Sorry, you need to enable JavaScript to visit this website.

ദുരിത ജീവിതം കഴിഞ്ഞു; മുഹമ്മദലിക്ക് മോചനം

റിയാദ്- ഹൗസ് ഡ്രൈവർ വിസയിലെത്തി മരുഭൂമിയിൽ ആടുകളെ മേക്കുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട് ദുരിത ജീവിതം നയിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിക്ക് സാമൂഹിക പ്രവർത്തകന്റെ ഇടപെടലിൽ മോചനം. കൃത്യമായ ശമ്പളം ലഭിക്കാതെ ജോലിയെടുത്തിട്ടും സ്‌പോൺസറുടെ മർദ്ദനത്തിനിരയായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദലിക്കാണ് അൽഖർജ് കേളി കലാസാംസ്‌കാരിക ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനിയുടെ ഇടപെടലിൽ മോചനമായത്.


പത്ത് മാസം മുമ്പാണ് ഹൗസ് ഡ്രൈവറായി മുഹമ്മദലി അൽഖർജിലെത്തിയത്. സ്‌പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേക്കാനുള്ള ജോലിക്കായി അൽഖർജിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലേക്ക് അയക്കുകയായിരുന്നു. കനത്ത ചൂടും തണുപ്പുമൊക്കെയായി മരുഭൂമിയിലെ കാലാവസ്ഥ മുഹമ്മദലിക്ക് പരിചയമുണ്ടായിരുന്നില്ല. അതിനിടെ സ്‌പോൺസറുടെ മർദനവും സഹിക്കേണ്ടിവന്നു. ആറു മാസത്തോളം ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇദ്ദേഹം നാസർ പൊന്നാനിയുമായി ബന്ധപ്പെട്ടത്.


നാസർ മരുഭൂമിയിൽനിന്ന് ഇദ്ദേഹത്തെ രക്ഷിച്ച് റൂമിലെത്തിക്കുകയും ലേബർ കോടതിയിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഇതിനിടെ സ്‌പോൺസർ മുഹമ്മദലിയെ ഹുറൂബാക്കിയിരുന്നു. കേസ് കോടതിയിലെത്തുകയും നാലു മാസത്തെ ശമ്പളവും ടിക്കറ്റും നൽകണമെന്ന് കോടതി വിധിക്കുകയും ചെയ്തു. ഹുറൂബ് പിൻവലിച്ച് സ്‌പോൺസർ ഇന്നലെ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകി. മുഹമ്മദലി ഉടൻ നാട്ടിലേക്ക് തിരിക്കും.
 

Latest News