Sorry, you need to enable JavaScript to visit this website.

ഭീഷണി അവസാനിച്ചിട്ടില്ലെന്ന് അമേരിക്ക; ടാങ്കറുകള്‍ ആക്രമിച്ചത് ഇറാന്‍ തന്നെ- video

ലണ്ടന്‍- ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതിനു പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് അമേരിക്ക. മേഖലയിലെ സായുധ സംഘങ്ങളെ ഉപയോഗിക്കുന്നതിനു പകരം ഇറാന്‍ നേരിട്ടുതന്നെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാക്കാനും അന്താരാഷ്ട സമാധാനത്തിനും സുരക്ഷക്കും ഭീഷണി ഉയര്‍ത്താനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആക്രമണത്തില്‍ കേടുപാട് സംഭവിച്ച ഒരു കപ്പലില്‍നിന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് മൈന്‍ നീക്കം ചെയ്യുന്ന വീഡിയോ അമേരിക്കന്‍ സേന പുറത്തുവിട്ടു. കോകുക കറേജസ് കപ്പലിന്റെ ഒരു വശത്തുനിന്നാണ് ഇറാന്റെ പട്രോള്‍ ബോട്ട് മൈന്‍ നീക്കിയതെന്ന് വീഡിയോ പുറത്തിറക്കി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ബില്‍ അര്‍ബന്‍ പറഞ്ഞു.

ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയിലെ സൈനിക സാന്നിധ്യം അമേരിക്ക വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഗള്‍ഫ് മേഖലയിലെ ചരക്കു കപ്പലുകള്‍ക്ക് യു.എസ് പടക്കപ്പലുകള്‍ സുരക്ഷ ഒരുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന പൂര്‍ണമായും ശരിയാണെന്നും ഇറാന്റെ ചരിത്രം അതാണെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രതികരിച്ചു.
 
ഒമാന്‍ ഉള്‍ക്കടലില്‍ നടന്ന ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അമേരിക്കന്‍ നാവിക സേന അറിയിച്ചിരുന്നു. തീ പടര്‍ന്നുപിടിച്ച രണ്ടു കപ്പലുകളിലെയും ജീവനക്കാരെ സമീപത്തെ കപ്പലുകളാണ് രക്ഷപ്പെടുത്തിയത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഷിപ്പിംഗ് വൃത്തങ്ങള്‍ പറഞ്ഞു.
ലോകത്തെ ആകെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്കിനു സമീപമാണ് കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായ പ്രദേശം. മാര്‍ഷല്‍ ഐലന്റ് പതാക വഹിച്ച ഫ്രന്റ് അള്‍ടയര്‍, പനാമ പതാക വഹിച്ച കൊകുക കറേജസ് എന്നീ കപ്പലുകള്‍ക്കു നേരെയാണ് ആക്രമണങ്ങളുണ്ടായത്. ഫ്രന്റ് അള്‍ടയര്‍ നോര്‍വെയിലെ ഫ്രന്റ്‌ലൈന്‍ ഷിപ്പിംഗ് കമ്പനി ഉടമസ്ഥതയിലുള്ളതാണ്.
കൊകുക കറേജസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇയാള്‍ക്ക് സമീപത്തെ മറ്റൊരു കപ്പലില്‍ നിന്ന് സഹായം ലഭിച്ചു. സമീപത്തുണ്ടായിരുന്ന കപ്പലില്‍ ഒന്ന് ലൈഫ് ബോട്ട് ഉപയോഗിച്ചാണ് കൊകുക കറേജസിലെ 21 ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഫ്രന്റ് അള്‍ട്ടയറിലെ 23 ജീവനക്കാരെ സമീപത്തു കൂടി കടന്നുപോയ ഹ്യൂണ്ടായ് ദുബായ് കപ്പലാണ് രക്ഷപ്പെടുത്തിയതെന്ന് മറ്റു വൃത്തങ്ങള്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ ജീവനക്കാരെ ജാസ്‌ക് തുറമുഖത്തേക്ക് നീക്കിയതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ മാധ്യമം പറഞ്ഞു.
സൗദിയിലെ ജുബൈലില്‍ നിന്ന് സിങ്കപ്പൂരിലേക്ക് മിഥനോള്‍ ലോഡുമായി പോവുകയായിരുന്നു കൊകുക കറേജസ്. അബുദാബിയില്‍ നിന്ന് എണ്ണ കയറ്റി തായ്‌വാനിലേക്ക് പോവുകയായിരുന്നു ഫ്രന്റ് അള്‍ട്ടയര്‍ കപ്പല്‍. 75,000 ടണ്‍ നാഫ്തയാണ് ഈ കപ്പലിലുണ്ടായിരുന്നത്.
രണ്ടു കപ്പലുകള്‍ക്കും ആവശ്യമായ സഹായം നല്‍കുന്നതിന് പ്രദേശത്തേക്ക് നാവിക സേനയെ അയച്ചതായി ബഹ്‌റൈന്‍ ആസ്ഥാനമായ യു.എസ് നേവിയുടെ ഫിഫ്ത്ത് ഫ്‌ളീറ്റ് പറഞ്ഞു. ഇന്നലെ രാവിലെ 6.12 നും ഏഴിനും ആണ് കപ്പലുകളില്‍ നിന്ന് സഹായാഭ്യര്‍ഥന ലഭിച്ചതെന്ന് ഫിഫ്ത്ത് ഫ്‌ളീറ്റിലെ ജോഷ്വ ഫ്രെ പറഞ്ഞു.
കപ്പലില്‍ ഒട്ടിപ്പിടിക്കുന്ന കാന്തിക മൈന്‍ ഉപയോഗിച്ചാകും കൊകുക കറേജസിനു നേരെ ആക്രമണം നടത്തിയതെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ബ്രോക്കര്‍മാരില്‍ ഒരാള്‍ പറഞ്ഞു. ഫുജൈറ തീരത്തു വെച്ച് കപ്പല്‍ തകര്‍ക്കുന്നതിനുള്ള ഉഗ്രസ്‌ഫോടന ബോംബില്‍ (ടോര്‍പിഡോ) കപ്പല്‍ ഇടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്.
ആക്രമണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണ വില നാലു ശതമാനം വര്‍ധിച്ചു.
ഒരു മാസം മുമ്പ് യു.എ.ഇ തീരത്തു വെച്ച് നാലു എണ്ണ കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു. സമുദ്ര മൈനുകള്‍ ഉപയോഗിച്ച് കപ്പലുകളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സമാനമായ ആക്രമണമാണ് ഇന്നലെയുമുണ്ടായതെന്നാണ് കരുതുന്നത്.
ഫുജൈറ തീരത്തു വെച്ച് മൈന്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച കപ്പലുകളില്‍ ഒന്ന് നോര്‍വെയുടെതായിരുന്നു. രണ്ടു സൗദി കപ്പലുകള്‍ക്കും ഒരു യു.എ.ഇ കപ്പലിനും നേരെയും അന്ന് ആക്രമണമുണ്ടായി.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സംയമനം പാലിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു. പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശ മന്ത്രി ഫെഡറിക്ക മൊഗേരിനി പറഞ്ഞു.
ഗള്‍ഫിലെ സായുധ സംഘര്‍ഷം  ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. എണ്ണ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. സംഭവത്തില്‍ വസ്തുതാന്വേഷണം നടത്തണമെന്നും ആക്രമണത്തിന് ഉത്തരവാദികളായവരെ നിര്‍ണയിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.
എണ്ണ കപ്പല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കുവൈത്ത് ഗവണ്‍മെന്റ് വക്താവ് താരിഖ് അല്‍മസ്‌റം നിഷേധിച്ചു. അസാധാരണമായ ഒരു നടപടികളും കുവൈത്ത് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

Latest News