Sorry, you need to enable JavaScript to visit this website.

നീർമാതളത്തിന്റെ കണ്ണീരിന് പത്താണ്ട്...

ഇന്ന് കമലാസുരയ്യയുടെ പത്താം ചരമ വാർഷികം

കാണുമ്പോൾ പൂത്തുല്ലസിച്ച് ചിരിക്കുകയാണെന്ന് തോന്നും നീർമാതളം; പക്ഷേ കഴിഞ്ഞ പത്താണ്ടായി നീർമാതളം വെറുതെ പൂക്കുന്നുവെന്ന് മാത്രം. നീർമാതളച്ചുവട്ടിൽ സ്‌നേഹാക്ഷരങ്ങളുമായി വന്നു നിൽക്കാറുള്ള കമലയ്ക്ക് വേണ്ടി പൂക്കാറുള്ള നീർമാതളം കഴിഞ്ഞ പത്തു വർഷമായി പൂക്കുന്നുണ്ടെങ്കിലും അതു കാണാൻ കമലയില്ല...
ഇന്ന് മാധവിക്കുട്ടിയുടെ പത്താം ചരമ വാർഷികം. നീർമാതളമെന്ന പൂവിനെ ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികളിൽ ഒരു ലഹരിയായി പടർത്തിയ പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാട്ടിലെ കമലദാസ് എന്ന കമല, മലയാളത്തിന്റെ മാധവിക്കുട്ടി, പ്രണയ സമ്മോഹന ഭാവങ്ങളിൽ നിറഞ്ഞാടിയ ആമി, പിന്നെയെപ്പഴോ സുരയ്യയായി മാറിയ കമല സുരയ്യ....വിശേഷങ്ങളും പേരുകളും ഏറെയുള്ള കമലയുടെ പ്രിയപ്പെട്ട നീർമാതളം ഇപ്പോഴും ഇടക്കിടെ പൂത്തുലയും.
നീർമാതളത്തിന്റെ നിശ്ശബ്ദമായ കരച്ചിൽ ആരും കേൾക്കാറില്ല. പൂനെയിലേക്ക് യാത്രയാകും മുമ്പ് അവസാനമായി നീർമാതളച്ചുവട്ടിൽ കസേരയിട്ടിരുന്ന കമല സുരയ്യ പറഞ്ഞത് ഒരിക്കൽ കൂടി ഈ നീർമാതള ഭൂവിലേക്ക് ഒരു പക്ഷിയായി പറന്നെത്താൻ കൊതിയുണ്ടെന്നാണ്.
പിന്നീടൊരിക്കലും കമല ഇവിടേക്ക് വന്നില്ല. മരണത്തിന്റെ നിത്യതയിൽ ലയിച്ച് നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോയ കമല ഒരു പക്ഷേ ആരും കാണാതെ ഇപ്പോഴും ഈ നീർമാതളത്തിന്റെ ചില്ലകളിലേക്ക് ഒരു പക്ഷിയായി പാറിപ്പറന്നെത്തുന്നുണ്ടാകാം. അപ്പോഴൊക്കയായിരിക്കാം നീർമാതളം പൂക്കുന്നത്. ആമിയെ കാണാതെയാകുമ്പോൾ നീർമാതളം പതുക്കെ കരയുന്നുണ്ടാകാം. എഴുത്തിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന പലരും ഒരു തീർത്ഥാടകന്റെ മനസ്സോടെ ഇപ്പോഴും ഈ നീർമാതള ഭൂവിലേക്കെത്താറുണ്ട്. മാധവിക്കുട്ടിയുടെ സ്വപ്‌നങ്ങളും ഭ്രമാത്കമ ചിന്തകളും അക്ഷരച്ചീന്തുകളും പതിഞ്ഞു കിടക്കുന്ന ഈ മണ്ണിൽ ഒന്നു തൊട്ടുവന്ദിച്ച് ആമിയെ അവർ ഓർക്കുന്നു. ആമിയെ കൊതിപ്പിച്ച നീർമാതളത്തെ അവർ കൺനിറയെ കാണുന്നു. അതിനു മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നു.
 

Latest News