Sorry, you need to enable JavaScript to visit this website.

മാറിയതെന്ത്,  ബാറ്റോ ബോളോ?

ലോകകപ്പിൽ 260-270 പിന്തുടർന്ന് ജയിക്കുക, പരമ്പരകളിൽ 370-380 പിന്തുടർന്ന് ജയിക്കുന്നതു പോലെ പ്രയാസകരമായിരിക്കുമെന്ന് കോഹ്്‌ലി പറയുന്നു. ടൂർണമെന്റ് പുരോഗമിക്കുന്തോറും ടീമുകൾ ജാഗ്രതയോടെ കളിക്കും. ലോകകപ്പ് സൃഷ്ടിക്കുന്ന പിരിമുറുക്കം അതിനു മാത്രം ശക്തമാണ്.
1999 നു ശേഷം ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിൽ തിരിച്ചെത്തുകയാണ്. 20 വർഷത്തെ ഇടവേളക്കു ശേഷം. ഏകപക്ഷീയമായ ഫൈനലൊഴിച്ചാൽ ഉടനീളം ആവേശകരവും നാടകീയവുമായിരുന്നു 1999 ലെ ലോകകപ്പ്. ലാൻസ് ക്ലൂസ്‌നർ വീരനും വില്ലനുമായ ആ ലോകകപ്പ് ദക്ഷിണാഫ്രിക്കൻ ആരാധകരുടെ കണ്ണ് നനയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ സിക്‌സിലും പരുങ്ങിയ ഓസ്‌ട്രേലിയ കപ്പുമായി കടന്നു. 
അതിനു ശേഷമുള്ള രണ്ടു പതിറ്റാണ്ടിനിടെ ക്രിക്കറ്റിൽ വ്യാപകമായ മാറ്റങ്ങളുണ്ടായി. സ്വിംഗ് ബൗളിംഗ് ഇപ്പോൾ പഴയതു പോലെ അപകടകാരിയല്ല. മുന്നൂറിനു മേലുള്ള ടോട്ടലുകളെ ടീമുകൾ പുഷ്പം പോലെ കൈകാര്യം ചെയ്യുന്നു. ബൗളർമാർക്ക് വലുതായൊന്നും ആഘോഷിക്കാൻ ഉണ്ടാവാറില്ല. ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമായ നിയമ ഭേദഗതികളാണ് -കണിശമായ ഫീൽഡിംഗ് നിയന്ത്രണം, ബാറ്റിംഗ് അനുകൂല പിച്ചുകൾ, വലിയ ബാറ്റുകൾ, കുക്കാബുറ പന്ത്... 
കഴിഞ്ഞ ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിൽ അരങ്ങേറിയ 59 ഏകദിനങ്ങളിൽ 13 തവണ 350 നു മേലെ സ്‌കോർ പിറന്നു. കഴിഞ്ഞ ലോകകപ്പ് വരെ മുന്നൂറിനു മേൽ സ്‌കോർ ഇംഗ്ലണ്ടിൽ കണ്ടതിനെക്കാളേറെ. ഈ റൺപ്രളയത്തിന് കാരണക്കാർ ഇംഗ്ലണ്ട് ടീം തന്നെയാണ്. ഇംഗ്ലണ്ട് പരമ്പരാഗതമായി കളിക്കുന്ന ശൈലി തന്നെ കഴിഞ്ഞ നാലു വർഷം കൊണ്ട് ആ ടീം മാറ്റി. മാത്രമല്ല, എങ്ങനെയാണ് ആധുനിക കാലത്ത് ഏകദിനം കളിക്കേണ്ടതെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തു. അതിന് അവർ നേതൃത്വം നൽകി. 16 തവണ അവർ 350 നു മേൽ സ്‌കോർ ചെയ്തു. മറ്റെല്ലാ ടീമുകളും ചേർന്ന് 37 തവണ മാത്രമാണ് 350 നു മേൽ റൺസെടുത്തത്. 
ഇന്ത്യൻ നായകൻ വിരാട് കോഹ്്‌ലി പറഞ്ഞതാണ് യാഥാർഥ്യം. ഇംഗ്ലണ്ട് ടീം ആദ്യം അഞ്ഞൂറ് കടക്കുന്ന ടീമാവാനുള്ള ഞെട്ടോട്ടത്തിലാണ്. ആദ്യ പന്ത് മുതൽ ആഞ്ഞടിക്കുന്നു എന്നു മാത്രമല്ല, ഉടനീളം ആ ആവേശം അവർ നിലനിർത്തുന്നു -കോഹ്്‌ലി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ നായകൻ ആരൺ ഫിഞ്ച് പറയുന്നതിലും യാഥാർഥ്യമുണ്ട്. ഈ ലോകകപ്പ് ബാറ്റ്‌സ്മാന്മാരുടെ ആഘോഷമായിരിക്കും. സമീപകാലത്തെ ഇംഗ്ലണ്ടിലെ ഏകദിന സ്‌കോറുകളുടെ ചരിത്രം പരിശോധിച്ചാൽ ഗ്രാഫ് മുകളിലോട്ട് മുകളിലോട്ട് പോവുകയാണ് -ഫിഞ്ച് പറഞ്ഞു. 
ഏകദിന ചരിത്രത്തിലെ ഏറ്റവുമുയർന്ന സ്‌കോർ ഇംഗ്ലണ്ട് നേടിയത് ഞങ്ങൾക്കെതിരെയാണ്. ഈ ലോകകപ്പിലെ ഉയർന്ന സ്‌കോർ എത്രയായിരിക്കുമെന്ന് പ്രവചിക്കാൻ ഞാനില്ല. അത് പറയുക പ്രയാസമായിരിക്കും. ചെറിയ ഗ്രൗണ്ടുകളിൽ, മികച്ച ബാറ്റിംഗ് പിച്ചിൽ, മുൻനിര ബാറ്റ്‌സ്മാന്മാർ താളം കണ്ടാൽ എന്തും സംഭവിക്കാം -ഫിഞ്ച് വിശദീകരിച്ചു.
കഴിഞ്ഞ നാലു വർഷമായി പല തവണ പ്രവചിക്കപ്പെട്ടതാണ് ഇത്. ലോകകപ്പ് അത് യാഥാർഥ്യമാക്കാനുള്ള വേദിയാണ്. ഒരു ഇന്നിംഗ്‌സിൽ അഞ്ഞൂറിലേറെ സ്‌കോർ പിറക്കാനുള്ള സാധ്യതയെക്കുറിച്ച് എല്ലാവരും വാചാലരാവുമ്പോഴും ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി സംസാരിക്കുന്നത് ബൗളർമാരെക്കുറിച്ചാണ്. ചില ബൗളർമാർക്ക് കളി തിരിക്കാനാവുമെന്ന് ഡുപ്ലെസി വിശ്വസിക്കുന്നു. അവരായിരിക്കും ലോകകപ്പ് ആർക്കെന്ന് നിശ്ചയിക്കുക. 
വൻ സ്‌കോറുകൾ പതിവായി മാറുന്ന ടൂർണമെന്റിൽ മികച്ച ബൗളിംഗ് നിരയുള്ള ടീമിന് മുൻതൂക്കമുണ്ട്. വിക്കറ്റെടുക്കാൻ കെൽപുള്ള ടീമുകളാണ് വിജയിക്കുക. ഓരോ ടീമിന്റെയും ബൗളിംഗ് അറ്റാക്കും വിക്കറ്റെടുക്കാൻ കെൽപുള്ള ബൗളർമാരുമായിരിക്കും അന്തിമ വിശകലനത്തിൽ വിജയ പരാജയങ്ങൾ നിർണയിക്കുകയെന്ന് ഡുപ്ലെസി കരുതുന്നു. 
കഴിഞ്ഞ ചില വർഷങ്ങളിൽ ടീമുകളുടെ പ്രകടനം വിലയിരുത്തിയാൽ മുൻനിര ബാറ്റ്‌സ്മാന്മാരാണ് സ്‌കോറിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. മധ്യനിര ബാറ്റ്്‌സ്മാന്മാർ വളരെക്കുറച്ച് സമയമേ ക്രീസിൽ ചെലവിടുന്നുള്ളൂ. അവസാന ഓവറുകളിൽ ആഞ്ഞടിക്കുകയാണ് അവരുടെ പ്രധാന ദൗത്യം. എന്നാൽ മുൻനിര തകർന്നാൽ അവർ പരിചിതമല്ലാത്ത ചുമതല നിർവഹിക്കേണ്ടി വരും. ഇന്നിംഗ്‌സ് കെട്ടിപ്പടുക്കേണ്ടി വരും. കൂടാതെ നന്നായി അന്തിമ ഓവറുകൾ എറിയാൻ കഴിയുന്ന ബൗളർമാരുള്ള ടീമുകൾക്കും മുൻതൂക്കമുണ്ടാവും. കാരണം മിക്ക ടീമുകളും ആഞ്ഞടിക്കാൻ കഴിയുന്ന ബാറ്റ്‌സ്മാന്മാരെ ടീമിൽ കുത്തിനിറച്ചിരിക്കുകയാണ്. 
ബാറ്റിംഗിനെക്കുറിച്ച സംസാരം അസ്ഥാനത്താവുമെന്നാണ് ന്യൂസിലാന്റ് നായകൻ കെയ്ൻ വില്യംസനും കരുതുന്നത്. ബാറ്റ്‌സ്മാന്മാരെ എങ്ങനെ ബൗളർമാർ നിയന്ത്രിക്കുമെന്നതും പ്രധാനമാണ്. ചില കളികളിൽ റണ്ണൊഴുക്കുണ്ടാവാം. എന്നാൽ ഒരേ ഗ്രൗണ്ടിലാണ് പല കളികൾ അരങ്ങേറുക. പിച്ചുകൾ തകരും. ചില പിച്ചുകൾ ബാറ്റിംഗിനെ പിന്തുണക്കുന്നതു പോലെ ചിലത് ബൗളിംഗിന് സഹായകമാവും -വില്യംസൻ ചൂണ്ടിക്കാട്ടി. 
എപ്പോഴും പ്രഹരം കിട്ടാൻ വിധിക്കപ്പെട്ട ബൗളർമാരുടെ ആത്മവിശ്വാസം എങ്ങനെ നിലനിർത്തും എന്നതും ക്യാപ്റ്റന്മാർക്ക് വെല്ലുവിളിയാണ്. ബൗണ്ടറികൾ പ്രവഹിക്കുന്നത് അവരുടെ മനോവീര്യം കെടുത്താതെ നോക്കേണ്ടതുണ്ടെന്ന് ഡുപ്ലെസി ഓർമിപ്പിച്ചു. 
ഇക്കഴിഞ്ഞ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ പരമ്പര സൂചനയാണെങ്കിൽ ബൗളർമാരുടെ ദൗത്യം പ്രയാസകരമായിരിക്കുമെന്നും അവരുടെ ആവേശം നിലനിർത്താൻ ക്യാപ്റ്റന്മാർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്‌നെ ചൂണ്ടിക്കാട്ടി. 
എന്നാൽ പരമ്പരകളിൽ കളിക്കുന്നതു പോലെയാവില്ല ലോകകപ്പിൽ ടീമുകൾ ബാറ്റ് ചെയ്യുകയെന്ന് കോഹ്്‌ലി അഭിപ്രായപ്പെട്ടു. തുടക്കം മുതൽ ആഞ്ഞടിക്കുന്ന ശൈലി ചില ടീമുകൾ ഉപേക്ഷിച്ചേക്കും. 
ലോകകപ്പിൽ 260-270 പിന്തുടർന്ന് ജയിക്കുക, പരമ്പരകളിൽ 370-380 പിന്തുടർന്ന് ജയിക്കുന്നതു പോലെ പ്രയാസകരമായിരിക്കുമെന്ന് കോഹ്്‌ലി പറയുന്നു. ടൂർണമെന്റ് പുരോഗമിക്കുന്തോറും ടീമുകൾ ജാഗ്രതയോടെ കളിക്കും. ലോകകപ്പ് സൃഷ്ടിക്കുന്ന പിരിമുറുക്കം അതിനു മാത്രം ശക്തമാണ് -കോഹ്്‌ലി വിശദീകരിച്ചു.
 

Latest News