികളിൽ ഒന്ന് പറഞ്ഞു. ഇപ്പോഴുണ്ടായത് ആദ്യ സംഭവമല്ല. മേഖലയിലെ വഷളായ സ്ഥിതിഗതികളാണ് ഇൻഷുറൻസ് നിരക്ക് വർധന വ്യക്തമാക്കുന്നത്. 
യു.എ.ഇയിലെ ഫുജൈറ തീരത്ത് നാലു എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണങ്ങളുണ്ടായതിനെ തുടർന്ന് അപകട സാധ്യത കൂടിയ സമുദ്ര പാതകകളുടെ പട്ടികയിൽ ഒമാനെയും യു.എ.ഇയെയും അറേബ്യൻ ഉൾക്കടലിനെയും ലണ്ടൻ ഇൻഷുറൻസ് മാർക്കറ്റ് ജോയന്റ് വാർ കമ്മിറ്റി മെയ് 17 ന് ഉൾപ്പെടുത്തിയിരുന്നു. 
ലോകത്തെ ആകെ എണ്ണ ഉപഭോഗത്തിന്റെ ഇരുപതു ശതമാനവും ഹുർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലാണ് ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നത്. 

2003 ൽ അമേരിക്കയുടെ ഇറാഖ് യുദ്ധത്തിനു ശേഷം ഇത്രയും രൂക്ഷമായ സംഘർഷത്തിന് മേഖല സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ലീഗൽ കൺസൾട്ടൻസി കമ്പനിയായ ഡി.ഡബ്ല്യൂ.എഫ് കമ്പനിയിലെ ഗതാഗത, കാർഗോ വിഭാഗം മേധാവി ജോനാഥൻ മോസ് പറഞ്ഞു. കപ്പലുകൾ അപകടത്തിൽ പെടുന്നതിന്റെയും കപ്പലുകൾക്കു നേരെ ആക്രമണങ്ങളുണ്ടാകുന്നതിന്റെയും ഫലയമായി ഇൻഷുറൻസ് ക്ലെയിമുകൾ ഉയർന്നു വന്നേക്കുമെന്ന ഭീതി മൂലം 2003 ൽ കപ്പലുകൾക്കുള്ള ഇൻഷുറൻസ് നിരക്കുകൾ കമ്പനികൾ വലിയ തോതിൽ വർധിപ്പിച്ചിരുന്നു. മേഖലയിലെ അസ്ഥിരത കണക്കിലെടുത്ത് അടുത്ത കൊല്ലം ഇൻഷുറൻസ് കമ്പനികൾ നിരക്കുകൾ ഉയർത്തുന്നതിന് ശ്രമിക്കും. ഇൻഷുറൻസ് നിരക്ക് പത്തു മുതൽ ഇരുപതു ശതമാനം വരെയാണ് വർധിക്കുകയെന്നും ജോനാഥൻ മോസ് പറഞ്ഞു. 
മെയ് 12 ന് യു.എ.ഇ തീരത്ത് നാലു എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനും ഇറാന്റെ ഏജൻസികളുമാണെന്ന് അമേരിക്ക പറയുന്നു. മെയ് 14 ന് സൗദിയിൽ എണ്ണ പമ്പിംഗ് നിലയങ്ങൾക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചതും ഇറാനാണെന്ന് അമേരിക്ക പറയുന്നു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിനു പിന്നിലും ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ റെവല്യൂഷനറി ഗാർഡിനാണെന്ന് തെളിയിക്കുന്ന വീഡിയോ ക്ലിപ്പിംഗ് അമേരിക്കൻ സൈന്യം പുറത്തു വിട്ടിട്ടുണ്ട്. 

 

Latest News