Sorry, you need to enable JavaScript to visit this website.

ഒന്നും പുറത്ത്പറയാത്ത ചിലർ

''പ്രവാസ ജീവിതം ആരംഭിച്ചിട്ട് നാൽപതിലേറെ വർഷമായി. പതിനെട്ടാം വയസിൽ കടൽ കടന്നെത്തിയതാണ്. ആയുസിന്റെ ഒട്ടുമുക്കാലും ഇവിടെ ഈ മണലാരണ്യത്തിൽ സന്തോഷപൂർവ്വം ചിലവിട്ടു.'' ആത്മഗതം പോലെ പറഞ്ഞു നിർത്തിയ സുഹൃത്തിനോട് കൗതുകപൂർവ്വം തിരക്കി. 'നാട്ടിലേക്ക് തിരിച്ചുപോവാൻ കൊതിയില്ലേ? ' സത്യം പറഞ്ഞാൽ ഇല്ല, അയാൾ ചിരിച്ചു കൊണ്ട് സ്വകാര്യം പറഞ്ഞു.
അവധിക്ക് നാട്ടിൽ പോയാലും അവധി തീരും മുമ്പേ ഞാനിങ്ങ് പോരും. നാട്ടിൽ അധികമൊന്നും ചെയ്യാനുണ്ടാവില്ല. ഒറ്റപ്പെട്ട പോലെയാകും. പലർക്കും അധികം പരിചയമില്ല. പുതിയ തലമുറയിലെ കുട്ടികളെയൊന്നും തീരെ അറിയില്ല.  ഇവിടെയാണെങ്കിൽ ഒരു പാട് സേവന പ്രവർത്തനങ്ങൾ, വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ. സംഭവബഹുലമാണ്. അലസതയും രോഗങ്ങളുമില്ല. 
നിരവധി ബന്ധങ്ങൾ. പുതിയ മുഖങ്ങൾ, കാഴ്ചകൾ, അനുഭവങ്ങൾ , പഠന ക്ലാസുകൾ, യാത്രകൾ.  പ്രവാസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ  വാചാലതയും വായനയും ആരിലും അൽഭുതവും മതിപ്പുമുളവാക്കും. 
പ്രവാസ ലോകത്ത് എന്നിൽ അസൂയയുണ്ടാക്കിയ വളരെ ചുരുക്കം പേരിൽ ഒരാളായ ഇദ്ദേഹത്തെ ഞാൻ പലപ്പോഴും ആദരവോടെ നിരീക്ഷിക്കാറുണ്ട്. അപ്പോഴൊക്കെ ഇയാൾ ഏതെങ്കിലും സേവന പ്രവർത്തനത്തിൽ വ്യാപൃതനായിരിക്കും. നിശ്ശബ്ദവും സൗമ്യവുമായ സാന്നിധ്യം. കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വെളിച്ചം വർധിപ്പിക്കുന്ന ചില സാന്നിധ്യങ്ങളില്ലേ അതിൽ പെട്ടതാണ്  പ്രവാസത്തിൽ എന്നോ നാൽപത് കഴിഞ്ഞ ഈ കാരണവരുടേത്. എപ്പോഴും നേർത്ത പുഞ്ചിരിയിൽ തുടങ്ങുന്ന അഭിവാദനവും സ്‌നേഹാദരങ്ങളിൽ ചാലിച്ച ആലിംഗനവും കൊണ്ട് എന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരാൾ പ്രവാസ ലോകത്ത് ഇല്ലെന്ന് തന്നെ  പറയാം. 
പരിഭവങ്ങളില്ല. പരാതികളില്ല. എല്ലാ കാര്യങ്ങളിലും തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് കണ്ടറിഞ്ഞ് ഒച്ചപ്പാടും ബഹളവുമില്ലാതെ കാട്ടലും കാട്ടി കൂട്ടലുമില്ലാതെ നന്മകളിൽ സഞ്ചരിക്കുന്ന ഇയാൾ എന്റെ പ്രാർത്ഥനകളിൽ സദാ ഇടം പിടിക്കുന്നത് ഇയാളുടെ വൈജ്ഞാനികമായ പാടവം കൊണ്ടോ സംഘാടന മികവു കൊണ്ടോ സാമ്പത്തികമായ ഉദാരത കൊണ്ടോ അല്ല. ആകർഷണീയമായ അദ്ദേഹത്തിന്റെ പെരുമാറ്റവും നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ നിശ്ശബ്ദ സേവന ശൈലിയും കൊണ്ടാണ്.
ചെയ്യുന്ന ജോലിയിൽ തൃപ്തിയും വരുമാനത്തിൽ ഐശ്വര്യവും  അനുഭവിക്കുന്ന ഇയാൾ കുടുംബത്തോടൊപ്പമാണ് അധികകാലവും ഇവിടെ കഴിഞ്ഞത്.  തുച്ഛമെങ്കിലും അഭിവൃദ്ധിയുള്ള തന്റെ ഉപജീവന മാർഗത്തിലൂടെ  മക്കളെ  പഠിപ്പിച്ച് വിദ്യാസമ്പന്നരാക്കി ഇവിടെ തന്നെ തൊഴിലെടുക്കാൻ ഇദ്ദേഹം പ്രാപ്തമാക്കിയിട്ടുണ്ട്.
കേട്ടിരിക്കാൻ ഇമ്പമുള്ള ഒത്തിരി ജീവിത കഥകൾ തിരക്കൊഴിയുന്ന നേരങ്ങളിൽ ഇദ്ദേഹത്തിൽനിന്ന് കേട്ടാസ്വദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. 
താങ്കളിൽ ഞാൻ കണ്ട ചില നല്ല മാതൃകകൾ താങ്കളുടെ പേര്  വെച്ച് എഴുതിക്കോട്ടെയെന്ന് ചോദിച്ചപ്പോൾ പേരില്ലാതെയെഴുതിയാൽ അതിന് ഭംഗിയും പ്രതിഫലവും കൂടില്ലേ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സോഷ്യൽ മീഡിയയുടെ കാലത്ത് തൊട്ടതും പിടിച്ചതും കണ്ടതും കേട്ടതും തോന്നിയതും തോന്നാത്തതുമൊക്കെ നിർബാധം തട്ടി വിട്ട് ആത്മസായൂജ്യം  കണ്ടെത്തുന്ന പൊള്ളയായ പ്രദർശനപരതകളിലൊന്നും ഒട്ടും താൽപര്യമില്ലാത്ത ഇദ്ദേഹം പാലിക്കുന്ന സൂക്ഷ്മത  ഏറെ മാതൃകാപരം തന്നെയാണ്. 
എവിടെയായാലും വല്ലതും നല്ലത് ചെയ്ത് കൊണ്ടേയിരിക്കുക എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ പരിശീലിക്കാൻ പലർക്കും ബുദ്ധിമുട്ടുള്ള ആ ആപ്തവാക്യം ജീവിത വ്രതമാക്കിയ ഇത്തരം  സാധാരണക്കാരിലെ അസാധാരണക്കാരോടല്ലാതെ ആരോടാണ് നമുക്കസൂയ തോന്നേണ്ടത്? പതിവ് ആദരങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും ബോധപൂർവ്വം  അകലം പാലിക്കുന്നവരാണിവരെങ്കിലും സദാ കർമനിരതരായ  ഇത്തരം ചിലർ നിങ്ങളുടെ പരിചയക്കാരിലും കാണും. ചില ദീപ്ത ജീവിതങ്ങൾ. അവരാണ് യഥാർത്ഥത്തിൽ  സമൂഹ ശരീരത്തിന് ജീവവായു പകരുന്ന അറിയപ്പെടാനാഗ്രഹിക്കാത്ത നന്മ മരങ്ങൾ.
 

Latest News