Sorry, you need to enable JavaScript to visit this website.

തലതാഴ്ത്തി ത്രിമൂർത്തികൾ

ബാഴ്‌സലോണയും യുവന്റസും മാഞ്ചസ്റ്റർ യുനൈറ്റഡും നിരാശയോടെയാണ് ഈ സീസൺ അവസാനിപ്പിച്ചത്

ബാഴ്‌സലോണ 11 സീസണിനിടെ എട്ടാം തവണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായി, യുവന്റസ് തുടർച്ചയായി എട്ടാമതും ഇറ്റാലിയൻ ലീഗ് നേടി. മാഞ്ചസ്റ്റർ യുനൈറ്റഡ് ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലെ വൻ തിരിച്ചുവരവുകളിലൊന്നിന് നേതൃത്വം കൊടുത്തു. എന്നാൽ മൂന്നു ടീമുകളും കൊടിയ നിരാശയുമായാണ് സീസൺ അവസാനിപ്പിക്കുന്നത്. ഹാട്രിക് കിരീടം പ്രതീക്ഷിച്ച ബാഴ്‌സലോണക്ക് അന്ത്യം ഹൃദയഭേദകമായിരുന്നു. ക്രിസ്റ്റിയാനൊ റൊണാൾഡോയിലൂടെ യൂറോപ്യൻ കിരീടം സ്വപ്‌നം കണ്ട യുവന്റസിന്റെയും പ്രതീക്ഷകൾ വീണുടഞ്ഞു. യുവന്റസ് കോച്ച് മാസിമിലിയാനൊ അലെഗ്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നു, ഏണസ്‌റ്റൊ വാൽവെർദെയുടെ സ്ഥാനത്തിന് വെല്ലുവിളിയുയർന്നു കഴിഞ്ഞു. യുനൈറ്റഡ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ തന്നെ ഉണ്ടാവില്ല.
വാൽവെർദെയെ ഒരിക്കലും കാമ്പ്‌നൗ പൂർണ മനസ്സോടെ സ്വീകരിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനോടും കോപ ഡെൽറേ ഫൈനലിൽ വലൻസിയയോടുമേറ്റ തോൽവി ഇഷ്ടക്കേട് കൂട്ടിയിട്ടേയുള്ളൂ. സ്പാനിഷ് ലീഗിലെ നേട്ടം മാത്രമാണ് വാൽവെർദെക്ക് ചൂണ്ടിക്കാട്ടാനുള്ളത്. ബദ്ധവൈരികളായ റയൽ മഡ്രീഡിനെക്കാൾ 19 പോയന്റ് മുന്നിലാണ് ബാഴ്‌സലോണ സീസൺ അവസാനിപ്പിച്ചത്. നാലു കളികളിൽ അവരെ 10-2 ന് തോൽപിച്ചു. 
വാൽവെർദെയുടെ ശൈലി ഒഴുക്കില്ലാത്തതാണെന്ന പരാതി വ്യാപകമാണ്. ബാഴ്‌സലോണയെപ്പോലൊരു ടീമിന് വേണ്ട ആവേശം പകരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും വിമർശനമുണ്ട്. വലൻസിയക്കെതിരായ തോൽവിയോടെ കളിക്കാരും ആ വിമർശനങ്ങൾ വിശ്വസിച്ചു തുടങ്ങിയിരിക്കണം. ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്‌നത്തിലേക്ക് ബാഴ്‌സലോണയെ നയിക്കാൻ അടുത്ത സീസണിൽ വാൽവെർദെക്ക് കഴിയുമോയെന്നാണ് ഇപ്പോൾ ബാഴ്‌സലോണ ചിന്തിക്കുന്നത്. അലെഗ്രിയും ജോസെ മൗറിഞ്ഞോയും ആന്റോണിയൊ കോണ്ടെയുമൊക്കെ ലഭ്യമാണ്. എന്നാൽ അവരൊന്നും ബാഴ്‌സലോണക്ക് ഇണങ്ങില്ല. ക്വിക് സെറ്റിയേൻ, മുൻ ബാഴ്‌സ മിഡ്ഫീൽഡർ ഷാവി എന്നിവരുടെ പേരും പരിശീലകനായി പറഞ്ഞുകേൾക്കുന്നു. 
വാൽവെർദെ നിർഭാഗ്യവാനാണ്. 41 ആഴ്ചയിലെ കഠിനാധ്വാനമാണ് മൂന്നാഴ്ചക്കിടയിൽ ആവിയായിപ്പോയത്. കളിക്കാരിൽ അദ്ദേഹം സൃഷ്ടിച്ച അമിതസമ്മർദ്ദമാണോ അതിന് കാരണമെന്ന് പലരും സംശയിക്കുന്നു. 
അലെഗ്രി യുവന്റസിലെ അഞ്ചു സീസണിലും ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി. പക്ഷെ ലീഗ് ചാമ്പ്യൻഷിപ് യുവന്റസിന് ഉറക്കത്തിൽ പോലും നേടാവുന്നതേയുള്ളൂ. ക്രിസ്റ്റിയാനോ റൊണാൾഡോയെ കൊണ്ടുവന്നത് അതിനായിരുന്നില്ല. 21 ഗോളോടെ ക്രിസ്റ്റിയാനൊ ടീമിന്റെ ടോപ്‌സ്‌കോററായി. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഹാട്രിക് നേടി. അതൊന്നും മതിയായില്ല. 
അഞ്ച് സീസണിൽ നാലു തവണ റയൽ മഡ്രീഡിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയാണ് ക്രിസ്റ്റ്യാനൊ ഇറ്റലിയിലേക്ക് വന്നത്. 10 കോടി യൂറോയുടെ ട്രാൻസ്ഫറും മൂന്നു കോടി യൂറോ പ്രതിവർഷ പ്രതിഫലവുമുൾപ്പെട്ട കരാറിനെ നൂറ്റാണ്ടിന്റെ സന്ധി എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എന്നിട്ടും കഴിഞ്ഞ സീസണിലേതിനെക്കാൾ ഒരു ട്രോഫി കുറവാണ് യുവന്റസിന് കിട്ടിയത്. കോപ ഇറ്റാലിയയിൽ അവർ ക്വാർട്ടറിൽ മുട്ടുകുത്തി. ക്രിസ്റ്റ്യാനൊ ഏതാണ്ടൊറ്റക്കാണ് യുവന്റസിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിച്ചത്. എന്നാൽ അയാക്‌സ് കുട്ടികൾക്കു മുന്നിൽ അവർക്ക് അടിതെറ്റി.
ആരായിരിക്കും യുവന്റസിന്റെ പുതിയ കോച്ച്? മൗറിസിയൊ സാരി, മൗറിഷ്യൊ പോചറ്റീനൊ, സൈമൺ ഇൻസാഗി എന്നീ പേരുകൾ കേൾക്കുന്നു. പുതിയ തുടക്കത്തിന് കാത്തിരിക്കുകയാണ് യുവന്റസും ക്രിസ്റ്റ്യാനോയും.  
ബാഴ്‌സലോണയും യുവന്റസും ലീഗ് കിരീടങ്ങൾ നേടിയെങ്കിൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റി കിരീടവിജയം ആഘോഷിക്കുന്നതു കാണേണ്ടിവന്ന സങ്കടക്കടലിലാണ് യുനൈറ്റഡ്. മൗറിഞ്ഞോയെ പാതിവഴിയിൽ പുറത്താക്കിയ സീസൺ വെറുംകൈയോടെയാണ് അവർ അവസാനിപ്പിച്ചത്. അലക്‌സ് ഫെർഗൂസന്റെ കീഴിലുള്ള പ്രതാപദിനങ്ങൾ അവർക്ക് ഗൃഹാതുരസ്മരണകൾ മാത്രം. തരംതാഴ്ത്തപ്പെട്ട കാർദിഫിനോട് ഓൾഡ് ട്രഫോഡിലെ സ്വന്തം തട്ടകത്തിൽ 0-2 ന് തോറ്റാണ് അവർ സീസൺ അവസാനിപ്പിച്ചത്. ഫെർഗൂസൻ വിരമിച്ച ശേഷമുള്ള ആറ് സീസണിൽ നാലാം തവണ ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനു പുറത്തായി യുനൈറ്റഡ്. സിറ്റിയും യുനൈറ്റഡും തമ്മിൽ ഇത്തവണ 32 പോയന്റിന്റെ വൻ വിടവുണ്ടായിരുന്നു. 
ഓലെ ഗുണ്ണർ സോൾസ്‌ക്ജയറിന് സ്ഥിരം പരിശീലക പദവി നൽകിയത് തെറ്റിപ്പോയെന്ന ആശങ്കയിലാണ് ഇപ്പോൾ യുനൈറ്റഡ്. താൽക്കാലിക കോച്ചായിരിക്കെ 17 മത്സരങ്ങളിൽ പതിനാലിലും സോൾസ്‌ക്ജയർ ടീമിനെ ജയത്തിലേക്കു നയിച്ചു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ ഉജ്വലമായി തിരിച്ചുവന്ന ശേഷം എല്ലാം കീഴ്‌മേൽ മറിഞ്ഞു. 12 കളികളിൽ എട്ടും തോറ്റു. സിറ്റി കിരീടമേന്തുന്നതും ലിവർപൂളും ടോട്ടനമും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നതും ആഴ്‌സനലും ചെൽസിയും യൂറോപ്പ കപ്പ് ഫൈനൽ കളിക്കുന്നതും അവർക്ക് നോക്കിനിൽക്കേണ്ടി വന്നു. 
നിരവധി കളിക്കാരാണ് യുനൈറ്റഡിൽ പുറത്തേക്കുള്ള വാതിലിൽ നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ സ്ഥാനമില്ലെന്നിരിക്കെ പുതിയ കളിക്കാർ വരാനുള്ള സാധ്യത വിരളമാണ്. ആശങ്കയുടേതായിരിക്കും യുനൈറ്റഡിന് അടുത്ത സീസണും.
 

Latest News