Sorry, you need to enable JavaScript to visit this website.

ആ വരയുടെ ഉടമ ദാ, ദമാമിലുണ്ട്...

മലപ്പുറം മമ്പാട് സ്വദേശിയായ ഈ പ്രവാസി യുവാവിന് ജന്മസിദ്ധമായി കിട്ടിയ വരദാനമാണ് വര. പഠന കാലത്ത് സഹോദരൻ നൂർ മമ്പാട് നൽകിയ  പ്രചോദനമാണ് ജുനൈദിന് വർണലോകത്ത് വഴിത്തിരിവായത്. ബിരുദ പഠനത്തിനായി ബി.കോം തെരഞ്ഞെടുത്തുവെങ്കിലും ചായങ്ങളോടുള്ള അഭിനിവേശം ജുനൈദിന്റെ തലവര മാറ്റിവരയ്ക്കുകയായിരുന്നു. 

ആ ഈദ് മുബാറകിന്റെ ഉടമ ഇതാ ഇവിടെയുണ്ട്, ദമാമിൽ. പേര് ജുനൈദ് മമ്പാട്. വരകളിൽ നിറഞ്ഞ ഫുൾജാർ സോഡയെ  പ്രതീകവൽക്കരിച്ച് അദ്ദേഹം രൂപമിട്ട 'ഈദ് മുബാറക്' ആണ്  ഇത്തവണ പെരുന്നാൾ സന്ദേശങ്ങളിൽ സൂപ്പർ ഹിറ്റായത്.
സോഷ്യൽ മീഡിയ കീഴടക്കിയ ഫുൾജാർ സോഡയെ പോലെ തന്നെ ജുനൈദ് മമ്പാടിന്റെ ഈദ് മുബാറകും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു കവിയുകയാണിപ്പോൾ.
ചിത്രം വരച്ചു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ്  സംഭവങ്ങൾക്കു തുടക്കം.
സൗദി അറേബ്യയിലെ ഈദുൽ ഫിതറിന്റെ തലേന്ന് ജൂൺ നാലിന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് ജുനൈദ് മമ്പാട്  ഫെയ്‌സ്ബുക്കിലൂടെ ഫുൾജാർ സോഡയുടെ രൂപത്തിൽ ഈദ് സന്ദേശം പങ്കു വെച്ചത്. ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും ഈ വര 'ക്ഷ' പിടിച്ചു. 
നിമിഷങ്ങൾക്കകം പ്രായഭേദമന്യേ മലയാളി സമൂഹം അത് ഏറ്റെടുക്കുകയായിരുന്നു. പക്ഷേ പലരും ചിത്രം ഷെയർ ചെയ്തത് ജുനൈദ് മമ്പാട് എന്ന പേര് മായ്ച്ചിട്ടാണ്. ഈ രൂപത്തിൽ ഇത്ര മനോഹരമായി ഈദ് മുബാറക് തയാറാക്കിയത് ആരാണ് എന്നതൊന്നും ആരുമത്ര ശ്രദ്ധിച്ചില്ല. കലാകാരന്റെ പേര് മറച്ചോ മുറിച്ചു കളഞ്ഞോ  ആണ് ഈ ഈദ് മുബാറക് ഇൻബോക്‌സിലും കമന്റ് ബോക്‌സിലുമൊക്കെയായി ആഘോഷിച്ചത്.


അതിൽ ചെറിയ വിഷമമുണ്ടെങ്കിലും തന്റെ രചന ഓളങ്ങളും താളുകളും കടന്ന് ഒരു പുണ്യ ദിവസത്തിന്റെ സന്ദേശമായി അതിരുകൾക്കപ്പുറം പങ്കുവെക്കപ്പെടുന്നതിന്റെ ആഹ്ലാദത്തിലാണ് ജുനൈദ്. മലപ്പുറം മമ്പാട് സ്വദേശിയായ ഈ പ്രവാസി യുവാവിന് ജന്മസിദ്ധമായി കിട്ടിയ വരദാനമാണ് വര. പഠന കാലത്ത് സഹോദരൻ നൂർ മമ്പാട് നൽകിയ പ്രചോദനമാണ് ജുനൈദിന് വർണലോകത്ത് വഴിത്തിരിവായത്. ബിരുദ പഠനത്തിനായി ബി.കോം തെരഞ്ഞെടുത്തുവെങ്കിലും ചായങ്ങളോടുള്ള  അഭിനിവേശം ജുനൈദിന്റെ തലവര മാറ്റിവരയ്ക്കുകയായിരുന്നു.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ചിത്രകലാഭ്യാസം നേടിയ ജുനൈദ് തുടർന്ന് ജോലി തേടി സൗദി അറേബ്യയിലത്തി. എട്ട് വർഷത്തോളം ജ്യേഷ്ഠനോടൊപ്പം സൗദിയിലെ ഉനൈസയിൽ ജോലി നോക്കി. അവിടെ ഇരുവരും ചിത്രകലാ രംഗത്ത് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ രണ്ട് വർഷമായി ദമാമിനടുത്ത് അൽകോബാറിൽ ഒരു വിദേശ കമ്പനിയുടെ ആർട്ടിസ്റ്റാണ് ജുനൈദ്. വര മാത്രം ഒരു ലഹരിയായതിനാൽ ഔദ്യോഗിക ജീവിതം ആഘോഷമാണ് അദ്ദേഹത്തിന്. മുഖചിത്ര രചന എന്ന ആശയത്തിൽ ഒരുപാട് വരയ്ക്കുകയും ഒത്തിരി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അനുകരണങ്ങളുടെ കലണ്ടർ വർണങ്ങൾക്കപ്പുറം കാലിക വിഷയങ്ങളോട് സംവദിക്കാനാണ് ഈ കലാകാരന് ഏറെ ഇഷ്ടം.

അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ ദൈന്യമുഖം കോറിയിട്ട വര ഒരുപാട് കൈയടി നേടിക്കൊടുത്തിരുന്നു.ഇത്തരത്തിൽ നൂറുകണക്കിന് ചിത്രങ്ങൾ വരച്ചു കൂട്ടിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ

അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ ദൈന്യമുഖം കോറിയിട്ട വര ഒരുപാട് കൈയടി നേടിക്കൊടുത്തിരുന്നു. ഇത്തരത്തിൽ നൂറുകണക്കിന് ചിത്രങ്ങൾ വരച്ചു കൂട്ടിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.
ഗ്രാമ നൈർമല്യങ്ങളുടെ നിഷ്‌ക്കളങ്ക ഭാവമാണ് ഇഷ്ട വിഷയം. ഫോട്ടോഗ്രഫിയിലും ഇത് ഒപ്പിയെടുക്കാറുണ്ട്. അവസരം ഒത്തുവന്നാൽ ഇവിടെ തന്റെ ചിത്രരചനകളുടെ പ്രദർശനം സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹം. മലപ്പുറം മമ്പാട് അസ്‌ലം പൈക്കാടൻ-സക്കീന ദമ്പതികളുടെ മകനാണ് ജുനൈദ്. ഭാര്യ ആഷിഫയും മകൻ നാദിർ മുഹമ്മദും അദ്ദേഹത്തോടൊപ്പം ദമാമിലുണ്ട്.

Latest News