Sorry, you need to enable JavaScript to visit this website.

വിജയികളും പരാജിതരും: ലോകകപ്പ് ക്രിക്കറ്റ് ഒരാഴ്ച പിന്നിടുമ്പോൾ ആരൊക്കെയാണ് നേടിയത്, ആർക്കൊക്കെയാണ് തിരിച്ചടിയുണ്ടായത്...

പത്തു ടീമുകളും പരസ്പരം പോരാടുന്ന ലോകകപ്പ് ക്രിക്കറ്റിലെ ആവേശക്കാഴ്ചകൡലൂടെ ഓട്ടപ്രദക്ഷിണം.

വിജയികൾ
ഐ.സി.സി 
ഇത്തരം വിജയം ഐ.സി.സി യഥാർഥത്തിൽ അർഹിക്കുന്നില്ല. എങ്കിലും ഭാഗ്യവാന്മാരാണ് അവർ. മികച്ച ക്രിക്കറ്റിന് മേൽനോട്ടം വഹിക്കാൻ അവർക്കായി. പത്ത് മുൻനിര ടീമുകളുടെ ലോകകപ്പ് ഐ.സി.സി നിശ്ചയിച്ചത് ഏകപക്ഷീയമായ, വിരസമായ പോരാട്ടങ്ങൾ ഒഴിവാക്കാനാണെന്നാണ് പുറത്തു പറഞ്ഞത്. യഥാർഥത്തിൽ ഇന്ത്യ ഒമ്പത് മത്സരങ്ങളെങ്കിലും കളിക്കുമെന്ന് ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അതുവഴി വൻ വരുമാനം ഉറപ്പിക്കുകയും. 
ആദ്യ മത്സരം തന്നെ ഏകപക്ഷീയമായിരുന്നു. ഇംഗ്ലണ്ട് 104 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. അതിനു ശേഷം മികച്ച പോരാട്ടങ്ങൾ അരങ്ങേറി. ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് തോൽപിച്ചതായിരുന്നു ആദ്യ ആഴ്ചയിലെ ശ്രദ്ധേയമായ ഫലം. ഇംഗ്ലണ്ടിനെ പാക്കിസ്ഥാൻ തോൽപിച്ചത് തൊട്ടുപിന്നിൽ നിൽക്കുന്നു. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തോറ്റെങ്കിലും മത്സരങ്ങൾ ഒട്ടും വിരസമായിരുന്നില്ല. കാർദിഫ് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ വേദിയായി മാറുകയാണ്. 
ടൂർണമെന്റിന്റെ രീതിയും ടിക്കറ്റ് വിൽപനാ സംവിധാനവുമൊക്കെ അലങ്കോലമായിരുന്നുവെങ്കിലും സ്‌റ്റേഡിയങ്ങളിൽ ആഹ്ലാദകരമായ അന്തരീക്ഷമാണ്. ഇപ്പോഴും ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ പറ്റിയ മികച്ച രാജ്യം ഇംഗ്ലണ്ട് തന്നെ. മികച്ച ഗ്രൗണ്ടുകൾ, മത്സരങ്ങളിൽനിന്ന് മത്സരങ്ങളിലേക്ക് അധികം പ്രയാസമില്ലാത്ത യാത്രകൾ, എല്ലാ വിഭാഗങ്ങളിലും പെട്ട കാണികൾ, എല്ലാ ടീമിനും സ്റ്റേഡിയങ്ങളിൽ മതിയായ പിന്തുണ... യഥാർഥത്തിൽ ഇംഗ്ലണ്ടിൽ ആതിഥേയ ടീം ഇല്ല. എല്ലാ ടീമിനും പിന്തുണ കിട്ടുന്ന അന്തരീക്ഷം മികച്ച ടൂർണമെന്റിനാണ് വഴിയൊരുക്കിയത്. ഐ.സി.സി അത് അർഹിക്കുന്നില്ലെങ്കിലും. 
എട്ട് ടീമുകൾ രണ്ട് പോയന്റ് നേടി ഒപ്പത്തിനൊപ്പം നിൽക്കുന്ന ആവേശകരമായ സാഹചര്യത്തോടെയാണ് ആദ്യ വാരം അവസാനിച്ചത്. ദക്ഷിണാഫ്രിക്ക മൂന്നു കളിയും തോറ്റെങ്കിലും പുറത്തായിട്ടില്ല. അര ഡസൻ ടീമുകളെയും അവരുടെ ആരാധകരെയും പുറത്തുനിർത്തി നിരാശപ്പെടുത്തിയ ചാമ്പ്യൻഷിപ്പാണ് ഇത്. മറ്റ് ആരാധകരെയും ഐ.സി.സി അഹങ്കാരത്തോടെയാണ് വരവേറ്റത്. എന്നിട്ടും മികച്ച ലോകകപ്പിനാണ് ഇംഗ്ലണ്ടിൽ തിരശ്ശീല ഉയർന്നത്. 

ന്യൂസിലാന്റ്
ആദ്യവാരം രണ്ടു കളിയും ജയിച്ച് ഒന്നാം സ്ഥാനത്ത് ന്യൂസിലാന്റാണ്. ശ്രീലങ്കയാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ബംഗ്ലാദേശ് മോശമല്ലെങ്കിലും വലിയ പ്രതീക്ഷ നൽകുന്നില്ല. ബംഗ്ലാദേശ് വലിയ അട്ടിമറി സൃഷ്ടിച്ചേനേ, ന്യൂസിലാന്റിനെതിരെ മുശ്ഫിഖുറഹീമിന് റണ്ണൗട്ട് പിഴവ് സംഭവിച്ചിരുന്നില്ലെങ്കിൽ. മിച്ചൽ സാന്റ്‌നറുടെ സംയമനവും കിവീസിനെ തുണച്ചു. 

ബൗളർമാർ
ബോളിനു മേൽ ബാറ്റ് മൃഗീയാധിപത്യം പുലർത്തുമെന്നായിരുന്നു പ്രവചനങ്ങൾ. എല്ലാ കളിയും 350 കടക്കുമെന്ന ഗീർവാണങ്ങളുണ്ടായി. 500 കടക്കുന്നതിനെക്കുറിച്ച ചർച്ചകൾ പൊടിപൊടിച്ചു. ബൗളർമാർ വെറും അടിക്കാനായി പന്തെറിഞ്ഞു കൊടുക്കാൻ വിധിക്കപ്പെട്ട നിർഭാഗ്യവാന്മാരായിരിക്കുമെന്ന് കരുതി. എന്നാൽ അഞ്ച് ഇന്നിംഗ്‌സേ 300 കടന്നുള്ളൂ. അതിൽ രണ്ടും ഇംഗ്ലണ്ടിന്റെ വക. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യുകയോ ചെയ്യുമ്പോഴേ 300 റൺസിന് സാധ്യതയുള്ളൂ എന്നു ചുരുക്കം. ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശും ജയിച്ചപ്പോൾ മാത്രമാണ് ബാറ്റ്‌സ്മാന്മാർ യഥാർഥത്തിൽ വിജയശിൽപികളായത്. മറ്റു കളികളിലെല്ലാം വിജയം നിർണയിച്ചത് ബൗളർമാരായിരുന്നു.

ബംഗ്ലാദേശ് 
ശാഖിബുൽ ഹസൻ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് പലർക്കും രുചിച്ചിട്ടില്ല. കഴിഞ്ഞ പത്തു വർഷമായി ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ മൂന്നിൽ സ്ഥിരം സാന്നിധ്യമായിരുന്നു ശാഖിബ് എന്ന യാഥാർഥ്യമൊന്നും അവർ അറിഞ്ഞതായി തോന്നുന്നില്ല. മനഃസ്ഥിതി മാറാൻ സമയമെടുക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ഉന്നത നിലവാരമുള്ള വിജയം പലരെയും മാറിച്ചിന്തിപ്പിക്കും. ന്യൂസിലാന്റിനോട് നേരിയ തോൽവി പിണഞ്ഞത് സ്വയംകൃതാനർഥമായിരുന്നു. ദക്ഷിണാഫ്രിക്കക്കും ന്യൂസിലാന്റിനുമെതിരായ കളികൾക്കു ശേഷവും ബംഗ്ലാദേശ് തലയുയർത്തി നിൽക്കുന്നു എന്നതാണ് കാര്യം.  ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയുമാണ് ഈയാഴ്ച അവർ നേരിടേണ്ടത്. തുടർന്ന് വെസ്റ്റിൻഡീസിനെയും. വിൻഡീസിനെ ലോകകപ്പിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ മൂന്നു തവണ ബംഗ്ലാദേശ് തോൽപിച്ചിട്ടുണ്ട്. 
രണ്ടു വർഷം മുമ്പ് ഇംഗ്ലണ്ടിൽ തന്നെ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനൽ കളിച്ച ടീമാണ് ബംഗ്ലാദേശ്. ലോകകപ്പിലും സെമി സാധ്യത അവർക്ക് അപ്രാപ്യമല്ല. 

ഇന്ത്യ
ഇന്ത്യൻ കളിക്കാർക്ക് മതിയായ വിശ്രമം വേണമെന്ന സുപ്രീം കോടതി വിധി തുണച്ചു. ആദ്യ ആഴ്ച വിശ്രമിച്ച ശേഷമാണ് ഇന്ത്യ ലോകകപ്പ് തുടങ്ങിയത്. ഐ.പി.എല്ലിൽ കളിച്ച വിദേശ കളിക്കാരെല്ലാം വിശ്രമമില്ലാതെ തന്നെ ലോകകപ്പിന് ജഴ്‌സിയണിഞ്ഞു. രണ്ടു മത്സരം തോറ്റ് ആത്മവിശ്വാസം നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ആദ്യ മത്സരത്തിൽ നേരിടാൻ ഇന്ത്യക്ക് അവസരം കിട്ടി. സംഘാടകർ എത്ര സൗകര്യമൊരുക്കിയാലും കളിക്കളത്തിലിറങ്ങി ഇന്ത്യയെ വിജയിപ്പിക്കാൻ അവർക്കു സാധിക്കില്ല. ഇന്ത്യൻ കളിക്കാർ ഗംഭീരമായി അതു ചെയ്തു. 
ആദ്യ സ്‌പെല്ലിൽ തന്നെ ജസ്പ്രീത് ബുംറ മനംകവർന്നു. കാലാവസ്ഥയും പിച്ചും വരണ്ടു കിടന്നാൽ കൈ നിറയെ വിക്കറ്റുമായാണ് മടങ്ങുകയെന്ന് യുസ്‌വേന്ദ്ര ചഹലും കുൽദീപ് യാദവും സൂചന നൽകി. ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ മെരുക്കാൻ പ്രയാസപ്പെട്ടു എന്നതു മാത്രമാണ് ഇന്ത്യയുടെ ആശങ്ക. സെഞ്ചുറിയോടെ ടീമിനെ വിജയിപ്പിച്ച ഈ ലോകകപ്പിലെ ആദ്യ കളിക്കാരനാവാൻ രോഹിത് ശർമക്കു സാധിച്ചു. 

പാക്കിസ്ഥാൻ
വെസ്റ്റിൻഡീസിന്റെ ബൗൺസറുകൾക്കു മുന്നിൽ അടിതെറ്റിയ പാക്കിസ്ഥാൻ മൂന്നു ദിവസത്തിനു ശേഷം ഇംഗ്ലണ്ട് അതേ തന്ത്രം പയറ്റിയപ്പോൾ തിരിച്ചടിച്ചു. ജോഫ്ര ആർച്ചർക്ക് വിക്കറ്റ് കിട്ടിയില്ല. ഇംഗ്ലണ്ടിന്റെ മികച്ച സ്പിന്നറെ അഞ്ചോവറാവുമ്പോഴേക്കും അടിച്ചുപരത്തി ആക്രമണത്തിൽ നിന്ന് ഓടിച്ചു. 
അവസരം വന്നപ്പോൾ പാക്കിസ്ഥാന്റെ ബൗളർമാരും ഫീൽഡർമാരും ഉറച്ചുനിന്നു. ഇംഗ്ലണ്ടിനോട് തോറ്റിരുന്നുവെങ്കിൽ തുടങ്ങും മുമ്പെ പാക്കിസ്ഥാന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ അസ്തമിക്കുമായിരുന്നു. വിൻഡീസിനു തോറ്റ ശേഷമുള്ള മൂന്നു ദിവസത്തെ കഠിനാധ്വാനമാണ് ഇംഗ്ലണ്ടിനെതിരെ കണ്ടത്. ലോകകപ്പിനു തൊട്ടുമുമ്പുള്ള പരമ്പരയിൽ പാക്കിസ്ഥാനെ 4-0 ന് ഇംഗ്ലണ്ട് തുരത്തിയിരുന്നു. പാക്കിസ്ഥാന്റെ തിരിച്ചുവരവ് ഉജ്വലമായിരുന്നു. 

പരാജിതർ
ദക്ഷിണാഫ്രിക്ക
പരാജിതരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. പരിക്കും മത്സരക്രമവും അവരെ തളർത്തി. മൂന്നു മത്സരത്തിലും ടോസ് നേടിയ ശേഷമാണ് ദക്ഷിണാഫ്രിക്ക ആധികാരികമായി തോറ്റത്. ഒരാഴ്ച മൂന്നു മത്സരം കളിക്കേണ്ടി വന്നു എന്നത് തോൽവിക്ക് ന്യായീകരണമല്ല. എല്ലാ ടീമും ഏതെങ്കിലും ഘട്ടത്തിൽ തുടരെ കളിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക അതിൽ ആദ്യത്തേതായി എന്നേയുള്ളൂ. മൂന്നു കളിയും ജയിച്ചിരുന്നുവെങ്കിൽ മറ്റു ടീമുകൾ തുടങ്ങും മുമ്പെ ദക്ഷിണാഫ്രിക്കക്ക് സെമിയിലേക്ക് ഒരു ചുവട് വെക്കാമായിരുന്നു. ബംഗ്ലാദേശിനെയെങ്കിലും തോൽപിച്ചിരുന്നുവെങ്കിൽ അവർക്ക് ആശ്വസിക്കാമായിരുന്നു. ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരായ തോൽവികൾ വലിയ ദുരന്തമായി കാണേണ്ടതില്ല. അവരുടെ ബാറ്റിംഗ് പരിതാപകരമായിരുന്നു. ബംഗ്ലാദേശിനെതിരെ ബൗളിംഗും ഫീൽഡിംഗും പോലും അലങ്കോലമായി. ഈ ലോകകപ്പിലെ രണ്ടാമത്തെ പന്തിൽ തന്നെ ജോണി ബെയർസ്‌റ്റോയെ ഇംറാൻ താഹിർ പുറത്താക്കിയപ്പോൾ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. 

ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്കക്കെതിരായ ഉജ്വല വിജയത്തിന്റെ കെട്ട് പൊട്ടിക്കുന്നതായി പാക്കിസ്ഥാനെതിരായ തോൽവി. സമീപകാലത്തെ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു പാക്കിസ്ഥാനെതിരെ കണ്ടത്. ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിൽ തന്നെ അത് സംഭവിച്ചു എന്നതാണ് ആശങ്ക. ഫീൽഡിംഗ് നിരാശപ്പെടുത്തി. ബൗളിംഗ് ലക്ഷ്യം തെറ്റി. ടീമിലെ അന്തരീക്ഷം മുഷിപ്പനായി. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് ആവശ്യത്തിലേറെ കളിച്ചുവോയെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. പാക്കിസ്ഥാനോടുള്ള തോൽവി അവരെ ഉണർത്തുമോ?

അഫ്ഗാനിസ്ഥാൻ
ഓസ്‌ട്രേലിയയോട് തോറ്റത് വലിയ ദുരന്തമല്ല. ഓസീസിനെതിരെ നന്നായി പൊരുതാൻ അവർക്കായി. പക്ഷെ ശ്രീലങ്കക്കെതിരായ തോൽവി നിരാശാജനകമായി. വലിയ അവസരമാണ് ടീം കൈവിട്ടത്. നന്നായി തുടങ്ങിയ ശ്രീലങ്കയെ 201 ന് പുറത്താക്കിയത് ചില്ലറക്കാര്യമല്ല. മഴ വന്നതും അവർക്ക് തുണയായി. 41 ഓവറിൽ 181 റൺസ് പിന്തുടരുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. 84 ശതമാനം വിജയസാധ്യത ഉണ്ടായിരുന്ന കളിയാണ് അവർ കൈവിട്ടത്. 

എബി ഡിവിലിയേഴ്‌സ്
തിരിച്ചുവരാനും ലോകകപ്പിൽ കളിക്കാനും എബി ഡിവിലിയേഴ്‌സ് സന്നദ്ധമായിരുന്നുവെന്ന വാർത്ത ദക്ഷിണാഫ്രിക്കക്ക് മറ്റൊരു വിഷമകരമായ ചർച്ചയായി. ഡിവിലിയേഴ്‌സിനെ സ്വീകരിക്കാൻ ക്യാപ്റ്റനും കോച്ചും സന്നദ്ധമായിരുന്നുവത്രേ. തോന്നിയ മത്സരങ്ങളിൽ കളിക്കുകയും തോന്നിയതിൽ വിട്ടുനിൽക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഒരു വർഷം മുമ്പ് ഡിവിലിയേഴ്‌സ് വിരമിച്ചത്. ലോകകപ്പിന് തൊട്ടുമുമ്പ് തിരിച്ചുവരാനുള്ള ശ്രമം അത്ര സുഖകരമായി തോന്നിയില്ല. ലോകകപ്പിൽ തിരിച്ചുവരുമോയെന്ന് ചോദിച്ചപ്പോൾ ഈയിടെ ഡിവിലിയേഴ്‌സ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'ഇഷ്ടമുള്ള കളികളിൽ കളിക്കുകയും ഇഷ്ടമില്ലാത്തതിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു എന്നാണ് എനിക്കെതിരായ ആരോപണം. ലോകകപ്പിൽ തിരിച്ചുവരാൻ ശ്രമിക്കുമ്പോഴും അതേ ആരോപണം ഉയരും. അത് അഹങ്കാരമായി ചിത്രീകരിക്കപ്പെടും' .


 

Latest News