Sorry, you need to enable JavaScript to visit this website.

ഇസ്ലാമിക മൂല്യങ്ങൾ സംരക്ഷിക്കാൻ  'ഹലാൽ സർഫിങ്'

ക്വലാലംപുർ - ഇസ്ലാമിക മൂല്യങ്ങൾക്കനുസൃതമായി ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ സഹായിക്കുന്ന ലോകത്തിലെ ആദ്യത്തെ ബ്രൗസറുമായി മലേഷ്യൻ ടെക് കമ്പനി. "സലാം വെബ്" എന്ന് പേരിട്ട ബ്രൗസർ, ലോകമെമ്പാടുമുള്ള 1.8 ബില്യൺ മുസ്ലിങ്ങളെ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു. 

മറ്റു ഫീച്ചറുകൾക്ക് പുറമെ, സലാം വെബിൽ പ്രാദേശിക നമസ്കാര സമയവും ദിശ അറിയാനുള്ള കോമ്പസും ഉണ്ടായിരിക്കും.ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായ വെബ് സൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ അപായ സൂചനയും ബ്രൗസർ നൽകും. ഉപയോക്താവിന് ലളിതമായ ഇന്റർഫേസ് ഉപയോഗിച്ച് ഷരിയയ്ക്ക് അനുസൃതമായ മറ്റ് അനുബന്ധ അപ്ലിക്കേഷനുകൾ ചേർക്കാൻ കഴിയുന്ന, ബഹുഭാഷാ ബ്രൗസറാണിത്.  

ഹലാൽ ബ്രൗസർ ഉപയോഗിക്കുക വഴി, ഇന്റർനെറ്റിൻറെ  ദൂഷ്യ വശങ്ങളിലും  ചൂഷണങ്ങളിലും   വിശ്വാസികൾ അടിപ്പെടുന്നത് തടയാനാകുമെന്ന് സലാം വെബ് ടെക്‌നോളജീസ് ഡയറക്ടർ ജനറൽ  ഹജ്ജ ഹസ്നി സറീന   അവകാശപ്പെടുന്നു. "ശരിയ അനുശാസിക്കുന്ന 'അദബുകളും' (അച്ചടക്കം) മര്യാദകളും പാലിച്ചാണ് ഈ ബ്രൗസർ വികസിപ്പിച്ചിരിക്കുന്നത്." സറീന പറയുന്നു. 

വ്യാജ വാർത്തകൾ തടയാനുള്ള സൗകര്യം, വ്യക്തിപരമായി താല്പര്യമുള്ള വാർത്തകൾക്കുള്ള സൗകര്യം,  സക്കാത്തിനായുള്ള പ്രത്യേക ആപ്ലിക്കേഷൻ എന്നിവ ബ്രൗസറിന്റെ പ്രത്യേകതകളാണ്. ഇംഗ്ലീഷ്, ബഹാസ, ഉർദു, ബംഗ്ലാദേശി, അറബി എന്നീ ഭാഷകളിൽ ബ്രൗസർ ലഭ്യമാണ്. 

Latest News