Sorry, you need to enable JavaScript to visit this website.

കുത്തിവരയിൽ ഉയിർക്കുന്ന ചിത്രങ്ങൾ

അജിഷ് ഐക്കരപ്പടി കുറ്റിപ്പുറത്തുള്ള തന്റെ വീട്ടിൽനിന്നും തേഞ്ഞിപ്പലത്തെ യൂണിവേഴ്‌സിറ്റി ഓഫീസിലേക്കുള്ള യാത്രയിൽ തന്റെ മൊബൈൽ ഫോണിൽ മൊബൈൽ ഫിംഗർ പ്രിന്റ് ആർട്ട് അഥവാ കുത്തിവര എന്ന പുതിയൊരു കലാരൂപത്തിന് പിറവി കുറിച്ചു. നിറങ്ങളെയും വരകളെയും വിരൽത്തുമ്പിൽ ചൊൽപ്പടിക്ക് നിർത്തിയ കുത്തിവര എന്ന കലാരൂപം. മൊബൈലിലുള്ള സ്‌കെച്ച് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് അജിഷ് വരയ്ക്കുന്നത്. വൈവിധ്യങ്ങളുടെ പുതിയൊരു കൊളാഷ്. അജീഷിന്റെ വരയുടെ ലോകത്തിലേക്ക്...

യാത്രകളിലെ വിരസത അകറ്റാനുള്ള ശ്രമം ജീവിതത്തിന്റെ ഗതി മാറ്റിയ കഥയാണ് അജിഷിന് പറയാനുള്ളത്.  വീട്ടിൽനിന്നും ഓഫീസിലേക്കും തിരിച്ചും എല്ലാദിവസവും ഒരുമണിക്കൂറോളം തീവണ്ടിയിൽ യാത്ര ചെയ്യുന്നത് ആലോചിച്ചുനോക്കൂ. പുസ്തകം വായിച്ചായിരിക്കും ചിലർ സമയം ചെലവഴിക്കുന്നത്. ടെലിവിഷൻ പരമ്പരകൾ കണ്ടും സോഷ്യൽ മീഡിയകളിൽ മനസ്സർപ്പിച്ചുമായിരിക്കും മറ്റു ചിലർ സമയം കൊല്ലുന്നത്. ഇനിയും ചിലരാകട്ടെ ജനലിലൂടെ പുറംകാഴ്ചകൾ കാണും. വേറെ ചിലർ തീവണ്ടിയിൽ യാത്ര ചെയ്യുന്ന പുതിയ ആളുകളെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കും.
എന്നാൽ അജിഷ് പുരുഷോമത്തൻ എന്ന അജിഷ് ഐക്കരപ്പടി കുറ്റിപ്പുറത്തുള്ള തന്റെ വീട്ടിൽനിന്നും തേഞ്ഞിപ്പലത്തെ യൂണിവേഴ്‌സിറ്റി ഓഫീസിലേക്കുള്ള യാത്രയിൽ പുതിയൊരു മേച്ചിൽപ്പുറമാണ് കണ്ടെത്തിയത്. തന്റെ മൊബൈൽ ഫോണിൽ മൊബൈൽ ഫിംഗർ പ്രിന്റ് ആർട്ട് അഥവാ കുത്തിവര എന്ന പുതിയൊരു കലാരൂപത്തിന് പിറവി കുറിക്കുക. നിറങ്ങളെയും വരകളെയും വിരൽത്തുമ്പിൽ ചൊൽപ്പടിക്ക് നിർത്തുന്നതാണ് കുത്തിവര എന്ന കലാരൂപം. മൊബൈലിലുള്ള ‘സ്‌കെച്ച് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് അജിഷ് വരയ്ക്കുന്നത്. നിയമാവലികളൊന്നുമില്ലാതെ എന്തും വരയ്ക്കാം. ഒരു സ്മാർട്ട് ഫോണും പെയിന്റിംഗിനോടുള്ള ചെറിയൊരു താൽപര്യവും മതി ഒരു കുത്തിവര കലാകാരനാകാൻ. പാരമ്പര്യമായി യാതൊരു നിയമാവലിയും ഇതിനില്ല. കാൻവാസ് എന്നുപറയുന്നത് മൊബൈൽ ഫോണും ബ്രഷായി ഉപയോഗിക്കുന്നതാകട്ടെ നമ്മുടെ വിരലുകളും. പെൻസിൽ, പെയിന്റ്, ബ്രഷ് തുടങ്ങി ചിത്രകലയുടെ അടിസ്ഥാനസങ്കേതങ്ങളൊന്നും ഈ കലാരചനയ്ക്ക് ആവശ്യമില്ല.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രസ്സിൽ പ്രൂഫ് റീഡറായി ജോലി നോക്കുന്ന ഈ കലാകാരന് 2014 ലെ തന്റെ ജന്മദിനത്തിൽ ഭാര്യ ഷിജി സമ്മാനിച്ചതായിരുന്നു സോണി എക്‌സ്‌പേരിയുടെ പുതിയ മോഡൽ ഫോൺ. ഫോട്ടോ എഡിറ്റിംഗിനുള്ള സ്‌കെച്ച് ആപ്പും ഈ മൊബൈൽ ഫോണിലുണ്ടായിരുന്നു. ഫോൺ കിട്ടിയതിനുശേഷം ദിവസേനയുള്ള യാത്രയ്ക്കിടെ അജിഷ് സ്‌കെച്ച് ഉപയോഗിച്ചുതുടങ്ങി. ആപ്പിൽ ഒരു പേനയും പെൻസിലും കളർ പാലറ്റും ഉണ്ടായിരുന്നു. ഇവ ഉപയോഗിച്ച് പുതിയ രൂപങ്ങൾ മെനഞ്ഞെടുക്കാൻ തുടങ്ങി.
2014 ജൂൺ 25 നായിരുന്നു അജിഷ് തന്റെ ആദ്യചിത്രം പൂർത്തിയാക്കിയത്. ഒരു പെൺകുട്ടി മരത്തിനടിയിൽ നിൽക്കുന്ന ചിത്രം. ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെ നല്ല അഭിപ്രായങ്ങൾ വന്നു. ചിലരിതിനെ കുത്തിവരയെന്ന് വിശേഷിപ്പിച്ചു. വരകൾ ഇട്ടാണ് ഡ്രോയിംഗ് വരയ്ക്കുന്നത്. ഫില്ലിംഗ് എന്ന ഓപ്ഷൻ വളരെ കുറച്ചായിരുന്നു ഉപയോഗിച്ചത്. പിന്നീട് ചിത്രങ്ങളോരോന്നും വരച്ച് ഫേസ്ബുക്കിൽ കുത്തിവര എന്നൊരു പേജുണ്ടാക്കി അതിൽ പോസ്റ്റ് ചെയ്തുതുടങ്ങി.
കൃത്യമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും വരയോട് താൽപര്യമുണ്ടായിരുന്ന അജിഷ്  മാസങ്ങൾകൊണ്ടുതന്നെ അൻപതോളം ചിത്രങ്ങൾ വരച്ചുകൂട്ടി. സഹപ്രവർത്തകരുടെ പ്രോത്സാഹനത്തിൽ യൂണിവേഴ്‌സിറ്റിയിലെ രചനാ കലാസാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഒരു പ്രദർശനവുമൊരുക്കി. 2015 ഫെബ്രുവരി പത്തിന് നടത്തിയ പ്രദർശനത്തിന് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ചിത്രങ്ങളെല്ലാം എ ത്രീ സൈസിൽ പ്രിന്റെടുത്താണ് പ്രദർശിപ്പിച്ചത്. അതോടെ ആത്മവിശ്വാസമായി. ഈ എക്‌സിബിഷനിലൂടെ ലഭിച്ച പ്രോത്സാഹനമാണ് ചിത്രരചനയെ ഗൗരവമായി കാണാൻ പ്രേരിപ്പിച്ചത്.
ആദ്യചിത്രപ്രദർശനത്തിനുശേഷം ഈ സാങ്കേതികവിദ്യയെക്കുറിച്ച് സോണി കമ്പനിയെ അറിയിച്ചിരുന്നു. തൃശൂർ ലളിതകലാ അക്കാദമിയിൽ എൺപതു ചിത്രങ്ങളുടെ പ്രദർശനമൊരുക്കിയപ്പോൾ സോണിയുടെ ടെക്‌നിക്കൽ ടീം അവിടെയെത്തുകയും ചിത്രരചന നേരിട്ട് കാണുകയുമുണ്ടായി. ഈ പ്രദർശനം ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. സോണി കമ്പനി അധികൃതർക്കുപോലും ഈ സ്‌കെച്ച് ആർട്ട് ഉപയോഗിച്ച് പെയിന്റിംഗ് നടത്താമെന്ന് അറിയില്ലായിരുന്നു. പ്രദർശനം കാണാനെത്തിയ അവർ അത്ഭുതപ്പെട്ടു. എന്റെ അഭിപ്രായമനുസരിച്ച് ഈ ആപ്പിൽ പുതിയ ചില ഫീച്ചറുകൾ കൂടി അവർ കൂട്ടിച്ചേർത്തു. മാത്രമല്ല, 2015 സെപ്തംബർ 20 മുതൽ 24 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടത്തിയ ചിത്രപ്രദർശനം സോണി കമ്പനിയാണ് സ്‌പോൺസർ ചെയ്തത്. മികവിനുള്ള അംഗീകാരമായി സോണിയുടെ പുതിയ സീരീസിലുള്ള എം 5 - മൊബൈൽ ഫോൺ സമ്മാനമായി നൽകുകയും ചെയ്തു. കൂടാതെ ഇന്ത്യയിലെ പുതിയ തലമുറയുടെ കലാരൂപം എന്ന് വിശേഷിപ്പിച്ച് ഒരു സർട്ടിഫിക്കറ്റും അയച്ചു കൊടുത്തു. ഇന്ത്യയിൽ ലക്ഷക്കണക്കിന് പേർ ഈ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരാൾ മാത്രമേ ഈ രീതിയിൽ ഫോൺ ഉപയോഗിക്കുന്നുള്ളു എന്നും അവർ വിശേഷിപ്പിച്ചു. അവാർഡ് കിട്ടിയ സന്തോഷമായിരുന്നു അത് നൽകിയത്.
ചിത്രരചന പ്രൊഫഷണലായി പഠിച്ച കൂട്ടത്തിലല്ല അജിഷ്. വരയ്ക്കാൻ അറിയാം. പൂക്കള മത്സരത്തിലും കേരളോത്സവങ്ങളിലും കലോത്സവങ്ങളിലുമൊക്കെ പങ്കെടുത്ത പരിചയവുമാണ് മുതൽക്കൂട്ട്. എങ്കിലും ഇതുവരെ ക്യാൻവാസിൽ ചിത്രരചന നടത്തിയിട്ടില്ല. പഠിക്കാത്തതുകൊണ്ട് തെറ്റിപ്പോകുമോ എന്ന ഭയമാണ് കാരണം. സാധാരണ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നുതന്നെ വരച്ചെടുക്കാം. എന്നാൽ ഗായിക ജാനകിയുടെ ചിത്രം രണ്ടുമാസമെടുത്താണ് വരച്ചത്. ഷാർജയിലെ സുൽത്താന്റെ ചിത്രം വരയ്ക്കാനും ഏറെ സമയമെടുത്തിരുന്നു.
മുന്നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ചുകഴിഞ്ഞു. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ഷാർജാ ഭരണാധികാരിയായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഉപഹാരം നൽകാനുള്ള അവസരം ലഭിച്ചതാണ്. തിരുവനന്തപുരത്ത് രാജ്ഭവനിൽ കലിക്കറ്റ് സർവ്വകലാശാലയുടെ ഡിലിറ്റ് ബിരുദം ഏറ്റുവാങ്ങാനെത്തിയ അദ്ദേഹത്തിന് സമ്മാനമായി നൽകിയത് അജിഷ് വരച്ച പോർട്രെയിറ്റായിരുന്നു. വിദ്യാഭ്യാസമന്ത്രിയാണ് അദ്ദേഹത്തിന് ചിത്രം സമ്മാനിച്ചത്. ഇതിന് അവസരം ഒരുക്കിയത് വൈസ് ചാൻസലറായിരുന്നു. സുൽത്താന് തന്നെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിൽനിന്നും ഓട്ടോഗ്രാഫ് വാങ്ങാനും അവസരം ലഭിച്ചത് ജീവിതത്തിലെ അസുലഭ ഭാഗ്യമായാണ് അജിഷ് കരുതുന്നത്.
നിരവധി പുരസ്‌കാരങ്ങളും ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. ആദ്യകാലത്ത് ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്താണ് ഒരു കുത്തിവരചിത്രം പൂർത്തിയാക്കിയിരുന്നതെങ്കിൽ ഇപ്പോൾ വെറും പത്തുമിനിട്ടുകൊണ്ട് ചിത്രം വരയ്ക്കാൻ സാധിക്കുന്നുണ്ടെന്ന് അജിഷ് പറയുന്നു.
യാത്രകളിലാണ് ചിത്രങ്ങൾ ഏറെയും വരയ്ക്കാറ്. ചിത്രങ്ങൾ വരച്ചും മായ്ച്ചും വീണ്ടും വരച്ചുമെല്ലാം പൂർണ തൃപ്തി വന്നതിനുശേഷമാണ് പുറംലോകത്തെ കാണിക്കുന്നത്. ബസ് യാത്രയിൽപോലും ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾകലാം, ബഷീറിന്റെ പാത്തുമ്മയുടെ ആട്, താജ്മഹൽ, വിറകുമായി പോകുന്ന ഗ്രാമീണ സ്ത്രീകൾ, തൂക്കിയ മണ്ണെണ്ണ വിളക്കിന് താഴെ പഠിക്കുന്ന പെൺകുട്ടി, തെരുവിലെ പാമ്പാട്ടി... തുടങ്ങി നിരവധി ചിത്രങ്ങൾ ആരേയും ആകർഷിക്കുന്നതാണ്.
കാലിക്കറ്റ് സർവ്വകലാശാലയിലെ 2013 വർഷത്തെ കലണ്ടറിലെ പന്ത്രണ്ട് രേഖാചിത്രങ്ങളും അജിഷിന്റേതായിരുന്നു. കൂടാതെ എം.എം. ഗനി അവാർഡിന്റെ രൂപകൽപനയും നടത്തിയിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായിരുന്ന നിരുപമാ റാവുവിനെ സർവ്വകലാശാല ആദരിച്ചപ്പോൾ ഉപഹാരമായി നൽകിയതും തന്റെ ചിത്രമായിരുന്നു - അജിഷ് ഓർക്കുന്നു. സോണി ഫോണുകളുടെ ഓൺലൈൻ സാങ്കേതികവിദ്യ സെപ്തംബർ മുപ്പതോടെ നിർത്തുകയാണെന്ന വാർത്ത അജിഷിനെ വേദനിപ്പിക്കുന്നുണ്ട്. ബേസിക് ടൂളുകൾ ഉപയോഗിക്കാമെങ്കിലും പുതുതായി ഒന്നും ചെയ്യാനാവില്ല. എന്നാൽ അജിഷിനെപ്പോലുള്ളവർക്കുമാത്രം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പുനഃക്രമീകരണം.
അജിഷിന്റെ ഇനിയുള്ള സ്വപ്നം ഗിന്നസ് ബുക്കിലോ ലിംക റെക്കോർഡ്‌സിലോ ഇടംനേടുക എന്നതാണ്. കൂടാതെ ഒരു ഇന്റർനാഷണൽ എക്‌സിബിഷൻ എന്ന സ്വപ്നവും ഈ കലാകാരന്റെ മനസ്സിലുണ്ട്.
റിട്ടയേർഡ് അധ്യാപക ദമ്പതികളായ സി.എൻ. പുരുഷോത്തമന്റെയും കെ.വി. കനകമ്മയുടെയും മകനായ അജിഷ് മലപ്പുറം ജില്ലയിലെ ഐക്കരപ്പടിക്കടുത്ത ആനന്ദഭവനത്തിലാണ് താമസം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഷിജിയാണ് ഭാര്യ. രണ്ടര വയസ്സുകാരി രുദ്രയാണ് ഏകമകൾ.


 

Latest News