Sorry, you need to enable JavaScript to visit this website.

ഖുർആനെ ഹൃദയത്തോട് ചേർത്ത്

ഇസ്മായിൽ മുഹമ്മദും  പിതാവ് കല്ലേങ്ങൽ മുഹമ്മദും

ഫോറം ഫോർ ഇന്നോവേറ്റീവ് തോട്ട് (ഫിറ്റ്) ചെറിയ പെരുന്നാൾ കഴിഞ്ഞ് മൂന്നാം ദിവസം നടത്തിയ മദാഇൻ ശുഐബിലേക്കുള്ള യാത്രക്കിടെയാണ് ഇസ്മായിൽ മുഹമ്മദിനെ കണ്ടുമുട്ടിയത്. യാത്രയ്ക്ക് നേതൃത്വം നൽകിയിരുന്ന മുസ്തഫ വാക്കാലൂർ  യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിക്കുന്നതിനിടെയാണ് കൂടെയുള്ള വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തിയത്. ഇസ്മായിൽ മുഹമ്മദ് എന്ന പന്ത്രണ്ടുകാരനായിരുന്നു ആ വിശിഷ്ടാതിഥി.
ഓമനത്വം തുളുമ്പുന്ന കൊച്ചു മുഖവുമായി പുഞ്ചിരിച്ച് അവൻ മൈക്കിനടുത്തേക്ക് വന്നപ്പോൾ എല്ലാവരും സന്തോഷത്തോടെ കൈയടിച്ചു.  അതിന് ശേഷം പരിശുദ്ധ ഖുർആനിലെ അൽപഭാഗം ഓതിക്കേൾപ്പിക്കുക കൂടി ചെയ്തപ്പോൾ ഓരോരുത്തരുടേയും മനസ്സിൽ സന്തോഷപ്പൂത്തിരി പ്രകാശിക്കുകയായിരുന്നു. 
ഇസ്മായിൽ മുഹമ്മദിന്റെ മാതാപിതാക്കളും ഒരു സഹോദരിയും കൂടെയുണ്ടായിരുന്നു. അവരെയും ടീം ലീഡർ പരിചയപ്പെടുത്തിത്തന്നു. 
പിന്നീട് ലഭിച്ച വിശ്രമ വേളയിലാണ് ഇസ്മായിൽ മുഹമ്മദിന്റെ പിതാവിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. പേരും പ്രശസ്തിയും ആഗ്രഹിക്കാത്തതുകൊണ്ട് ആദ്യമൊക്കെ തുറന്നു പറയാൻ മടിച്ചെങ്കിലും പിന്നീട് അദ്ദേഹം മനസ്സ് തുറക്കുകയായിരുന്നു. 
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിനടുത്ത ചുള്ളിക്കോട് എന്ന പ്രദേശത്തെ കല്ലേങ്ങൽ കുഞ്ഞിമുഹമ്മദ് - സറീന  ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഇസ്മായിൽ മുഹമ്മദ്. ജനനം സൗദി അറേബ്യയിൽ വെച്ചായിരുന്നു. രണ്ട് സഹോദരിമാരിൽ  മൂത്ത സഹോദരി എം.എ പൂർത്തിയാക്കി നാട്ടിൽ കഴിയുകയാണ്. രണ്ടാമത്തെ സഹോദരി സൗദി സ്‌കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞു. ഇനി നാട്ടിൽ പോയി ഫാറൂഖ് കോളേജിൽ ഡിഗ്രിക്ക് ചേരാനാണ് ഉദ്ദേശിക്കുന്നത്. 
നീണ്ട 32 വർഷം സൗദിയിലുള്ള കുഞ്ഞിമുഹമ്മദിന്റെ കൂടെ ഇരുപത് വർഷമായി കുടുംബവും ഒപ്പമുണ്ട്. സ്വന്തമായി ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കട നടത്തിക്കൊണ്ടിരിക്കേ സൗദിവൽക്കരണ പദ്ധതിയിൽ പെട്ടതിനാൽ നാട്ടിലേക്ക് നിർത്തി പോകേണ്ടി വരുന്നതിന്റെ സങ്കടം അദ്ദേഹത്തിന്റെ മുഖത്തുണ്ടായെങ്കിലും അതെല്ലാം മകൻ ഇസ്മയിൽ മുഹമ്മദിന്റെ കാര്യം സംസാരിക്കുമ്പോൾ സന്തോഷത്തിലേക്ക് മാറുന്നതും കാണാമായിരുന്നു. 
സൗദി പബ്ലിക് സ്‌കൂളിൽ അറബിക് മീഡിയത്തിൽ ഏഴാം ക്ലാസിലാണ് ഇസ്മായിൽ മുഹമ്മദ് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കൂട്ടുകാരിൽ കൂടുതലും അറബ് വംശജരാണ്. മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിച്ചത് പിതാവ് തന്നെയാണ്. കൂടാതെ ഹിന്ദിയും പഠിച്ചിട്ടുണ്ട്. 
സ്‌കൂൾ പഠനത്തിനിടയിലാണ് പരിശുദ്ധ ഖുർആൻ മനഃപാഠമാക്കാൻ ഇസ്മായിൽ മുഹമ്മദ് സമയം കണ്ടെത്തിയിരുന്നത്. അതിന് നൂറുൽ ഖുർആൻ എന്ന സ്ഥാപനമാണ് പ്രധാനമായും സഹായകമായത് എന്ന് പിതാവ് കുഞ്ഞുമുഹമ്മദ് പറഞ്ഞു. കൂടാതെ പള്ളിയിലെ ഖുർആൻ ഹൽഖയിലും പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് ഒമ്പതാമത്തെ വയസ്സിൽ ഇസ്മായിൽ മുഹമ്മദ് ഹാഫിസ് ആയത്. നിരന്തരമായ പരിശീലനം നടത്തി ഖുർആനുമായി ഒട്ടി ജീവിക്കുകയാണ് ഇസ്മായിൽ ഇന്ന്. അല്ലെങ്കിൽ ഏതൊന്നിനെയും  പോലെ  ഖുർആനും മറന്നുപോകും എന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു. നമ്മൾ എത്രത്തോളം ഖുർആനുമായി അടുക്കുന്നോ അത്രത്തോളം ഖുർആൻ നമ്മളുമായി അടുക്കുമെന്നാണ് കുഞ്ഞിമുഹമ്മദ് പറഞ്ഞത്. 
ഖുർആൻ മനഃപാഠമാക്കാൻ കഴിവുള്ള കുഞ്ഞിനെ സമ്മാനിച്ച പടച്ചവനോട് നന്ദി പറയുന്ന കുഞ്ഞിമുഹമ്മദും കുടുംബവും അടുത്ത മാസം പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തയാറെടുപ്പിലാണ്. അതിന്റെ കൂടി ഭാഗമായാണ് ചരിത്രങ്ങൾ തേടിയുള്ള ഈ യാത്രയിൽ അദ്ദേഹവും കുടുംബവും ഭാഗഭാക്കായത്. നാട്ടിലായാലും നല്ല നിലയിൽ പഠനം മുന്നോട്ട് കൊണ്ടുപോകാനും ഉന്നത നിലയിലെത്താനും ഇസ്മായിൽ മുഹമ്മദിന് കഴിയട്ടെ എന്നാശംസിച്ച് പിരിയുമ്പോഴും ആ കൊച്ചുമോന്റെ ഖുർആൻ പാരായണം  കാതിനും മനസ്സിനും കുളിർമ നൽകുന്നുണ്ടായിരുന്നു.

Latest News