Sorry, you need to enable JavaScript to visit this website.

റബർ ഉൽപാദകർ പ്രതീക്ഷയിൽ

ആഗോള വിപണിയിൽ റബർ രണ്ട് വർഷത്തെ മികച്ച നിലവാരത്തിൽ. കേരളത്തിലെ ഉൽപാദകർ പ്രതീക്ഷയിൽ. പുതിയ അധ്യയന വർഷാരംഭം മുൻ നിർത്തി ചെറുകിട കർഷകർ കുരുമുളക് വിപണിയിൽ എത്തിച്ചു. കാലവർഷം മുന്നിൽ കണ്ട് കൊപ്ര സംസ്‌കരണം ഊർജിതമാക്കി. ഹൈറേഞ്ചിൽ ഏലക്കയുടെ ലഭ്യത കുറഞ്ഞു. കേരളത്തിൽ വാരാവസാനം സ്വർണ വില കുതിച്ചു. 
മുഖ്യ വിപണികൾ റബർ ഷീറ്റ് ക്ഷാമം രൂക്ഷം. വ്യവസായികൾ നിരക്ക് രണ്ട് വർഷത്തെ ഉയർന്ന റേഞ്ചിൽ എത്തിച്ചിട്ടും സ്‌റ്റോക്കിസ്റ്റുകളെ ആകർഷിക്കാനായില്ല. ഉൽപാദന മേഖലയിൽ റബർ നീക്കിയിരിപ്പ് നാമമാത്രമായതിനാൽ ഉയർന്ന വിലയ്ക്കും വിൽപനക്കാരില്ല. മുഖ്യ വിപണികളിൽ നാലാം ഗ്രേഡ് 14,400 രൂപയിലും അഞ്ചാം ഗ്രേഡ് 14,200 രൂപയിലുമാണ്. 
തെക്ക് പടിഞ്ഞാറൻ കാലവർഷം കേരള തീരത്തേക്ക് അടുത്തിട്ടും റബർ ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കം തോട്ടങ്ങളിൽ ആരംഭിച്ചില്ല. മഴയിൽ റബർ വെട്ട് തടസ്സപ്പെടാതിരിക്കാൻ റെയിൻ ഗാർഡുകൾ മെയ് അവസാനമാണ് ഒരുക്കുന്നത്. കാർഷിക ചെലവുകളുമായി താരതമ്യം ചെയുമ്പോൾ വിപണി വില ഇനിയും ഉയരണമെന്ന നിലപാടിലാണ് വൻകിട തോട്ടങ്ങൾ. ചില ഭാഗങ്ങളിലും ചെറുകിട കർഷകർ ടാപ്പിങ് പുനരാരംഭിച്ചു.
അന്താരാഷ്ട്ര മാർക്കറ്റിൽ റബർ വില 12,677 രൂപയിൽ നിന്ന് 13,229 രൂപയായി. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ കിലോ 210 യെന്നിൽ നിന്ന് 218 ലേയ്ക്ക് കയറി. സാങ്കേതികമായി 222 യെന്നിലെ പ്രതിരോധം മറികടന്നാൽ റബർ 229 യെൻ വരെ ഉയരാം. 
കുരുമുളകിന് ആവശ്യക്കാരെത്തിയത് ഉൽപന്ന വില ഉയർത്തി. പുതിയ അധ്യയന വർഷാരംഭമായതിനാൽ പണത്തിന്റെ ആവശ്യം മുൻനിർത്തി ചെറുകിട കർഷകരാണ് ചരക്ക് ഇറക്കിയത്. കേരളത്തിലും കർണാടകയിലും വിളവെടുപ്പ് പൂർത്തിയായെങ്കിലും ഇക്കുറി ഏപ്രിൽ, മെയ് മാസങ്ങളിൽ കാര്യമായി മുളക് വിൽപനയ്ക്ക് ഇറങ്ങിയില്ല. വരൾച്ച മൂലം ഉൽപാദനം 50 ശതമാനം കുറവാണ്.
ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5550 ഡോളറാണ്. വിയറ്റ്‌നാം 2500 ഡോളറിനും ഇന്തോനേഷ്യ 2700 ഡോളറിനും ബ്രസീൽ 2300 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,600 രൂപയിൽ നിന്ന് 37,200 രൂപയായി. 
റമദാൻ ആഘോഷങ്ങൾ കഴിയുന്നതോടെ  ഏലത്തിന് ആഭ്യന്തര വിദേശ ആവശ്യക്കാർ എത്തും. വിദേശ ഡിമാണ്ടിൽ മെയ് ആദ്യം കിലോ 4000 രൂപ വരെ ഉയർന്ന ഏലത്തിന് പിന്നിട് തളർച്ച നേരിട്ടു. കഴിഞ്ഞ വാരം മികച്ചയിനം കിലോ 2750 രൂപയിൽ നീങ്ങി. ഓഫ് സീസണായതിനാൽ ലേല കേന്ദ്രങ്ങളിൽ ലഭ്യത ചുരുങ്ങി. കാലവർഷം സജീവമായാലും  ഏലക്ക സീസൺ ആരംഭിക്കാൻ ഓഗസ്റ്റ് വരെ കാത്തിരിക്കണം. 
നാളികേര വിളവെടുപ്പ് ഊർജിതമായതോടെ  ചെറുകിട വിപണികളിൽ പച്ചതേങ്ങ വരവ് ഉയർന്നു. പ്രദേശിക മാർക്കറ്റുകളിൽ വെളിച്ചെണ്ണ വിൽപന കുറഞ്ഞതിനാൽ മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചത് വിലയെ ബാധിച്ചു. കൊച്ചിയിൽ കൊപ്ര 8800 ൽ നിന്ന് 8635 രൂപയായി. വെളിച്ചെണ്ണയ്ക്ക് 300 രൂപ കുറഞ്ഞ് 12,900 രൂപയായി. 
ആഭരണ വിപണികളിൽ സ്വർണ വില പവന് 440 രൂപ ഉയർന്നു. 23,720 രൂപയിൽ നിന്ന് പവൻ 24,160 ലാണ്. ഗ്രാമിന് വില 3020 രൂപ.    അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം വീണ്ടും തിളങ്ങി. 1284 ഡോളറിൽ നിന്ന് 1302 ഡോളറിലെ നിർണായക പ്രതിരോധം തകർത്ത് 1304 ഡോളറായി. 1273 ഡോളറിലെ താങ്ങ് നിലനിർത്തി മുന്നേറുന്ന സ്വർണത്തിന് 1322 ഡോളറിലെ ആദ്യ തടസ്സം ഭേദിച്ചാൽ 1344 ഡോളർ വരെ കുതിക്കാനാവും.
 

Latest News