Sorry, you need to enable JavaScript to visit this website.

പഴയ പ്രേമം വീണ്ടുമെത്തീടുമ്പോൾ...

എന്നാൽ നൂണ്ടുകേറുന്ന പഴയ കാമുകന്റെ ജീവിതത്തിൽ, നമ്മുടെ നാട്ടിൽ, സ്ത്രീകളുടെ ജീവിതത്തിലാക്കുന്നത്ര പ്രശ്‌നങ്ങൾ വിളിച്ചുവരുത്താനുമിടയില്ല. അഥവാ ഭാര്യയത് കണ്ടുപിടിച്ചാൽ, കുട്ടികളുള്ള സ്ത്രീ, അത് പൊറുക്കാനും മറക്കാനും തയ്യാറാവുന്നു. ഒരൊറ്റ കണ്ടീഷനേ മുന്നോട്ട് വെക്കുന്നുള്ളൂ: 'ഇനി നിങ്ങളത് തുടരരുത്'. പുരുഷനാകട്ടെ ഭാര്യയുടെ പഴയ കാമുകനുമായുള്ള പുതിയ ബന്ധം കണ്ടുപിടിച്ചാൽ, ജീവിതത്തിൽ പിന്നീടുണ്ടാവുന്ന സംഘർഷവേളകളിലൊക്കെ അതിനെ ഒരായുധമാക്കാൻ ശ്രമിക്കുന്നു. 

''ഇരുപത്തിമൂന്ന് വയസ്സുള്ള വിവാഹിതയായ വിദ്യാർത്ഥിയാണ് ഞാൻ. എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വിവാഹമല്ല നടന്നത്. ഞാനൊരാളുമായി സ്‌നേഹത്തിലായിരുന്നു. എന്നാൽ വീട്ടുകാർക്ക് ഇഷ്ടമില്ലാത്തതിനാൽ അഞ്ചുകൊല്ലത്തോളം സ്‌നേഹിച്ചയാളെ ഉപേക്ഷിക്കേണ്ടി വന്നു. ഞാനിപ്പോഴും മാനസികമായി ഭർത്താവുമായി യോജിപ്പിലല്ല. ഭർത്താവിന് എന്നോട് സ്‌നേഹമുണ്ട്. എന്റെ മനസ്സിലിപ്പോഴും കാമുകൻ തന്നെയാണ്. ഒന്നിനോടും താല്പര്യമില്ല. എന്ത് ചെയ്യണം?''
നടക്കാതെ പോയ പ്രേമവിവാഹങ്ങളുടെ പേരിൽ മാനസിക പൊരുത്തമില്ലാത്ത എത്രയോ പേർ. പ്രേമിച്ചയാളെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കുന്നവരുമുണ്ട്. പ്രേമത്തിന്റെ കാഞ്ചനമാലകൾ. ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവർ. സ്‌നേഹിച്ചയാളിനെ കുടുംബത്തിനുവേണ്ടി കയ്യൊഴിഞ്ഞയാളിന്, കാമുകനായിരുന്നയാളിനൊപ്പം ഇനി ഭാര്യാഭർത്താക്കന്മാരായി കഴിയാൻ എത്രത്തോളം സാധ്യതയുണ്ട് എന്നത് പരിശോധിക്കാം. കാമുകൻ കാത്തിരിക്കുകയാണെന്നോ വിവാഹമിതുവരെ കഴിച്ചിട്ടില്ലെന്നോ അറിയില്ല. മുമ്പ്, സ്‌നേഹിച്ചയാളിന് പഴയ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എത്രത്തോളം സാധിക്കും, എത്രത്തോളം ഒരുക്കമാണ് എന്നതും അറിയില്ല. ഇനിയഥവാ കാമുകനെ വിവാഹം കഴിച്ചാൽ, ആ ജീവിതം എങ്ങിനെയായിരിക്കുമെന്നതും ഒരു നിശ്ചയമില്ല. യുവതിയുടെ മാതാപിതാക്കൾ (മക്കളുണ്ടെങ്കിൽ അവരും) അടങ്ങുന്ന കുടുംബത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിചാരിക്കുന്നതിനുമപ്പുറത്തായിരിക്കും. യാഥാർത്ഥ്യബോധത്തോടെ പ്രശ്‌നത്തെ അഭിമുഖീകരിച്ച്, ഒരാത്മപരിശോധനയ്ക്ക് വിധേയമാവാൻ യുവതി തയ്യാറാവേണ്ടതുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന ഭർത്താവിനൊപ്പം കാമുകനെ മനസ്സിൽ താലോലിച്ച് കഴിയുന്ന അവസ്ഥ കൂടുതൽ സംഘർഷത്തിലേക്ക് എത്തിച്ചേർക്കാതിരിക്കില്ല. അങ്ങിനെ ഇരുതോണികളിൽ കാലിട്ട് കഴിയുന്നത് ആത്മാർത്ഥതയുറ്റ ഒരു മാനസികാവസ്ഥയേയുമല്ല പ്രതിഫലിപ്പിക്കുന്നത്. സ്വയം മാറാനും ആത്മസംഘർഷമൊഴിവാക്കി കഴിയാനും കഴിയുന്നില്ലെങ്കിൽ, ഒരു കൗൺസലറെ സമീപിക്കുന്നതാണ് നല്ലത്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇത്തരം കേസുകൾ കൗൺസലർ എന്ന നിലയിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പരിചയമുള്ള, അകന്ന ബന്ധുവായ, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാവാതെ പോയ ഒരാളുടെ പ്രശ്‌നമാണ് ഒന്ന്. പല കാരണങ്ങളാൽ ആശിച്ച പെൺകുട്ടിയെ കല്യാണം കഴിക്കാനായില്ല. പതിനഞ്ച് വർഷങ്ങൾക്കുമുമ്പാണത്. അയാൾക്ക് തന്നെ ഇഷ്ടമാണെന്ന് പെൺകുട്ടി അറിയുകപോലും ഉണ്ടായിട്ടില്ല. ഒരു വിവാഹാലോചന വന്നു, അത് വീട്ടുകാർ വേണ്ടെന്നുവെച്ചു എന്നുമാത്രം അവർക്കറിയാം. രണ്ടുപേരും വിവാഹിതരായി മുതിർന്ന കുട്ടികളുമായി. യാദൃഛികമായി ഫെയ്‌സ്ബുക്കിൽ നിന്ന് പഴയ പെൺകുട്ടിയെ വിവാഹം കഴിക്കാനാശിച്ചയാൾ കണ്ടുമുട്ടി. പരിചയം പുതുക്കി. നിരന്തരമായി ബന്ധപ്പെടാൻ തുടങ്ങി. യുവതി ഇക്കാര്യമൊക്കെ ഭർത്താവിനെ അറിയിച്ചിരുന്നു. പഴയൊരു സൗഹൃദമെന്ന നിലയിൽ സന്ദേശപ്രവാഹത്തെ അയാൾ എതിർത്തില്ല. വിവാഹം കഴിക്കാനാശിച്ചയാളിൽനിന്ന് പഴയ ബന്ധം കണ്ടെത്തി സൗഹൃദം തുടരുന്നത് അയാളുടെ ഭാര്യയും മനസ്സിലാക്കിയിരുന്നു. വൈകാതെ ഗൾഫിൽ ജോലി ചെയ്യുന്ന അയാൾക്ക് ഈ യുവതിയുമായുള്ള ബന്ധം ഒരൊഴിവാക്കാനാവാത്ത വ്യവഹാരമായി മാറിയത് ഭാര്യയും യുവതിയുടെ ഭർത്താവും മനസ്സിലാക്കി. ഭർത്താവ് ഭാര്യയെ വിലക്കി. ഭാര്യ താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഭർത്താവിനെ ബോദ്ധ്യപ്പെടുത്തി. സന്ദേശമയക്കുന്നയാൾ ഭാര്യയോട് തനിക്ക് യുവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാനാവില്ലെന്നും നാട്ടിൽ ചെന്ന് അവളെ കാണാൻ കൂടെ വരണമെന്നും ആവശ്യപ്പെട്ടു. നാട്ടിലുള്ള യുവതി ഭർത്താവുമായി കൗൺസലിങ്ങിനെത്തിയിരുന്നു. അവർ ഗൾഫുകാരനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ വിവാഹം കഴിക്കാനാശിച്ചയാളും ഭാര്യയും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചിയിലെത്തി, കുടുംബത്തിന്റെ സ്വാസ്ഥ്യം കെടുത്തുമാറ് വളർന്നുകഴിഞ്ഞിരുന്നു. 
മറ്റൊരു കേസ് ദുബായിയിൽനിന്ന്: ഭർത്താവ് എഞ്ചിനീയർ. ഭാര്യ ബി.ടെക്കുകാരി. ഒരു മകളായി. ഭാര്യ വീട്ടിലെ പകൽ നേരങ്ങളിൽ ഒറ്റക്കാവുമ്പോൾ സോഷ്യൽ നെറ്റുവർക്കിലൂടെ പഴയ കാമുകനുമായുള്ള ബന്ധം തുടങ്ങി. ഭാര്യാഭർത്താക്കന്മാർക്കിടയിലെ അസ്വസ്ഥതകൾ ഈ ബന്ധത്തെ വളർത്തിയെടുത്തിരുന്നു. നാട്ടിലെത്തിയപ്പോൾ കാമുകൻ അവൾക്കൊരുപഹാരം നൽകി. അവൾ അയാൾക്കും. അതറിഞ്ഞ ഭർത്താവ് കലാപക്കൊടിയുയർത്തി. വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്തു. 
എന്തുകൊണ്ട് പഴയ പ്രേമബന്ധം നമ്മുടെ നാട്ടിലെ കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു? അതും പ്രത്യേകിച്ച്, ഗൾഫ് കുടുംബങ്ങളിൽ. മാനസികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. വിവാഹ/കുടുംബ ജീവിതത്തിൽ ഇന്ത്യക്കാർ, മലയാളികൾ പ്രത്യേകിച്ചും, കടുത്ത യാഥാസ്ഥിതികരാണ്. വിവാഹത്തിന് മുമ്പുള്ള പ്രേമത്തെ പൊതുവെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അങ്ങിനെയൊരു സാധ്യതയെ കരിങ്കല്ല് മതിൽകെട്ടി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരുമാണ് മലയാളികൾ. പ്രേമം വിവാഹത്തിൽ കലാശിക്കാതെ പോയാൽ, പിന്നീടുള്ള വിവാഹത്തിൽ അത് കലാപമായിത്തീരുന്നത് ഇവിടെ സാധാരണമാണ്. അതുകൊണ്ടുകൂടി രക്ഷിതാക്കൾ ജാഗരൂകരാകാൻ ശ്രമിക്കുന്നു. എന്നാൽ മാറിയ സാമൂഹിക സാഹചര്യങ്ങൾ സ്‌കൂളിൽ പഠിക്കുന്നവർക്കിടയിൽപ്പോലും കൊടുമ്പിരികൊള്ളുന്ന പ്രേമബന്ധങ്ങൾക്ക് കാരണമാവുന്നുണ്ട്. പലപ്പോഴും സമപ്രായക്കാരുടെ, പ്രത്യേകിച്ച് സ്‌കൂളിലോ കോളേജിലോ വെച്ച് നടക്കുന്ന, പ്രേമങ്ങളുടെ വിവാഹസാധ്യത കുറവാണെന്നതാണ് വസ്തുത. എന്നാൽ പിന്നീടുണ്ടാവുന്ന വിവാഹ ജീവിതത്തിൽ ഇതൊരു ബാധ്യതയോ ശല്യമോ ആയി മാറുന്നതും സാധാരണമാണ്. 
കൗമാരകാലത്തോ യുവത്വത്തിലോ പ്രേമബന്ധത്തിലകപ്പെട്ട്, വിവാഹത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ സാമൂഹിക ചുറ്റുപാടുകളിൽ അത്തരമൊരു ബന്ധത്തെക്കുറിച്ചുള്ള ഓർമ്മ പാടെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പലരുടെയും ജീവിതാനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. പൊതുവെ ചങ്ങാത്തത്തിന്റെയും പ്രേമബന്ധത്തിന്റെയും അതിർത്തികൾ വേർതിരിച്ച് കാണാൻ നമ്മുടെ നാട്ടിലെ പുരുഷന്മാർക്ക് സാധിക്കുന്നില്ല. അത് ഏത് സന്ദർഭത്തിലും അലിഞ്ഞുചേർന്ന് പ്രേമമായി മാറാനുള്ള സാധ്യത കൂടുതലാണുതാനും. പലപ്പോഴും ഭാര്യാഭർത്താക്കന്മാർക്കിടയിലെ അസ്വസ്ഥകളുരുണ്ടുകൂടി വരുമ്പോഴാണ് പഴയ കാമുകനിലേക്ക് ഭാര്യ വീണ്ടും ചാഞ്ഞുപോകുന്നതോ, കാമുകൻ അവരുടെ കുടുംബജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നതോ. യഥാർത്ഥത്തിൽ അത് ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്‌നത്തിന് പരിഹാരമല്ല. അത് പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ഒരിക്കലും പരിഹാരം കാണാനാവാത്തവിധം കുഴപ്പങ്ങൾക്കും കാരണമാവുന്നു.
വിവാഹജീവിതത്തിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുത്താനിട വരുന്ന സന്ദർഭം ക്ഷണിച്ചു വരുത്താത്തതാണ് വിവേകം. ഗൾഫിൽ താമസിക്കുന്നവർക്കിടയിൽ ഇത്തരം അസ്വാരസ്ഥ്യങ്ങൾ കടന്നുകൂടിയാൽ സഹായിക്കാനോ ആശ്വാസം പകരാനോ വേണ്ടപ്പെട്ടവർ അടുത്തുണ്ടാകാനിടയില്ല. സുഹൃത്തുക്കളുടെ മുന്നിൽ ഇത്തരം പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നത് സുരക്ഷിതവുമല്ല. ഗൾഫ് നാടുകളിലാവട്ടെ മലയാളി കൗൺസലർമാരുടെ ലഭ്യതയും വിരളമാണ്. 
ഗൾഫ് രാജ്യങ്ങളിലെ ഫഌറ്റുകളിൽ നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന ഭാര്യമാരുടെ ഇന്റർനെറ്റ്/മൊബൈൽ ഫോൺ സ്വാതന്ത്ര്യവും അസ്വസ്ഥകരമായ സന്ദർഭങ്ങളിലേക്ക് എളുപ്പം കൊണ്ടുചെന്നെത്തിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ അദൃശ്യനായി പ്രത്യക്ഷപ്പെടുന്ന 'നായകൻ' ഏറെ സുരക്ഷിതനാണ്. അയാൾ നൽകുന്ന ആശ്വാസവചനങ്ങളോ, ചിലപ്പോൾ 'മായാസ്പർശ'ങ്ങളോ ഉത്തരവാദിത്വത്തിലടിയൂന്നിയതല്ല. ആശ്വാസത്തിന്റെ തലോടൽ തരുന്നയാൾ ഭർത്താവായി മാറുമ്പോൾ ഇങ്ങിനെയൊരു സാന്ത്വനസ്പർശം പലരും നൽകാറുമില്ല. പ്രേമത്തിൽ നിന്ന് വിവാഹജീവിതത്തിലെത്തുന്നവർ ഈ പെരുമാറ്റ വ്യത്യാസം തിരിച്ചറിയുന്നുണ്ട്. പ്രേമവും വിവാഹവും രണ്ട് വേറിട്ട ജീവിത സന്ദർഭങ്ങളേയാണ് ഉണ്ടാക്കുന്നത്. നൂഴ്ന്ന് കേറുന്ന പഴയ കാമുകൻ ഇരട്ടി സുരക്ഷിതനാണ്. അയാളുടെ ജീവിതത്തെ, വൈവാഹിക ജീവിതത്തെപ്പോലും, പഴയ കാമുകിയുടേതിനെപ്പോലെ ബാധിക്കുന്നില്ല. വീണ്ടും ബന്ധം ആരംഭിക്കുമ്പോൾ, ഭർത്താവ് കുറ്റപ്പെടുത്തുന്നത് ഇങ്ങിനെയായിരിക്കും: 'ഇപ്പോഴും നിന്റെ മനസ്സിൽ അവനാണല്ലേ, ഇക്കാലം വരെയും നീയെന്നെ ചതിക്കുകയുമായിരുന്നല്ലേ?' വന്നുചേർന്ന സംഭവങ്ങൾ ഗൾഫ് ഭാര്യയ്ക്ക് പറഞ്ഞ് ബോധ്യപ്പെടുത്തുകയെന്നതും എളുപ്പകരമായിരിക്കില്ല. എന്നാൽ നൂണ്ടുകേറുന്ന പഴയ കാമുകന്റെ ജീവിതത്തിൽ, നമ്മുടെ നാട്ടിൽ, സ്ത്രീകളുടെ ജീവിതത്തിലാക്കുന്നത്ര പ്രശ്‌നങ്ങൾ വിളിച്ചുവരുത്താനുമിടയില്ല. അഥവാ ഭാര്യയത് കണ്ടുപിടിച്ചാൽ, കുട്ടികളുള്ള സ്ത്രീ, അത് പൊറുക്കാനും മറക്കാനും തയ്യാറാവുന്നു. ഒരൊറ്റ കണ്ടീഷനേ മുന്നോട്ട് വെക്കുന്നുള്ളൂ: 'ഇനി നിങ്ങളത് തുടരരുത്'. 
പുരുഷനാകട്ടെ ഭാര്യയുടെ പഴയ കാമുകനുമായുള്ള പുതിയ ബന്ധം കണ്ടുപിടിച്ചാൽ, ജീവിതത്തിൽ പിന്നീടുണ്ടാവുന്ന സംഘർഷവേളകളിലൊക്കെ അതിനെ ഒരായുധമാക്കാൻ ശ്രമിക്കുന്നു. ഒരു വിവാഹിതയായ സ്ത്രീക്കോ അവിവാഹിതനായ പുരുഷനോ താങ്ങാനോ ആസ്വദിക്കാനോ ആവാത്ത ആഡംബരത്വമാണ് പിന്നീട് ജീവിതത്തിലെത്തുന്ന പഴയകാല പ്രേമബന്ധം! പ്രേമവും കാമുകനോ കാമുകിയോ മാത്രമല്ല ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദഹേതു. ഒരു വ്യക്തിയ്ക്ക് വിദ്യാഭ്യാസത്തിലൂടെ, സ്വന്തം കഴിവുകളും ഗുണവിശേഷങ്ങളും പ്രകടിപ്പിച്ച് ജീവിതത്തെ സാർത്ഥകമാക്കാനാണ് ശ്രമിക്കേണ്ടത്. ഈ ലോകത്തെ തന്റെ വ്യക്തിത്വവിശേഷംകൊണ്ട് അഭിമുഖീകരിക്കുമ്പോഴും ആഹ്ലാദവും സാർത്ഥകതയും അനുഭവിക്കുക. സർഗ്ഗശേഷിയുടെ പ്രകടനം സാധ്യമാവുമ്പോൾ, സാമൂഹിക ബന്ധങ്ങളിലെ സത്യസന്ധത വെളിപ്പെടുത്താനാവുമ്പോൾ, സഹജീവികളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റാനാവുമ്പോൾ ജീവിതത്തിന് അനേകം സാധ്യതകളുമുണ്ടെന്ന് തിരിച്ചറിയാനാവും.

Latest News