Sorry, you need to enable JavaScript to visit this website.

സന്ദർശകാ വരൂ, രാമക്കൽമേട് വിളിക്കുന്നു

പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും ഉചിതമായ കേന്ദ്രമാണ്  പശ്ചിമ ഘട്ടത്തിന്റെ  ഭാഗമായ  രാമക്കൽമേട്. പച്ച നിറമാർന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റും. ഏറെ റൊമാന്റിക് മൂഡ് പകരുന്ന കാഴ്ചകൾ.  ഇടുക്കിയിൽ നിന്നും 45 കിലോമീറ്റർ അപ്പുറത്താണ്. 
ഒരു ടൂർ പാക്കേജ് ഒരുക്കുമ്പോൾ തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയും മൂന്നാറും കൂടി ഉൾപ്പെടുത്താം. തേക്കടി 40 കിലോമീറ്റർ അകലെയും മൂന്നാർ 75 കിലോമീറ്റർ ദൂരെയും കിടക്കുന്നു. കേരളത്തെയും തമിഴ്‌നാടിനെയും തമ്മിൽ വേർതിരിക്കുന്ന രാമക്കൽമേട്ടിൽ ഇടുക്കി ജില്ലയിലെ നെടുങ്കയത്ത് നിന്നും 15 കിലോമീറ്റർ യാത്ര ചെയ്ത് എത്താനാകും. ഉയർന്നു നിൽക്കുന്ന പ്രദേശമായ ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേട്ടിലെ കിഴക്കാം തൂക്കായ മലനിരയിൽ നിന്നുള്ള തമിഴ്‌നാടിന്റെ  കാഴ്ച മനോഹരമായ ഒന്നാണ്. തമിഴ്‌നാട്ടിലെ ചുവന്ന മണ്ണും പച്ചപ്പും കൃഷിയിടങ്ങളും കുന്നുകളും ഒരു പെയിന്റിംഗ്  കാണുന്ന പ്രതീതിയാണ് നൽകുന്നത്. ശക്തമായി വീശിയടിക്കുന്ന കാറ്റ് സഞ്ചാരികളെ കോടമഞ്ഞ് പുതപ്പിക്കും. രാമക്കൽ മേട്ടിലെ മറ്റൊരു സൗന്ദര്യക്കാഴ്ച സൂര്യാസ്തമയമാണ്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലനിരയിൽ തമിഴ്‌നാട് വീക്ഷിക്കുന്ന കുറവന്റേയും  കുറത്തിയുടേയും കുട്ടിയുടേയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേന്ദ്രം കൂടിയാണിത്. കോട്ടയത്തു നിന്നും മൂന്നാറിൽ നിന്നും എറണാകുളത്തു നിന്നും ഈ ഭാഗത്തേക്ക് ബസ് ലഭിക്കും. ഏറ്റവും അടുത്ത റെയിൽവേ സ്‌റ്റേഷൻ ചങ്ങനാശ്ശേരിയാണ്. വിമാനത്താവളം മധുരയും നെടുമ്പാശ്ശേരിയും. മധുരയിൽ നിന്നും 140 കിലോമീറ്ററും നെടുമ്പാശ്ശേരിയിൽ നിന്നും 190 കിലോമീറ്ററും മാറിയാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്.


രാമക്കൽമേട്ടിൽ ടൂറിസം വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 1.38 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. റോപ്പ് വേ നിർമാണത്തിനായി കനേഡിയൻ കമ്പനിയുടെ സാധ്യതാ പഠനവും നടന്നു. കമ്പനിയുടെ പഠന റിപ്പോർട്ട് കിട്ടിയാലുടൻ ഡിടിപിസി തുടർനടപടികൾ സ്വീകരിക്കും. ആമക്കല്ലിനും ടോപ്‌സ്‌റ്റേഷനിലുമായി നാലു കോടിയുടെ പദ്ധതി പരിഗണനയിലാണെന്നു ഡിടിപിസി സെക്രട്ടറി ജയൻ വ്യക്തമാക്കി. 
30 ലക്ഷം രൂപ മുടക്കിയുള്ള വാച്ച് ടവർ നിർമാണം അവസാന ഘട്ടത്തിലാണ്. ആധുനിക ടിക്കറ്റ് കൗണ്ടർ, നടപ്പാതകൾ, പാർക്കിംഗ് ഏരിയ എന്നിവക്കാണ് 1.38 കോടി രൂപ അനുവദിച്ചത്. രാമക്കൽമേട്  ടൂറിസം കേന്ദ്രത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്താനും ശുദ്ധജലം, വിശ്രമ കേന്ദ്രം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനുമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കേന്ദ്ര സർക്കാർ ഏജൻസിയായ വാപ്‌കോയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

Latest News