Sorry, you need to enable JavaScript to visit this website.

കടലോളം റഫീഖ്

കടലിനെ സ്‌നേഹിച്ച് കടലിൽ അലിഞ്ഞുപോയ ഒരു മനുഷ്യൻ. റഫീഖ് ടി.കെ റഫീഖ്. കടലിനെ പോലെ ആലോചിച്ചാൽ പിടികിട്ടാത്ത എത്രയോ ജീവിതങ്ങൾ. കരയിലിരുന്നു നോക്കുമ്പോൾ ഒരിക്കലും പിടിലഭിക്കാത്ത എത്രയോ മനുഷ്യരുടെ കഥകൾ. കടലിൽ ആഞ്ഞടിക്കുന്ന തിരകളെ കാണുമ്പോൾ അതിനോട് പടവെട്ടി ജീവിതം ഒരരുക്കടിപ്പിക്കുന്നവരെ ഓർക്കാറില്ല പലപ്പോഴും. 
വിരഹവും പ്രണയവും പ്രക്ഷുബ്ധതയും മനസ്സിൽ വിരിയുമ്പോഴും കണ്ണെത്താ നീലിമയിൽ വള്ളമിറക്കി മീനും കല്ലുമ്മക്കായയും പിടിക്കുന്നവരെ ആരെങ്കിലും ഓർക്കാറുണ്ടോ.  
അത്ഭുതങ്ങൾ നിറഞ്ഞ ആഴിയിലേക്കൂളിയിട്ട് അപകടങ്ങൾ നിറഞ്ഞ പാറക്കെട്ടുകൾക്കിടയിൽനിന്നും കക്ക പറിച്ച്  ജീവശ്വാസത്തിനായി മേലോട്ടുയരുമ്പോഴേക്കും ഒരു പിടി അനുഭവങ്ങളും ഉപദേശങ്ങളും റഫീക്ക് മനസ്സിൽ കുറിച്ചിട്ടിരിക്കും -സോഷ്യൽ മീഡിയയിലെ തന്റെ കൂട്ടുകാരോട് പങ്കു വെക്കാൻ. കടലിനെ കുറിച്ച് അതിലെ ജീവജാലങ്ങളെ കുറിച്ച് പ്രലോഭിപ്പിക്കുന്ന മനോഹാരിതയെക്കുറിച്ച് പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആധികാരികമായി തന്മയത്വത്തോടെ റഫീഖ് വരികളിലാക്കിയപ്പോൾ അതിന് വായനക്കാരും ഏറെയായിരുന്നു..
രണ്ടു വർഷം മുന്നെ മെയ് 25 ന് റഫീഖ് പോസ്റ്റ് ചെയ്ത കടലിനടിയിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ എന്ന അനുഭവക്കുറിപ്പിന് ഞെട്ടലോടെയാണ് വായനക്കാർ പ്രതികരിച്ചത്. 
സ്‌നേഹ മനസ്സോടെയുള്ള ഉപദേശങ്ങളും  ശാസനകളും കമന്റുകളിൽ നിറഞ്ഞു നിന്നു. കടലിനടിയിൽ വലിയൊരു തിരയിൽ പെട്ട് പാറക്കൂട്ടങ്ങൾക്കിടയിലേക്ക് തെറിച്ചു വീഴുകയും വെള്ളം കലങ്ങിയത് കാരണം പുറത്തേക്കുള്ള വഴിയാണെന്ന് ധരിച്ച് മറ്റൊരു വഴിയിലൂടെ നീങ്ങിയതും
ഭാഗ്യത്തിന് രക്ഷപ്പെട്ട് പോന്നതിന്റെയും മുൾമുനയിൽ നിർത്തിയുള്ള വിവരണമായിരുന്നു അത്. 
ഇക്കഴിഞ്ഞ മെയ് 25 ന് മീൻ ലഭ്യത കുറഞ്ഞപ്പോൾ തോണിയുമെടുത്ത് കല്ലുമ്മക്കായ പറിക്കാൻ പോയതായിരുന്നു റഫീഖും കുട്ടുകാരും. 
നങ്കൂരമിട്ട കപ്പലിനടിയിൽനിന്നും കൂടുതൽ കല്ലുമ്മക്കായ കിട്ടാറുള്ളതുകൊണ്ടാവണം അവർ ആ ഉദ്യമത്തിനിറങ്ങിയത്. ഊളിയിട്ട അതേ വഴിയിലൂടെ തിരിച്ചു പൊങ്ങിയില്ലെങ്കിൽ അപകട സാധ്യത കൂടുതലാണത്രേ  കപ്പലിനോടടുത്തുള്ള ഈ കക്ക പറിക്കലിന്. 
പഴയ ദുരനുഭവം പോലെ വൻ തിരയിലകപ്പെട്ട്  തല കപ്പലിലിടിക്കുകയോ തിരിച്ചുപോരാൻ വഴി മാറിയ വെപ്രാളത്തിൽ കപ്പലിന്റെ മൂർച്ചയേറിയ ഭാഗങ്ങളിൽ  ഇടിക്കുകയോ ചെയ്തതോടെ റഫീഖിനെ മരണം കൊണ്ടുപോയി. 
നിശ്ചലനായാണ് കടലിനെയും നല്ല സൗഹൃദങ്ങളെയും നെഞ്ചോടു ചേർക്കുന്ന ആ കോഴിക്കോട്ടുകാരനെ തിരിച്ചുകിട്ടിയത്...
അനാഥരായിപ്പോയ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന് താങ്ങാവാൻ റഫീഖിന്റെ സ്‌നേഹ സ്വാന്തനങ്ങൾ ഒത്തിരിയനുഭവിച്ച കൂട്ടുകാർ തീരുമാനിച്ചു. ലളിത ഭാഷയിൽ മനോഹരമായി കുറിച്ചിട്ട അമൂല്യമായ കടലനുഭവങ്ങളും നിരീക്ഷണങ്ങളുംപുസ്തകമായി പ്രസിദ്ധീകരിക്കാനും ആ വരുമാനവും കുടുംബത്തിന് നീക്കിവെക്കാനും കൂടി ഒരുങ്ങുകയാണ് കൂട്ടുകാർ. 
സൗഹൃദമെന്ന തണലിനെ ഒരു വൻ മരമാക്കി പരിപാലിച്ചു ആ യുവാവ് പറ്റുന്നവരെ പോയി കണ്ടും ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിച്ചും ജീവൻ പണയം വെച്ച് പറിച്ചെടുക്കുന്ന കല്ലുമ്മക്കായ സമ്മാനപ്പൊതിയാക്കി കൈമാറിയും ബന്ധങ്ങൾക്ക് പനിനീരിന്റെ സുഗന്ധമേകി ചാലിയം ബീച്ചിൽ ഊളിയിട്ടൊഴിഞ്ഞ ഒരു സ്‌നേഹ മന്ത്രം ചെറു തിരകളായി തങ്ങളെ സാന്ത്വനിപ്പിക്കാനെത്തും എന്നുറപ്പുണ്ട് അവന്റെ ഓരോ കൂട്ടുകാർക്കും. 

Latest News