Sorry, you need to enable JavaScript to visit this website.

മാപ്പ് പറഞ്ഞ പി.സി. ജോർജിനോട്  നാട്ടുകാരൻ; വൈറലായി ഒരു കത്ത്

ഈരാറ്റുപേട്ട - എൻ.ഡി.എ പ്രവേശനത്തിലൂടെയും വർഗീയ വിദ്വേഷ ഫോൺ സംഭാഷണത്തിലൂടെയും വിവാദത്തിലായ പി.സി. ജോർജ് എം.എൽ.എക്ക് നാട്ടുകാരൻ എഴുതിയ കത്ത് വൈറലായി.

വോട്ടവകാശം കിട്ടിയ കാലം തൊട്ട് പി.സി. ജോർജിനായി പോസ്റ്ററൊട്ടിച്ചും പ്രകടനം നടത്തിയും വോട്ട് ചോദിച്ചുമൊക്കെ പ്രവർത്തനം നടത്തി വന്നിരുന്ന ലോഡിംഗ് തൊഴിലാളി കൂടിയായ പരിക്കുട്ടി കുഞ്ഞാക്ക എന്നയാളുടെ കത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് പി.സി. ജോർജിനോടുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവുമൊക്കെ വരച്ചുകാട്ടുന്ന കത്ത് അദ്ദേഹം സംഘ്പരിവാർ പാളയത്തിലേക്ക് പോയതോടെ നാട്ടുകാരുടെ മനസ്സിലുണ്ടായ വിഷമവും ദേഷ്യവും മറച്ചുവെക്കുന്നില്ല. 

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കുമെന്ന പഴമൊഴിയോടെ പി.സി. ജോർജിന്റെ ഖേദ പ്രകടനം ഈരാറ്റുപേട്ടക്കാർ എങ്ങനെ ഉൾക്കൊള്ളും എന്ന് കണ്ടറിയണമെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 

 

കത്ത് ചുവടെ...

 

ശ്രീ PC ജോർജ്ജ് MLA എന്ന താങ്കളിത് വായിക്കുമോ എന്നെനിക്കറിയില്ല ..

എങ്കിലും ...

വോട്ടവകാശം സിദ്ധിച്ച് കിട്ടിയ കാലം തൊട്ട്

P C ജോർജ്ജെന്ന താങ്കൾ മത്സരരംഗത്തുണ്ടെങ്കിൽ

മാറിചിന്തിക്കാതെ മനസ്സാക്ഷിയുടെ അംഗീകാരം പലവുരു

താങ്കൾക്കായി വിനിയോഗിച്ച് പോന്ന ഒരു

വോട്ടറെന്ന നിലയ്ക്കെഴുതാതെ വയ്യ ..

കാലമേറെയായ് ..

താങ്കളുടെ ഉയർച്ചയും വാഴ്ച്ചയും താഴ്ചയും

അവസാനം വീഴ്ചയും കണ്ട് ഒട്ടൊരത്ഭുതത്തോടെയും

തെല്ലൊരാശ്ചര്യത്തോടെയും .നിന്ന. എന്നെ സംമ്പന്ധിച്ച്

താങ്കളുടെ നിലപാടെന്നെ

ഏറെ അലോസരപ്പെടുത്തുന്നു ..

പൂഞ്ഞാർ മണ്ഡലത്തെ അനേകം തവണ

MLA ആയും ചീഫ് വിപ്പായും പ്രതിനിധാനം ചെയ്ത

താങ്കളുടെ കവല പ്രസംഗങ്ങളും

പത്ര പ്രസ്താവനകളും ചാനൽചർച്ചകളും

എന്തിന് നിയമസഭയിലെ താങ്കളുടെ

ഇടപെടലുകൾ വരെ സാകൂതം നിരീക്ഷിക്കാൻ

എന്നെ പ്രേരിപ്പിച്ച ഘടകം താങ്കളുടെ ഉറച്ച നിലപാടുകൾ തന്നെയായിരുന്നു .

അധികാരവിനിയോഗത്തിൽ ഈരാറ്റുപേട്ടയെപലവുരു താങ്കൾ വിസ്മരിച്ചിട്ടും .അവഗണിച്ചിട്ടും

ഞാനടങ്ങുന്ന ഈ സമൂഹം പ്രതീക്ഷയിലായിരുന്നു ..

താങ്കൾ. അന്തരിച്ച ബഹു മാണിസാറിന്റെ അക്കൗണ്ടിലേക്ക്

പൂഞ്ഞാറിന്റെ വിശിഷ്യാ ഈരാറ്റുപേട്ടയുടെ വികസനമുരടിപ്പ്

ചാർത്തിക്കൊടുത്തത് താങ്കളുടെ പല കവല പ്രസംഗങ്ങളിലും കേൾക്കാനും മാണിസാറിനെ

അക്കാരണത്താൽ വെറുക്കാനും പ്രസ്തുത പ്രസംഗങ്ങൾ

ഹേതുവായിട്ടുണ്ട് ..

പിൽക്കാലത്ത് താങ്കളുടെ കഴിവ് കേട് (അങ്ങിനെയല്ലെങ്കിൽപ്പോലും) പാലാ MLA ൽ അടിച്ചേൽപ്പിച്ച് താങ്കളുടെ നില ഭദ്രമാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന തിരിച്ചറിവിൽപ്പോലും

ഞങ്ങൾ ഇന്നാട്ടിലെ ജനങ്ങൾ അതൊക്കെയും സഹിച്ചു ..

ഉറക്കൊഴിഞ്ഞ് ..

സിന്ദാബാദ് വിളിച്ച് .

പോസ്റ്ററൊട്ടിച്ച് ..

സ്ലിപ്പെഴുതി ..

വീടുകൾ കയറി ..

വോട്ടുകളുറപ്പിച്ച് ..താങ്കളുടെ ജയം കണ്ടാനന്ദിച്ച്

തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ച്

ഈ നാടിന്റെ .ഞങ്ങളുടെ സ്വകാര്യാഹങ്കാരമായിരുന്ന താങ്കൾക്ക് എവിടെയാണ് പിഴച്ചത് ..

അന്യദേശത്ത് ചെന്നാൽ ..

എവിടുന്ന് വരുന്നു എന്ന ചോദ്യത്തിന്

ഈരാറ്റുപേട്ട എന്ന മറുപടി പറഞ്ഞൊഴിയുന്നതിന് മുൻപെയുള്ള ശേഷസംസാരമുണ്ടല്ലോ ..

അതിലെത്രയോ വട്ടം ഞാൻ അഭിമാനിച്ചിരിന്നുവെന്നോ ..

P C ജോർജ്ജല്ലെ നിങ്ങടെ MLA

ആ ചോദ്യത്തിലെല്ലാം അടങ്ങിയിരുന്നു .. ഉത്തരത്തിലും ..

പലയാവർത്തി .MLA ആയിട്ടും

ഒരു ഘട്ടത്തിൽ ചീഫ് വിപ്പായിട്ടും ..

നാടിന് വേണ്ടി ഒന്നും ചെയ്യാത്ത

ഈരാറ്റുപേട്ടക്ക് വേണ്ടി ഒന്നും ചെയ്യാൻ കൂട്ടാക്കാത്ത

അല്ലെങ്കിലിവർക്കിത്രയൊക്കെ മതിയെന്ന്

ചിന്തിച്ചുറപ്പിച്ച താങ്കളിൽ പിന്നെയും നേരിയൊരു പ്രതീക്ഷ ഇന്നാട്ടിലെ ജനതക്കിന്നലെവരെയുണ്ടായിരുന്നത്

അയൽ പട്ടണങ്ങളിൽ അവർ കണ്ട

വികസന കാഴ്ചകളുടെ വേലിയേറ്റമൊന്ന്കൊണ്ട് മാത്രമായിരുന്നു ...

കല്ല്യാണങ്ങൾക്കും ..

കയറിപ്പാർക്കലിനും ..

കല്ല്യാണനിശ്ചയങ്ങൾക്കും ..

കൊച്ചിന്റെ പേരിടീൽനും ..

മരണവീട്ടിലും

ഉദ്ഘാടനങ്ങൾക്കുമെന്ന് വേണ്ട

ഏതൊരാവശ്യത്തിനും .. താങ്കളുടെ സാമീപ്യവും

സഹവർത്തിത്തവും .. ഞങ്ങളിലാനന്ദംപകർന്നിരുന്നു ..

താങ്കളുടെ ഉയർച്ചയിൽ ഞങ്ങളീദേശക്കാർ

ഒരെമ്മെല്ലെ എന്ന നിലയിലല്ല

ഒരേ നാട്ടുകാർ എന്ന നിലയിൽ ഏറെ ആഹ്ലാദിച്ചിരുന്നു

ഞങ്ങളിലൊരുവനായ് കണ്ട് ഏറെ സന്തോഷിച്ചിരുന്നു ..

എന്നാൽ .... ii

എത്ര പെട്ടെന്നാണെല്ലാം തകിടം മറിഞ്ഞത് .. മറിച്ചത്

മുൻഅവസ്ഥയിൽ തുടരാൻ താങ്കൾക്കെന്തായിരുന്നു

തടസ്സമെന്നെനിക്കറിയില്ല ..

നിലവിലെ താങ്കളുടെ അവസ്ഥയിൽ ...

സഹതാപിക്കുന്ന താങ്കളുടെ മുൻവോട്ടറെന്ന നിലയിൽ

പറയട്ടേ ...

ഇന്നാട്ടിലെ ...എന്ന് വെച്ചാൽ ഈരാറ്റ്പേട്ടയിലെ

ജനങ്ങളെ മറന്ന് താങ്കൾ ആ സങ്കിപ്പാളയത്തിലേക്ക്

പോകരുതായിരുന്നു ..

താങ്കളുടെ വിവരദോശമല്ല

ആ പോക്കിന് ഹേതു എന്ന് ഞാനനുമാനിക്കട്ടേ ..

താങ്കൾക്ക് നിലവിലൊരു പ്ലാറ്റ്ഫോം വേണമായിരുന്നു

അതിന് താങ്കളെ പഴിക്കാൻ ഞാനാളല്ല ... പക്ഷെ...?

എത്തിപ്പെട്ട തിരഞ്ഞെടുത്ത നിലവിൽ നിൽക്കുന്ന

വഴി ... അവിടെയാണ് പ്രശ്നം അതാണ് വിഷയം ..

എന്നാലൊരു പരിധിവരെ..

ചിലര തുൾക്കൊണ്ടു .. ( മഹാഭൂരിപക്ഷമല്ല)

എന്തേലുമാകട്ടേ .. എന്നും ചിലർ കരുതി (എല്ലാവരുമല്ല)

അപ്പോഴുമെന്തോ ഒരിഷ്ടം

അതങ്ങിനെയാണല്ലോ .. നാം സ്നേഹിക്കുന്നവർ ഒരു തെറ്റ് ചെയ്താൽ തിരുത്തി മടങ്ങിവരുമെന്ന് കാത്ത്

ശാസിക്കാതെയും കുറ്റപ്പെടുത്താതെയും ക്ഷമയോടിരിക്കാൻ നമുക്കൊരമാന്തവുമുണ്ടാകാറില്ല

ഇവിടെയുമതാവർത്തിച്ചു .... ii പക്ഷെ ...?

MLA എന്ന നിലയിൽ ..

പേട്ടക്കാരായ അണ്ണൻമാരുടേയും

കാക്കാമാരുടേയും തോളിൽ തട്ടി കുശലം പറഞ്ഞ്

ചിരിച്ചുല്ലസിച്ച് തോളിൽ കൈയിട്ട് നടന്നിരുന്ന

താങ്കൾ .. ഒരു സുപ്രഭാതത്തിൽ .. വിളിച്ചു

അല്ല അൽപ്പമുറക്കെ വിളിച്ച് പറഞ്ഞു

ഈരാറ്റുപേട്ടക്കാരെല്ലാം ........................ ന്ന്

എങ്ങിനെ കഴിഞ്ഞു താങ്കൾക്കത് പറയാൻ ..

പറയരുതായിരുന്നു ... പറയരുതായിരുന്നു ..

താങ്കളാഭാഷാ ..

താങ്കളെ പോലൊരാൾ ഞങ്ങളിലൊരിക്കലും

ഉപയോഗിക്കരുതായിരുന്നു ഇത്തരം ഭാഷ .'

ആ ഭാഷയിലടങ്ങിയിരിക്കുന്ന മ്ലേഛത താങ്കൾക്കറിയാഞ്ഞിട്ടല്ല ..

ഒരു മുസൽമാൻ ആ വാക്കുകളെ എത്രകണ്ട്

വെറുക്കുന്നുവെന്ന് താങ്കൾക്ക്

അറിഞ്ഞ് കൂടാത്തത് കൊണ്ടുമല്ല ..

പിന്നെയോ ... ii ?..

താങ്കൾക്കായി നിർമ്മിക്കപ്പെടേണ്ട പ്ലാറ്റ്ഫോമിന്റെ

കനവും വ്യാപ്തിയും ദൃഢതയും പരപ്പുമെല്ലാം

ഈയൊരു വാക്കിലാണാശ്രയിച്ചിരിക്കുന്നത്

എന്ന് മറ്റാരെക്കാളും താങ്കൾക്കാണേറെ അറിവ്

അല്ല .. വ്യഥാവിലായ മിടുക്ക് ..

ഖേദവും മാപ്പും കുറ്റബോധവും കുറ്റസമ്മതവും

കുമ്പസാരവും കൂപ്പുകൈയ്യുമൊക്കെ ..

ഈരാറ്റുപേട്ടക്കാർ എങ്ങിനെ ഉൾക്കൊള്ളും ..

ഏത് രീതിയിൽ നോക്കിക്കാണുമെന്നൊന്നുമെനിക്കറിയില്ല

എന്നാലൊന്നെനിക്കറിയാം ..

ചൂടുവെള്ളത്തിൽ ചാടിയ പൂച്ച

പച്ച വെള്ളം കണ്ടാലുമറയ്ക്കുമെന്ന പഴമൊഴി കൂടി

കൂട്ടി വായിക്കുന്നതിനൊപ്പം '.

ഇനി താങ്കളെ ഉൾക്കൊള്ളാൻ ..

എന്തോ .എനിക്കാവില്ല അതിനുമാത്രം ഞാനൊന്നുമല്ല

എന്നാലും ...

....

പരിക്കുട്ടി കുഞ്ഞാക്ക

Latest News